Wednesday 22 January 2020 12:59 PM IST : By വനിത ഡെസ്ക്

കാറിൽ കുടുങ്ങിയാലും വില്ലൻ കാർബൺ മോണോക്സൈഡ്; മിനിറ്റുകൾ മതി ശരീരത്തെ മരണാസന്നമാക്കാൻ! അറിയേണ്ടതെല്ലാം

sleeping-in-car-696x364

നേപ്പാളിൽ എട്ടു മലയാളികൾ വിഷപ്പുക ശ്വസിച്ച് മരണപ്പെട്ടതോടെ കാർബൺ മോണോക്സൈഡ് എന്ന വില്ലനെ പറ്റിയാണ് ചർച്ചകൾ ഏറെയും. ഹീറ്ററിൽ നിന്ന് മാത്രമല്ല, കാറിനുള്ളിലും കാർബൺ മോണോക്സൈഡ് ആണ് ജീവൻ എടുക്കുന്ന വാതകം. 

നിർത്തിയിട്ട കാറിൽ കുടുങ്ങിപ്പോവുമ്പോൾ രണ്ടുതരം അപകടങ്ങൾ സംഭവിക്കുന്നു. ഒന്ന്–ശ്വാസം കിട്ടാതെ വരിക, രണ്ട് കാറിനുള്ളിലെ താപനില ഉയരുക. ഏസി ഓണാണെങ്കിലും വായുസഞ്ചാരം ശരിയായി നടക്കാത്തതിനാൽ കാറിനുള്ളിലെ കാർബൺ മോണോക്സൈഡിന്റെ അളവു കൂടുന്നു. സാധാരണ നാം ശ്വസിക്കുന്ന പ്രാണവായുവിലെ ഓക്സിജൻ രക്‌തത്തിലെ ഹീമോഗ്ലോബിനെ കൂട്ടുപിടിച്ച് അതിനൊപ്പമാണ് വിവിധ ശരീരഭാഗങ്ങളിലെത്തുന്നത്. 

എന്നാൽ ഓക്സിജനൊപ്പം കാർബൺ മോണോക്സൈഡും ശരീരത്തിലെത്തിയാൽ ഹീമോഗ്ലോബിൻ മുൻഗണന കൊടുക്കുന്നത് കാർബൺ മോണോക്സൈഡിനൊപ്പം ചേരാനാണ്. കാർബൺ മോണോക്സൈഡ് കൂടുതൽ ശരീരത്തിനുള്ളിലെത്തും തോറും ഹീമോഗ്ലോബിനെയും കൂട്ടുപിടിച്ച് കോശങ്ങളിലെല്ലാം എത്തും. അങ്ങനെ ആവശ്യം വേണ്ട പ്രാണവായു കിട്ടാതെ കോശങ്ങൾ നശിക്കും. ശ്വാസതടസ്സം, ഛർദി, തലകറക്കം, ക്ഷീണം, മന്ദത എന്നിവയൊക്കെ അപകടലക്ഷണങ്ങളാണ്.

കാർബൺ മോണോക്സൈഡിന് ഏതാനും മിനിറ്റു മതി ശരീരത്തെ മരണാസന്നമാക്കാൻ. അതിനാൽ ഏതാനും മിനിറ്റു നേരത്തേക്ക് പോലും കുട്ടികളെ അടച്ച കാറിനുള്ളിലിരുത്തി പോകാതിരിക്കുക. പോകേണ്ടിവന്നാൽ തന്നെ വിൻഡോ 3–4 സെമീ എങ്കിലും ഉയർത്തിവയ്ക്കുക. പവർ വിൻഡോ ആണെങ്കിൽ ഇതും അപകടകരമാണ്. കുട്ടിയുടെ കൈയും മറ്റും വിൻഡോയ്ക്കിടയിൽ കുടുങ്ങിപ്പോകാൻ സാധ്യതയേറെയാണ്. 

വീട്ടിലാണെങ്കിലും പാർക്കു ചെയ്ത കാറിന്റെ ജനലുകളും മറ്റും അടച്ചിടുക. അബദ്ധത്തിൽ കുട്ടികൾ കാറിനുള്ളിൽ കുടുങ്ങിപ്പോകാതിരിക്കും. ഗാരേജിനുള്ളിൽ എൻജിൻ ഓഫ് ചെയ്യാതെ നിർത്തിയിട്ട കാറിൽ കിടന്നുറങ്ങിപ്പോയി ആൾ മരണപ്പെട്ട വാർത്തകളും കാണാറുണ്ട്. അതുകൊണ്ട് അടഞ്ഞ സ്ഥലങ്ങളിൽ വിൻഡോ ഉയർത്തിവച്ച് കാർ പാർക്ക് ചെയ്ത് ഇരിക്കരുത്.

വളർത്തുമൃഗങ്ങളേയും നിർത്തിയിട്ട കാറിനുള്ളിൽ അടച്ചിട്ടിട്ടു പോകരുത്. കാറിനുള്ളിൽ കുടുങ്ങിപ്പോയി ശ്വാസതടസ്സമുണ്ടായാൽ എത്രയും വേഗം പുറത്തുകടക്കാൻ ശ്രമിക്കുക. ശുദ്ധവായു ഉള്ള സ്ഥലത്തേയ്ക്കു മാറുക. ആൾ ബോധരഹിതനാണെങ്കിൽ എത്രയും വേഗം ആശുപത്രിയിലെത്തിച്ച് ഓക്സിജൻ  നൽകേണ്ടിവരും. 

സിപിആർ നൽകാം 

സിപിആർ ചെയ്യുമ്പോൾ അപകടത്തിൽപെട്ട വ്യക്തി ശ്വസിക്കുന്നില്ലെങ്കിൽ വിവിധ ശരീരഭാഗങ്ങളിലേക്കുള്ള പ്രാണവായു സഞ്ചാരം നിലയ്ക്കും. ഇതു തടയാനാണ് സിപിആർ (കാർഡിയോ പൾമണറി റിസസിറ്റേഷൻ) ചെയ്യുന്നത്.

ശ്വസിക്കുമ്പോൾ വലിയ ശബ്ദങ്ങൾ കേട്ടാൽ ശ്വാസതടസ്സം ഉണ്ടെന്നു കരുതാം. നെഞ്ച് ക്രമമായി വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നുണ്ടോ എന്നും നോക്കണം. കൈകൊണ്ട് മൂക്കിനു സമീപം വച്ചും ശ്വാസമുണ്ടെന്ന് ഉറപ്പുവരുത്താം. രക്തസ്രാവം ഉണ്ടെങ്കിൽ അതു നിയന്ത്രണവിധേയമാക്കണം. ഇനി അപകടം പറ്റിയയാളെ മലർത്തി കിടത്തുക. നെഞ്ചിന്റെ നടുവിലുള്ള പരന്ന അസ്ഥി (സ്റ്റേണം) കണ്ടുപിടിക്കുക. രണ്ടു തോളെല്ലുകൾ േചരുന്നത് ഇതിന്റെ മുകളിലായിട്ടാണ്.

ഇടതു കൈപ്പത്തി തുടങ്ങുന്ന ഭാഗം ഈ അസ്ഥിയുടെ മൂന്നിലൊ രു ഭാഗത്തു വയ്ക്കുക. മറ്റേ കൈ ഇടതു കൈപ്പത്തിയുടെ മുകളിലായി വയ്ക്കുക. വിരലുകൾ വാരിയെല്ലിൽ തൊടരുത്. ൈകകളുടെ സ്ഥാനം ഹൃദയത്തിന്റെ മുകളിലാകണം. ൈകമുട്ടുകൾ നിവർത്തിപ്പിടിച്ച് താഴേക്ക് ശക്തിയായി അമർത്തുക. ഇനി വായിലൂടെ കൃത്രിമശ്വാസം നൽകാം. അതിന് ഇടതു കൈ കൊണ്ട് ആളുടെ മൂക്കടച്ചു പിടിച്ച് മറ്റേ കൈ കൊണ്ട് താടി ഉയർത്തുക. ആളുടെ വായയോടു ചേർത്ത് വായ വച്ച് ശക്തിയായി  ഊതുക. ഇങ്ങനെ ഇടവിട്ടു ചെയ്യുക വഴി രക്തഒാട്ടം സാധ്യമാവുന്നു.

Tags:
  • Spotlight