ചാലിയാര്‍ പുഴയില്‍ തിരച്ചിലിന് പോയി കുടുങ്ങിയ 18 രക്ഷാപ്രവര്‍ത്തകരെ എയര്‍ലിഫ്റ്റ് ചെയ്യും. സൂചിപ്പാറയ്ക്ക് സമീപം കാന്തന്‍പാറയിലാണ് എമര്‍ജന്‍സി റസ്ക്യു ഫോഴ്സ് സംഘം മൃതദേഹവുമായി കുടുങ്ങിയത്. ഇവര്‍ക്ക് ഭക്ഷണമടക്കം എത്തിച്ചെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ പറഞ്ഞു.
കാന്തൻപാറയിൽ വനംവകുപ്പിന്റെ ഔട്ട് പോസ്റ്റിലാണ് ഇവർ രാത്രി കഴിഞ്ഞത്. 14 എമർജൻസി റെസ്ക്യൂ ടീം അംഗങ്ങളും 4 സന്നദ്ധ രക്ഷാപ്രവർത്തകരുമാണ് കാട്ടിൽ കുടുങ്ങിയത്. ഉൾവനത്തിലെ തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയ ഇവർ വെളിച്ച കുറവിനെ തുടർന്ന് പുഴ കടക്കാൻ കഴിയാതെ വനത്തിൽ കുടുങ്ങുകയായിരുന്നു. ചാലിയറിൽ ഏഴാം ദിനവും പഞ്ചായത്ത് പ്രതിനിധികളുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരും.