Friday 30 October 2020 12:04 PM IST : By സ്വന്തം ലേഖകൻ

ആ മൂന്ന് കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ചാരിറ്റിക്കാരേയും നന്മ മരങ്ങളേയും വിശ്വസിക്കാമായിരുന്നു; സത്യം തുറന്നുകാട്ടി കുറിപ്പ്

charity-fraud

ചാരിറ്റിയുടെ പേരില്‍ പണം തട്ടുന്നവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാണ്. രോഗബാധിതര്‍ക്കും അശരണര്‍ക്കുമായി സ്വരുക്കൂട്ടുന്ന തുകയില്‍ സുതാര്യത ഇല്ല എന്നാണ് പലരും ആരോപിക്കുന്നത്. സാധാരണക്കാരന്റെ ദുരവസ്ഥയും വേദനയും നാട്ടുകാര്‍ക്കു മുന്നിലേക്കു വയ്ക്കുമ്പോഴുള്ള മാനഹാനി വേറെ.

വിഷയം സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുമ്പോള്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് താജുദ്ദീന്‍. മൂന്നേ മൂന്ന് കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍ ചാരിറ്റി പ്രവര്‍ത്തകരെന്നു പറയുന്നവരെ വിശ്വാസത്തില്‍ എടുത്തേനെ എന്ന് അദ്ദേഹം കുറിക്കുന്നു. ഡോ. നെല്‍സണ്‍ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ താജുദ്ദീന്റെ കുറിപ്പ് ഷെയര്‍ ചെയ്തിട്ടുണ്ട്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ഇതിൽ രോഗവും ഫോൺ നമ്പരും പരസ്യപ്പെടുത്തുന്നതൊഴികെ (ഓഡിറ്റ്‌ ചെയ്യാൻ അത്‌ ആവശ്യമാണെങ്കിൽപ്പോലും) യോജിക്കുന്നു.

ഒറ്റ നന്മമരത്തെയും ഞാന്‍ സംശയിക്കില്ലായിരുന്നു, കല്ലെറിയില്ലായിരുന്നു. അവര്‍ സിംപ്ള്‍ ആയ മൂന്നു കാര്യങ്ങള്‍ ചെയ്തിരുന്നെങ്കില്‍.

ഒന്ന്-

സോഷ്യല്‍ മീഡിയ വഴി ദുരിതബാധിതരുടെ കദനകഥ ലൈവായും അല്ലാതെയും പ്രദര്‍ശിപ്പിച്ചും ഷെയര്‍ ചെയ്തുമാണല്ലോ കോടികള്‍ സംഘടിപ്പിക്കുന്നത്.

അതേ സാമൂഹിക മാധ്യമങ്ങളില്‍ തന്നെ ലഭിച്ച തുകയുടെ ക്ലോസിംഗ് തിയ്യതിലുള്ള ബാങ്ക് സ്റ്റേറ്റ്മെന്റ് അപ്്ലോഡ് ചെയ്യേണ്ടത് മര്യാദയാണ്. ഒരു ചാരിറ്റി മുതലാളിയും അത് ചെയ്യാറില്ല.

രണ്ട്- ഒരു കുടുംബത്തിന്റെ നാണവും മാനവും വിറ്റ് കിട്ടുന്ന പണം അവര്‍ക്കല്ലാതെ മറ്റൊരു വ്യക്തിക്കോ കുടുംബത്തിനോ നല്‍കരുത്. കാരണം ആ പണത്തിനാധാരമായ മൂലധനം പരസ്യപ്പെടുത്തിയ കുടുംബത്തിന്റെ ദുരിതവും മാനവുമാണ്.

അത് മാനനഷ്ടം സംഭവിക്കാത്ത വ്യക്തിക്കോ കുടുംബത്തിനോ നല്‍കുന്നത് അനീതിയാണ്, വഞ്ചനയാണ്. കൂടാതെ പണം നല്‍കിയവരുടെ മനസിലെ ചിത്രവും ലക്ഷ്യവും താന്‍ കണ്ട പരസ്യത്തിലെ കുടുംബമാണ്, അവരുടെ വേദനയാണ്.

മൂന്ന്-

ആവശ്യം കഴിച്ച് ബാക്കി തുക മറ്റൊരു കുടുംബത്തിന് ഉപയോഗപ്പെടുത്തേണ്ടത് അനിവാര്യമാണെങ്കില്‍ ഉപയോഗപ്പെട്ടവരുടെ പേര്, വിലാസം, രോഗം ഫോണ്‍ നമ്പര്‍ എന്നിവ സോഷ്യല്‍ മീഡിയയില്‍ ലൈവ് പോസ്റ്റ് ചെയ്ത അതേ മുതലാളി തന്നെ പോസ്റ്റ് ചെയ്യേണ്ടതാണ്.

കാരണം തങ്ങളുടെ പണം ആര്‍ക്കൊക്കെ കിട്ടി എന്നറിയാനുള്ള അവകാശം പണം നല്‍കിയവര്‍ക്കുണ്ട്. പൊതു സമൂഹത്തിനുണ്ട്. ഈ മൂന്ന് കാര്യങ്ങള്‍ പാലിക്കപ്പെടും വരെ ഒരു ചാരിറ്റിയും ചാരിറ്റി അല്ല എന്ന് ഞാന്‍ ഉറപ്പിച്ചു പറയും.

ഈ മൂന്ന് കാര്യങ്ങളും പാലിക്കുന്നവര്‍ക്കേ ഇനിമുതല്‍ ചില്ലിക്കാശ് പോലും നല്‍കുകയുള്ളൂ എന്ന് കനിവുകാട്ടുന്നവര്‍ തീരുമാനിച്ചാല്‍ മാത്രം മതി. അപ്പോള്‍ തീരും ഈ ശവംതീനികളുടെ തീവെട്ടിക്കൊള്ള.

താജുദ്ദീന്‍

28.10.2020