Thursday 16 November 2023 04:08 PM IST : By സ്വന്തം ലേഖകൻ

‘വാഹനത്തിന്റെ സമീപം ചെന്ന് യാത്ര പറയുന്ന ശീലം ഒഴിവാക്കാം; കുഞ്ഞുങ്ങൾ അനുകരിക്കാന്‍ സാധ്യത’; ഡ്രൈവിങ്ങില്‍ വേണം അതീവ ജാഗ്രത

baby-car-newar

പുറകോട്ടെടുത്ത പിക്കപ്പ് ലോറിയിടിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം. ആനക്കര ഉമ്മത്തൂർ നിരപ്പ് സ്വദേശി പൈങ്കണ്ണത്തൊടി വീട്ടിൽ മുബാറക്ക്– ആരിഫ ദമ്പതികളുടെ മകൻ ഒന്നര വയസുള്ള മുഹമ്മദ് മുസമിൽ ആണ് മരിച്ചത്. വിറക് കീറുന്ന യന്ത്രം കെട്ടിവലിച്ച് കൊണ്ടുവന്ന പിക്കപ്പ് ലോറി പുറകോട്ട് എടുക്കുകയും പുറകിൽ കാഴ്ച കണ്ടുനിന്ന മുസമിലിനെ ഇടിച്ച് വീഴ്ത്തുകയുമായിരുന്നു.

എത്രയൊക്കെ അനുഭവങ്ങൾ ഉണ്ടായാലും ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. പിഞ്ചുകുഞ്ഞിന്റെ വിയോഗം രക്ഷിതാക്കളെയും ബന്ധുക്കളെയും മാനസികമായി എത്രമാത്രം തളർത്തും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരം സംഭവങ്ങൾ ഇല്ലാതാക്കാൻ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. 

പല പ്രാവശ്യങ്ങളായി പറയാറുള്ളതുപോലെ വാഹനം എടുക്കുന്നതിനു മുൻപ് ഡ്രൈവർ വലതുവശത്തു നിന്ന് തുടങ്ങി മുൻപിൽ കൂടി വാഹനത്തെ ഒന്നു വലംവച്ചു വേണം ഡ്രൈവർ സീറ്റിൽ കയറാൻ. ഈ സമയം വാഹനത്തിനു ചുറ്റും ഒന്ന് കണ്ണോടിക്കാൻ കഴിയും.

കുഞ്ഞുങ്ങൾ ഉള്ള വീടാണെങ്കിൽ കുട്ടി ആരുടെയെങ്കിലും കയ്യിൽ/ സമീപത്ത് സുരക്ഷിതമായി ഉണ്ട് എന്ന് ഉറപ്പാക്കി വേണം വണ്ടി മുന്നോട്ടോ പിന്നോട്ടൊ എടുക്കാൻ. വിൻഡോ ഗ്ലാസുകൾ താഴ്ത്തി വാഹനം വീട്ടിനു വെളിയിലെത്തിയ ശേഷം അടക്കുന്നതാണ് എപ്പോഴും നല്ലത്. എന്തെങ്കിലും അപകടം സംഭവിച്ചാൽ ഏതെങ്കിലും തരത്തിലുള്ള ശബ്ദം ഡ്രൈവർക്ക് കേൾക്കാൻ ഇത് ഉപകരിക്കും.

വാഹനത്തിന്റെ സമീപത്തേക്ക് ചെന്ന് യാത്ര പറയുന്ന ശീലം (മുതിർന്നവരായാൽ പോലും) പരമാവധി ഒഴിവാക്കുക. കുഞ്ഞുങ്ങൾ ഇതുകണ്ട് പഠിക്കാനും അനുകരിക്കാനും സാധ്യതയുണ്ട്. ചില സമയങ്ങളിൽ വണ്ടി വീട്ടിൽ നിന്നും തിരിക്കുന്ന സമയത്ത് കുട്ടികളെ വണ്ടിയിൽ കയറ്റിയിരുത്തി ഗേറ്റിന് പുറത്ത് എത്തിയാലോ റോഡിൽ എത്തിയാലോ ഇറക്കുന്ന ശീലം ചിലർക്കുണ്ട്. ആ ഒരു ഓർമ്മയിലും കുട്ടി ഡ്രൈവറോ വീട്ടിലുള്ളവരോ അറിയാതെ വണ്ടിയുടെ അടുത്തേക്ക് ഓടി വരും.

ചിലർക്ക് വാഹനത്തിൽ കയറി സ്റ്റാർട്ട് ചെയ്ത് മൂവ് ചെയ്ത ഉടനെ പുറപ്പെട്ട വിവരം അറിയിക്കുന്നതിനായി ഫോൺ ചെയ്യുന്ന ശീലമുണ്ട്. അത് തീർത്തും ഒഴിവാക്കുക. വാഹനം സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ ഗൂഗിള്‍ മാപ് വഴി ലൊക്കേഷൻ സെറ്റ് ചെയ്യൽ, സീറ്റ് ബെൽറ്റ് ധരിക്കൽ, കണ്ണാടി സെറ്റ് ചെയ്യൽ, സീറ്റ് അഡ്ജസ്റ്റ് ചെയ്യൽ തുടങ്ങിയവ ചെയ്തു എന്നുറപ്പാക്കുക. വാഹനം നീങ്ങി തുടങ്ങുമ്പോൾ ഇവ ചെയ്യാൻ ശ്രമിക്കുന്നത് മൂലം പരിസരം ശ്രദ്ധിക്കാൻ നമുക്ക് പറ്റാതെയാകാം.

കടപ്പാട്: എംവിഡി കേരള

Tags:
  • Spotlight