Thursday 13 January 2022 11:30 AM IST : By സ്വന്തം ലേഖകൻ

അലമാരയ്ക്ക് പിന്നിൽ ഒളിച്ചിരുന്ന് ഉറങ്ങിപ്പോയി; മൂന്നര വയസ്സുകാരിയെ തിരഞ്ഞ് നാലു മണിക്കൂർ മുൾമുനയിൽ നാട്, ഒടുവിൽ ആശങ്ക ആഹ്ലാദമായി

kid-alamarah Representative Image

മൂന്നര വയസ്സുകാരിയെ കാണാതായത് നാടിനെ നാലു മണിക്കൂർ മുൾമുനയിലാക്കി. ഒടുവിൽ വീട്ടിലെ അലമാരയുടെ പിന്നിലെ ജന്നൽപടിയിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കണ്ടെത്തിയതോടെ ആശങ്ക ആഹ്ലാദമായി. വീട്ടുകാരോടു പരിഭവിച്ച് അലമാരയ്ക്കു പിന്നിൽ ഒളിച്ച കുട്ടി അവിടെ ഇരുന്ന് ഉറങ്ങിപ്പോവുകയായിരുന്നു. ഒരു വയസ്സു മുതൽ മാതൃസഹോദരന്റെ കുടുംബത്തോടൊപ്പമാണ് കുട്ടി  കഴിയുന്നത്. ഇന്നലെ രാവിലെ 7.20ന് കുഞ്ഞ് ഉറങ്ങിക്കിടക്കുന്നതു കണ്ടശേഷമാണ് മാതൃസഹോദര ഭാര്യ സമീപത്തെ കടയിലേക്കു പോയത്. തിരികെ എത്തിയപ്പോൾ കുഞ്ഞിനെ കാണാനില്ല. അടുക്കള വാതിൽ തുറന്നുകിടക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും അന്വേഷണം തുടങ്ങി. പരിസരത്ത് വന്നുപോയ അപരിചിതർക്കു നേരെയും സംശയം ഉയർന്നു. ഇതിനിടെ സമൂഹമാധ്യങ്ങളിലൂടെ വാർത്ത പരന്നു. വൈകാതെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ വൻ പൊലീസ് സംഘവും അഗ്നിരക്ഷാസേനയും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സന്നദ്ധ പ്രവർത്തകരും  അന്വേഷണം തുടങ്ങി. റെയിൽവേ സ്റ്റേഷനുകളിലേക്കും ബസ് സ്റ്റാൻഡുകളിലേക്കും  പൊലീസ് സന്ദേശം നൽകി.

പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് പ്രദേശത്തെ തോടും കുളവും ഒറ്റപ്പെട്ട സ്ഥലങ്ങളും വാഹനങ്ങളും പരിശോധിച്ചു. ഒൻപതോടെ കുഞ്ഞിന്റെ മാതാപിതാക്കൾ വീട്ടിൽ എത്തിയതോടെ കൂട്ടക്കരച്ചിലായി. ഇതിനിടെ വീടിനുള്ളിൽ വീണ്ടും പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചു. അപ്പോഴാണ് അലമാരയുടെ പിന്നിലെ ജന്നൽപ്പടിയിൽ ഇരുന്ന് ഉറങ്ങുന്ന കുഞ്ഞിനെ കണ്ടെത്തിയത്. അപ്പോൾ സമയം 11.10. നാലു മണിക്കൂർ നീണ്ട ആശങ്ക ആശ്വാസത്തിനും ആഹ്ലാദത്തിനും വഴിമാറി. മാതൃസഹോദരന്റെ മകൾ എറണാകുളത്തേക്കു  പോയപ്പോൾ കൂടെകൂട്ടാത്തതിൽ പരിഭവിച്ച് അലമാരയുടെ പിന്നിൽ ഒളിച്ചിരുന്നതായി കുഞ്ഞ് പറഞ്ഞു. അവിടെ ഇരുന്ന് ഉറങ്ങിപ്പോയതാണ്.

Tags:
  • Spotlight