Thursday 25 November 2021 11:53 AM IST : By സ്വന്തം ലേഖകൻ

ഉത്രയെ പാമ്പ് കടിച്ചെന്നു പറഞ്ഞപ്പോൾ അവഗണിച്ചു, മൃതദേഹവുമായി വീട്ടിലെത്തിയാൽ ഒപ്പെന്ന ശാഠ്യം വേറെ: ആരോപണങ്ങളേറെ

ci

ആലുവയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ പൊലീസ് ഇൻസ്പെക്ടർ സി.എൽ.സുധീർ കൊല്ലം അഞ്ചൽ സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ ഗുരുതരമായ കൃത്യവിലോപം കാട്ടിയതിന് നടപടി നേരിട്ടയാൾ. ഇടമുളയ്ക്കൽ കൈപ്പള്ളിമുക്കിനു സമീപം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ച സംഭവത്തിൽ ദമ്പതികളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനുള്ള നടപടികളിലാണു ഗുരുതരമായ വീഴ്ച വരുത്തിയത്.

ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം ഒപ്പുവയ്ക്കേണ്ട രേഖകളിൽ ഒപ്പിടാതെ ഇൻസ്പെക്ടർ 14 കിലോമീറ്റർ അകലെയുള്ള കടയ്ക്കലിലെ വീട്ടിലേക്കു പോയി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ചുമതലപ്പെട്ട പൊലീസുകാർ ഒപ്പിന്റെ കുറവു മനസ്സിലാക്കി ഇൻസ്പെക്ടറെ ഫോണിൽ വിവരം അറിയിച്ചു.

മൃതദേഹവുമായി തന്റെ വീട്ടിലേക്കു വന്നാൽ ഒപ്പിടാം എന്നായി ഇൻസ്പെക്ടർ. അനുസരിക്കുകയല്ലാതെ മറ്റു മാർഗമില്ലാതെ വന്നതോടെ പൊലീസുകാരും മരിച്ചവരുടെ ബന്ധുക്കളും മൃതദേഹങ്ങളുമായി ഇൻസ്പെക്ടറുടെ വീട്ടിലെത്തി ഒപ്പു വാങ്ങുകയായിരുന്നു. ഈ സംഭവം പുറത്തറിഞ്ഞതോടെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടു സുധീറിനെ എറണാകുളത്തേക്കു സ്ഥലം മാറ്റുകയായിരുന്നു.

ഉത്ര കേസിന്റെ അന്വേഷണത്തിലും സുധീർ ഗുരുതരമായ വീഴ്ച വരുത്തിയതായും ആക്ഷേപം ഉയർന്നിരുന്നു. മകളെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ടു കടിപ്പിച്ചതാണെന്നു ഉത്രയുടെ പിതാവ് പരാതിപ്പെട്ടപ്പോൾ അവഗണിച്ചു. സൂരജിനെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊല്ലം റൂറൽ എസ്പിക്കു പരാതി നൽകിയതോടെയാണു കേസിൽ പുതിയ അന്വേഷണം വന്നതും വഴിത്തിരിവുണ്ടായതും.

More