Tuesday 21 November 2023 05:18 PM IST

‘കല്യാണ സാരിക്കൊപ്പം ആ സാരിയും ഇന്നും നിധി പോലെ സൂക്ഷിച്ചു വച്ചിരിക്കുന്നു’: 75ലെ കോളജ് കുമാരിമാരുടെ ഫാഷൻ ഷോ: വൈറലായി ഓർമചിത്രം

Binsha Muhammed

saree-fashion

ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തിന്റെ ഡയറിത്താളുകൾ തുറക്കുകയാണ്. ചായം പൂശുന്ന ചുണ്ടുകളും മസ്കാരയണിഞ്ഞ കണ്ണുകളും അന്നു കാണാൻ കിട്ടിയെന്നുവരില്ല. ഉണ്ടെങ്കിൽ തന്നെ അത് അപൂർവം. ഒരു കാക്ക നോട്ടമോ ഒളികണ്ണേറോ പോലും വലിയ പാതകമായിരുന്നു. കണ്ണിൽ നോക്കി ചിരിക്കാനും സൗഹൃദം പങ്കുവയ്ക്കാനും ആ പഴയകാല മാൻമിഴി കണ്ണുകൾക്ക് നാണമായിരുന്നു. സ്റ്റൈലിന്റെ പേരു പറഞ്ഞ് ഒരു മൂക്കുത്തി അണിഞ്ഞാൽ പോലും കുടുംബത്ത് വിപ്ലവമായിരിക്കും. നിലത്തു തൊട്ടുതൊട്ടില്ലെന്ന പോലെ ഒഴുകി നടക്കുന്ന പാവാട, അതിനോട് കൂട്ടുചേരുന്ന ബ്ലൗസ്. അതിനപ്പുറം മറ്റൊരു സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ഭാവനകളിലോ സങ്കൽപത്തിലോ പോലുമുണ്ടായെന്നു വരില്ല. പുസ്തകങ്ങളും ചോറ്റുപാത്രവും നെഞ്ചിലേക്ക് ചേർത്തുവച്ച് നിലത്തൂന്നു കണ്ണെടുക്കാതെ നടന്ന കോളജ് കുമാരിമാരുടെ ആ പഴയകാലം... ഫാഷനും റാംപ്‍വാക്കും മോഡലിങ്ങുമൊക്കെ അന്നു പലരും കേട്ടിട്ടുണ്ടോ എന്നു തന്നെ സംശയം. അങ്ങനെയുള്ളൊരു കാലത്ത് ഒരു കൂട്ടം തരുണീമണികൾ ഒരു സാരി ഫാഷൻ ഷോ സംഘടിപ്പിക്കുന്നു. വിശ്വസിക്കാമോ... വിശ്വസിച്ചേ മതിയാകൂ...

അങ്ങനെയൊരു വിപ്ലവകരമായ ഓർമകളുടെ റീലുകൾ തുടങ്ങുന്നത് കേരളത്തിലെ തന്നെ ആദ്യ കോളജായ കോട്ടയത്തെ സിഎംഎസിൽ നിന്നാണ്. പത്തു കഴിഞ്ഞാൽ തുന്നൽ ക്ലാസ്, അതുമല്ലെങ്കിൽ ടൈപ്പ് റൈറ്റിങ്... അതും കഴിഞ്ഞാൽ കല്യാണം എന്ന് കാർന്നോമ്മാർ പെൺമക്കളെ പറ‍ഞ്ഞു പഠിപ്പിക്കുന്ന പോയ കാലം. അന്നൊരു പ്രീഡിഗ്രി പോലും ആഡംബരമായിരുന്നു. അങ്ങനെയൊരു കാലത്താണ് വിഖ്യാതമായ ഈ സാരീ ഫാഷൻ ഷോ നടക്കുന്നതെന്നോർക്കണം. റാംപിന്റെ ‘സ്‍പെല്ലിങ്’ അറിയാത്ത മോഡലിങ്ങിന്റെ എബിസിഡി അറിയാത്ത കാലത്ത് ഒരു കൂട്ടം പെൺപുലികൾ നടത്തിയ ‘സാരി ഫാഷൻ ഷോയുടെ’ ഓർമകളുടെ ചുരുളഴിയുന്നത് 48 വർഷങ്ങൾക്കിപ്പുറം.

ചിതലും പൂപ്പലും പിടിക്കാതെ സ്മരണയുടെ മച്ചകങ്ങളിൽ ഒളിമങ്ങാതെ കിടക്കുന്ന ആ ഓർമകളുടെ സൂക്ഷിപ്പുകാരിയായത് ആ പഴയ സിഎംസിലെ കോളജ് കുമാരി, സുജ ചെറിയാൻ. കോട്ടയം പാത്താമുട്ടം സ്വദേശിയായ അവർ ഇന്ന് 63കാരിയായ സുജ വർഗീസാണ്. ‘സി.എംഎസ് മെമ്മറീസ്’ എന്ന കോളജ് അലുംമ്നി ഗ്രൂപ്പിൽ സുജ പോസ്റ്റു ചെയ്ത ചിത്രമാണ് ഓർമകളുടെ കെട്ടഴിച്ചത്. ഹൃദയങ്ങളിൽ പണ്ടേക്കു പണ്ടേ ഫ്രെയിം ചെയ്തുവച്ച ആ സുന്ദരമായ ഓർമ കണ്ട മാത്രയിൽ പലരും 1975–76ലെ പഴയ കോളജ് കുമാരിമാരായി. മൺമറഞ്ഞു പോയ വനിത ചീഫ് എഡിറ്റർ മിസിസ് കെ.എം മാത്യുവിന്റെ സാന്നിദ്ധ്യം കൊണ്ട് നിറമുള്ളതായി മാറിയ ആ ബ്ലാക്ക് ആൻഡ് വൈറ്റ് സാരി ഫാഷൻ ഷോയുടെ ഫ്ലാഷ്ബാക്ക് സ്റ്റോറി സുജ വനിത ഓൺലൈനു വേണ്ടി പങ്കുവയ്ക്കുന്നു.

ലേഡീസ് ഓൺ ദി ഫ്ലോർ

ചിലരുടെ കണ്ണുനിറഞ്ഞു, ചിലർ നാണംകൊണ്ട് മുഖംപൊത്തിച്ചിരിച്ചു. കൂട്ടത്തിൽ നിന്നും കണ്ടുപിടിച്ച് ദേ... ഞാൻ എന്നു ആവേശത്തോടെ പറയാൻ മത്സരിച്ചവരും ഏറെ. മറ്റു ചിലർക്ക് ആ ഫോട്ടോയുടെ കോപ്പി ഉണ്ടോ എന്നറിയാനുള്ള ആകാംക്ഷയായിരുന്നു. പൊടിയും ചിതലും പറ്റാതെ ഞാൻ സൂക്ഷിച്ചുവച്ച ഫോട്ടോ കുറേയേറെ പേരുടെ മുഖത്ത് പുഞ്ചിരി വിരിയിച്ചതിൽ സന്തോഷം. പുതിയ കാലത്തെ പിള്ളേർ പറയുന്ന പൂച്ചനടത്തമോ, മോഡലിങ്ങോ ഒന്നും അന്ന് ഞങ്ങൾക്ക് അറിയാൻ മേലായിരുന്നു. എന്തിനേറെ പറയുന്നു, വല്ലപ്പോഴും ഒരു കല്യാണം കൂടുമ്പോൾ ഒരുങ്ങിയുള്ള പരിചയം മാത്രമേയുള്ളൂ. അങ്ങനെയുള്ള ഞങ്ങൾ കേട്ടു കേൾവിയില്ലാത്ത ഒരു ഫാഷൻ ഷോയ്ക്കു വേണ്ടി ഒരുങ്ങുകയാണ്. ഒന്നും അറിയില്ലെങ്കിലും ഞങ്ങൾ കുറേ പേർ ചേർന്നപ്പോൾ അതു സംഭവിച്ചു. ഒരു ഉഷാർ... സാരീ ഫാഷൻ ഷോ...– ചിരിയോടെയാണ് സുജ പറഞ്ഞു തുടങ്ങിയത്.

പഴയ സിഎംസുകാരിയാണേ ഞാൻ. 1975 മുതൽ 82 വരെ... അതായത് പ്രീഡിഗ്രി മുതൽ പിജി വരെ നീളുന്ന ആത്മബന്ധം ആ ക്യാംപസിനോടുണ്ട്. ഡിഗ്രി വരെ സൂവോളജി പഠിച്ചു. പി.ജിക്ക് അതില്ലാത്തതു കൊണ്ട് ലിറ്ററേച്ചറും അവിടെ പഠിച്ച് സന്തോഷകരമായി തൃപ്തിപ്പെട്ടു.

അങ്ങനെയൊരു പ്രീഡിഗ്രി കാലത്താണ് ഫാഷൻ ഷോയുടെ ആളും അരങ്ങും ഒരുങ്ങുന്നത്. ആണുങ്ങൾക്ക് പ്രവേശനമില്ലാത്ത ഞങ്ങൾ പെണ്ണുങ്ങളുടെ ‘സങ്കേതമായ’ വിമൻസ് ഹോളിലാണ് കൊടുമ്പിരിക്കൊണ്ട ചർച്ചകളും തീരുമാനങ്ങളും നടക്കുന്നത്. ഒരു ദിവസം ഹോം സയൻസിലെ അധ്യാപികയായ മില്ലിക്കൊച്ചമ്മയെന്ന് ഞങ്ങൾ വിളിക്കുന്ന ടീച്ചറാണ് ‘പിള്ളാരേ... നമുക്കൊരു ഫാഷൻ ഷോ നടത്തിയാലോ എന്നു ചോദിക്കുന്നത്. എന്തിനും കട്ടയ്ക്കും തന്റേടത്തോടെയും നിൽക്കുന്ന സിഎംസിലെ പെൺപുലികൾ ഉറക്കെ സമ്മതം മൂളി. സംഭവത്തിന് മുന്നിട്ടിറങ്ങുമ്പോഴും ഞാനടങ്ങുന്ന പെണ്ണുങ്ങളിൽ പലർക്കും ഫാഷനെക്കുറിച്ച് ധാരണയുണ്ട്. പക്ഷേ ഫാഷൻ ഷോ എന്തെന്ന് യാതൊരു ഐഡിയയുമില്ല. ഫാഷനും മോ‍ഡലും സ്റ്റൈലുമൊക്കെ ആകെ കണ്ടും വായിച്ചും പരിചയം ആ പഴയ ‘വനിതയിലാണ്.’ പക്ഷേ അത് പ്രാവർത്തികമാക്കാൻ പോന്ന ലോക പരിചയം ഞങ്ങൾക്കില്ലതാനും. പക്ഷേ മില്ലി കൊച്ചമ്മയുടെ ആശയത്തോട് ഞങ്ങൾ ഐക്യദാർഢ്യപ്പെട്ടു. ‘ഫാഷൻ ഷോ നടത്തും കട്ടായം ’എന്നുറക്കെ പ്രഖ്യാപിച്ചു.

saree-fashion-2

ഹോം സയൻസിലെയും പിന്നെ മറ്റു ഡിപ്പാർട്ടുമെന്റിലേയും തിരഞ്ഞെടുത്ത കുട്ടികളായിരുന്നു സംഭവമാകാന്‍ പോകുന്ന ആ ഫാഷൻ ഷോയിലെ മോഡലുകൾ. മോ‍ഡലുകളെ തിരഞ്ഞെടുത്തു. പക്ഷേ പുതിയ ഫാഷനിലുള്ള സാരികൾക്കും മറ്റു വസ്ത്രങ്ങൾക്കും എന്തു ചെയ്യും. മില്ലി കൊച്ചമ്മ തന്നെ ഐഡിയ പറഞ്ഞു തന്നു. കോട്ടയത്തെ പേരുകേട്ട ജൗളി വ്യാപാര സ്ഥാപനമായ നർമദ ടെക്സ്റ്റൈൽസിലേക്ക് പോകുക, സ്പോൺസർഷിപ്പ് സഹായം തേടുക. അവിടെ തന്നെ പോയതിനു കാരണമുണ്ട്. ഏറ്റവും ഫാഷനിലുള്ള സാരികൾ അവതരിപ്പിക്കുന്ന ഞങ്ങളെ കോളജ് കുമാരിമാരുടെ ഷോപ്പിങ് കേന്ദ്രമാണ് നർമദ. ഫാഷൻ ഷോ ‘സംഘാടക സമിതിയിലെ’ ചിലർ നേരിട്ടു ചെന്ന് കാര്യം അവതരിപ്പിച്ചു. ടെക്സ്റ്റൈൽ ഉടമയ്ക്ക് സമ്മതം. പക്ഷേ കണ്ടീഷനുകളുണ്ട്. സാരിയുൾപ്പെടെയുള്ള ഫാഷൻ വസ്ത്രങ്ങൾ തരാം... പക്ഷേ പകുതി കാശ് തരണം. മറ്റൊരു കണ്ടീഷൻ കൂടി... തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങൾ ഓരോന്നും 650 രൂപയിൽ കൂടുകയും അരുത്. ഞങ്ങൾക്കും നൂറുവട്ടം സമ്മതമായിരുന്നു. ഞങ്ങൾ പിള്ളേർ തന്നെ ഫണ്ടൊക്കെ സ്വരുക്കൂട്ടി സംഗതി ഒപ്പിച്ചെടുത്തു.

അങ്ങനെ ഏടുത്ത ഘട്ടമെത്തി. ഫാഷൻ ഷോയുടെ ദിവസം... അനുമതി കിട്ടി, തുണിത്തരങ്ങൾ വാങ്ങി, മേക്കപ്പ് സാധനങ്ങൾ വാങ്ങി എല്ലാം റെഡി. പക്ഷേ എന്തെന്നില്ലാത്ത ടെൻഷൻ. സത്യം പറയാല്ലോ... എങ്ങനെ ഒരുങ്ങണം. ഒരുങ്ങിയാല്‍ തന്നെ ഓവറാകുമോ, മുഖത്തിടുന്ന പൗഡറിന്റെയും ലിപ്സ്റ്റിക്കിന്റേയും പേരിൽ കോളജിലെ ചെക്കൻമാര്‍ കളിയാക്കുമോ കൂകുമോ എന്നിങ്ങനെ നൂറായിരം ടെൻഷൻ. റാംപിൽ നടക്കുമ്പോൾ കൈവീശി കാണിക്കണോ ചിരിക്കണോ, അതോ ചിരിക്കാതെ നടക്കണോ എന്നിങ്ങനെയുള്ള കൺഫ്യൂഷൻ വേറെയും. പക്ഷേ എല്ലാം പടിക്കു പുറത്തുവച്ച് ഞങ്ങൾ സുന്ദരിമാർ അണിഞ്ഞൊരുങ്ങി. ഇത്രയും സംഘടിപ്പിച്ച നമ്മൾ ഇതും വിജയകരമായി അതിജീവിക്കും എന്നു മനസിനോടു പറഞ്ഞു. എന്നിട്ട് നല്ല സ്റ്റൈലായിട്ട് അങ്ങു നടന്നു. ചെറിയ ടെൻഷൻ ഉണ്ടായിരുന്നതു കൊണ്ടാകണം. ആരെങ്കിലും കൂകിയോ എന്നു പോലും ഞങ്ങൾക്ക് ഓർമയില്ല.

saree-fashion-4 ഇടത്തു നിന്നു രണ്ടാമത്ത് സുജ വർഗീസ്

സാരി മാത്രമായിരുന്നില്ല ആ കാലത്ത് നടൻ ജയൻ ട്രെൻഡാക്കിയ ബെൽ ബോട്ടം വരെ ഫാഷൻ ഷോയിൽ ഞങ്ങൾ പരീക്ഷിച്ചു. ഫ്രോക്ക് ടൈപ്പ്, ഷോർട് സ്കർട്ട്, ഗൗൺ, പാന്റ്സ് ഷർട്ട് തുടങ്ങിയവയും ഞങ്ങൾ റാംപിൽ പരീക്ഷിച്ചു.  

വനിതയുടെ ചീഫ് എഡിറ്ററായിരുന്ന മിസിസ് കെ.എം മാത്യു ആയിരുന്നു അന്നത്തെ ഫാഷൻ ഷോയുടെ ചീഫ് ഗസ്റ്റ്. ഞങ്ങളോടു തമാശ പറഞ്ഞും വിശേഷങ്ങൾ തിരക്കിയും മിസിസ് മാത്യു ആ പരിപാടിയെ ഓർമകളിലെ തിളക്കമുള്ളതാക്കി മാറ്റി. ‘നമ്മളെ വനിതയുടെ മോ‍ഡലാക്കിയാലോ’ എന്ന് ചിലർ തമാശ പറഞ്ഞതും ഓർക്കുന്നു. പരിപാടിക്ക് ശേഷം മോഡലുകളിൽ ചിലരോടൊപ്പം നിറഞ്ഞു ചിരിച്ച് ഫൊട്ടോയ്ക്ക് പോസ് ചെയ്യാനും മിസിസ് കെ.എം മാത്യു മറന്നില്ല. അങ്ങനെ മായ്ച്ചു കളഞ്ഞാലും പോകാത്ത ഓർമകളുടെ കൂടായിരുന്നു ആ ഫാഷൻ ഷോ...

saree-model-9 മിസിസ് കെ.എം മാത്യുവിനൊപ്പം ഫാഷൻ ഷോയിലെ മോഡലുകൾ

ഓർമകൾക്ക് എന്തു സുഗന്ധം

വിവാഹ ചിത്രം നമ്മൾ നിധി പോലെ സൂക്ഷിക്കില്ലേ... അതുപോലെയാണ് കോളജ് കാലത്തെ ഈ ഓർമയും ഞാൻ സൂക്ഷിച്ചു വച്ചത്. അതു സിഎംഎസ് മെമ്മറീസ് എന്ന കോളജ് അലുംമ്നി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തപ്പോൾ പലരും ഉഷാറായി. പിന്നെ ചോദ്യങ്ങളായി, പരിഭവം പറച്ചിലുകളായി... ഓർമിപ്പിച്ചാൽ മാത്രം തെളിഞ്ഞു വരുന്ന ഒരു മനോഹര നിമിഷത്തെ തിരികെ തന്നതിലുള്ള സന്തോഷമായിരുന്നു പലർക്കും. ചിലർക്ക് ഈ ചിത്രം കയ്യിൽ ഇല്ലാതെ പോയല്ലോ എന്ന വിഷമം.

എന്റെ സുഹൃദ് വലയത്തിലുള്ള മീനു ജേക്കബ്, ഉഷ സി വർക്കി, ബീന കുരുവിള, അനു, മെറിസ് എന്നിവരൊക്കെ നിറകണ്ണുകളോടെയാണ് അവരുടെ ഓർമകളെ പങ്കുവച്ചത്. അതിൽ ബീന പറഞ്ഞത് അന്ന് ആ ഫാഷൻ ഷോയിൽ ഉടുത്ത സാരി ഇന്നും കല്യാണ സാരിക്കൊപ്പം അവൾ പൊന്നുപോലെ സൂക്ഷിക്കുന്നുണ്ടത്രേ. മറ്റൊരു സുഖമുള്ളൊരു ഓർമയാണ് അനു പങ്കുവച്ച്. അനൂന്റെ മമ്മി അൽപം സ്ട്രിക്ട് ആയിരുന്നുവത്രേ. അന്ന് മില്ലിക്കൊച്ചമ്മ അനൂനെ കൂടി ഫാഷൻ ഷോയിൽ പങ്കെടുപ്പിക്കണമെന്ന് പറയാൻ അവളുടെ വീട്ടിലെത്തി. പക്ഷേ കക്ഷി നന്നേ പേടിച്ചു. കോളജിലെ തന്റെ എന്തെങ്കിലും കുരുത്തക്കേടിനെ കുറിച്ച് പരാതി പറയാനാണോ മില്ലി കൊച്ചമ്മ എത്തിയതെന്നായിരുന്നു അനുവിന്റെ പേടി. ഈ ഫൊട്ടോ കണ്ട് ആ സംഭവം ഓർക്കുമ്പോൾ അനു ഒത്തിരി ചിരിക്കുന്നുണ്ടായിരുന്നു.

മീനുവിന് പറയാനുണ്ടായിരുന്നത് ഒരു പരിഭവമായിരുന്നു. പണ്ടൊക്കെ ഇഷ്ടമുള്ളൊരു ഡ്രസോ കമ്മലോ മൂക്കുത്തിയോ അണിയാൻ പലരേയും പേടിക്കണം. വീട്ടുകാരുടെ ശാസന, നാട്ടുകാരുടെ നോട്ടങ്ങൾ, കമന്റുകൾ. പുതിയ കാലത്തെ പിള്ളേർക്ക് അതില്ലല്ലോ. അതിനോടെല്ലാമുള്ള പ്രതികാരമായി, അടുത്തൊരു ജന്മം ജനിച്ചു വരണമെന്ന് മീനുവിന് വാശിയാണ്. എന്നിട്ട് ഒന്നല്ല ഒരുപാട് ഫാഷൻ ഷോ നടത്തണം. എന്നിട്ട് ഇഷ്ടമുള്ള വസ്ത്രമെല്ലാം ധരിക്കണം.

ഈ സന്തോഷത്തിനിടയിലും വേദനിക്കുന്ന ഓർമയായി ഹൃദയത്തിൽനിറയുന്നത് മില്ലി കൊച്ചമ്മയാണ്. ആണുങ്ങളുടെ ആ പഴയ ലോകത്ത് ഞങ്ങളെ സന്തോഷിക്കാൻ വിട്ട ഞങ്ങളുടെ പ്രിയപ്പെട്ട ടീച്ചർ. ഈ ഓർമകൾ ചികഞ്ഞെടുക്കാൻ ഇല്ലാതെ ഈ ഭൂമിയിൽ നിന്നും മറഞ്ഞു പോയ ചിലരുമുണ്ട്. അവരേയും ഹൃദയത്തോടു ചേർക്കുന്നു.