Monday 18 November 2019 04:53 PM IST : By സ്വന്തം ലേഖകൻ

‘സാറെ ഞാൻ കുഞ്ഞാവയുമായി വരുമ്പോൾ വീട്ടിൽ ലൈറ്റ് ഉണ്ടാകും അല്ലേ?’; ഹൃദയസ്പർശിയായ അനുഭവം പങ്കുവച്ച് ഉദ്യോഗസ്ഥൻ!

75336305_1835120353453907_5423879942012141568_o

സ്വന്തം റിസ്കിൽ ഒരു കൊച്ചു വീട്ടിലേക്ക് കറന്റ് കണക്ഷൻ എത്തിക്കാൻ പരിശ്രമിച്ച ഒരു ഉദ്യോഗസ്ഥന്റെ നന്മയുള്ള വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. നമുക്ക് ഒരുപക്ഷെ ചെറുതെന്ന് തോന്നുന്ന ഒന്ന് മറ്റുള്ളവർക്ക് നൽകുന്ന സന്തോഷം എത്രത്തോളം വലുതാണെന്ന് ചിലരുടെ അനുഭവങ്ങളിലൂടെ മനസ്സിലാകും. 

ഉസ്മാൻ എഴുതിയ കുറിപ്പ് വായിക്കാം; 

എന്റെ സർക്കാർ ജോലിയിലെ ഏറ്റവും സംതൃപ്തി തന്ന ദിവസം. കഴിഞ്ഞ ദിവസം പുതിയ വൈദ്യുതി ഒരു കണക്ഷന്റെ എസ്റ്റിമേറ്റ് നോക്കുവാൻ പോയി. സ്ഥലം മനസിലാകാത്തതിനാൽ അപേക്ഷകനെ വിളിച്ചു. ഒരു സ്ത്രീ ഫോൺ എടുത്തു.. റോഡിലേക്ക് വരുമോ? 

എന്ന് ചോദിച്ചു അവർ വന്നു... ഞാൻ മാനസികമായി ആകെ തകർന്നു പോയി.. ആ സ്ത്രീ പൂർണ്ണ ഗർഭിണിയായിരുന്നു (പാവം).. 

വീട് പറഞ്ഞു തന്നു. നീല ഷീറ്റ് കെട്ടിയ വീട്. ഞാൻ വണ്ടി ഓടിച്ചു. നേരെ കാണുന്ന നീല ഷീറ്റ് കെട്ടിയ വീട്ടിലേക്ക്. അവിടെ കറണ്ട് കണക്ഷൻ ഉണ്ട്. അപ്പോൾ പിന്നിൽ നിന്നൊരു വിളി.. "ഇതാണ് എന്റെ വീട്". ഞാൻ അങ്ങോട്ട് ചെന്നു. ഒരു ഷെഡ്. (ഞാൻ 1983 ലെ എന്റെ വീടിനെ കുറിച്ച് ഓർത്തു.)

ഒരു പണിക്കാരൻ ഇറങ്ങി വന്നു അയാൾ തറയിൽ സിമന്റ് ഇടുകയായിരുന്നു. അത് ആ സ്ത്രീയുടെ ഭർത്താവ് ആയിരുന്നു. അദ്ദേഹം ആണ് അപേക്ഷകൻ. സംസാരിച്ചപ്പോൾ. റേഷൻ കാർഡ് ഇല്ല അപ്പോൾ BPL അല്ല. പിന്നെ. വില്ലേജിൽ നിന്നും വരുമാന സർട്ടിഫിക്കറ്റ് വാങ്ങാൻ നിദേശിച്ചു (നിർബന്ധിച്ചു എന്നതാണ് സത്യം കാരണം അത് കിട്ടാൻ താമസിച്ചാൽ കറണ്ട് കിട്ടാൻ വൈകിയാലോ... എന്നവരുടെ സംശയം.... ) ഞാൻ അവിടെ തന്നെ നിന്ന് കൊടുങ്ങല്ലൂർ താലൂക്ക് ഓഫിസിലെ എന്റെ സുഹൃത്ത് ഫാത്തിമയെ വിളിച്ചു.... അവർ ഉടനെ ശ്രീനാരായണപുരം വില്ലജ് ഓഫീസർ അജയ്നെ വിളിച്ചു... അടുത്ത ദിവസം വന്നാൽ സർട്ടിഫിക്കറ്റ് കൊടുക്കാം എന്ന് പറഞ്ഞു.... 

"സാറെ ഞാൻ കുഞ്ഞാവയുമായി വരുമ്പോൾ വീട്ടിൽ ലൈറ്റ് ഉണ്ടാകും അല്ലേ?"

"ദൈവം അനുഗ്രഹിച്ചാൽ ഉണ്ടാകും"- എന്ന് പറഞ്ഞു ഞാൻ ഓഫീസിൽ വന്നു. ഇന്ന് വളരെ തിരക്കുണ്ടായിട്ടും ഞാൻ ഫാത്തിമയെ വിളിച്ചു വില്ലജ് ഓഫീസറുടെ നമ്പർ വാങ്ങി... വിളിച്ചു. 

"ഉസ്മാൻ വളരെ തിരക്കാണ് നാളെ കൊടുത്താൽ പോരേ സർട്ടിഫിക്കറ്റ് "

"പോരാ ഇന്നു തന്നെ വേണം "

ആ സ്ത്രീയുടെ അവസ്ഥ പറഞ്ഞപ്പോൾ അജയ് അപ്പോൾ തന്നെ സർട്ടിഫിക്കറ്റ് നൽകി. സമയം 2 മണി... 

പെരിങ്ങോട്ടുകര അസിസ്റ്റന്റ് എഞ്ചിനീയർ റോയ് സാറിന്റെ അച്ഛൻ മരിച്ചിടത്തു പോയി വന്നപ്പോൾ സമയം 4 മണി 

ഓവർസീർ അനിൽ കുമാർ ആയിരുന്നു ഫ്രണ്ട് ഓഫീസിൽ അവനോട് മാറിയിരിക്കാൻ പറഞ്ഞു. 

ഫീൽഡിൽ പോകാൻ നിൽക്കുന്ന ജേക്കബ് സാറിന് 5 മിനിറ്റ് പിടിച്ചു നിർത്തി... ഞാൻ അവിടെ ഇരുന്നു അപേക്ഷയുടെ വർക്കുകൾ തീർത്തു അപ്പോഴേക്കും എഇ  സുരേഷ് സാർ എത്തി. എസ്റ്റിമേറ്റ് അപ്രൂവൽ ചെയ്തു തന്നു... CD(ക്യാഷ് ഡെപ്പോസിറ്റ് ) അടക്കാൻ നോക്കിയപ്പോൾ എന്റെ പോക്കറ്റിലെ പണം തികയില്ല മിഥുൻ സാറിൽ നിന്ന് കടം വാങ്ങിയ പണം കൊണ്ട് CD അടച്ചു AE യേ കൊണ്ട് അസൈൻ ചെയ്യിച്ചു... മിഥുൻ സാർ അപ്പോൾ തന്നെ കണക്ഷൻ എഴുതി.. വഴിയിൽ വച്ച് ലൈൻ മാൻ സാബുവിനെ കണ്ടു. 

"പീക്ക് ഡ്യൂട്ടിയിൽ ഒരു പുണ്യപ്രവർത്തി ചെയ്യാൻ ഒരു അവസരം തരാം" എന്ന് മുഖവുരയൊടെ കാര്യം പറഞ്ഞു. 6 മണിക്ക് എനിക്ക് ആ സ്ത്രീയുടെ ഫോൺ വന്നു. "സാർ അവർ വന്നു കറണ്ട് കിട്ടീട്ടാ... സാറിനെയും കൂട്ടുകാരെയും ദൈവം അനുഗ്രഹിക്കട്ടെ.." ആ വാക്കുകളിലെ സന്തോഷം ഞാൻ ഇവിടെ കൊടുങ്ങല്ലൂരിൽ ഇരുന്നറിഞ്ഞു.... ഈ പ്രവർത്തിക്കു എന്നെ സഹായിച്ച ദൈവത്തിനു നന്ദി.. 

എന്റെ സഹപ്രവർത്തകർ അസിസ്റ്റന്റ് എഞ്ചിനീയർ സുരേഷ് സാർ, സബ് എഞ്ചിനീയർമാരായ ജേക്കബ് സാർ, മിഥുൻ സാർ, ഓവർസീർ അനിൽ കുമാർ, ലൈൻമാൻമാരായ സാബു, ഓമനക്കുട്ടൻ, ബാബു ചേട്ടൻ എന്നിവർക്ക് നന്ദി രേഖപെടുത്തുന്നു.

Usman Kodungallur, 15/11/2019

Tags:
  • Spotlight
  • Social Media Viral