Wednesday 10 October 2018 10:26 AM IST : By സ്വന്തം ലേഖകൻ

വാട്സാപ്പ് വഴി ‘വനിത’യുടെ പിഡിഎഫ് പ്രചരിപ്പിച്ചു; അഡ്മിൻ അറസ്റ്റിൽ, നിരവധി പേർ നിരീക്ഷണത്തിൽ

police

വനിത അടക്കമുള്ള മലയാള മനോരമ പ്രസിദ്ധീകരണങ്ങൾ വാട്സാപ്പിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മലയാള മനോരമയുടെ വിവിധ പ്രസിദ്ധീകരണങ്ങളുടെ പിഡിഎഫ് കോപ്പി വാട്സാപ്പ് ഗ്രൂപ്പു വഴി പ്രചരിപ്പിച്ചതിന് നെടുംകുന്നം കുന്നേൽ എബിൻ കെ. ബിനോയെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു പ്രമുഖ ചാനലിന്റെ പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് ഇയാൾ. മലയാള മനോരമ പ്രസിദ്ധീകരണങ്ങൾ അടക്കം ഒട്ടുമിക്ക മാഗസിനുകളും ഗ്രൂപ്പിലൂടെ ഫോർവേഡ് ചെയ്തിരുന്നു. ഈ വാട്സാപ്പ് ഗ്രൂപ്പിന്റെ മറ്റ് അഡ്മിൻമാരായ എരുമേലി, കണ്ണൂർ സ്വദേശികൾക്കായി അന്വേഷണം തുടരുന്നു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു കഴിഞ്ഞദിവസം നൽകിയ പരാതിയിൽ പകർപ്പവകാശ നിയമ പ്രകാരമാണ് അറസ്റ്റ്.

മനോരമ പ്രസിദ്ധീകരണങ്ങൾ വിപണിയിലെത്തിയാലുടൻ ഇവയുടെ പിഡിഎഫ് ഫയൽ ഉണ്ടാക്കി വാട്സാപ്പ് ഗ്രൂപ്പു വഴി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് എസ്ഐ ടി.എസ്. റെനീഷ് പറഞ്ഞു. ഇതു ലഭിക്കുന്ന പലരും നിയമവിരുദ്ധമാണെന്ന് അറിയാതെ പ്രചരിപ്പിക്കുന്നുണ്ട്. ഇവർക്കെതിരേയും അടുത്ത ഘട്ടത്തിൽ നടപടിയുണ്ടാകും.

മലയാള മനോരമയുടെ പരാതിയിൽ പ്രസിദ്ധീകരണങ്ങൾ സ്ഥിരമായി ഫോർവേഡ് ചെയ്യുന്ന നിരവധി വാട്സാപ്പ് ഗ്രൂപ്പുകളും വ്യക്തിഗത അക്കൗണ്ടുകളും പൊലീസ് നിരീക്ഷണത്തിലാണ്. അതുകൊണ്ടുതന്നെ പ്രസിദ്ധീകരണങ്ങൾ ലഭിച്ചാൽ അതു ഡൗൺലോഡ് ചെയ്യാനോ ഫോർവേഡ് ചെയ്യാനോ ശ്രമിക്കാതിരിക്കുക.