"മൂന്നു ദിവസത്തിനു ശേഷം ഞാനും അമ്മയും കണ്ടുമുട്ടി. പക്ഷേ, മരുന്നിന്റെ മയക്കത്തിലായിരുന്നു അമ്മ, കഷ്ടിച്ച് സംസാരിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അമ്മയ്ക്കു മനസ്സിലാകാൻ 15 ദിവസമെടുത്തു. ദൈവമേ..., അമ്മയ്ക്ക് കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല. അമ്മ പറഞ്ഞുകൊണ്ടിരുന്നു, ‘നീ എന്തിനാണ് ഇങ്ങനെ ചെയ്തത്, ആരും ഇങ്ങനെയൊന്നും ചെയ്യില്ല!’. അങ്ങേയറ്റം വൈകാരികമായിരുന്നു ആ നിമിഷം."- അമ്മയ്ക്കു വേണ്ടി കരള്‍ പകുത്തു നല്‍കിയ മകളുടെ കഥ പങ്കുവച്ചിരിക്കുകയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക് പേജിലൂടെ. ദീപാന്‍ഷി എന്ന യുവതിയാണ് അമ്മയും മകളും തമ്മിലുള്ള നിരുപാധിക സ്നേഹത്തെക്കുറിച്ച് ഹൃദയസ്പര്‍ശിയായി കുറിപ്പ് എഴുതിയിരിക്കുന്നത്.
ഹ്യൂമന്‍സ് ഓഫ് ബോംബെ പങ്കുവച്ച കുറിപ്പ് വായിക്കാം;
2018 ലാണ് എന്റെ അമ്മയ്ക്ക് ലിവർ സിറോസിസ് ഉണ്ടെന്ന് കണ്ടെത്തിയത്. ശേഷം അമ്മയുടെ അവസ്ഥ അനുദിനം വഷളായിക്കൊണ്ടിരുന്നു. അമ്മയ്ക്ക് 50 വയസ്സായിരുന്നു. വേദന സഹിക്കാന്‍ വയ്യാതെ അമ്മ മിക്ക സമയത്തും കരയുമായിരുന്നു. അമ്മയെ അങ്ങനെ കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു.
എന്റെ വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായിരുന്നു. ഒരു വെഡ്ഡിങ് ഫോട്ടോഗ്രാഫറായി ഞാന്‍ ജോലി ചെയ്തു വരുകയായിരുന്നു. എന്റെ കരിയറിന്റെ ഉയരത്തിലായിരുന്നു. പലപ്പോഴും ജോലിക്കായി കുറേ യാത്ര ചെയ്യുമായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ ഏറ്റവും എളുപ്പത്തില്‍ എടുക്കാവുന്ന ഒരു തീരുമാനമായിരുന്നില്ല അത്. പക്ഷേ, ഞാൻ എന്നോട് തന്നെ പറഞ്ഞു, ‘എന്റെ കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാം.’
ഇക്കാര്യം പറഞ്ഞതോടെ അമ്മ എന്നോടും അച്ഛനോടും വഴക്കിട്ടു; അച്ഛന്‍ എന്റെ പക്ഷത്തായിരുന്നു. ഞാൻ അമ്മയോട് പറഞ്ഞു, ‘എന്നെയൊന്ന് വിശ്വസിക്കൂ..?’ എന്റെ ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ എന്നോടൊപ്പം നിന്നു. എന്റെ ഭർത്താവ് എന്നോട് പറഞ്ഞു, ‘നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ, ഞാനും ഇതുതന്നെ ചെയ്യുമായിരുന്നു.!’
ഞാൻ കൂടുതല്‍ ഗവേഷണം നടത്തി, മുൻ ദാതാക്കളിലേക്കും കരൾ മാറ്റിവയ്ക്കൽ സ്വീകർത്താക്കളിലേക്കും എന്റെ അന്വേഷണം എത്തി. ശസ്‌ത്രക്രിയയ്‌ക്കുശേഷം ഗർഭം ധരിക്കുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. കൂടുതൽ ആളുകളോട് സംസാരിക്കുന്തോറും എന്റെ ആത്മവിശ്വാസം വർധിച്ചു. വിധിയെ വിശ്വസിച്ച് ഞാൻ നടപടിക്രമങ്ങളുമായി മുന്നോട്ടു പോയി.
ശസ്‌ത്രക്രിയയ്‌ക്കു വേണ്ടി ഞങ്ങളുടെ രണ്ടുപേരുടേയും ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായിരുന്നു. ഞങ്ങൾ വ്യായാമം ചെയ്യുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്തു. 2018 ഫെബ്രുവരിയിൽ, ഡോക്ടർ പറഞ്ഞു, 'ഇപ്പോള്‍ സമയമായി...' എന്നെ രാവിലെ 7 മണിക്ക് ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിച്ചത് ഓർക്കുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 14 മണിക്കൂർ എടുത്തു. വീണ്ടും ഉണർന്നപ്പോൾ ചെറുതായി കരഞ്ഞു. മൂന്നു ദിവസത്തിനു ശേഷം ഞാനും അമ്മയും കണ്ടുമുട്ടി. പക്ഷേ, മരുന്നിന്റെ മയക്കത്തിലായിരുന്നു അമ്മ, കഷ്ടിച്ച് സംസാരിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അമ്മയ്ക്കു മനസ്സിലാകാൻ 15 ദിവസമെടുത്തു. ദൈവമേ..., അമ്മയ്ക്ക് കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല. അമ്മ പറഞ്ഞുകൊണ്ടിരുന്നു, ‘നീ എന്തിനാണ് ഇങ്ങനെ ചെയ്തത്, ആരും ഇങ്ങനെയൊന്നും ചെയ്യില്ല!’. അങ്ങേയറ്റം വൈകാരികമായിരുന്നു.
ഞാൻ ഭർത്താവിനൊപ്പം മുംബൈയിലേക്ക് തിരിച്ചു. ആറു മാസത്തിനുള്ളിൽ ആരോഗ്യം വീണ്ടെടുത്തു. ഞാന്‍ നീന്താനും ഓടാനും തുടങ്ങി. അമ്മയുടെ ആരോഗ്യവും മെച്ചപ്പെട്ടു. ഏറ്റവും നല്ല കാര്യം, വർഷാവസാനത്തോടെ, എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാര്യം സംഭവിച്ചു, ഞാൻ ഗർഭിണിയായിരുന്നു! ഒമ്പതു മാസങ്ങൾക്ക് ശേഷം എന്റെ മകൾ നയനികയെ ചേര്‍ത്തു പിടിച്ച നിമിഷം, മാതൃത്വത്തിന്റെ അർത്ഥം ഞാന്‍ മനസ്സിലാക്കി. അങ്ങനെ 5 വർഷം കടന്നുപോയി, ഞാനെന്റെ മാതൃത്വത്തെ പുണരുകയും അമ്മയുമായി കൂടുതല്‍ അടുക്കുകയും ചെയ്തു.
എപ്പോഴും അമ്മ ഞങ്ങളെ കാണാന്‍ വരുമ്പോഴും അമ്മയെ കാണാന്‍ ഞങ്ങള്‍ ഡൽഹിയിൽ പോകുമ്പോഴുമെല്ലാം നയനിക അമ്മയുടെ വിരൽത്തുമ്പിലാണ്. നയനികയും അമ്മയും തമ്മില്‍ പിരിയാത്ത ബന്ധമാണ്. അമ്മ കൂടുതല്‍ കുട്ടിയായ പോലെ... അമ്മയെ കൂടുതല്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും കാണുമ്പോൾ സ്നേഹം കൊണ്ട് എന്റെ ഹൃദയം നിറഞ്ഞുതുളുമ്പുന്നു. കാരണം, ഇപ്പോള്‍ എന്താണ് നിരുപാധിക സ്നേഹമെന്നും അതിന്റെ മഹത്വവും എനിക്കറിയാം.!