Friday 28 February 2020 06:05 PM IST : By സ്വന്തം ലേഖകൻ

ശരീരത്തിൽ മുറിവോ ചതവോ ഇല്ല, ഒറ്റയ്ക്ക് നടന്നുപോകുന്ന ശീലമില്ല; ദേവനന്ദ കാൽവഴുതി വീണതോ? ദുരൂഹത നീക്കാൻ പൊലീസ്!

devanandha223

ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം പരിശോധനയിൽ കണ്ടെത്തി. ഉപദ്രവിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളൊന്നും കുട്ടിയുടെ ശരീരത്തിലില്ല. മൃതദേഹത്തിൽ ക്ഷതമോ മുറിവോ കണ്ടെത്തിയിട്ടില്ല. കാലു തെറ്റി വെള്ളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. കാണാതായി ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചിരിക്കാം. ശ്വാസകോശത്തിലും വയറ്റിലും ചെളിയും വെള്ളവും കണ്ടെത്തി. അഴുകിത്തുടങ്ങിയ അവസ്ഥയിലായിരുന്നു മൃതദേഹം. പൊലീസ് സാന്നിധ്യത്തിലായിരുന്നു പോസ്റ്റ്മോർട്ടം.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് വേഗത്തില്‍ ലഭിക്കാൻ പൊലീസ് അപേക്ഷ നൽകി. ദേവനന്ദയുടെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കൊല്ലത്തേക്കു കൊണ്ടുപോയി. ദേവനന്ദയുടെ മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ മുറിവോ ചതവോ ഇല്ല. എങ്കിലും അപായപ്പെടുത്താനുള്ള സാധ്യത പൂർണമായും തളളിക്കളയാതെയാണ് അന്വേഷണം പുരോഗമിക്കുന്നത്. മൃതദേഹം കണ്ടെത്തിയതോടെ ഒട്ടേറെ സംശയങ്ങളാണ് നാട്ടുകാരും ഉയർത്തുന്നത്.

അമ്മയുടെ കണ്ണൊന്നു തെറ്റിയപ്പോഴാണ് ദേവനന്ദ മരണത്തിലേക്ക് നടന്നുപോയത്. പ്രാഥമിക നിഗമനം പോലെ മുങ്ങി മരണമാകണമെങ്കിൽ വീട്ടിൽ നിന്ന് 50 മീറ്റർ അകലെയുള്ള പുഴയിലേക്കു ദേവനന്ദ നടന്നുപോയി കാൽ വഴുതി വീണിരിക്കണം. ആറു വയസുള്ള കുഞ്ഞ് ഒറ്റപ്പെട്ട ആ സ്ഥലത്തേയ്ക്ക് ഒറ്റയ്ക്കു നടന്നുപോകില്ല, അങ്ങനെയൊരു ശീലം ദേവനന്ദയ്ക്കില്ലെന്നും നാട്ടുകാർ പറയുന്നു.

പകൽ പത്തരയോടെയാണ് കുട്ടിയെ കാണാതാകുന്നത്. ആ സമയം പുഴയിലേക്കു പോകുന്ന വഴിയിലെ വീട്ടിൽ ആളുകളുണ്ടായിട്ടും കുട്ടി നടന്ന് പോകുന്നത് അവരാരും കണ്ടില്ല. വലിയ വിസ്തൃതിയില്ലാത്ത പുഴയിൽ ഇന്നലെ ഉച്ചമുതൽ തിരഞ്ഞിട്ടും കാണാത്ത മൃതദേഹം ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ അതേസ്ഥലത്ത് കണ്ടതും ദുരൂഹത ഉയർത്തുന്നു.

എന്നാൽ അമ്പലത്തിലും മറ്റും പോകാനായി വീട്ടുകാർക്കൊപ്പം കുട്ടി പുഴ മറികടന്ന് പലതവണ പോയിട്ടുണ്ട്. കുളിക്കാനെത്തിയും പരിചയമുള്ള പുഴയായതിനാൽ കുട്ടി ഇവിടേക്കെത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ദുരൂഹ മരണത്തിനു കേസെടുത്ത് എല്ലാ സാധ്യതകളും അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. നാട്ടുകാരുടെ ആവശ്യവും അതാണ്.

Tags:
  • Spotlight