Monday 25 October 2021 12:18 PM IST : By സ്വന്തം ലേഖകൻ

‘ഈ കൈ കൊണ്ടാണോ ഞാനെന്റെ കുഞ്ഞിനെ കൊന്നത്...’ എന്തിനത് ചെയ്തു?: ദിവ്യ ജോണിക്ക് പറയാനുള്ളത്

dibya-jhonny

‘സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയ അമ്മ...’

ആ വാക്കുകൾ പോലും ചങ്കുതുളഞ്ഞു കയറാൻ പോന്നതാണ്. അങ്ങനെയൊന്ന് സംഭവിച്ചുവെന്ന് കേട്ടാലോ? ഹൃദയം പിടയും.

ലോകത്തൊരു മനുഷ്യ ജീവിക്കും ഉൾക്കൊള്ളാൻ കഴിയാത്ത ആ കൊടും ക്രൂരത ഒരമ്മയ്ക്കു ചെയ്യേണ്ടി വന്നു. ദിവ്യയെന്ന അമ്മയാണ് ലോകത്തിലെ തന്നെ ഏറ്റവും ഹതഭാഗ്യയായ അമ്മ. സമ്മർദ്ദങ്ങളുടെ കൊടുമുടി കയറിയ ഏതോ നിമിഷത്തിൽ, മനസിന്റെ താളം ലക്ഷ്യമില്ലാതെ ആടിയുലഞ്ഞ ഏതോ നശിച്ച നേരത്ത് അവൾക്ക് സ്വന്തം കുഞ്ഞിനെ കൊല്ലേണ്ടി വന്നു. കൊലപാതകിയെന്നും കൊടും ക്രൂരയെന്നും സമൂഹം വിധിയെഴുതിയ ആ അമ്മയ്ക്ക് പക്ഷേ ലോകത്തോട് പറയുണ്ടാനായിരുന്നത് തന്നെ ആ അവസ്ഥയിലേക്ക് കൊണ്ടെത്തിച്ച ജീവിത സത്യങ്ങളെക്കുറിച്ചായിരുന്നു. മാധ്യമ പ്രവർത്തകനായ ഐപ്പ് വള്ളിക്കാടനാണ് അവളെ കുറ്റക്കാരിയാക്കിയ മുൻവിധികൾക്കു മേൽ നടന്ന് ആ സത്യം പങ്കുവച്ചത്.

മുലപ്പാലിനൊപ്പം താരാട്ടും പങ്കുവച്ച അമ്മയായിരുന്നു ദിവ്യ ജോണി. അമ്മ നഷ്ടപ്പെട്ട ദിവ്യക്ക് അച്ഛന്‍ മാത്രമായിരുന്നു തണലും തുണയും. പക്ഷേ അവള്‍ക്ക് സ്വന്തം കുഞ്ഞിന്റെ കൊലപാതകിയെന്ന മേൽവിലാസം നൽകിയത് വിധി. വിവാഹ മോചിതനായ ഒരു ഡോക്ടറെ വിവാഹം കഴിക്കുന്നതോടെയാണ് ദിവ്യയുടെ ജീവിതത്തിന്റെ വേദനകളുടെ അധ്യായം ആരംഭിക്കുന്നത്. അമ്മയുടെ അർബുദ രോഗ ചികിത്സാർത്ഥം പരിചയപ്പെട്ട വിവാഹം. ഹിന്ദു ആചാര പ്രകാരം നടന്ന വിവാഹത്തിന്റെ പേരിൽ ഭർതൃവീട്ടിൽ അവൾ ഒറ്റപ്പെട്ടു. ദിവ്യയുടെ വയറ്റിൽ ഒരു കുഞ്ഞുജീവൻ മൊട്ടിട്ടപ്പോൾ പ്രശ്നം പിന്നെയും രൂക്ഷമായി. ഇപ്പോൾ ഒരു കുഞ്ഞിനെ സ്വീകരിക്കേണ്ടതില്ലെന്നായിരുന്നു വീട്ടുകാരുടെ നിലപാട്. പക്ഷേ ദൈവം തന്ന നിധിയെ സ്വീകരിക്കാൻ തന്നെയായിരുന്നു ദിവ്യയുടെ നിലപാട്. അവിടുന്നങ്ങോട്ട് ദിവ്യയുടെ വിവാഹക്കാര്യത്തിൽ കാട്ടിയ അതേ അവഗണന കുഞ്ഞിനോടും ഉണ്ടായി. സിസേറിയൻ മുറിപ്പാടുകളുമായി അവശതയോടെ വീട്ടിലെത്തിയ ദിവ്യയെ ഒന്നും തിരിഞ്ഞു നോക്കിയതു പോലുമില്ല.

എല്ലാവരോടുമുള്ള വെറുപ്പ് ആ കുഞ്ഞിലേക്ക് വരെയെത്തി. അന്ന് അവൾ അനുഭവിച്ച വേദന, സമ്മർദ്ദം കടുത്ത എല്ലാം മാനസിക പ്രശ്നങ്ങളിലേക്ക് നയിച്ചു. ഒരു ഘട്ടത്തിൽ ആത്മഹത്യ ശ്രമത്തിലേക്ക് വരെയെത്തി. സഹികെട്ട് സ്വന്തം വീട്ടിലേക്ക് മാറിയിട്ടും താൻ നേരിടുന്ന മാനസിക പ്രശ്നത്തിന് പരിഹാരമുണ്ടായില്ല. മരവിപ്പിക്കുന്ന മരുന്നുകൾക്കും മാനസിക രോഗ ചികിത്സകളും ദിവ്യയെ പിന്നെയും തളർത്തിയതേയുള്ളു.

സമ്മർദ്ദം തലയ്ക്കു കയറിയ ആ കെട്ടദിവസം, ഭ്രാന്തമായ നിമിഷത്തിൽ ദിവ്യ സ്വബോധത്തോടെയല്ലാതെ അതു ചെയ്തു. ആദ്യം കുഞ്ഞിനെ കൊണ്ട് വെള്ളത്തിലേക്കിട്ടു. കൈകാലിട്ടടിച്ചപ്പോൾ ഒരു നിമിഷം സ്വബോധം വീണ്ടെടുത്ത് കുഞ്ഞിനെ കോരിയെടുത്തു, രക്ഷപ്പെടുത്തി.

‘കുറേനേരം കെട്ടിപ്പിടിച്ചു കിടന്നു. പിന്നെയെപ്പോഴാണ് അത് ചെയ്തതെന്ന് അറിയില്ല. എന്റെ കുഞ്ഞിന്റെ കുഞ്ഞി തലയിണ ഉണ്ടായിരുന്നു. അതെടുത്ത് ശ്വാസം മുട്ടിച്ചു. ബോധം വീണ്ടെടുക്കുമ്പോൾ എന്റെ പൈതലിന് അനക്കമില്ല. ആദ്യം ഭർത്താവിനെ വിളിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അവരൊക്കെ എന്നെ അടിച്ചു കൊല്ലുമെന്ന് പേടിച്ചു. ഒടുവില്‍ എല്ലാ വിവരങ്ങളും വിളിച്ചു പറഞ്ഞത് പൊലീസിനെയായിരുന്നു. ഓടിപ്പിടഞ്ഞ് ആശുപത്രിയെത്തുമ്പോൾ, ആ നിമിഷത്തിലെപ്പോഴോ ആണ് ഞാനെന്റെ കുഞ്ഞിനെ കണ്ടത്.’– വേദനയോടെ ദിവ്യ പറയുന്നു.

എന്തിനാ അങ്ങനെ ചെയ്തതെന്ന് ഒരു പൊലീസുകാരി ചോദിച്ചു. കൊച്ചിനെ കൊല്ലാൻ വേണ്ടി വേണ്ടി ചെയ്തെയാ എന്ന് മറുപടി നൽകി. എന്നാ കൊച്ച് ചത്ത് പോയി എന്ന് അവരും എടുത്തടിച്ച് മറുപടി നൽകി.അനഭയെന്നാണ് എന്റെ കുഞ്ഞിന്റെ പേര്. മിന്നൽ എന്ന് അർത്ഥം. ആ പേര് അന്വർത്ഥമായി– ദിവ്യ കണ്ണീർ പൊഴിച്ചു.

ഇനിയൊരു അമ്മയാകുമോ എന്ന ചോദ്യത്തിനും ദിവ്യയുടെ പക്കൽ മറുപടിയുണ്ട്. ഒറ്റത്തടിയായി ആയിരിക്കും ഇനിയെന്റെ ജീവിതം. ഡൈവോഴ്സ് പേപ്പറുകൾ ശരിയാകുന്നുണ്ട്. ഇങ്ങനെയൊക്കെ അങ്ങ് ജീവിച്ചു തീർക്കണം...– ദിവ്യ പറഞ്ഞു നിർത്തുന്നു.