Wednesday 18 September 2019 02:27 PM IST : By സ്വന്തം ലേഖകൻ

‘എനിക്ക് സ്കിൻ അലർജിയാ സാറേ... ഡോക്ടർ ഹെൽമറ്റ് വയ്ക്കരുതെന്ന് പറഞ്ഞിട്ടുണ്ട്’; നിയമലംഘനത്തിന് മുട്ടാപോക്ക് ന്യായങ്ങൾ നിരത്തുന്നവരോട്! കുറിപ്പ്

manoj-velland-hhhjk

രാജ്യത്ത് ട്രാഫിക് നിയമം കർശനമായി പാലിക്കപ്പെടാൻ പിഴ തുക വർധിപ്പിച്ച നടപടിയോട് സമ്മിശ്ര പ്രതികരണമാണ് നമുക്കിടയിൽ ഉള്ളത്. നിയമം കർശനമാക്കിയിട്ടും അത് പാലിക്കാൻ മടിയ്ക്കുന്നവരാണ് ഏറെയും. ഓരോ മുട്ടാപോക്ക്‌ നയങ്ങൾ പറഞ്ഞുനടക്കുന്ന ഇവർ വലിയൊരു വിപത്ത് ഉണ്ടാകുമ്പോൾ മാത്രമേ പഠിക്കൂ. ഈ വിഷയത്തിൽ ഡോക്ടർ മനോജ് വെള്ളനാട് എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്.

ഡോക്ടർ മനോജ് വെള്ളനാട് എഴുതിയ കുറിപ്പ് വായിക്കാം; 

സ്ഥിരം കേൾക്കുന്ന ചില മറുപടികൾ

1. ഒന്ന് അടുത്ത ജംഗ്ഷൻ വരെ പോകാനായിട്ട് ഇറങ്ങിയതായിരുന്നു. കുറച്ചു ദൂരോല്ലെ ഉള്ളൂ. അതോണ്ടാ ഹെൽമറ്റ് എടുക്കാത്തത്.

2. രാത്രിയായോണ്ടാ സാറേ.. അല്ലെങ്കിൽ ..

3. എനിക്ക് സ്കിൻ അലർജിയാ സാറേ.. ഡോക്ടർ ഹെൽമറ്റ് വയ്ക്കരുതെന്ന് പറഞ്ഞിട്ടോണ്ട്..

4. മുടിയൊക്കെ പൊഴിയുന്ന്, ഇത് വച്ചതിന് ശേഷം. അതാ.. പിന്നെ..

5. എനിക്കിതെടുത്ത് തലയിൽ വയ്ക്കുമ്പൊ എന്തോ ഒരസ്വസ്ഥതയാണ്.

മുഖമൊക്കെ നീരുവന്ന് വീങ്ങി ഇരിക്കുവായിരിക്കും. തലയിലും മുഖത്തും പത്തിരുപത് തയ്യലും കാണും. കണ്ണിങ്ങനെ കറുത്ത് പാണ്ടയുടെ മുഖം പോലെ ആയിക്കാണും. മൂക്കീന്നും ചെവീന്നും രക്തം ഒലിക്കുവായിരിക്കും. എന്താണ് ഹെൽമറ്റ് വയ്ക്കാതിരുന്നത്, വച്ചിരുന്നെങ്കിലുള്ള ഗുണം മനസിലായോ എന്ന് ചോദിക്കുമ്പോ വർഷങ്ങളായി കേൾക്കുന്ന സ്ഥിരം മറുപടികളാണ് ഇവ. 

കഴിഞ്ഞ എട്ടു വർഷമായി ഇതേ ചോദ്യം ഈ വരുന്ന എല്ലാവരോടും ഞാൻ ചോദിക്കാറുണ്ട്. ബോധമുണ്ടായിരുന്നെങ്കിൽ ഇതേ ഉത്തരങ്ങൾ തന്നെ പറയുമായിരുന്ന വേറെ ചിലരെ ശ്വാസകോശത്തിലേക്ക് ട്യൂബിട്ട് ICU-വിലേക്കോ, എമർജൻസി ഓപറേഷൻ തിയറ്ററിലേക്കോ, മോർച്ചറിയിലേക്കോ ഒക്കെ മാറ്റിയിട്ട് വന്നായിരിക്കും ഇവരോട് ഈ ചോദ്യം തന്നെ ചോദിക്കുന്നത്.

ഇരുചക്ര വാഹനമോടിക്കുമ്പോൾ അപകടമുണ്ടാവുന്നതിന് പുറപ്പെടുന്ന സ്ഥലത്തു നിന്നുള്ള ദൂരവുമായിട്ടോ സമയവുമായിട്ടോ നിങ്ങളുടെ മുടിയുടെയോ തൊലിയുടെയോ സ്വഭാവവുമായിട്ടോ ഒരു ബന്ധവുമില്ല. ഏതു നിമിഷവും എവിടെ വച്ചും ആർക്കും അപകടം സംഭവിക്കാം.

സ്കിൻ അലർജി ഉള്ളതിന്റെ പേരിൽ ഏതെങ്കിലും ഡോക്ടർ ഹെൽമറ്റ് വയ്ക്കരുതെന്ന് പറയില്ല. പറയാൻ പാടില്ല. ഞാനാണെങ്കിൽ പറയും, നീ എന്നാ ഇനി ബൈക്കോടിക്കണ്ടാ, ബസിലോ മറ്റോ യാത്ര ചെയ്താ മതീന്ന്. അലർജി, മുടി കൊഴിച്ചിൽ ഒന്നും ഹെൽമറ്റിന്റെ കാര്യത്തിൽ ഒരു എക്സ്ക്യൂസേ അല്ലാ.

നിങ്ങളുടെ മനോഹരമായ മുഖത്തിന് പുറകിൽ, സുന്ദരമായ മുടിയിഴകൾക്ക് താഴെ തലച്ചോർ എന്ന് പറയുന്ന ജെൽ പോലത്തെ ഒരു അവയവമുണ്ട്. അതിന് പരുക്കേൽക്കാതിരിക്കാനാണ് മോനേ, ഹെൽമറ്റ് വയ്ക്കാൻ പറയുന്നത്. നിന്റെ മുടിയോ, കൈയോ കാലോ പോലല്ലാ. ആ അവയവത്തിന് കേടുപറ്റിയാൽ പിന്നെ നീ നീയല്ലാ. പരിക്ക് ഗുരുതരമാണെങ്കിൽ ഉടനേ മരിക്കും. ഇനി ഓപറേഷൻ ചെയ്ത് രക്ഷപ്പെടുത്തിയാലും സാധാ ജീവിതത്തിലേക്ക് മടങ്ങിവരാൻ വർഷങ്ങളെടുക്കും. മടങ്ങി വന്നാലും പഴയ ആ ആളായിരിക്കില്ല നീ.

അതിനാൽ ഹെൽമറ്റ് ഒരു പ്രതിരോധമാണ്. അപകടത്തിന്റെ കാഠിന്യമനുസരിച്ച് അതിനെപ്പോഴും നിന്നെ രക്ഷിക്കാൻ കഴിയണമെന്നില്ല. പക്ഷെ, ഹെൽമറ്റുപയോഗിക്കുന്നത് തലച്ചോറിന് പരുക്കേൽക്കാനുള്ള സാധ്യത 69 ശതമാനവും മരിക്കാനുള്ള സാധ്യത 42 ശതമാനവും കുറയ്ക്കുന്നുണ്ടെന്നാണ് പഠനങ്ങൾ.

ചിത്രം നോക്കൂ, നിങ്ങളുടെ മനോഹരമായ മുഖമായിരുന്നു ഈ ഹെൽമറ്റിന്റെ സ്ഥാനത്തെങ്കിലെന്ന് വെറുതേ സങ്കൽപ്പിക്കൂ. ആഹാ.. കളർഫുൾ അല്ലെ! ഈ സങ്കൽപ്പചിത്രം ഓരോ പ്രാവശ്യം വണ്ടിയെടുക്കുമ്പൊഴും നിങ്ങളുടെ മനസ്സിലേക്ക് വന്നാ മതി.

വേദവാക്യം: നിന്റെ പിൻസീറ്റിലിരിക്കുന്നവനും നിന്നെപ്പോലെ പ്രിയപ്പെട്ടവനാകുന്നു. അവൻ/ൾ ഹെൽമറ്റ് ധരിക്കാത്ത പക്ഷം ഡിങ്കസ്വർഗ്ഗം അവർക്കായി തുറന്നിരിക്കുന്നു.. (ആദ്യം റോഡ് നന്നാക്കൂ, എന്നിട്ട് ഹെൽമറ്റ് വയ്ക്കാം എന്ന് പറയുന്നവരെയും ഇന്നുച്ചയ്ക്ക് വെള്ളനാട് വച്ച് ആക്സിഡന്റായ സുഹൃത്തിനെയും ഓർത്ത് Repost ചെയ്യുന്നത് )

Tags:
  • Spotlight
  • Social Media Viral