Friday 10 November 2023 01:45 PM IST : By അനീഷ് വി. കുറുപ്പ്

കേരളത്തെ കുറിച്ചുള്ള ചോദ്യത്തിന് ‘എവരിബഡി സ്മൈലിങ്’ എന്ന് മറുപടി; നിറപുഞ്ചിരിയുമായി ‘ഡോക്ടർ സായിപ്പ്’

ovidu-christian-skowronshi

കഴിഞ്ഞ ദിവസങ്ങളിൽ ചെങ്ങന്നൂർ പാണ്ഡവൻപാറ മാർത്തോമ്മാ മിഷൻ സെന്ററിലും പാണ്ടനാട് പൂപ്പറത്തി മാനവ് സേവാകേന്ദ്രത്തിലും നടന്ന ദന്തൽ മെഡിക്കൽ ക്യാംപുകളിലെത്തിയവർ തങ്ങളെ പുഞ്ചിരിയോടെ പരിശോധിച്ച ഡോക്ടർ സായിപ്പിനെ മറക്കാനിടയില്ല. റുമാനിയക്കാരൻ ഡോ. ഒവിഡിയു ക്രിസ്റ്റ്യൻ സ്കോവ്രോൺഷി ആണ് കക്ഷി. ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്റർ, മാലക്കര സെന്റ് തോമസ് ആശുപത്രി, ഡോ.എ.കെ. ചെറിയാൻ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ മെഡിക്കൽ ക്യാംപിൽ സൗജന്യ സേവനം നടത്തുകയായിരുന്നു ഡോക്ടർ. 

രാജ്യത്തിനകത്തും പുറത്തുമായി മുച്ചിറി-മുറി അണ്ണാക്ക് ശസ്ത്രക്രിയകളിലൂടെ പേരെടുത്ത ചെങ്ങന്നൂർ പൈനുംമൂട്ടിൽ ഡോ പി.സി. മാത്യുവിന്റെ പക്കൽ നിന്നു ശസ്ത്രക്രിയയിലെ നൂതന സമ്പ്രദായങ്ങൾ സ്വായത്തമാക്കാനാണ് ഒവിഡിയു കേരളത്തിലെത്തിയത്. മാലക്കര സെന്റ് തോമസ് ആശുപതി മെഡിക്കൽ സൂപ്രണ്ട് ഡോ. ചാർലി ചെറിയാനും പിന്തുണച്ചതോടെ മെഡിക്കൽ ക്യാംപുകളിൽ സജീവമായി. കേരളം എങ്ങനെ എന്ന ചോദ്യത്തിന് എവരിബഡി സ്മൈലിങ് എന്നായിരുന്നു ഡോക്ടറുടെ മറുപടി.

പ്രഭാതസവാരിക്കിടയിലും ആശുപ്രതിയിലുമൊക്കെ കണ്ടുമുട്ടുന്നവരോടു ഹലോ പറയുമ്പോൾ തിരികെ ലഭിക്കുന്ന നിറഞ്ഞ പുഞ്ചിരി സന്തോഷം നൽകുന്നതാണെന്നു ഡോക്ടറുടെ വാക്കുകൾ ഇന്ത്യയിൽ ഇതാദ്യമായാണ് എത്തുന്നത് നിങ്ങൾക്ക് എന്തെങ്കിലും കണ്ടെത്താനുണ്ടെങ്കിൽ ഇന്ത്യയിലേക്കു വരുക എന്ന, യൂട്യൂബ് വിഡിയോയിൽ കണ്ട ആത്മീയാചാര്യന്റെ വാക്കുകൾ തന്നെ ആകർഷിച്ചെന്നും അന്നു മുതൽ ഇന്ത്യയിൽ എത്തണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ഡോ ഒവിഡിയു. 3 മാസത്തെ സേവനത്തിനു ശേഷം സ്വദേശത്തേക്കു മടങ്ങാനാണു പദ്ധതി. റുമാനിയയിൽ സർക്കാർ സേവനത്തിനൊപ്പം സ്വന്തം ക്ലിനിക്കും നടത്തുകയാണ് ഓറൽ ആൻഡ് മാക്സില്ലോ ഫേഷ്യൽ സർജനായ ഡോ ഒവിഡിയു.

Tags:
  • Spotlight