Saturday 18 April 2020 05:38 PM IST : By Shyama

കുത്തിവരയിൽ മിടുമിടുക്കനായൊരു മുനിയുടെ കഥ ; വൈറൽ ഡൂഡിൽ മേക്കർ അഥവാ ഡൂഡിൽ മുനി

shyama-1

പഠിക്കാൻ വിട്ടപ്പോ പഠിക്കാതെ വരച്ചു നടന്നൊരു ചെക്കന്റെ ഭാവി എന്താകും? മനസ്സിൽ വന്ന ടിപ്പിക്കൽ ഉത്തരങ്ങളൊക്കെ തട്ടി കളഞ്ഞിട്ട് ഗൂഗിളിലോ ഫേസ്ബുക്കിലോ ഇൻസ്റാഗ്രാമിലോ ഒന്ന് പോയി നോക്ക്... അപ്പൊക്കാണാം വരയുടെ മിടുമിടുക്ക്! ഡൂഡിൽ മുനിയെ വർഷങ്ങളായി കാണുന്നോർക്ക് പോലും മുനിയുടെ ശരിക്കുള്ള പേര് അരോഷ് തേവടത്തിൽ എന്നാണെന്ന് അറിയാൻ വഴിയില്ല. "ചെറുപ്പം തൊട്ടേ വരക്കും, ഏകദേശം നാലു വയസ്സ് തൊട്ട്. അച്ഛനാണ് എന്റെ ഈ കഴിവ് കണ്ടുപിടിച്ചത്. ഒട്ടുമിക്ക ചിത്രരചന മത്സരങ്ങൾക്കും വിടും. ഏഴാം ക്ലാസ് തൊട്ട് നാട്ടിലൊരു ഡ്രോയിങ്‌ ടീച്ചറെ കണ്ടുപിടിച്ചു വര പഠിപ്പിക്കാനും വിട്ടു.('അച്ഛനാണച്ഛാ അച്ഛൻ എന്ന ദീർഘനിശ്വാസങ്ങൾക്ക് വിലക്കില്ല' എന്ന് ഈ അവസരത്തിൽ ഓർമിപ്പിക്കുന്നു) വിഷ്ണു നമ്പൂതിരി സാറിന്റെയടുത്ത്‌ നിന്നാണ് കാരിക്കേച്ചർ, കാർട്ടൂൺ ഒക്കെ പഠിച്ചത്. പത്താം ക്ലാസ്സ്‌ വരെ സ്റ്റേറ്റ് ലെവലിൽ ഒക്കെ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്.

പഠിക്കാൻ ബഹുമിടുക്കാനായതുകൊണ്ട് പ്ലസ്ടു കഴിഞ്ഞ് പിന്നെ ഏതെടുക്കണമെന്നൊരു കൺഫ്യൂഷനെയുണ്ടായില്ല...നേരെ ആർ. എൽ. വിയിൽ ഫൈൻ ആർട്സിന് ചേർന്നു. അപ്ലൈഡ് ആർട്ട്‌ ആണ് എടുത്ത വിഷയം. നിലവിലുള്ള ആർട്ടിനെ ഇതൊക്കെ മേഖലയിലേക്ക് എങ്ങനെയൊക്കെ മാറ്റി ഉപയോഗിക്കാമെന്ന് അവിടുന്നാണ് പഠിച്ചത്. പഠിച്ചോണ്ടിരിക്കെ തന്നെ വെബ് ഡിസൈനിങ്ങ് കമ്പനിയിൽ ഡിജിറ്റൽ ആർടിസ്റ്റായി പാർട്ട്‌ടൈം ജോലിക്കും കയറി.

doodle-4

പിന്നെ സ്റ്റാർക് പോലുള്ള ഏജൻസികളിൽ ജോലി ചെയ്തു. കേരള ടൂറിസം, മലയാള മനോരമ ഇവയ്ക്കൊക്കെ വേണ്ടി വർക്ക്‌ ചെയ്തിട്ടുണ്ട്. ഫോട്ടോഗ്രഫി എന്നതിനേക്കാൾ കൂടുതൽ ആർട്ട്‌ വർക്ക്‌ തന്നെയാണ് എന്റെ ഡിസൈനുകളിൽ കൂടുതലായി കൊണ്ടുവരാൻ ശ്രമിക്കുന്നത്. ഇൻഡോ വെസ്റ്റേൺ ഫ്യൂഷനിൽ ഒരു പിടി അങ്ങ് പിടിച്ചു പേജിനു പേര് നോക്കുമ്പോ എനിക്കൊരു നിർബന്ധമുണ്ടായിരുന്നത് ഒറ്റത്തവണ കണ്ടാൽ ആളുകളുടെ ഉള്ളിൽ തങ്ങി നിൽക്കുന്ന പേരാവണം എന്നായിരുന്നു. ഇച്ചിരി സീരിയസും ഇച്ചിരി ഫണും, ഇച്ചിരി ഇന്ത്യനും ഇച്ചിരി വെസ്റ്റേണും... ഒരേഴു കൊല്ലം മുൻപേ നമ്മുടെ നാട്ടിൽ ഡൂഡിൽ എന്ന വാക്ക് അത്ര പരിചിതമല്ല, കുത്തിവരച്ചുള്ള വര എന്നാ ഞാൻ അതുകൊണ്ട് ഉദ്ദേശിച്ചേ... അതിനൊപ്പം കുറച്ച് ആധികാരികമായി ചിന്തിക്കുന്ന ആൾ എന്ന നിലക്ക് മുനി കൂടി ചേർത്തു.

doodle-2

സ്റ്റാർക്കിന് ശേഷം എന്റെ സ്വപ്ന കമ്പനിയായ ഓഗിൽവിയിൽ ജോലി കിട്ടി. അഡിഡാസ് പോലുള്ള ബ്രാൻഡുകൾക്ക് വേണ്ടിയൊക്ക ജോലി ചെയ്തു പക്ഷേ, എനിക്ക് കുറച്ചൂടെ സ്വന്തമായി ഐഡിയാസ് ചെയ്യാനായിരുന്നു ആഗ്രഹം അങ്ങനെ ആ ജോലി വിട്ട് ബാംഗ്ലൂരിലേക്ക് പോയി. എന്റെ അതെ വേവ് ലെങ്ങ്തിലുള്ള സുരേഷ് രാമകൃഷ്ണനെ കണ്ടു. ഞങ്ങളൊരുമിച്ച് നാലു കൊല്ലം മുന്നേ ബാംഗ്ലൂരിൽ തുടങ്ങിയ ബ്രാൻഡ് ആണ് ഫഞ്ചർ ഷോപ്പ്. കോപ്പിറൈറ്റർ ആയി അർജുൻ കോടോത്തും ഒപ്പമുണ്ട്. ഡിസൈനിങ്ങ്, ഇന്റീരിയർ ഡിസൈനിങ്ങ്, ബ്രാൻഡിംങ്ങ്, ഇല്ലസ്ട്രേഷൻ, പരസ്യങ്ങൾ ഒക്കെ ചെയ്യാറുണ്ട്. ഇത് കൂടാതെ ഞങ്ങളുടെ ഡിസൈനിലുള്ള മഗ്ഗ്സ്, ടിഷർട്ടുകൾ, നോട്ട്ബുക്സ് തുടങ്ങിയവയുടെ ഓൺലൈൻ വില്പനയുമുണ്ട്. വനിത'യുടെ ഫാഷൻ പേജിൽ ഞങ്ങളുടെ കപ്പിൾ ടിഷർട്ടുകൾ വന്നിട്ടുണ്ട്.

doodle-5

ലോക്ക്ഡൗൺ ഹിറ്റ്സ്

ഈ കോവിഡ് കാലത്ത് ഞാൻ ചെയ്ത കുറേ പടങ്ങൾ ഹിറ്റായി. ഏറ്റവും കൂടുതൽ ലൈക്‌സ് ഇപ്പൊ വിഷുവിന് ചെയ്ത കേരള ഡൂഡിലിനാണ്. വിഷു ദിവസം അത് ഇഷ്ടംപോലെ ഷെയർ ചെയ്യുന്നത് കണ്ടപ്പോ നല്ല സന്തോഷം തോന്നി. വേറെയും ചിലതുണ്ട് പോലീസുകാരൻ വിളക്കിനു കീഴിലിരുന്ന് ഭക്ഷണം കഴിക്കുന്നത്, ഡോക്ടമാരും നഴ്സുമാരും ഭൂമിയുടെ സൂപ്പർ ഹീറോസ് ആകുന്നതും...

doodle-76

കോഴിക്കോട് അവിടനെല്ലൂരാണ് എന്റെ വീട്. അച്ഛൻ മരപ്പണിക്കാരനാണ് പേര് രാഘവൻ. അമ്മ ഷൈലജ. അനിയത്തി ആർഷ.ആദ്യം ഇവർ മൂന്നുപേരുമാണ് എന്റെ വരകളിൽ നിറഞ്ഞു നിന്നിരുന്നത്, ഒരു നാടൻ രീതിയിലുള്ള വരച്ചു പോക്ക്.

ഞാനും ഭാര്യയും തമ്മിലുള്ള ലോക്ക്ഡൗൺ കാലത്തേ തമാശ വരകളും ഇപ്പൊ ഹിറ്റാണ്. അവളിപ്പോ മാവേലിക്കരയിലെ അവളുടെ വീട്ടിലാണ്, 8 മാസം ഗർഭിണി. ഫോണിലൂടെയാണ് ഐഡിയാസ് വരുന്നത്. എന്റെ കമ്പനിയിലെ ഡിസൈനറാണ് ഭാര്യയത്... പേര് സിനു രാജേന്ദ്രൻ. ഞാനാണ് അവളെ ഇന്റർവ്യൂ ചെയ്തതും;) ഞങ്ങൾ വർക്ക്‌ പറഞ്ഞ് പറഞ്ഞങ്ങു പ്രേമിച്ച് കെട്ടി.

doodle-3
Tags:
  • Spotlight