Monday 02 December 2019 04:10 PM IST : By സ്വന്തം ലേഖകൻ

ഇതര സംസ്ഥാന തൊഴിലാളികളുടെ ഐഡന്റിറ്റി രേഖകൾ വാങ്ങാം, ഫോട്ടോയെടുത്തു വയ്ക്കാം; കുറ്റകൃത്യങ്ങൾ നടത്താനുള്ള സാഹചര്യം ഒഴിവാക്കേണ്ടത് ഇങ്ങനെ!

migrants677 Representative Image

ഇതര സംസ്ഥാന തൊഴിലാളികൾ മൂലമുണ്ടാകുന്ന ക്രിമിനൽ കുറ്റങ്ങൾ നമ്മുടെ സംസ്ഥാനത്ത് ദിനംപ്രതി കൂടുകയാണ്. ദിവസങ്ങൾക്ക് മുൻപാണ് ആസാം സ്വദേശിയായ യുവാവ് പെരുമ്പാവൂരിൽ ഒരു സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ ലഭിച്ചതോടെ പ്രതി പൊലീസ് കസ്റ്റഡിയിലായി. സാധാരണയായി ഇതര സംസ്ഥാന തൊഴിലാളികളെ ജോലിയ്ക്ക് നിയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറഞ്ഞുതരുകയാണ് ഡോക്ടർ സി ജെ ജോൺ. 

ഡോക്ടർ സി ജെ ജോൺ എഴുതിയ കുറിപ്പ് വായിക്കാം;   

ഒരു അന്യ സംസ്ഥാന തൊഴിലാളിയെ താല്‍ക്കാലിക ജോലിയ്ക്കായി നിയോഗിക്കുമ്പോൾ എന്തെങ്കിലും ഐഡന്റിറ്റി രേഖകൾ അയാളുടെ കയ്യിലുണ്ടെങ്കിൽ അതിന്റെ ഫോട്ടോ മൊബൈലില്‍ എടുത്ത് വയ്ക്കാം. എവിടെ താമസിക്കുന്നുവെന്ന് അന്വേഷിക്കാം. അയാള്‍ക്ക് മൊബൈല്‍ ഫോൺ ഉണ്ടെങ്കില്‍ ആ നമ്പർ വാങ്ങി വയ്ക്കാം. അയാളുടെ ഒരു ഫോട്ടോ മൊബൈലില്‍ പകർത്താം. ഐഡന്റിറ്റി ഉണ്ടാക്കാനും, മുഖം നൽകാനുമുള്ള ശ്രമങ്ങൾ പൊതുവായി ഉണ്ടാകുന്നുവെന്ന വിചാരം വരുമ്പോൾ ക്രിമിനല്‍ സ്വഭാവം ഉള്ളവർ അകന്ന് പോകും. 

അഡ്രസ്സ് ഇല്ലായ്മ ഒരു മറയാകുമെന്ന ചിന്ത ഉള്ളവര്‍ക്ക് അച്ചടക്കം വരും. വഴിയില്‍ നിന്ന് അപരിചിതരായ തൊഴിലാളികളെ വിളിച്ച് കൊണ്ടുവന്ന് പണി എടുപ്പിക്കുന്നവരൊക്കെ ഇത് ചെയ്യണം. ക്രൈം സ്റ്റോപ്പിങ്ങിനായി ഇത്തരം ഒരു സംസ്കാരം പൊലീസും , റെസിഡൻസ് സംഘടനകളും പ്രചരിപ്പിക്കണം. ഐഡന്റിറ്റി കാര്‍ഡ് ചോദിക്കുന്ന രീതി വരുമ്പോൾ സര്‍ക്കാര്‍ നല്‍കുന്ന വെൽഫെയർ ഐഡന്റിറ്റി കാർഡ് വാങ്ങാൻ അവരും നിര്‍ബന്ധിതരാവും. 

കുറ്റകൃത്യങ്ങൾ നടത്താനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയോ, ഉദാസീനരായി ഇരിക്കുകയോ ചെയ്തിട്ട് നമ്മള്‍ അന്യ സംസ്ഥാന തൊഴിലാളികളെ അടച്ച് കുറ്റം പറയുന്നത് ശരിയാണോ? പണി ചെയ്യാൻ വേണം, പഴി പറയാനും വേണമെന്നത് എങ്ങനെ ശരിയാകും. സേട്ടായെന്ന് അവർ ചോദിച്ചാൽ എന്ത് മറുപടി? 

Tags:
  • Spotlight
  • Social Media Viral