വിവാഹ കാര്യത്തിൽ തീരുമാനമെടുക്കും മുൻപ് നിങ്ങൾ മനുവിനെ കുറിച്ച് ഒരു കാര്യം കൂടി അറിയണം.’ ലിസയുടെ ഏറ്റുമാനൂരെ വീട്ടിലെത്തിയ ഡോ. മനുവിന്റെ അങ്കിൾ ജോസ് മാത്യു പറഞ്ഞു. അതിനു മുൻപാണ് ലിസയെ കാണാൻ മനുവും കുടുംബവും എത്തിയത്. മനുവിന്റെ അ ച്ഛൻ ഡോ. ജോയ് മാത്യു അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയിൽ പ്രഫസറായിരുന്നു. അമ്മ മേഴ്സി തോമസ് അഗ്രിക്കൾച്ചർ ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് ഡയറക്ടറും.
‘‘വിവാഹതീരുമാനത്തിലേക്കു നീങ്ങും മുൻപു കാര്യങ്ങളെല്ലാം പരസ്പരം പറയണമല്ലോ. അതിനാണു ഞാൻ വന്നത്. മനു കാൻസർ സർവൈവറാണ്. മൂന്നുവർഷത്തെ മത്സരത്തിനൊടുവിൽ 2007ൽ കാൻസറിനെ തോൽപിച്ചു ജീവിതം തിരിച്ചുപിടിച്ചയാളാണ്.’’ ആമുഖം നീട്ടാതെ അങ്കിൾ കാര്യം പറഞ്ഞു. പക്ഷേ, അങ്കിൾ നേരിട്ടു വന്നു പറയും മുൻപേ ലിസയുടെ വീട്ടുകാരുടെ അന്വേഷണത്തി ൽ അതറിഞ്ഞിരുന്നു. കുസാറ്റിൽ പ്രഫസറായ ഡോ. മനു മെൽവിൻ ജോയ് എന്ന മിടുക്കൻ പയ്യനെ അവർക്ക് ഇഷ്ടമായി. പക്ഷേ, ആലോചനയുമായി മുന്നോട്ടു പോകണോ എന്ന ശങ്കയിലാരുന്നു അവർ. ‘‘അർബുദത്തിൽ നിന്ന് മനു പൂർണമായും മുക്തനാണ്. സംശയമുണ്ടെങ്കിൽ ചികിത്സിച്ച ഡോ. ഗംഗാധരനോടു സംസാരിച്ച ശേഷം തീരുമാനമെടുക്കൂ.’’ അങ്കിൾ പറഞ്ഞു.
കൂട്ടായി ലിസ എത്തിയപ്പോൾ
ആലോചനയ്ക്കു മുൻകയ്യെടുത്തു നിന്ന ലിസയുടെ അപ്പൂപ്പൻ എൻ.ടി പോൾ, ഡോക്ടറോടു ഫോണിൽ സംസാരിച്ചു.
‘‘കാൻസർ വന്നിട്ടില്ലാത്ത ഏതൊരു ചെറുപ്പക്കാരനും കാൻസർ വരാൻ എത്ര സാധ്യതയുണ്ടോ, അത്ര തന്നെ സാധ്യതയേയുള്ളൂ മനുവിനും.’’ ഡോക്ടറുടെ വാക്കുകളുടെ ബലത്തിൽ പേടിയുടെ പിടി വിട്ടു. അങ്ങനെ മനുവിന്റെ ജീവിതത്തിലേക്ക് ഐടി പ്രഫഷനലായ ലിസ ജോർജ് വന്നു.
ഇപ്പോൾ കാക്കനാട്ടെ ഫ്ലാറ്റിൽ മനുവും ലി സയും രണ്ടു മക്കളും സന്തോഷത്തോടെ കഴിയുന്നു. നൈപുണ്യ പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് സാറ, ഹന്ന രണ്ടാം ക്ലാസ്സുകാരിയും. മക്കൾക്കും ലിസയ്ക്കുമൊപ്പമിരുന്ന് മനു അതിജീവനത്തിന്റെ ദിനങ്ങളെക്കുറിച്ചു പറഞ്ഞു. ഗെയിം കളിച്ചു ജയിക്കും പോലെ ജീവിതം തിരികെ നേടിയ കഥ.
‘‘കാൻസർ വന്നതോടെ കാഴ്ചപ്പാട് മാറി. ഒാരോ ദിവസം നേടാനുള്ള ഗെയിം പോലെയായി ജീവിതം. അങ്ങനെയാണ് പ്രതിസന്ധികളെ നേരിടാനുള്ള ഉപകരണമായി ഈ ‘ ഗെയിമിഫിക്കേഷൻ’ ട്രിക് രൂപപ്പെടുത്തുന്നത്. അനാവശ്യ ഗൗരവവും ഭയവുമൊന്നും വേണ്ട. ഓരോ നിമിഷവും ഭാഗ്യമെന്നു കരുതുക. ഗെയിം കളിക്കുന്ന ഉത്സാഹത്തോടെ ജീവിക്കുക.’’ രോഗം തീർത്ത പ്രതിസന്ധിയെ മറികടന്ന ചിന്തയുടെ രഹസ്യം പറയുന്നു, ഹ്യുമൻ റിസോഴ്സസ് മാനേജ്മെന്റ് അധ്യാപകനായ ഡോ. മനു.
ഉറക്കം കളഞ്ഞ ‘മിനി മിലീഷ്യ’
‘‘കൊച്ചിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ എത്തും മുൻപ് രണ്ടു വർഷം മൂവാറ്റുപുഴയിലെ ഇലാഹിയ കോളജിൽ അധ്യാപകനായിരുന്നു. ആ സമയത്തു ഞാൻ കുട്ടികളുടെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. രാത്രി മുഴുവനും കുട്ടികൾ ‘മിനി മിലീഷ്യ’ ഗെയിമിൽ മുഴുകിയിരിക്കും.
മടുപ്പോ ക്ഷീണമോ തീരെയില്ലാതെ രാവിലെ ക്ലാസ്സില്‍ എത്തുന്നതും കാണാം. പഠിക്കാനാണെങ്കിലോ? അതിന്റെ പകുതി പോലും താൽപര്യമുണ്ടാകാറില്ല. പഠനത്തിലും ജോലിയിലും ജീവിതത്തിലും ഗെയ്മിങ്ങിന്റെ ഊർജം വന്നാൽ ജീവിതം കൂടുതൽ സന്തോഷമുള്ളതാകും. അതിനുവേണ്ടിയാണു ഗെയ്മിഫിക്കേഷനിൽ കൂടുതൽ പഠനങ്ങൾ നടത്തിയത്. ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ പിഎച്ച്ഡിയും ചെയ്തു.
ഓർഗനൈസേഷനൽ ബിഹേവിയർ, ഫൺ ഈസ് ദ ഫ്യൂച്ചർ, പ്ലേബർ–ഗെയ്മിഫിക്കേഷൻ ഫോർ എംപ്ലോയി എൻഗേജ്മെന്റ്, ജി ഫോർ ഗെയിംസ് ആൻഡ് എൽ ഫോർ ലേണിങ്, ലെറ്റ്സ് പ്ലേ ലെറ്റ്സ് ഗെയിം ലെറ്റ്സ് ഗെയ്മിഫൈ എന്നിങ്ങനെയുള്ള പുസ്തകങ്ങളുമെഴുതി.
2021 ൽ ഏറ്റവും മികച്ച അക്കാദമീഷ്യനുള്ള ഗ്ലോബൽ എമിനൻസ് അവാർഡ് ലഭിച്ചു. ‘മെറി മെട്രോ’ പദ്ധതിയുടെ ഭാഗമായി മെട്രോ ട്രെയിൻ യാത്രക്കാരിലേക്കും മറ്റനവധി മേഖലകളിലേക്കും ഗെയ്മിഫിക്കേഷൻ സന്ദേശം എത്തിക്കാനായി.’’
തിരിച്ചറിവുകളുടെ മൂന്നു വർഷങ്ങൾ
‘‘വളരെ ലാഘവത്തോടെ എല്ലാക്കാര്യങ്ങളെയും സമീപിക്കുന്ന വ്യക്തിയാണു ഞാൻ. സ്കൂളിലെ പരീക്ഷക്കാലത്ത് അമ്മ കുത്തിയിരുന്നു പഠിപ്പിച്ചു വിടും. തിരികെ വരുമ്പോൾ ചോദിക്കുകയും ചെയ്യും. എല്ലാം അടിപൊളിയായിരുന്നെന്നു ഞാൻ പറയും. നന്നായി പരീക്ഷ എഴുതിയ കുട്ടിയെ കണ്ണുരുട്ടി നോക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് അമ്മ ചോദ്യപ്പേപ്പർ വാങ്ങി പരിശോധിക്കും. അപ്പോഴാണ് എന്റെ കണ്ണ് ഉന്തിയും തള്ളിയും പുറത്തേക്കു വരാറുള്ളത്.
കെയർ ഫ്രീ ആയി നടന്ന ആ സ്വഭാവം, 19ാം വയസ്സിൽ കാൻസർ വന്നപ്പോഴാണ് ഉപകാരപ്പെട്ടത്. നമ്മുടെ വീക്നെസ് തന്നെയാണ് ഏറ്റവും വലിയ ശക്തിയും. കാൻസറിനെയും അതേ ലാഘവത്തോടെ തന്നെ നേരിട്ടു. ചികിത്സയ്ക്കിടയിലും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തു. രോഗത്തെക്കുറിച്ച് അധികമൊന്നും ആലോചിച്ചു തല പുകച്ചുമില്ല. ഡോ. ഗംഗാധരനെ കാണാൻ ചെല്ലുമ്പോൾ സംസാരം കൂടുതലും സിനിമയും സ്പോർട്സുമൊക്കെയായിരുന്നു.
കപ്പൽ വെള്ളത്തിൽ കിടന്നാലും അതു മുങ്ങണമെങ്കിൽ ഉള്ളിലേക്കു വെള്ളം കയറണം. രോഗം വരുമ്പോൾ ജീവിതം തന്നെ നെഗറ്റിവിറ്റിയിലാണ്. പക്ഷേ, നമ്മുടെ ഉള്ളിലേക്ക് നെഗറ്റിവിറ്റി കയറുന്നതു വരെ അതിജീവിക്കാൻ നമുക്കു പ്രാപ്തിയുണ്ടാകും.
ചിത്രശലഭം പ്യൂപ്പയ്ക്കുള്ളിലിരിക്കുന്നതു പോലെയായിരുന്നു കാൻസർ പിടിപെട്ട മൂന്നു വർഷങ്ങൾ. ആശുപത്രിയിലും വീട്ടിലുമായി പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞ ദിനങ്ങൾ. ഒട്ടും ഇഷ്ടമാകാതിരുന്ന ആ വർഷങ്ങളാണ് ഇന്നു തിരിഞ്ഞു നോക്കുമ്പോൾ ഏറ്റവും വിലപിടിച്ച കാലം. കുറേയധികം വായിച്ചു. ഇല്ലെന്നു കരുതിയിരുന്ന കഴിവുകൾ വളർത്തിയെടുത്തു. കാരിക്കേച്ചറുകൾ വരച്ചു. വരച്ച ചിത്രങ്ങളുടെ പ്രദർശനം വരെ സംഘടിപ്പിച്ചു.
പിന്നീടുള്ള വളർച്ചയ്ക്ക് അടിസ്ഥാനമായ പല ശീലങ്ങളും വളർന്നത് ജീവിതം തിരികെക്കിട്ടുമെന്ന് ഉറപ്പില്ലാതിരുന്ന ആ കാലത്താണ്. പത്താം ക്ലാസ് അവധിക്കു പഠിച്ചു മറന്ന ടൈപ്റൈറ്റിങ്, പിഎച്ച്ഡി ചെയ്തപ്പോഴാണ് പ്രയോജനപ്പെട്ടത്. പുസ്തകമെഴുത്തു വേഗത്തിലാക്കാൻ ടൈപ്പിങ് ഉപകാരപ്പെട്ടു. ജീവിതത്തിൽ പലതും അങ്ങനെയാണ്. അതതു കാലങ്ങളിൽ അർഥമില്ലെന്നു തോന്നുന്ന കാര്യങ്ങളും പിന്നീടൊരിക്കൽ ഉപകാരപ്പെടും. പല ഡോട്ടുകൾ കണക്ടായി വലിയ നേർരേഖയായി ജീവിതത്തിന്റെ ചുരുളുകളഴിയും. ’’
തളർച്ചയിൽ താങ്ങാകുന്ന മാലാഖ
‘‘സ്വതവേ കരുത്തരായ അച്ഛനുമമ്മയും തളർന്ന്, എ ന്തു ചെയ്യണമെന്നറിയാതെ പതറി നിന്നത് എനിക്കു കാൻസർ തിരിച്ചറിഞ്ഞപ്പോഴാണ്. കഴുത്തിലും കാലിലും ചെറിയ മുഴകളായിരുന്നു ആദ്യം. ബയോപ്സിയിൽ കാൻസറാണെന്നു തെളിഞ്ഞു. മുന്നോട്ടു പോകാൻ പ്രയാസപ്പെടുന്ന പ്രതിസന്ധിയിലൊക്കെ എന്റെ അങ്കിൾ ജോസ് മാത്യുവാണ് സഹായത്തിനെത്താറുള്ളത്. അദ്ദേഹവും അധ്യാപകനായിരുന്നു. 30 വർഷത്തോളം വിദേശത്തും. വി.പി.ഗംഗാധരൻ സാറിനെ കാണാമെന്നു പറഞ്ഞതും അങ്കിളാണ്.
ഡോ.ഗംഗാധരൻ കാൻസർ യാത്രയിൽ ഒരിക്കലും മറക്കാൻ കഴിയാത്ത മുഖമാണ്. രാത്രി ഒരു മണിക്കും രണ്ടു മണിക്കുമൊക്കെ അദ്ദേഹത്തെ വാർഡിൽ കാണാം. രാവിലെ കണ്ടതു പോലെ തന്നെ പുഞ്ചിരിയോടെ ആ മുഖം തിളങ്ങും.
രോഗമുക്തി നേടിയ ശേഷം കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ സജീവമായി. പരിപാടികളിൽ അവതാരകന്റെ റോളിലാണു ഞാൻ. മുഖ്യസംഘാടകൻ നടനും സംവിധായകനുമായ സിദ്ധാർഥ് ശിവയാണ്. നേരേ ചൊവ്വേ നടക്കാൻ പോലും കഴിയാത്ത ദിവസങ്ങളെ അതിജീവിച്ചു കാറോടിക്കാൻ തുടങ്ങിയപ്പോൾ സന്തോഷം നിറഞ്ഞു തുളുമ്പുകയായിരുന്നു മനസ്സിൽ. സാധാരണ ചെയ്യുന്ന കാര്യങ്ങൾ പോലും എത്ര വിലപ്പെട്ടതാണെന്ന് അതു കിട്ടാതാകുമ്പോഴാണു മനസിലാകുക. 150 വർഷം കഴിഞ്ഞാൽ നമ്മളെ ആരെങ്കിലും ഓർക്കുന്നുണ്ടാകുമോ? നമ്മൾ താമസിക്കുന്ന വീട്ടിൽ ആരെങ്കിലും താമസിച്ചേക്കാം. വീടു തന്നെ ഉണ്ടാകണമെന്നില്ല. അത്രയ്ക്കു ചെറുതാണ് ജീവിതം. വിരലിലെണ്ണാവുന്ന ചിലരല്ലാതെ നൂറ്റാണ്ടുകൾക്കപ്പുറം ഓർമിക്കപ്പെടില്ല.
കിട്ടുന്ന ദിവസങ്ങൾ പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ അതുകൊണ്ടു തന്നെ ആഗ്രഹമാണ്. ആരും ആരുടെയും മുന്നിലോ പിന്നിലോ അല്ല. ഓരോരുത്തരും അവരവരുടെ ടൈം സോണിലാണ്. ജീവിതത്തിലെ കയറ്റിറക്കങ്ങളിൽ കുലുങ്ങാതെ അവരവരുടെ വേഗതയിൽ സന്തോഷത്തോടെ യാത്ര തുടരാം.
ഡെൽന സത്യരത്‌ന
ഫോട്ടോ : സുനിൽ ആലുവ