Friday 22 January 2021 11:11 AM IST : By സ്വന്തം ലേഖകൻ

‘ഇത് അയൺ ലങ്‌ അഥവാ ഇരുമ്പ്‌ ശ്വാസകോശം; അന്നത് വിപ്ലവകരമായ കണ്ടെത്തലായിരുന്നു’: വാക്സീൻ വിരുദ്ധത പടര്‍ത്തുന്നവര്‍ അറിയാന്‍, കുറിപ്പ്

conndd334dffgg

കോവി‍ഡ് വാക്സീനു വേണ്ടിയുള്ള മുറവിളിയായിരുന്നു മാസങ്ങളായി കേട്ടുകൊണ്ടിരുന്നത്. വര്‍ഷം നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് ഇന്ത്യയിൽ കോവിഡ് 19 വാക്സീൻ കൊടുത്തുതുടങ്ങി. എന്നാല്‍ വാക്സീൻ എത്തിയതോടെ വിരുദ്ധ പ്രചാരണവും നടക്കുന്നുണ്ട്. ഈ വിഷയത്തില്‍ ചരിത്രം കുറിച്ച് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. 

നെല്‍സണ്‍ ജോസഫ് പങ്കുവച്ച കുറിപ്പ് വായിക്കാം; 

കൊറോണാ വാക്സിനെതിരെയും ഒപ്പുശേഖരണം നടക്കുന്നെന്ന് കേട്ടു. ഒരു  വാക്സിനിറങ്ങിയിട്ട്‌ വാക്സിൻ വിരുദ്ധതയും ഡീ പോപ്പുലേഷൻ തിയറിയും ഇറക്കാൻ നോക്കിയിരുന്നവർ മാത്രം വായിച്ചാൽ മതി.

ആരെയെങ്കിലും അറിയാമെങ്കിൽ അവരോട് ഇക്കഥ പറഞ്ഞാലും മതി..

ചിത്രത്തിൽ കാണുന്ന സംഗതി എന്താണെന്ന് ആർക്കെങ്കിലും അറിയാമോ?

മിക്കവർക്കും അറിയാനിടയില്ല. അതാണ് അയൺ ലങ്ങ്‌ അഥവാ ഇരുമ്പ്‌ ശ്വാസകോശം.

ഇന്ന് പൾസ്‌ പോളിയോ ഇമ്യുണൈസേഷന്റെ സമയത്തും പിന്നെ വാക്സിൻ വിരുദ്ധന്മാരുമായുള്ള യുദ്ധത്തിന്റെ സമയത്തും മാത്രം പേരു കേൾക്കുന്ന ഒരു രോഗമാണു പോളിയോ. എന്നാൽ പണ്ടത്തെ സ്ഥിതി അങ്ങനെയൊന്നുമായിരുന്നില്ല.

പോളിയോ വന്നുകഴിഞ്ഞാൽ പിന്നെ ഭാഗ്യമുണ്ടെങ്കിൽ രക്ഷപെടാം എന്നതായിരുന്നു സ്ഥിതി. രക്ഷപെടുന്നവരിൽ കുറച്ചുപേർക്ക്‌ പോളിയോ ബാധിച്ച്‌ തളർന്നുപോയ കൈകാലുകളുമായി ജീവിക്കാം. 

മറ്റുള്ളവർക്ക്‌ അത്രപോലും ഭാഗ്യമുണ്ടാകില്ല. കുറച്ചുകാലം കഴിയുമ്പോൾ തളർച്ച നെഞ്ചിലെ പേശികളെ ബാധിക്കുമ്പോൾ ശ്വാസോച്ഛ്വാസം ചെയ്യാൻ സാധികാതെ മരണത്തിനു കീഴടങ്ങേണ്ടിവരും.

അത്‌ തടയാനായി കണ്ടുപിടിക്കപ്പെട്ട ഉപകരണമാണിത്‌. ഉപകരണം സൃഷ്ടിക്കുന്ന നെഗറ്റീവ്‌ പ്രഷർ നെഞ്ചിൻ കൂടിനെ വികസിപ്പിക്കുകയും ശ്വാസോച്ഛ്വാസം നടത്താൻ രോഗിയെ സഹായിക്കുകയും ചെയ്യുന്നു. 

അന്നത്തെ സാഹചര്യത്തിൽ ഇതൊരു വിപ്ലവകരമായ കണ്ടെത്തലായിരുന്നു. ചിലർക്ക്‌ ആഴ്ചകളും ചിലർക്ക്‌ മാസങ്ങളും ചിലർക്ക്‌ വർഷങ്ങൾ തന്നെയും കൂട്ടിക്കിട്ടി ജീവിതത്തിൽ. അയൺ ലങ്ങിന്റെ ആദ്യ ഉപഭോക്താവിനു പക്ഷേ അധികം ആയുസുണ്ടായില്ല. 

അത്‌ മെഷീെൻ്റെ കുഴപ്പമല്ലായിരുന്നു. പോളിയോ മൂലമുണ്ടായ ഹൃദ്‌ രോഗം അയാളെ ഒരാഴ്ചയ്ക്കു ശേഷം കൂട്ടിക്കൊണ്ടുപോയി.എന്നാൽ രണ്ടാമത്തെയാളിൽ മെഷീൻ വിജയമായതോടെ അയൺ ലങ്ങ്‌ പച്ചപിടിക്കാൻ തുടങ്ങി.

ചെറിയ ചില മോഡിഫിക്കേഷനുകളോടെ അയൺ ലങ്ങ്‌ വൻ തോതിൽ ഉൽപാദനമാരംഭിച്ചു. പലയിടത്തും അയൺ ലങ്ങ്‌ വാർഡുകളുണ്ടായി. പക്ഷേ അതിലെ ജീവിതം അത്ര സുഖമൊന്നുമായിരുന്നില്ല. 

രോഗിക്ക്‌ ശ്വാസമെടുക്കുവാനും കിടക്കുന്ന കിടപ്പിൽ ചുറ്റും നോക്കാനും സംസാരിക്കുവാനും മാത്രമാണു കഴിയുക. 

മറ്റ്‌ എല്ലാ കാര്യത്തിനും പരസഹായം വേണം. സ്ഥിരമായുള്ള കിടപ്പുകൊണ്ടുണ്ടാകുന്ന വ്രണങ്ങളും വേദനയും വേറെ.ഇതിനെല്ലാം പുറമെ മനം മടുപ്പിക്കുന്ന ഏകാന്തതയും.

പക്ഷേ പച്ചപിടിച്ചുവന്ന അയൺ ലങ്ങിന്റെ ബിസിനസിനു വളരെപ്പെട്ടെന്ന് ഒരു തിരിച്ചടി നേരിട്ടു. രണ്ട്‌ തുള്ളികൾ പോളിയോയ്ക്കൊപ്പം അയൺ ലങ്ങിന്റെയും തേരോട്ടം അവസാനിപ്പിച്ചു. പോളിയോ വാക്സിനായിരുന്നു അത്‌.

രണ്ടാമത്തെ ചിത്രത്തിൽ കാണുന്നയാളുടെ പേരു പോൾ അലക്സാണ്ടർ എന്നാണ്. അമേരിക്കയിലെ അവസാനം ശേഷിച്ച അയൺ ലങ്ങ്‌ ഉപഭോക്താവ്‌. 

67 വർഷമാണ് അദ്ദേഹം അയൺ ലങ്ങിനുള്ളിൽ കഴിഞ്ഞത്‌. ആറാം വയസിൽ ആരംഭിച്ച വാസം എഴുപത്തിമൂന്ന് വയസിലും തുടരുന്നു.

ഇന്ന് അയൺ ലങ്ങ്‌ നമ്മൾ മിക്കവരും കണ്ടിട്ടില്ല. അയൺ ലങ്ങ് മാത്രമല്ല, പണ്ടത്തെ സിനിമകളിൽ കാണാറുണ്ടായിരുന്ന വസൂരിക്കലകളുള്ള ആൾക്കാരെയും പോളിയോ കൈകാലുകളെ ബാധിച്ചവരെയും നമ്മൾ ഇന്നത്തെ സിനിമകളിൽ കാണാറില്ല..

അവരെ സമൂഹത്തിൽ കാണുന്നത് കുറഞ്ഞുതുടങ്ങിയപ്പൊ സിനിമകളിൽ നിന്നും അപ്രത്യക്ഷമായിത്തുടങ്ങിയതാണ്.. 

പക്ഷേ, അയൺ ലങ്ങ്‌ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്ന ഏജന്റുമാരുണ്ട്‌.വാക്സിൻ വിരുദ്ധരും വ്യാജവൈദ്യന്മാരും. അന്നത്തെ കച്ചവടത്തിന്റെ നഷ്ടം നികത്തേണ്ടേ...

Tags:
  • Spotlight
  • Social Media Viral