Friday 27 September 2024 01:07 PM IST

‘മരണവീട്ടിൽ പോകാന്‍ ഇന്നും നന്ദയ്ക്ക് ഭയമാണ്’: ‘കുഴപ്പമുള്ള കുട്ടിയെന്ന’ കുത്തുവാക്ക്: തളർന്നു വീഴാതെ നന്ദ

Anjaly Anilkumar

Content Editor, Vanitha

nanda-story

ഇരുപത്തിയെട്ടു വർഷം മുൻപ് പുണെ സ്റ്റേഷനിൽ ട്രെയിനിറങ്ങുമ്പോൾ കൊല്ലം കുണ്ടറ സ്വദേശികളായ പ്രസന്നനും സീനയും അനുഭവിച്ചത് അതിരില്ലാത്ത ആനന്ദമാണ്. കുടുംബ സുഹൃത്തിനൊപ്പം, ശിശു സംരക്ഷണ കേന്ദ്രത്തിലേക്കുള്ള യാത്രയിൽ അവരുടെ ഉള്ളു നിറയെ ഒരു കുഞ്ഞു ചിരി അലയടിച്ചു. നഗരത്തിൽ നിന്ന് അൽപം  അകലെയുള്ള ആ കുഞ്ഞുങ്ങളുടെ വീട്ടിൽ ഔദ്യോഗിക മുദ്രപ്പത്രങ്ങളിൽ ഒപ്പു വച്ച ശേഷം അധികൃതർ പറഞ്ഞു. ‘കുഞ്ഞിനെ കാണാം.’

വിശാലമായ ഹാളിൽ അങ്ങിങ്ങായി തുണിത്തൊട്ടിലുകൾ കെട്ടിയിരിക്കുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീ ഒരു തുണിത്തൊട്ടിലിനുനേരെ ചൂണ്ടിക്കൊണ്ടു പറഞ്ഞു, ‘അതാ നിങ്ങളുടെ മകൾ’.

‘‘ഇളം പിങ്ക് നിറമുള്ള കോട്ടൺ കെട്ടുടുപ്പായിരുന്നു വേഷം. കയ്യിലും കാലിലും വെള്ള സോക്സ്. കണ്ടപാടെ കുഞ്ഞ് എന്നെ നോക്കി ചിരിച്ചു. അച്ഛന്റെ ഛായയായിരുന്നു മോൾക്ക്. അച്ഛനോടോ അമ്മയോടോ സാമ്യമുള്ള കുട്ടികളെ ആണ് അവർ നമുക്കായി തിരഞ്ഞെടുക്കുക.’’  

കുണ്ടറയിലെ ശ്രീശൈലം വീട്ടിൽ ഡോ. പി.എസ്. നന്ദയെ കാത്തിരിക്കുമ്പോഴാണ് നന്ദയുടെ അമ്മ സീന ആ കഥ പറഞ്ഞത്. ഒരു മഞ്ഞുതുള്ളിപോലെ ജീവിതത്തിലേക്കു കടന്നു വന്ന മകളെക്കുറിച്ചു  ശ്രദ്ധയോടെ, മൃദുവായി പറയുന്ന കഥ കേൾക്കാൻ കുട്ടിയുടെ കൗതുകത്തോടെ നന്ദയുമെത്തി.

‘‘രണ്ടു മാസം പ്രായമുള്ളപ്പോഴാണു നന്ദയെ ഞങ്ങൾക്കു കിട്ടുന്നത്. വിവാഹം കഴിഞ്ഞു പത്തു വർഷത്തോളം കുട്ടികളുണ്ടായില്ല. ഒരുപാടു ചികിത്സിച്ചു. ഒടുവിൽ ട്രീറ്റ്മെന്റ്കൊണ്ടു കാര്യമില്ലെന്നു ഡോക്ടർ തറപ്പിച്ചു പറഞ്ഞു. വിഷമമൊന്നും തോന്നിയില്ല. കുട്ടികളുണ്ടായില്ലെങ്കിൽ ദ ത്തെടുക്കാം എന്ന തീരുമാനത്തിലേക്ക് മുന്നേതന്നെ ഞങ്ങൾ എത്തിയിരുന്നു. ’’

സ്വന്തമാണെങ്കിൽ കളയുമോ?

പുണെയിൽ നിന്നു തിരികെ കൊല്ലത്തേയ്ക്കു പുറപ്പെടാനൊരുങ്ങുമ്പോൾ കുഞ്ഞിന് ചിക്കൻപോക്സ് പിടിപെട്ടു. അതുമാറിയശേഷമാണു പുറപ്പെട്ടതെങ്കിലും നാട്ടിലെത്തിയ ഉടൻ ഡോക്ടറെ കാണിച്ചു. അപ്പോഴാണ് അറിയുന്നത്, കുഞ്ഞ് നന്ദയ്ക്ക് സെറിബ്രൽ പാൾസിയാണ്. തലച്ചോറിന്റെ വളർച്ചയേയും പ്രവർത്തനങ്ങളേയും ബാധിക്കുന്ന രോഗം ചലനവൈകല്യങ്ങൾക്കോ ബുദ്ധിമാന്ദ്യത്തിനോ ഇടയാക്കിയേക്കാം.

ഇതുകേട്ട് ആ അച്ഛനും അമ്മയും ആകെ തകർന്നു പോയി എന്നു പലരും കരുതി. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. ‘‘ഞങ്ങൾക്കു ജനിച്ച കുഞ്ഞാണെങ്കിൽ ഞ ങ്ങളതിനെ ഉപേക്ഷിക്കുകയോ മാറ്റി എടുക്കുകയോ ചെയ്യുമോ? കുഞ്ഞിനെ ചികിത്സിക്കും. നല്ല ജീവിതസാഹര്യം ഒരുക്കിക്കൊടുക്കും. അതുതന്നെയാണ് ന ന്ദയുടെ കാര്യത്തിലും ഞങ്ങൾ തീരുമാനിച്ചത്.’’ പ്രസന്നൻ പറഞ്ഞു.

നന്ദയുടെ ചിരിയും കളിയുമൊക്കെയായി ജീവിതമങ്ങനെ മുന്നോട്ടു പോകുമ്പോള്‍ മറ്റൊരു സന്തോഷ വാർത്ത കൂടി എത്തി. സീന ഗർഭിണിയാണ്. എന്നാൽ ഇതിനിടയിൽ മഞ്ഞപ്പിത്തത്തിന്റെ രൂപത്തിൽ വിധി വീണ്ടും പരീക്ഷിക്കാനെത്തി. കുഞ്ഞിന് രോഗം പിടിപ്പെടേണ്ടല്ലോ എന്നു കരുതി നന്ദയെ മാറ്റിനിർത്തി. അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പമായിരുന്നു നന്ദ. കുഞ്ഞിന്റെ വളർച്ചയിലുണ്ടാകുന്ന താമസം അവരുടെ ശ്രദ്ധയിൽപ്പെട്ടു.

എട്ടാം മാസത്തിൽ അമ്മൂമ്മ അവൾക്കായി ഒരു വട്ടി വാങ്ങി. കുഞ്ഞിന്റെ നടുവിന് ബലം കിട്ടുന്നതിനായി വട്ടിയിലിരുത്തി പരിശീലിപ്പിച്ചു. നന്ദ ഇരുന്നു. മെല്ലെ എഴുന്നേൽക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതോടെ ചികിത്സ ആരംഭിച്ചു. ശാരീരികമായി ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും നന്ദ മിടുക്കിയാണെന്ന് ‍ഡോക്ടർമാർ പറഞ്ഞു.

ആനാട് എസ്എൻവിഎച്ച്എസ്എസിൽ ഹൈസ്കൂൾ അധ്യാപികയായിരുന്നു സീന. അതുകൊണ്ടുതന്നെ നന്ദയുടെ കുട്ടിക്കാലത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചത് തിരുവനന്തപുരത്താണ്. കുണ്ടറ അലിൻഡിലെ ഉദ്യോഗസ്ഥനായിരുന്നു പ്രസന്നൻ.

‌അനുജത്തിയല്ല; അമ്മയാണ്

മാസങ്ങൾ കടന്നുപോയി. സീനയ്ക്കും പ്രസന്നനും ഒരു പെൺകുഞ്ഞു ജനിച്ചു. നന്ദയും നമിതയും ഒരുമിച്ചു വളർന്നു. എന്നാൽ നമിത നടന്നപ്പോഴും നന്ദ നടന്നില്ല. അമ്മയുടേയും അമ്മൂമ്മയുടേയും നിരന്തര പരിശ്രമങ്ങളുടെ ഫലമായി നന്ദ മെല്ലെ കാൽ വിരലുകളൂന്നി നടക്കാന്‍ ശീലിച്ചു. നാലു വയസുള്ളപ്പോഴാണ് ചലനശേഷി വീണ്ടെടുക്കാനുള്ള നാലു ശസ്ത്രക്രിയകൾക്ക് നന്ദ വിധേയയായത്. ഒരുപോലെ യൂണിഫോമിട്ട്, പുത്തൻ ബാഗും കുടയുമായി നന്ദയും നമിതയും കൈ കോർത്തു സ്കൂളിൽ പോയി.

നന്ദയുടെ ഒരു വിളിപ്പാടകലെ നമിതയുണ്ടാകും. കെജി ക്ലാസില്‍ തുടങ്ങിയ ശീലം പ്ലസ് ടു വരെ തുടർന്നു. സ്കൂൾ കഴിഞ്ഞതോടെ നന്ദ ബിഎച്ച്എംഎസും നമിത ആർക്കിടെക്ചറും തിരഞ്ഞെടുത്തു. അതോടെ ഇരുവരും രണ്ടു വഴികളിലേക്കു തിരിഞ്ഞു. ‘‘എനിക്കുവേണ്ടി നമിത ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ട്. ദൈവം തന്ന സമ്മാനമാണ് നമിത. അവളിപ്പോൾ വിവാഹം കഴിഞ്ഞ ബംഗളൂരുവിലാണ് താമസം.’’ നന്ദ ചിരിച്ചു. അച്ഛനും അമ്മയും നമിതയുമുള്ള നന്ദയുടെ ലോകത്ത് ഇപ്പോൾ സഹോദരീ ഭർത്താവ് കരുൺ രാജ് കൂടിയുണ്ട്.

രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സിവിൽ സർവീസ് എന്ന സ്വപ്നം നന്ദയുടെ ഉള്ളിൽ കയറിക്കൂടിയത്. ‘‘ടീച്ച ർ ഒരു അസൈൻമെന്റ് തന്നു. വലുതാകുമ്പോൾ ആരാകണം, എന്തുകൊണ്ട്? എന്നു പറയണം. വീട്ടിൽ വന്ന് ഏതാണു മികച്ച ജോലി എന്നു ചോദിച്ചപ്പോൾ അമ്മ ഡോക്ടർ എന്നു പറഞ്ഞു. പക്ഷേ, എനിക്ക് അത്ര തൃപ്തിയായില്ല. ഏറ്റവും പവറുള്ള ജോലി പറയൂ എന്ന് ശഠിച്ചപ്പോൾ അമ്മ പറഞ്ഞു കലക്ടർ ആയാൽ നല്ല പവറും ബഹുമാനവും കിട്ടും.’’ ഇതു കേട്ടയുടൻ ബുക്കെടുത്ത് ടീച്ചർ നൽകിയ ഓപ്ഷനുകളെല്ലാം നന്ദ വെട്ടി. പകരം ഭംഗിയുള്ള കയ്യക്ഷരത്തിൽ എഴുതിച്ചേർത്തു – കലക്ടർ. മെഡിസിനിലേക്ക് തിരിഞ്ഞെങ്കിലും കുഞ്ഞുനാളിലെ ഐഎഎസ് സ്വപ്നം നന്ദ മറന്നില്ല. സിവിൽ സർവീസസ് ആസ്പിരന്റ്സ് അസോസിയേഷൻ എന്ന സംഘടനയ്ക്ക് നന്ദ നേതൃത്വം നൽകുന്നുണ്ട്.

dr-nanda-1

സീനയുടെ വലിയ സ്വപ്നമായിരുന്നു നന്ദയെ ഡോക്ടറാക്കുക എന്നത്. ഹോമിയോപ്പതി മതിയെന്ന തീരുമാനത്തിലേക്ക് തുടക്കത്തിലെ നന്ദയും സീനയും എത്തിയിരുന്നു. എൻട്രൻസില്‍ മികച്ച മാർക്ക് ഉണ്ടായിട്ടും സെലക്ഷൻ ബോർഡിൽ നിന്നുണ്ടായ അനുഭവം നന്ദയെ വളരെയധികം വേദനിപ്പിച്ചു. ‘‘നല്ല ഡോക്ടർമാരുള്ളപ്പോൾ കുറവുകളുള്ള ഡോക്ടറുടെ അടുത്ത് ആരെങ്കിലും വരുമോ’ എന്ന് ഒരാൾ ചോദിച്ചു. അമ്മ എനിക്കുവേണ്ടി ഒരുപാടു സംസാരിച്ചു. ഒടുവിൽ സീറ്റ് തരാം എന്നായി. ഞങ്ങൾ ഹാളിൽ നിന്നിറങ്ങുമ്പോൾ അയാൾ പറഞ്ഞത് ഇന്നുമെന്റെ മനസിലൂണ്ട്, ‘ഈ അവസ്ഥയിൽ ഈ കൊച്ച് എവിടെപ്പോയാലും രക്ഷപ്പെടില്ല’. ജീവിതത്തിൽ തളരുന്നു എന്നു തോന്നുമ്പോൾ ആ വാക്കുകൾ ഞാന്‍ ഓർക്കും.

ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളജിലെ പഠനത്തിനിടിയിൽ തിരുവനന്തപുരത്ത് പ്രാക്ടീസ് ചെയ്യുമ്പോൾ ഒരു സംഭവമുണ്ടായി. നാൽപതിനോടടുത്ത് പ്രായമുള്ളൊരു സ്ത്രീ ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നവുമായി ആശുപത്രിയിൽ വന്നു. പരിശോധിക്കാൻ എത്തിയ എന്നെ കണ്ടതും ‘ഈ ഡോക്ടർ എന്നെ നോക്കേണ്ട’ എന്നു പറഞ്ഞ് അവർ ഇറങ്ങിപ്പോയി. വേദനകൾ സമ്മാനിച്ചിട്ടുണ്ടെങ്കിലും ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാൻ എന്നെ പ്രാപ്തയാക്കിയത് കോളജ് ദിനങ്ങളാണ്. ഹോസ്റ്റൽ ജീവിതവും ഒറ്റയ്ക്കുള്ള യാത്രകളും കൂടുതൽ കരുത്തു നൽകി.’’

അഭിമാന നക്ഷത്രം

പഠനകാലത്താണ് സാമൂഹിക സേവനം നന്ദയുടെ മനസിൽ കയറിപ്പറ്റുന്നത്. പോക്കറ്റ് മണിയിൽ നിന്ന് പണമെടുത്ത് ആവശ്യക്കാരെ സഹായിച്ചായിരുന്നു തുടക്കം. കൂടുതൽ ആളുകളിലേക്ക് സഹായങ്ങൾ എത്തിക്കാനാകും എന്ന തിരിച്ചറിവ് നന്ദയുടെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായി. ഈ വെളിച്ചത്തിൽ 2015ൽ പിങ്ക് ഹാർട്ട് ചാരിറ്റബിൾ ട്രസ്റ്റ് രൂപംകൊണ്ടു. നേപ്പാൾ ദുരന്തം, കേരളത്തിലെ പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധികളിലെല്ലാം നന്ദ നിരവധിപേർക്ക് താങ്ങായി.

പഠനകാലത്തു തന്നെ നന്ദയ്ക്ക് ഗവേഷണത്തിനുള്ള അവസരം ലഭിച്ചു. 2024ൽ നന്ദ തന്റെ ഗവേഷണ പ്രബന്ധം ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന രാജ്യാന്തര ആയുഷ് കോൺഫറൻസിൽ അവതരിപ്പിച്ചു. 2023ലെ സ്ത്രീ ശക്തി പുരസ്കാരത്തിനും 2021ലെ പ്രജാഹിത ഫൗണ്ടേഷന്റെ യങ് അച്ചീവർ പുരസ്കാരത്തിനും നന്ദ അർഹയായി. സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതിയുടെ യുവ ശാസ്ത്രജ്ഞർക്കുള്ള 2018ലെ പുരസ്കാരവും നന്ദയെ തേടിയെത്തി.

‘‘എങ്ങനെ വേണമെങ്കിലും തിരിഞ്ഞേക്കാവുന്ന എന്റെ ജീവിത്തിലേക്ക് കടന്നു വന്ന് എനിക്കു നല്ലൊരു ലോകം സമ്മാനിച്ചത് അച്ഛനും അമ്മയുമാണ്. അപ്പോൾ അവരെ പ്രൗഡ് ആക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്.’’ നേട്ടങ്ങളെക്കുറിച്ച് നന്ദ പറയുന്നതിങ്ങനെ. ഡോ. നന്ദ എന്ന പേരിനൊപ്പം ഐഎഎസ് കൂടി ചേർത്തുവയ്ക്കാനുള്ള നന്ദയുടെ പരിശ്രമങ്ങൾക്ക് പൂർണ പിന്തുണ നൽകിക്കൊണ്ട് വിശ്രമജീവിതം ആഘോഷമാക്കുകയാണ് സീനയും പ്രസന്നനും.

നെർവസ് ലാഫിങ്

മരണവീട്ടിൽ പോകാൻ നന്ദയ്ക്ക് പേടിയാണ്. ആ പേടി പ്രകടിപ്പിക്കുന്നത് ചിരിയിലൂടെയും. നെർവസ് ലാഫിങ് എന്നാണ് ഈ അവസ്ഥയെ പറയുന്നത്. അതുപോലെ പലപ്പോഴും പറഞ്ഞകാര്യങ്ങൾ ആവർത്തിച്ചു പറയും. ഇതൊക്കെ ത ന്റെ അവസ്ഥയുടെ ഭാഗമാണെന്ന് നന്ദയ്ക്കറിയാം. പക്ഷേ ‘കുഴപ്പമുള്ള കുട്ടിയാണല്ലേ?’ എന്ന ചോദ്യം മാനസികമായി സമ്മർദത്തിലാക്കുന്നുവെന്ന് നന്ദ പറയുന്നു.

‘‘ഈയടുത്ത് ഗുരുവായൂർ അമ്പലത്തിൽ പോയപ്പോ അമ്മയുടെ കൈവിട്ട് കുറച്ചു സമയം ഞാൻ ഒറ്റയ്ക്കായി. വല്ലാതെ പേടിച്ചു. അമ്മയുടെ അടുത്ത് എത്തിയിട്ടും ചിരി നിർത്താൻ സാധിച്ചില്ല. പലരും ചോദിക്കാറുണ്ട് മൊത്തത്തില്‍ പ്രശ്നമാണല്ലേ എന്ന്. മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ കുത്തിപ്പറഞ്ഞ് വിഷമിപ്പിക്കുന്നതെന്തിനാണ്? കുത്തുവാക്കുകൾക്ക് നിശ്ചദാർഢ്യത്തേയോ സ്വപ്നങ്ങളേയോ ഒന്നു സ്പർശിക്കാൻ പോലും സാധിക്കില്ല എന്നുറപ്പുണ്ട്.’’