Thursday 11 February 2021 10:47 AM IST : By സ്വന്തം ലേഖകൻ

‘അപകടത്തിൽ ഓർമ്മ നഷ്ടപ്പെട്ട് കിടക്കുന്നയാളെ ആംബുലൻസിൽ തന്നെ ആശുപത്രിയിലെത്തിക്കണം; കഴിവതും ഒട്ടോറിക്ഷയിൽ കയറ്റരുത്’- അനുഭവം പറഞ്ഞ് കുറിപ്പ്

dr-ss-lal

"ഞാൻ ചെയ്തത് പഠിച്ച ശാസ്ത്രത്തിന്റെ പ്രയോഗം മാത്രം. ഏത് ഡോക്ടറും ചെയ്യേണ്ട കാര്യം. എന്നാൽ ചില കാര്യങ്ങൾ കൂടി ഓർമ്മിപ്പിക്കാനാണ് ഇതെഴുതിയത്. റോഡപകടത്തിൽ ഓർമ്മ കെട്ട് കിടക്കുന്നയാളെ ആംബുലൻസിൽ തന്നെ ആശുപത്രിയിലെത്തിക്കണം. കഴിവതും ഒട്ടോറിക്ഷയിൽ കയറ്റരുത്."- റോഡപകടവുമായി ബന്ധപ്പെട്ട് ഡോ. എസ് എസ് ലാൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്. 

ഡോ. എസ് എസ് ലാൽ പങ്കുവച്ച കുറിപ്പ് വായിക്കാം; 

രണ്ട് മണിക്കൂർ മുമ്പ്. വീട്ടിലേയ്ക്ക് മടങ്ങുന്ന വഴി. ഇരുട്ടത്ത് റോഡിൽ ഒരാൾക്കൂട്ടം. വണ്ടിയോടിച്ചിരുന്ന ഒമർ പറഞ്ഞു , "റോഡിൽ ആരോ വീണു കിടക്കുന്നു. ആക്സിഡന്റ് ആണെന്ന് തോന്നുന്നു." 

ഞങ്ങൾ വണ്ടി നിർത്തി. വേഗം അവിടേയ്ക്ക് ചെന്നു. ഒരാൾ മുഖമടിച്ച് റോഡിൽ കിടക്കുന്നു. മുഖത്തു നിന്നും ചോരയൊലിച്ചു താഴേയ്ക്ക് വീണിട്ടുണ്ട്. ചുറ്റിനും നാട്ടുകാർ. അവരോട് ഞാൻ ഡോക്ടറാണെന്ന് പറഞ്ഞു. പിന്നെ അയാളെ പരിശോധിച്ചു. നാഡിമിടിപ്പും ശ്വാസവുമുണ്ട്. ഓർമ്മയില്ല. ആംബുലൻസിനായി പലരും ഫോൺ ചെയ്തിരുന്നു. ഞങ്ങളും ശ്രമിച്ചു. 

ആംബുലൻസ് വരാൻ അല്പം സമയമെടുക്കുമെന്ന് മനസ്സിലായി. എന്നാൽ പിന്നെ ഓട്ടോറിക്ഷയിൽ കൊണ്ടു പോകാമെന്നായി നാട്ടുകാരുടെ അഭിപ്രായം. ഈ അവസ്ഥയിലുള്ള ഒരാൾക്ക് തലയ്ക്കുള്ളിൽ ക്ഷതത്തിനോ നട്ടെല്ലിൽ ഒടിവിനോ സാദ്ധ്യതയുണ്ടെന്നും അതിനാൽ ഓട്ടോറിക്ഷയിൽ കൊണ്ടു പോകുന്നത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകാമെന്നും അംബുലൻസിൽ തന്നെ കൊണ്ടുപോകണമെന്നും ഞാൻ പറഞ്ഞു. നാട്ടുകാർക്ക് അത് മനസിലായി. എന്നാൽ ആംബുലൻസ് ഉടനേ കിട്ടില്ലെന്ന ധാരണയിൽ ചിലർക്ക് രോഷം വന്നു. അവരെ പറഞ്ഞു സമാധാനിപ്പിക്കുന്നതിനിടയിൽ ഒരു ആംബുലൻസ് അവിടെ വന്നു. ഏതോ രോഗിയെ കൊണ്ടുപോയിട്ട് തിരികെ വന്നത്. ഞങ്ങൾ കൈ കാണിച്ചപ്പോൾ ഡ്രൈവർ നിർത്തി. അപകടം പറ്റിയ ആളെ ഞങ്ങൾ ആംബുലൻസിൽ കയറ്റി. ഞാനും കൂടി ആംബുലൻസിൽ കയറി. 

ആംബുലൻസ് സൈറൻ മുഴക്കി പാഞ്ഞു. ആ വേഗതയിൽ ഭയം തോന്നിയപ്പോൾ വേഗത കുറയ്ക്കാൻ ഡ്രൈവറോട് പറഞ്ഞു. സ്ട്രെച്ചറിൽ കിടക്കുന്ന രോഗി താഴെ വീഴുമെന്ന ഭയവും എന്നെ അലട്ടി. 

മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ നല്ല തിരക്ക്. സർജറി അത്യാഹിത വിഭാഗം നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ഡ്യൂട്ടി മെഡിക്കൽ ഓഫീസറും ബിരുദാനന്തര വിദ്യാർത്ഥികളും വനിതാ ഡോക്ടർമാരാണ്. അവർ തിരക്കിട്ട് പണി ചെയ്യുന്നു. ഡ്യൂട്ടി മെഡിക്കൽ ഓഫീസറോട് കാര്യം പറഞ്ഞു. അവർ ടീമായി രോഗിയെ അടിയന്തിരമായി പരിചരിച്ചു. 

രോഗിയുടെ പേഴ്സ് നാട്ടുകാർ എന്നെ ഏല്പിച്ചിരുന്നു. അതിനുള്ളിലെ ഒരു കാർഡിൽ നിന്നും അയാളുടെ പേര് കിട്ടി. ഇനിയൊരു കാർഡിൽ മറ്റൊരാളുടെ പേരും ഫോൺ നമ്പരും ഉണ്ടായിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ അപകടം പറ്റിയ ചെറുപ്പക്കാരന്റെ അച്ഛനാണ്. കൊല്ലത്താണ്. മടിച്ചു മടിച്ച് അദ്ദേഹം ചോദിച്ചു "ഡോക്ടറേ, അവന് ജീവൻ ...." 

ഞാൻ മറുപടി പറഞ്ഞു, "ജീവനുണ്ട്. മെഡിക്കൽ കോളേജിലാണ് എത്തിച്ചത്. നല്ല ചികിത്സ കിട്ടും. ഭയക്കണ്ട" 

"ഞാൻ ഉടൻ തിരിക്കുന്നു." അച്‌ഛന്റെ ശബ്ദം വളരെ പതിഞ്ഞിരുന്നു. ഭയന്ന മനുഷ്യന്റെ ശബ്ദം.

ചെല്ലുമ്പോഴുള്ള ഗുരുതരാവസ്ഥയിൽ നിന്നും രോഗി കരകയറുന്നതായി ഡ്യൂട്ടി ഡോക്ടർ പറഞ്ഞു. പേഴ്സ് ഞാൻ ഡ്യൂട്ടി നഴ്സിനെ എൽപ്പിച്ചു.

തിരികെ വരുന്ന വഴി മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ കയറി. അവിടെ സിവിൽ പൊലീസ് ഓഫീസർ ബൈജു. മാന്യനായ ചെറുപ്പക്കാരൻ. സിനിമയിലെ പൊലീസിനെപ്പോലല്ല. ആ ചെറുപ്പക്കാരന് അങ്ങനെ ആകാൻ കഴിയില്ല. ചിരിക്കുന്ന മുഖം. പൊലീസ് ഇതിനിടെ അപകട സ്ഥലം സന്ദർശിച്ചതായി ബൈജു പറഞ്ഞു. വാഹനത്തിന്റെ കടലാസുകളും പൊലീസിന്റെ കൈയിൽ കിട്ടിയിട്ടുണ്ട്. ഏതോ ലോറിയുടെ പിന്നിൽ ചെന്നിടിച്ചതാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഞാൻ അപകട സ്ഥലത്ത് കണ്ട ബാക്കി വിവരങ്ങൾ കൂടി ബൈജുവിന് നൽകി. 

ആംബുലൻസ് ഡ്രൈവർ സുമേഷ് കരുണയുളള മനുഷ്യനാണ്. ആരെന്നിയാത്ത ഒരാളെ രക്ഷിക്കാൻ വലിയ താല്പര്യം കാണിച്ചു. ദയയോടെ പെരുമാറി. യാത്ര പറഞ്ഞ് പോകുമ്പോൾ ഞാൻ സുമേഷിന്റെ ഒരു ചിത്രമെടുത്തു.

ഞാൻ ചെയ്തത് പഠിച്ച ശാസ്ത്രത്തിന്റെ പ്രയോഗം മാത്രം. ഏത് ഡോക്ടറും ചെയ്യേണ്ട കാര്യം. എന്നാൽ ചില കാര്യങ്ങൾ കൂടി ഓർമ്മിപ്പിക്കാനാണ് ഇതെഴുതിയത്.

1. റോഡപകടത്തിൽ ഓർമ്മ കെട്ട് കിടക്കുന്നയാളെ ആംബുലൻസിൽ തന്നെ ആശുപത്രിയിലെത്തിക്കണം. കഴിവതും ഒട്ടോറിക്ഷയിൽ കയറ്റരുത്. 

2. മെഡിക്കൽ കോളേജിൽ വളരെ ആത്മാർത്ഥതയോടെ പണിയെടുക്കുന്ന ഡോക്ടർമാരും നഴ്സുമാരും ഇതര സ്റ്റാഫും ഉണ്ട്‌. അവർക്ക് വിശ്രമമില്ല. എന്നാൽ രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ഡോക്ടർ - രോഗി അനുപാതത്തിലെ വിടവ് തികച്ചും  പ്രകടമാണ്.

3. മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന് കൂടുതൽ സ്ഥലം വേണം. കൂടുതൽ ഡോക്ടർമാരും നഴ്സുമാരും വേണം.

4. ബൈക്ക് യാത്രികർ താടിയും കൂടി സംരക്ഷിക്കുന്ന ഫുൾ ഫേസ് ഹെൽമെറ്റ് ധരിക്കുക. ഇല്ലെങ്കിൽ താടിയും മൂക്കുമൊക്കെ അപകടത്തിലാകും. 

5. ഒരു കാരണവശാലും മദ്യപിച്ച് വാഹനമോടിക്കരുത്.

6. നാട്ടിൽ പുതിയ തലമുറയിലെ  പൊലീസുകാർ പ്രതീക്ഷ നൽകുന്നു. എല്ലാ പോലീസുകാരും ഇങ്ങനെ പെരുമാറുന്ന കേരളം ഉണ്ടാകണം. 

7. ആംബുലൻസ് ഡ്രൈവർ സുമേഷിന്റെ നല്ല പെരുമാറ്റം ആ വിഭാഗത്തിലെ തൊഴിലാളികളോട് കൂടുതൽ ആദരവുണ്ടാക്കി.

-ഡോ: എസ്. എസ്. ലാൽ

Tags:
  • Spotlight
  • Social Media Viral