Tuesday 05 July 2022 03:25 PM IST : By സ്വന്തം ലേഖകൻ

‘ഈ സാഹചര്യത്തിൽ ഗർഭപാത്രം മാറ്റുകയാണ് അംഗീകൃതമായ ചികിത്സ; വേദനയ്ക്കൊപ്പം നിന്നുകൊണ്ട് പറയുന്നു, പ്രസവം പലപ്പോഴും സിമ്പിളാകില്ല!’; കുറിപ്പ്

baby-birr5555ghj

"ഏറ്റവും മികച്ച മെറ്റേണൽ മോർട്ടാലിറ്റി റേറ്റുകളുള്ള ഇറ്റലിയിലും പോളണ്ടിലും നോർവെയിലും എല്ലായിടത്തും തന്നെ അപൂർവമായി മരണങ്ങൾ സംഭവിക്കാറുണ്ട്. ഇത്തരം മരണങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം പോസ്റ്റ്പാർട്ടം ഹെമറേജ് അതായത് ഗർഭാനന്തരം ഉണ്ടാക്കുന്ന അനിയന്ത്രിതമായ രക്തസ്രാവം തന്നെയാണ്. ആ സാഹചര്യത്തിൽ രക്തം തിരിച്ചടയ്ക്കുകയും മെഡിക്കൽ ട്രീറ്റ്മെന്റ് പരാജയപ്പെടുന്ന സാഹചര്യത്തിൽ ഗർഭപാത്രം മാറ്റുകയും ചെയ്യുകയെന്നുള്ളത് തന്നെയാണ് ലോകത്ത് എവിടെയും അംഗീകൃതമായ ചികിത്സ."- ഡോ. സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 

ഡോ. സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് വായിക്കാം;

പ്രസവം സിമ്പിളല്ല..

പ്രസവ സംബന്ധമായ ബുദ്ധിമുട്ടുകൾ മൂലം അമ്മയും കുട്ടിയും മരിക്കാനിടയായ സംഭവം യാഥാർത്ഥ്യങ്ങൾ വിലയിരുത്തുവാനുള്ള അവസരം കൂടിയാണ്. പ്രസവം അത്ര സിമ്പിളല്ല തന്നെ. പലപ്പോഴും ഒരു ഫിസിയോളജിക്കൽ പ്രോസസ് പോലെ നടക്കുന്ന ഡെലിവറി അത്യപൂർവ്വമായി ഗുരുതരമായ ബുദ്ധിമുട്ടുകളിലേക്ക് പോകാം. കേരളത്തിലെ കണക്കുകൾ ഇങ്ങനെ..

ഒരു ലക്ഷം പ്രസവം നടക്കുമ്പോൾ അതിൽ 30 പേർക്ക് മരണം സംഭവിക്കുന്നുവെന്നാണ് കണക്ക്. മുൻപത്തെ കണക്കായിരുന്ന നാല്പത്തിരണ്ടിൽ നിന്നും 30 ലേക്ക് താണത് വലിയ നേട്ടമായി വിലയിരുത്തപ്പെടുമ്പോഴും ഒരു മരണവും സംഭവിക്കാതിരിക്കുക തന്നെയാണ് ആത്യന്തികമായ ലക്ഷ്യം. മരണങ്ങൾ തീർച്ചയായും അതീവ ദുഃഖകരമാണ്. എന്നാലും ഈ കണക്കുകൾ ഒന്നുകൂടെ അറിഞ്ഞു തന്നെ പോകണം. കേരളത്തിൽ ഒരു ലക്ഷത്തിന് 30.  കേരളവും തെലുങ്കാനയും മഹാരാഷ്ട്രയും ഏറ്റവും നല്ല നിരക്ക് നേടിയിട്ടുണ്ട്. ഭാരതത്തിൻറെ മൊത്തം കണക്ക് നൂറിന് ചുറ്റുവട്ടം.അതായത് ഒരു ലക്ഷം പ്രസവങ്ങൾ സംഭവിക്കുമ്പോൾ നൂറോളം പേർ മരിച്ചുപോകാം എന്നുള്ളതാണ് ഭാരതത്തിൻറെ കണക്ക്.

ഉത്തർപ്രദേശും രാജസ്ഥാനം ബീഹാറും ഈ മരണ നിരക്കിൽ ഗണ്യമായ കുറവ് വരുത്തി കൊണ്ടിരിക്കുന്നു. ഒരു പ്രധാനപ്പെട്ട നാഴികകല്ലായ എഴുപതിന് താഴെ എന്നുള്ള  നേട്ടം കേരളം കൈവരിച്ചിട്ട് ഏറെ നാളായി. പറഞ്ഞുവന്നത് തീർച്ചയായും ഒരു ചെറിയ വളരെ ചെറിയ ശതമാനം ഗർഭിണികൾക്ക് മരണം സംഭവിക്കാം. 

ഏറ്റവും മികച്ച മെറ്റേണൽ മോർട്ടാലിറ്റി റേറ്റുകളുള്ള ഇറ്റലിയിലും പോളണ്ടിലും നോർവെയിലും എല്ലായിടത്തും തന്നെ അപൂർവമായി മരണങ്ങൾ സംഭവിക്കാറുണ്ട്. ഇത്തരം മരണങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം പോസ്റ്റ്പാർട്ടം ഹെമറേജ് അതായത് ഗർഭാനന്തരം ഉണ്ടാക്കുന്ന അനിയന്ത്രിതമായ രക്തസ്രാവം തന്നെയാണ്. ആ സാഹചര്യത്തിൽ രക്തം തിരിച്ചടയ്ക്കുകയും മെഡിക്കൽ ട്രീറ്റ്മെൻറ് പരാജയപ്പെടുന്ന സാഹചര്യത്തിൽ ഗർഭപാത്രം മാറ്റുകയും ചെയ്യുകയെന്നുള്ളത് തന്നെയാണ് ലോകത്ത് എവിടെയും അംഗീകൃതമായ ചികിത്സ.

ഡോക്ടർക്കെതിരെ ഐപിസി 304 a  പ്രകാരം കേസ് ചാർജ് ചെയ്തു എന്നൊക്കെ ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറയുന്നത് കേട്ടു. അങ്ങനെ കേസ് ചാർജ് ചെയ്യുവാൻ പ്രഥമദൃഷ്ട്യ അനാസ്ഥ ഉണ്ടായിരുന്നു എന്ന് തെളിയിക്കുവാൻ ഒരു വിദഗ്ധ സമിതിയുടെ നിർദേശം വേണമെന്ന് അദ്ദേഹത്തിന് അറിഞ്ഞു കൂടാത്തതാകാൻ വഴിയില്ല. ഒരുപക്ഷേ വയലന്റായ ഒരു മോബിനെ സമാധാനിപ്പിക്കാൻ പറഞ്ഞതാകാം.

ഏതാണ്ട് 12 മണിക്കൂറിലേറെ പഠിച്ച പണി പതിനെട്ടും നോക്കി രോഗിയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച ഡോക്ടറെ കൊലക്കുറ്റത്തിന്  പ്രതിയാക്കുമെന്നൊക്കെ പറയുന്നത് കൊടിയ അനീതിയാണ്. ഇത്തരം മരണങ്ങൾ വീണ്ടും സംഭവിക്കുവാനുള്ള എല്ലാ സാഹചര്യവും നിലവിലുണ്ട്. അതായത് കേരളത്തിൽ ഒരു ലക്ഷത്തിൽ 30 പേർക്ക്. മറ്റ് പല സംസ്ഥാനങ്ങളിലും ഒരു ലക്ഷത്തിൽ 150 നു മുകളിൽ. ആ അവസ്ഥയെ യാഥാർത്ഥ്യ ബോധത്തോടെ കാണുകയും വിലയിരുത്തുകയും ചെയ്യുക തന്നെയാണ് അഭികാമ്യം. കുടുംബാംഗങ്ങളുടെ വ്യസനത്തോടൊപ്പം ചേർന്നുനിന്നുകൊണ്ട് പ്രസവം പലപ്പോഴും സിമ്പിളാകില്ലയെന്നുള്ള കാര്യം ഉൾക്കൊള്ളണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട്.

sulhhh6445767
Tags:
  • Spotlight
  • Social Media Viral