Monday 26 February 2024 02:38 PM IST : By സ്വന്തം ലേഖകൻ

‘49 രൂപയ്ക്ക് 48 കോഴിമുട്ട..’; പരസ്യം കണ്ട് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത വീട്ടമ്മയ്ക്ക് നഷ്ടമായത് 48,000 രൂപ!

egg-istooo99090

ഒരു കോഴിമുട്ടയ്ക്ക് 5 രൂപയ്ക്ക് മുകളില്‍ വില വരുന്ന കാലത്ത് നാല് ഡസന്‍ (48 എണ്ണം) കോഴിമുട്ട 49 രൂപയ്ക്ക് ലഭിച്ചാല്‍ ആരും വാങ്ങിപോകും. അതുമാത്രമാണ് ബംഗളൂരു വസന്ത്നഗര്‍ സ്വദേശിയും ചെയ്തുള്ളൂ. ഓര്‍ഡര്‍ ബുക്ക് ചെയ്ത് കഴിഞ്ഞപ്പോഴിതാ അക്കൗണ്ടില്‍ നിന്ന് പോയത് 48,000 രൂപയ്ക്ക് മുകളിലാണ്. പ്രമുഖ കമ്പനി 49 രൂപയ്ക്ക് നാല് ഡസന്‍ കോഴിമുട്ട വില്‍പ്പന നടത്തുന്നുവെന്ന പരസ്യം കണ്ടാണ് വീട്ടമ്മ ഓര്‍ഡര്‍ നല്‍കിയത്. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട ഉടനെ ബാങ്കിന്‍റെ ഭാഗത്ത് നിന്നുള്ള ഇടപെടാലാണ് വലിയ തുക നഷ്ടപ്പെടാതെ സഹായിച്ചത്. 

ഫെബ്രുവരി 17 ന് ലഭിച്ച ഇ–മെയിലില്‍ വന്ന പരസ്യം കണ്ടാണ് വീട്ടമ്മ കുറഞ്ഞ പൈസയ്ക്ക് മുട്ട വാങ്ങാന്‍ ശ്രമിച്ചത്. നിരവധി ഓഫറുകളടങ്ങിയ പരസ്യത്തില്‍ ഷോപ്പിങിനുള്ള ലിങ്ക് അടങ്ങിയിരുന്നു. ''പരസ്യത്തില്‍ നിരവധി ഓഫറുണ്ടായിരുന്നു. അതില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഓര്‍ഡര്‍ പ്ലേസ് ചെയ്യാനുള്ള പേജിലേക്ക് പോയി. നാല് ഡസന്‍ കോഴിമുട്ടയ്ക്ക് 49 രൂപ എന്ന ഓഫറിലാണ് ക്ലിക്ക് ചെയ്തത്'' പണം നഷ്ടപ്പെട്ട വീട്ടമ്മ പറഞ്ഞു.

''ഓര്‍ഡറിനായി വിവരങ്ങള്‍ നല്‍കിയപ്പോഴാണ് ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്‍റ് ഓപ്ഷന്‍ മാത്രമെ ഉള്ളൂ എന്നറിഞ്ഞത്. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും എക്സ്പയറി തീയതി, സിവിസി വിവരങ്ങള്‍ക്ക് ശേഷം ഒടിപിയും നല്‍കി. ശേഷം അക്കൗണ്ടില്‍ നിന്ന് 48,199 രൂപ നഷ്ടമായി''- വീട്ടമ്മ വിശദമാക്കി. 

ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് 'ഷൈന്‍ മൊബൈല്‍ എച്ച്‍യു' എന്ന അക്കൗണ്ടിലേക്കാണ് പണം ഡെബിറ്റായത്. ഇടപാട് നടന്ന ഉടനെ ബാങ്കിന്‍റെ ക്രെഡിറ്റ് കാര്‍ഡ് വിഭാഗം ഇടപാട് സംബന്ധിച്ച് വീട്ടമ്മയെ ബന്ധപ്പെട്ടിരുന്നു. ഇതോടെ തട്ടിപ്പ് തിരിച്ചറഞ്ഞ് കാര്‍ഡ് ബ്ലോക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.

3.7 ലക്ഷം രൂപയായിരുന്നു ക്രെഡിറ്റ് കാര്‍ഡിന്‍റെ പരിധി. ബാങ്കില്‍ നിന്ന് ഇടപെടലുണ്ടായിരുന്നില്ലെങ്കില്‍ വലിയ തുക നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സൈബര്‍ നിയമപ്രകാരം കേസെടുത്ത പൊലീസ് ഡെബിറ്റായ അക്കൗണ്ട് മരിവിപ്പിക്കാനുള്ള ശ്രമം തുടങ്ങിയതായി അറിയിച്ചു. 

Tags:
  • Spotlight