Saturday 10 July 2021 11:43 AM IST : By സ്വന്തം ലേഖകൻ

പഴയ വണ്ടികളോടുള്ള ആരാധന; വിജയ് സൂപ്പർ മാതൃകയിൽ സ്വന്തമായി ഇലക്ട്രിക് സ്കൂട്ടർ നിർമിച്ച് യുവാവ്

rakeshh55666

ചേർത്തല കളവംകോടം ഇന്ദ്രധനുസിൽ സുരേഷിന്റെ മകൻ രാകേഷ് ബാബു (30) കഴിഞ്ഞ ഒരു മാസത്തെ ലോക്ഡൗൺ സമയത്താണ് ഇലക്ട്രിക് സ്കൂട്ടർ നിർമിച്ചത്. പഴയ വണ്ടികളോടുള്ള ആരാധന മൂലമാണ് നേരിട്ടു കണ്ടിട്ടില്ലെങ്കിലും വിജയ് സൂപ്പർ സ്കൂട്ടർ മാതൃകയിൽ നിർമിച്ചത്. സാധാരണ ഇലക്ട്രിക് സ്കൂട്ടറിന്റെ പഴയ 250 വാട്സ് മോട്ടറും 12 വോൾട്ടിന്റെ 4 ബാറ്ററിയും ഉപയോഗിച്ചാണ് നിർമാണം. പഴയ സ്കൂട്ടറിന്റെ ഹെഡ് ലൈറ്റും സുസുകി മാക്സ് 100ന്റെ ടെയ്ൽ ലാംപും ഉപയോഗിച്ചു. 

യമഹ ആർഎക്സ് ഹൺഡ്രഡിന്റെതാണ് മിറർ. ബോഡിയും ഷാസിയും നിർമിച്ചത് പൈപ്പും ജിഐ ഷീറ്റും ഉപയോഗിച്ചാണ്. ഇലക്ട്രിക് ചാർജ്, വേഗം തുടങ്ങിയവ അറിയുന്നതിന് പഴയ സ്കൂട്ടറിന്റെ ഡിജിറ്റൽ ഡിസ്പ്ലെ സ്ഥാപിച്ചിട്ടുണ്ട്. 25 കിലോമീറ്റർ വേഗം ലഭിക്കും. 70 കിലോമീറ്റർ വരെ മൈലേജും. 8 മണിക്കൂർ നേരം ചാർജ് ചെയ്താൽ മതിയാകും. സ്കൂട്ടർ സൗരോർജത്തിലൂടെ പ്രവർത്തിപ്പിക്കുന്നതിന്റെ ആലോചനകളും നടക്കുകയാണ്. 

ഇതിനോടകം കാറും ജീപ്പും ബൈക്കുമൊക്കെയായി ഒൻപത് ചെറിയ വാഹനങ്ങൾ നിർമിച്ച രാകേഷിന്റെ 10–ാമത് വാഹനം മുതിർന്നവർക്ക് ഉപയോഗിക്കാവുന്നതാണ്. ഇലക്ട്രിക് സ്കൂട്ടർ ആയതിനാൽ മറ്റു തടസ്സങ്ങൾ ഉണ്ടാകില്ലെന്നും പെട്രോൾ ഇല്ലാതെ അത്യാവശ്യ യാത്രകൾ ചെയ്യാനാകുമെന്നും രാകേഷ് കരുതുന്നു. ചേർത്തല ഓട്ടോക്കാസ്റ്റിലെ സ്കിൽഡ് വർക്കറാണ് രാകേഷ്. അമ്മ ഇന്ദുവും ഭാര്യ മേഘയും പിന്തുണയുമായി ഒപ്പമുണ്ട്.

rakesgggnn5566
Tags:
  • Spotlight