ADVERTISEMENT

കാലവും യുഗങ്ങളും കൊഴിഞ്ഞു പോകുമ്പോഴും പഴകിപ്പോകാത്തൊരു സ്വരമാധുരി. മലയാളിയുടെ ഹൃദയസ്വരങ്ങളെ തഴുകിയുണർത്തുന്ന ഡോ. കെ.ജെ യേശുദാസെന്ന ഗന്ധർവ സ്വരം ശതാഭിഷേകത്തിന്റെ നിറവിലാണ്. ‘ജാതിഭേദം മതദ്വേഷം...’ പാടി ആ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തു തുടങ്ങിയ സംഗീത സപര്യക്ക് 84ലും ഇടർച്ച വന്നിട്ടില്ലെന്നത് അതിശയമാണ്. ഊണിലും ഉറക്കിലും മലയാളിയുടെ നെഞ്ചോടൊട്ടി നിൽക്കുന്ന യേശുദാസിലെ ഗായകനെ ആദ്യം തിരിച്ചറിഞ്ഞത് ആരായിരിക്കും. കാതുകളിൽ നിന്നും ഹൃദയങ്ങളിലേക്ക് ഒഴുകിയിറങ്ങുന്ന യേശുദാസിലെ സംഗീത പ്രതിഭയെ അദ്ദേഹത്തിന്റെ തുടക്ക കാലത്ത് ഒരു ഇംഗ്ലീഷുകാരൻ തിരിച്ചറിഞ്ഞിരുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? യേശുദാസിന്റെ പാട്ടോർമകളുടെ ഫ്രെയിമികൾ ചികയുന്ന മലയാളിക്ക് അക്കാര്യം എന്തായാലും കൗതുകം ജനിപ്പിക്കും.

റോക്കും ജാസും ഡിസ്കോയും അരങ്ങുവാഴുന്ന പാശ്ചാത്യ രാജ്യങ്ങളിലെ ചെറുപ്പക്കാരെ പോലും ആകർഷിക്കാൻ കഴിയുന്ന സ്വരമാധുരിയാണ് യേശുദാസിന്റേതെന്ന് അഭിപ്രായപ്പെട്ടത് ഒരു ബ്രിട്ടീഷ് പത്രപ്രവർത്തകനാണ്. പേര്, ബ്രയൻ നിക്കോൾസ്. കോട്ടയത്തു വച്ചാണ് നിക്കോൾസ് യേശുദാസിന്റെ സംഗീത കച്ചേരി കേൾക്കാനിടയായത്. കോമൺവെൽത്ത് പ്രസ് യൂണിയന്റെ സന്ദർശന പരിപാടിയുടെ ഭാഗമായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.

ADVERTISEMENT

‘ക്ലിഫ് റിച്ചാർഡിനെ പോലെ ശ്രോതാക്കളെ വശീകരിക്കാൻ കഴിവുള്ള സംഗീത ബിരുദധാരിയായ യുവാവാണ് അദ്ദേഹം. ഇന്ത്യയെപ്പറ്റി പാടിയ അദ്ദേഹത്തിന്റെ സുന്ദരവും ഹൃദയസ്പർശിയുമായ ഗാനരീതിക്ക് പാശ്ചാത്യ ലോകത്ത്, പ്രത്യേകിച്ചും ഇന്ന് പ്രചാരത്തിലിരിക്കുന്ന നാടോടി ഗാനരീതിയുമായി വിചിത്രമായ സാമ്യമുണ്ട്. അദ്ദേഹത്തിന്റെ ഏതാനും പാട്ടുകൾ കേട്ടാൽ‌ എങ്ങനെയുള്ള രാജ്യമാണ് ആ സ്വരത്തിന്റെ ഉറവിടമെന്നു കണ്ടുപിടിക്കാൻ പാശ്ചാത്യരായ പാശ്ചാത്യരായ ചെറുപ്പക്കാർ പാഞ്ഞെത്തുക തന്നെ ചെയ്യും.’– നിക്കോൾസൺ അഭിപ്രായപ്പെടുന്നു.

സന്ദർശനം നടത്തുമ്പോൾ ബ്രിട്ടനിലെ ഡാർലിംഗ്ടൺ പോസ്റ്റ് എന്ന പത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു. നിക്കോൾസന്റെ യേശുദാസിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ 1965 ഡിസംബർ 14ന് പ്രസിദ്ധീകരിച്ച മലയാള മനോരമ ദിനപത്രത്തിൽ വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു.

ADVERTISEMENT

വാർത്ത പിഡിഎഫ് രൂപത്തിൽ ചുവടെ വായിക്കാം...

yesudas-manorama-clip
ADVERTISEMENT
ADVERTISEMENT