Tuesday 17 April 2018 09:34 AM IST : By ജയൻ മേനോൻ

‌സച്ചിന് എന്താണ് ജനറൽ ആശുപത്രിയിൽ കാര്യം?

general_hosp

കൊച്ചി: പഞ്ചാബിൽനിന്നുള്ള രാജ്യസഭാംഗം കെ.ടി.എസ്. തുൾസിക്കും എച്ച്.കെ. ദുവയ്ക്കും കൊച്ചിയിൽ എന്താണു കാര്യം ? അവർക്കു മാത്രമല്ല, കർണാടകയിൽ നിന്നുള്ള ഡോ. ബി. ജയശ്രീ, മേഘാലയക്കാരനായ മൃണാൾ മിറി, ബിഹാറുകാരനായ അശോക് ഗാംഗുലി, തമിഴ്നാടുകാരനായ കെ. പരാശരൻ എന്നിവർക്കെല്ലാം കൊച്ചിയിൽ എന്താണു താൽപര്യം എന്നും ചോദിക്കാം. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് എറണാകുളം ജനറൽ ആശുപത്രിയുടെ ഇന്നത്തെ മുഖം.

മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെയും പ്രശംസകൾ ഏറ്റുവാങ്ങി ജനറൽ ആശുപത്രി ഓരോ വികസന നാഴികക്കല്ലും താണ്ടുമ്പോൾ കക്ഷി രാഷ്ട്രീയത്തിനും അതിർത്തി പരിമിതികൾക്കും അപ്പുറത്തു കുറെ വ്യക്തികളും സ്ഥാപനങ്ങളും പ്രഫഷനൽ സമീപനത്തോടെ ഒത്തുപിടിച്ച് ഒരു ആതുരാലയത്തെ വളർത്തി വലുതാക്കുന്ന ചിത്രമാണു തെളിയുന്നത്. പ്രഫഷനൽ സമീപനത്തോടെ പദ്ധതികൾ തയാറാക്കുന്നതിൽ ജനറൽ ആശുപത്രി മാതൃകയാണെന്നു പറഞ്ഞതു മറ്റാരുമല്ല, മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്.

കിഫ്ബിയുടെ ഫണ്ട് ലഭിക്കുന്നില്ലെന്ന വേവലാതികൾ എല്ലായിടത്തു നിന്നും ഉയരുമ്പോൾ ജനറൽ ആശുപത്രി സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിന് എങ്ങനെ 380 കോടി രൂപ ലഭിച്ചു എന്ന ചോദ്യത്തിന് ഉത്തരമായിരുന്നു പിണറായിയുടെ നിരീക്ഷണം. വിശദമായ പദ്ധതി രേഖ കൃത്യതയോടെ തയാറാക്കി, സമയത്തിനു സമർപ്പിച്ചതുകൊണ്ടു മാത്രമാണു കിഫ്ബി ഫണ്ട് ജനറൽ ആശുപത്രിക്കു ലഭിച്ചതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. നിർമാണം ആരംഭിച്ച സൂപ്പ‍ർ സ്പെഷ്യൽറ്റി ബ്ലോക്കിൽ മാത്രമല്ല ഈ പ്രഫഷനൽ സമീപനമുള്ളത്.

ജില്ലയിലെ രാഷ്ട്രീയ നേതൃത്വവും വ്യക്തികളും സ്ഥാപനങ്ങളും ഒത്തു പരിശ്രമിച്ചാണു ജനറൽ ആശുപത്രിയുടെ മുഖം മിനുക്കുന്നത്. രോഗബാധിതനായി പി‍ടഞ്ഞു വീണാൽ പോലും ജനറൽ ആശുപത്രിയിലേക്കു ജനങ്ങൾ പോകാൻ മടിച്ചിരുന്ന പഴയ കാലമല്ല ഇന്ന്. എല്ലാ രോഗങ്ങൾക്കും അവിടെ ചികിൽസയുണ്ട്. വിദഗ്ധരായ ചികിൽസകരുണ്ട്. അതിനു വേണ്ട സംവിധാനങ്ങളുമുണ്ട്. ഇടയ്ക്കിടെ ഉണ്ടാകുന്ന സമരങ്ങൾ ഈ സൗകര്യങ്ങളിലെ ഒരു കല്ലുകടിയാണെങ്കിലും ജില്ലയുടെ ആരോഗ്യപാലനത്തിൽ ജനറൽ ആശുപത്രി കൃത്യമായ വഴികൾ തന്നെയാണു വെട്ടിത്തെളിക്കുന്നത്.

ദീർഘവീക്ഷണമുള്ള ഡോക്ടർമാരും രാഷ്ട്രീയ നേതാക്കളും സ്ഥാപനങ്ങളും കായിക– സിനിമാ താരങ്ങളുൾപ്പെടെയുള്ള പ്രശസ്തരും ജനറൽ ആശുപത്രി വികസനത്തിനു വേണ്ടി കൈകോർത്തിട്ടുണ്ട്. അക്കൂട്ടത്തിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മുതൽ നടൻ മോഹൻ ലാൽ, ആഷിക് അബു, റീമ കല്ലിങ്കൽ എന്നിവരും സച്ചിൻ തെൻഡുൽക്കറും ഉണ്ട്. മുൻ എംപി പി. രാജീവ്, കെ.വി. തോമസ് എംപി, ഹൈബി ഈഡൻ എംഎൽഎ എന്നിവർ തൊട്ട് സംസ്ഥാനത്തിനു പുറത്തു നിന്നുള്ള രാജ്യസഭാ അംഗങ്ങൾ‍ വരെയുണ്ട്.

ഡോ. ജുനൈദ് റഹ്മാനെ പോലുള്ളവരുടെ പരിചസമ്പത്തുണ്ട്. ഭാരത് പെട്രോളിയം കോർപറേഷൻ, ഷിപ്‌യാർഡ്, സിന്തൈറ്റ് ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെ സാമൂഹിക സുരക്ഷാ ഇടപെടലുകളുണ്ട്. റോട്ടറി ക്ലബ് പോലുള്ളവരുടെ സംഘടിത യത്നങ്ങളുണ്ട്. ഏറ്റവും ഒടുവിൽ, നഗരസഭാ മന്ദിരത്തിനു പുതിയ സ്ഥലം കിട്ടിയാൽ, നിലവിലെ കോർപറേഷൻ കെട്ടിടം ആശുപത്രിക്കു കൈമാറാൻ തയാറാണെന്നു മേയർ സൗമിനി ജെയിനും വ്യക്തമാക്കിയിരിക്കുന്നു. രാജ്യസഭയിൽ 12 നോമിനേറ്റഡ് എംപിമാരാണുള്ളത്. അതിൽ എട്ടു പേരും എംപി ഫണ്ട് വിനിയോഗിച്ച സ്ഥാപനമാണ് എറണാകുളം ജനറൽ ആശുപത്രി.

ലീനിയർ ആക്സിലറേറ്റർ പി. രാജീവിനൊപ്പം ആറു നോമിനേറ്റഡ് എംപിമാർ സഹകരിച്ചു. എംആർഐ സ്കാനിങ് സെന്ററിൽ രാജീവിനൊപ്പം കപില വാത്സ്യായനും ഒന്നര കോടി നൽകി. എക്സ്–റേ സംവിധാനത്തിനു സച്ചിൻ തെൻഡുൽക്കർ 25 ലക്ഷം നൽകി.എംപി ഫണ്ട് ഉപയോഗിച്ചു കേന്ദ്രീകൃത അടുക്കള തുടങ്ങിയപ്പോൾ ആദ്യത്തെ ഭക്ഷണത്തിനു ഫണ്ട് നൽകിയത് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരായിരുന്നു. ഒരു മാസത്തെ ഭക്ഷണത്തിനു നടൻ മോഹൻലാൽ ഫണ്ട് നൽകി. ആഷിക് അബുവിന്റെയും റീമയുടെയും വിവാഹത്തിന് ആർഭാടങ്ങൾ ഒഴിവാക്കി, പത്തു ലക്ഷം രൂപ കാൻസർ രോഗികൾക്കു മരുന്നു വാങ്ങാൻ നൽകി.

ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത സഹായങ്ങളാണു ജനറൽ ആശുപത്രിയുടെ മുഖം മാറ്റിയത്.കാർഡിയാക് സെന്ററിന്റെയും എക്സ്–റേ യൂണിറ്റിന്റെയും നിർമാണം ഹൈബി ഈഡൻ എംഎൽഎയുടെ ഫണ്ടു കൊണ്ടും കാർഡിയാക് സെന്ററിന്റെ നിർമാണം ലൂഡി ലൂയിസിന്റെ ഫണ്ടു കൊണ്ടും ഡയാലിസിസ് യൂണിറ്റിലേക്കുള്ള ലിഫ്റ്റിന്റെ നിർമാണം കെ.വി. തോമസ് എംപിയുടെ ഫണ്ടു കൊണ്ടും പൂർത്തിയായി വരുന്നു. കല്യാണം, ജന്മദിനം, ഓർമ്മദിനം തുടങ്ങിയ അവസരങ്ങളിൽ 45000 രൂപ കെട്ടിവച്ച് രോഗികൾക്കു ഭക്ഷണം ഒരുക്കുന്നവരുടെ നിര നീളുകയാണ്. അവർക്കു നേതൃത്വവുമായി അടുക്കളയുടെ ചുമതലയും വഹിച്ച് പീറ്റർ എപ്പോഴും ജനറൽ ആശുപത്രിയിലുണ്ട്.

ചില സഹകരണ മുഖങ്ങൾ
സച്ചിൻ തെൻഡുൽക്കർ ,എച്ച്.കെ. ദുവ , കെ.ടി.എസ്. തുൾസി . സച്ചിൻ തെൻഡുൽക്കർ ,എച്ച്.കെ. ദുവ , കെ.ടി.എസ്. തുൾസി .

ജനറൽ ആശുപത്രിയുടെ മുഖം മാറ്റിയ പദ്ധതികളും അതിൽ സഹകരിച്ചവരും

∙ ലിനിയർ ആക്സിലറേറ്റർ
മുൻ എംപിമാരായ പി. രാജീവ് (ഒരു കോടി), ഡോ. ബി. ജയശ്രീ (75 ലക്ഷം), മൃണാൾ മിറി (25 ലക്ഷം), എച്ച്.കെ. ദുവ (40 ലക്ഷം), അശോക് ഗാംഗുലി (25 ലക്ഷം), കെ.ടി.എസ്. തുൾസി (50 ലക്ഷം), കെ. പരാശരൻ (25 ലക്ഷം), സി.പി. നാരായണൻ  (ഒന്നര കോടി), കൊച്ചിൻ ഷിപ്‌യാർഡ് (1.90 കോടി), കാനറ ബാങ്ക് (25 ലക്ഷം), ബിപിസിഎൽ (ഒരു കോടി), സിന്തൈറ്റ് ഗ്രൂപ്പ് (50 ലക്ഷം).

∙ ഒപി പുതിയ ബ്ലോക്ക്
കെ.വി. തോമസ് എംപി, ലൂഡി ലൂയിസ്.

∙ ഒപി പുതിയ റജിസ്ട്രേഷൻ കൗണ്ടർ, സിസിടിവി ക്യാമറ, കന്റീൻ
ഹൈബി ഈഡൻ എംഎൽഎ

∙ കുടിവെള്ള സംവിധാനം
ഫ്രാഗോമെൻ കമ്പനി, ഇൻഫോപാർക്ക്.

∙ ഡയാലിസിസ്
ഷിഹാബ് തങ്ങൾ റിലീഫ് സെൽ, ലൂഡി ലൂയിസ്, ജില്ലാ കലക്ടറുടെ ഫണ്ട്, റോട്ടറി ക്ലബ്, ദേശീയ ആരോഗ്യ ദൗത്യം, സക്കാത്ത് സെൽ, ഒബറോൺ മാൾ, പോർട്ട് ട്രസ്റ്റ് എംപ്ലോയീസ് അസോസിയേഷൻ, ചാൾസ് ഡയസ് എംപി, ഡോ. എം.പി. ഹുസൈൻ, വി–ഗാർഡ്.

∙എംആർഐ
പി. രാജീവ്, കപില വാത്സ്യായൻ, കൊച്ചിൻ ഷിപ്‌യാർഡ്.

∙ ഡിജിറ്റൽ എക്സ്–റേ
സച്ചിൻ തെൻഡുൽക്കർ, ഡൊമിനിക് പ്രസന്റേഷൻ.

∙കേന്ദ്രീകൃത അടുക്കള
പി. രാജീവ്, ബിപിസിഎൽ, വി–ഗാർഡ്, മുത്തൂറ്റ്, ഐഎംഎ, ഡിവൈൻ ചാരിറ്റബിൾ ട്രസ്റ്റ്, സത്യസായി ഗീതാമഠം, റോട്ടറി ക്ലബ്, ചിക്കിങ്, എറണാകുളം കരയോഗം, രാമവർമ ക്ലബ്, ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഇൻസ്റ്റിറ്റ്യൂട്ട്, മോഹൻ ലാൽ, ആഷിക് അബു, റിമ കല്ലിങ്കൽ, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, വിവിധ എൻജിഒകൾ.

∙ കീമോതെറപ്പി
റോട്ടറി ക്ലബ്, ദയ ഹെൽപിങ് ഹാൻഡ്.

∙ ഓർത്തോ വാർഡ് പുനരുദ്ധാരണം
വിവിധ റോട്ടറി ക്ലബുകൾ.

∙ അഡ്വാൻസ്ഡ് ഇൻവേസീവ് കെയർ യൂണിറ്റ്
ഹൈബി ഈഡൻ, ലൂഡി ലൂയിസ്, കാനറ ബാങ്ക്.

∙ ഒഫ്താൽമോളജി, ബേൺസ് കെയർ
മുത്തൂറ്റ് ഗ്രൂപ്പ്.

∙ ലിഫ്റ്റ്
ലൂഡി ലൂയിസ്.

∙ ബ്ലഡ് ബാങ്ക് പുനരുദ്ധാരണം
നാനോ മൊബൈൽസ് പെന്റ മേനക.

∙ പാലിയേറ്റീവ് കെയർ
ഇന്നർവീൽ ക്ലബ് കൊച്ചിൻ വെസ്റ്റ്.

∙ മോർച്ചറി
സെബാസ്റ്റ്യൻ പോൾ, നവാബ് രാജേന്ദ്രൻ

∙ സ്വീവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ്
മലിനീകരണ നിയന്ത്രണ ബോർഡ്

∙ റാംപ്
കൊച്ചിൻ റോട്ടറി ഗ്ലോബൽ

∙ ആംബുലൻസ്
ഹൈബി ഈഡൻ, പി. രാജീവ്, കനിവ് (സിഐടിയു), മുത്തൂറ്റ് ഗ്രൂപ്പ്.

കൂടുതല്‍ വാര്‍ത്തകള്‍