Wednesday 10 July 2024 02:48 PM IST : By സ്വന്തം ലേഖകൻ

‘കമ്പ് ഒടിയുംപോലെ നുറുങ്ങുന്ന അസ്ഥി, വേദനയാൽ കരഞ്ഞ മണിക്കൂറുകൾ’: എക്സാം ഹാളിലെ മോശം അനുഭവം പങ്കുവച്ച് ഫാത്തിമ

fathima-asla-video

പാത്തുവിനെ അറിയില്ലേ...? സോഷ്യൽ മീഡിയ ഹൃദയത്തോടു ചേർത്തു നിർത്തിയ അതിജീവനത്തിന്റെ മാലാഖ. ശാരീരിക പരിമിതികളെ അതിജീവിച്ച് ഡോക്ടർ കുപ്പായമണിഞ്ഞ ഫാത്തിമ അസ്‍ല. അസ്ഥി നുറുങ്ങുന്ന രോഗത്തിന്റെ വേദനകളും പേറി ജീവിതത്തോട് പോരാടിയവൾ. പരിമിതികൾ നേരിടുന്നവരുടെ പ്രശ്നങ്ങൾ സോഷ്യല്‍ മീ‍ഡിയയിലൂടെ പൊതുജനമധ്യത്തിലെത്തിക്കാറുള്ള ഫാത്തിമ താൻ നേരിട്ടൊരു ദുരനുഭവത്തെകുറിച്ച് തുറന്നെഴുതുകയാണ്. കോഴിക്കോട് കുറ്റിക്കാട്ടൂരിൽ പിജി എൻട്രൻസ് പരീക്ഷയ്ക്ക് പോയപ്പോൾ നേരിട്ട ദുരനുഭവം ഫെയ്സ്ബുക്കിലൂടെയാണ് ഫാത്തിമ തുറന്നു പറയുന്നത്.

‘ശാരീരിക പരിമിതിയുള്ള എനിക്ക് മൂന്നാം നിലയിലായിരുന്നു പരീക്ഷ ഹാൾ ക്രമീകരിച്ചിരുന്നത്. എന്നാൽ പരാതിയൊന്നും പറയാതെ ഭർത്താവ് ഫിറോസ് തന്നെ എടുത്തുകൊണ്ട് മൂന്നു നില നടന്നു കയറി എക്സാം ഹാളിൽ എത്തിച്ചു. എക്സാം ഹാളിലേക്ക് ഭർത്താവിന് പ്രവേശനം നൽകാനാകില്ലെന്ന് അധികൃതർ പറഞ്ഞപ്പോഴും അത് അനുസരിച്ചു. വാക്കറിന്റെ സഹായത്തോടെ നടന്ന് എക്സാം ഹാളിലേക്ക് പൊയ്ക്കോളാം എന്നു പറഞ്ഞു.കാലിന് പ്രശ്നമുള്ളതു കൊണ്ടു തന്നെ ചെരുപ്പ് ഉപയോഗിക്കാതെ ഒരടി പോലും നടക്കാനാകില്ല. എന്നിട്ടും ഹാളിൽ ചെരുപ്പ് അനുവദിക്കില്ല എന്ന നിർദ്ദേശവും അനുസരിച്ചു.

 അകത്തേക്ക് കയറുമ്പോഴാണ് അറിയുന്നത് നാലോ അഞ്ചോ സ്റ്റെപ്പിന് അപ്പുറമാണ് എന്റെ സീറ്റെന്ന്. വാക്കർ ഉപയോഗിച്ച് അവിടേക്കെത്താൻ കഴിയില്ലെന്ന് തുറന്നു പറഞ്ഞു. ഭർത്താവിനെ അകത്തേക്ക് സഹായത്തിന് വിളിച്ചോട്ടെ എന്നു വിളിച്ചിട്ടും അവർ അനുവദിച്ചില്ല. പകരം അവർ എന്നെ സീറ്റിലേക്ക് എടുത്തിരുത്തി. അതിൽ ഞാനൊട്ടും കംഫർട്ടബിൾ അല്ലായിരുന്നു. നട്ടെല്ലിൽ പ്ലേറ്റ് ഇട്ടിട്ടുണ്ട്. എപ്പോ വീണാലും പൊട്ടാവുന്ന അസ്ഥിയുമായാണ് ഞാൻ ഈ കണ്ട പടികളെല്ലാം കയറിയെത്തിയത്. അത്രയും സൂക്ഷിച്ചാണ് ഓരോ അടിയും എടുത്ത് വയ്ക്കുന്നത്.

വേദന സഹിച്ച് എക്സാം പൂർത്തിയാക്കുമ്പോഴും ഭർത്താവ് ഫിറോസിനെ അകത്തേക്ക് കയറ്റിവിടാൻ അവർ അനുവദിച്ചില്ല. എക്സാം ഹാളിലിരുന്ന് കരയേണ്ടി വന്നുവെന്നും ഫാത്തിമ കുറിക്കുന്നു. വിഷയം എക്സാം സെന്റർ അധികൃതരെ അറിയിച്ചപ്പോൾ സെന്റർ ഭിന്നശേഷി സൗഹൃദമെല്ലെന്ന് റിപ്പോർട്ട് നൽകാം എന്നു മാത്രമാണ് അധികൃതർ അറിയിച്ചത്.’– ഫാത്തിമയുടെ വാക്കുകൾ

ഫാത്തിമ സോഷ്യൽ മീഡ‍ിയയിൽ പങ്കുവച്ച വിഡിയോയുടെ പൂർണരൂപം: