Thursday 07 November 2024 12:34 PM IST : By സ്വന്തം ലേഖകൻ

‘കിണറിന് സമീപം ഭക്ഷണം കഴിച്ചിരുന്ന പാത്രം...’; സ്ലാബിലെ ദ്വാരത്തിലൂടെ കിണറ്റില്‍ വീണ എട്ടു വയസ്സുകാരന് ദാരുണാന്ത്യം

isam-demise

സ്ലാബിലെ ദ്വാരത്തിലൂടെ കിണറ്റിലേക്കു വീണ ഭിന്നശേഷിക്കാരനായ എട്ടു വയസ്സുകാരൻ മരിച്ചു. ഐശ്വര്യ കോളനിയിൽ താമസിക്കുന്ന ബെംഗളൂരു ഐഎസ്ആർഒ ഉദ്യോഗസ്ഥൻ അബ്ദുല്ലയുടെ മകൻ ഐസാം യൂസഫ് മിർസ (8) ആണു മരിച്ചത്. പുതുനഗരം സെൻട്രൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ ഐസാമിനു സംസാരശേഷിയില്ല.

സംഭവത്തെക്കുറിച്ചു പുതുനഗരം പൊലീസ് പറയുന്നത്: 

സ്കൂൾ വിട്ടു വരുന്ന ഐസാം ലഘുഭക്ഷണം കഴിച്ചുകൊണ്ടു സമീപത്തെ വീടുകളിലേക്കു പോകുന്ന പതിവുണ്ട്. അങ്ങനെ പോയ കുട്ടിയെ കാണാതായതിനെ തുടർന്നു നടത്തിയ തിരച്ചിലിൽ വീട്ടിൽ നിന്ന് 100 മീറ്റർ മാറിയുള്ള കിണർ മൂടി വയ്ക്കാൻ ഉപയോഗിച്ചിരുന്ന സ്ലാബിലെ രണ്ടടിയോളം വീതിയുള്ള ദ്വാരം മൂടിവച്ചിരുന്ന ചാക്ക് കാണാതായതായി ശ്രദ്ധയിൽപെട്ടു.

അതിനു സമീപത്തായി ഐസാം ഭക്ഷണം കഴിക്കാൻ ഉപയോഗിച്ചിരുന്ന പാത്രം കണ്ടെത്തി. ഇതോടെ പുതുനഗരം പൊലീസിന്റെയും ചിറ്റൂരിൽ നിന്നുള്ള അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു സ്ലാബ് നീക്കി. 20 അടിയോളം വെള്ളമുണ്ടായിരുന്ന കിണറ്റിലെ 16 അടിയോളം വെള്ളം പമ്പ് ചെയ്തു വറ്റിച്ച് പാതാളക്കരണ്ടി ഉപയോഗിച്ചു നടത്തിയ തിരച്ചിലിൽ കുട്ടി കിണറ്റിലുണ്ടെന്ന് ഉറപ്പിച്ചു.

തുടർന്ന് അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ കിണറ്റിലിറങ്ങി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇന്നു പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. സഹോദരൻ: ബുർഹാൻ യൂനസ് മിർസ. ചിറ്റൂർ ഡിവൈഎസ്പി വി.എ.കൃഷ്ണദാസ്, പുതുനഗരം പൊലീസ് ഇൻസ്പെക്ടർ എസ്.രജീഷ്, ചിറ്റൂർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.രമേഷ്കുമാർ, പാലക്കാട്ടു നിന്നുള്ള അഗ്നിരക്ഷാ സേനാ വിഭാഗത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ പി.വി.പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.    

Tags:
  • Spotlight