Friday 22 October 2021 10:54 AM IST : By സ്വന്തം ലേഖകൻ

‘പഠിച്ചു കൊണ്ടേയിരിക്കണം, അങ്ങനെ കിട്ടുന്ന ഊർജം സന്തോഷം നൽകും’: 74ാം വയസ്സിൽ ഒന്നാം റാങ്ക് നേട്ടവുമായി അബ്ദുൽ റഹ്മാൻ

adbbnn5ahimmmn

ഇരവിപുരം തട്ടാമല പന്ത്രണ്ടു മുറി രേഷ്മ മൻസിലിൽ എ. അബ്ദുൽ റഹ്മാൻ എഴുപത്തിനാലാം വയസ്സിൽ റാങ്ക് ജേതാവ്. കേരള സർവകലാശാലയുടെ ഇംഗ്ലിഷ് ഫോർ കമ്യൂണിക്കേഷൻ അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാണ് അബ്ദുൽ റഹ്മാൻ ചരിത്രം കുറിച്ചത്. കൊല്ലം മുസ്‍ലിം അസോസിയേഷൻ നടത്തുന്ന എംഎ അറബിക് കോളജിലെ ഇംഗ്ലിഷ് അധ്യാപകൻ കൂടിയായ എ.അബ്ദുൽ റഹ്മാൻ. തപാൽ വകുപ്പിലെ ആർഎംഎസ് സോർട്ടിങ് അസിസ്റ്റന്റ് ആയി വിരമിച്ചതോടെ വീണ്ടും പഠനം 38 വർഷത്തിനു ശേഷം ആരംഭിച്ചു. 

അറബിക് കോളജിലെ അധ്യാപക വൃത്തിയിലും പ്രവേശിച്ചു. മുടങ്ങിയ ബിഎ ഇംഗ്ലിഷ് പഠനം തുടർന്നു. ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാലയിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിലും സൈക്കോളജിയിലും പിജി പാസായി. 2011ൽ ഇഗ്നോയുടെ തന്നെ ബിഎഡ് കോഴ്സും ജയിച്ചു.  2019 ലാണ് കേരള യൂണിവേഴ്സിറ്റി നടത്തിയ ഇംഗ്ലിഷ് ഫോർ കമ്യൂണിക്കേഷൻ അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ സായാഹ്ന കോഴ്സിനു ചേർന്നത്. 

ശാരീരിക അവശതകൾ ഉണ്ടെങ്കിലും, സൈക്കോളജിയിൽ അഡ്വാൻസ്ഡ് പിജി ഡിപ്ലോമ കൂടി പഠിക്കണമെന്ന ആഗ്രഹം ബാക്കിയുണ്ട്. പഠിക്കണം, പഠിച്ചു കൊണ്ടേയിരിക്കണം അതു നൽകുന്ന ഊർജം ഏതൊരാളുടെ ജീവിതത്തിലും സന്തോഷം നൽകുമെന്നാണ് അബ്ദുൽ റഹ്മാന്റെ അഭിപ്രായം. നസീമയാണ് ഭാര്യ. മക്കൾ– രേഷ്മ,റിയാസ്,റസീന, റജില, അലി, അഹമ്മദ്.

Tags:
  • Spotlight
  • Inspirational Story