Friday 09 November 2018 10:58 AM IST : By സ്വന്തം ലേഖകൻ

തീരത്തണഞ്ഞത് പാവയെന്ന് കരുതി , കൈയ്യിലെടുത്തപ്പോൾ ജീവന്റെ തുടിപ്പ്; സിനിമയെ വെല്ലും അക്കഥ

baby

കടലലകൾക്ക് ആ ജീവന്റെ തുടിപ്പിനെ ആഴങ്ങളിലേക്ക് കൊണ്ടു പോകാമായിരുന്നു. പക്ഷേ വിധിയുടെ കണക്കു പുസ്തകം ആ പൈതലിന്റെ നിയോഗം പണ്ടേക്കു പണ്ടേ എഴുതിച്ചേർത്തിരുന്നു. അതു കൊണ്ടാകണം വൃദ്ധ ദമ്പതികളായ ഗസ്ഹട്ടിനും ഭാര്യം സ്യൂവിനും രക്ഷകരുടെ കുപ്പായമണിയേണ്ടി വന്നത്.

കടൽ തീരത്തണഞ്ഞ കുഞ്ഞു ജീവനെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയതിന്റെ ചാരിതാർത്ഥ്യത്തിലാണ് ആ വൃദ്ധ ദമ്പതികൾ. കടൽത്തീരത്തടിഞ്ഞ കുഞ്ഞു ജീവനു മുന്നിൽ രക്ഷകരുടെ പരിവേഷമണിഞ്ഞ അവരുടെ കഥ കേട്ടാൽ അറിയാതെയെങ്കിലും നമ്മുടെ കണ്ണുകൾ നിറയും. മനസു നിറയ്ക്കുന്ന ആ കഥയിങ്ങനെ...

ന്യൂസിലൻഡിലാണ് ലോകത്തിന്റെ ഹൃദയം കീഴടക്കിയ സംഭവം അരങ്ങേറുന്നത്. കാഴ്ചകൾ കണ്ട് കടൽക്കരയിൽ ഇരിക്കുമ്പോഴാണ് തിര അവർക്ക് മുന്നിലേക്ക് ആ കുഞ്ഞിനെ എത്തിച്ചത്. ഒറ്റനോട്ടത്തിൽ ഒരു പാവ എന്നുതന്നെ കരുതുന്ന ഒന്നാണെന്നാണ് ദമ്പതികൾ കരുതിയത്. പക്ഷേ പിന്നീട് മനസിലായി അതൊരു ജീവനാണെന്ന്.

ഏകദേശം പതിനെട്ടു മാസം പ്രായം തോന്നിക്കുന്ന കുഞ്ഞാണ് കരയ്ക്കടിഞ്ഞത്. പാവയാണെന്ന് കരുതി ഒരു കൗതുകത്തിന് വാരിയെടുത്തപ്പോഴാണ് കുഞ്ഞിൽ ഇപ്പോഴും ജീവന്റെ തുടിപ്പുകളുണ്ടെന്ന് ആ ദമ്പതികൾ തിരിച്ചറിയുന്നത്. പിന്നെ സമയം കളയാതെ കുഞ്ഞുമായി ആശുപത്രിയിലേക്ക് ഓട്ടമായി. ജീവന് പ്രശ്നമൊന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞതോടെ ശ്വാസം വീണു. മാതാപിതാക്കളെ കണ്ടെത്താനായിയിരുന്നു പിന്നീടുള്ള ഓട്ടം.

മർഫി ഹോളിഡേയിലെ ക്യാംപിൽ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് കടൽത്തിരയിൽ കണ്ടെത്തിയതെന്ന് പൊലീസ് കണ്ടെത്തി. ടെന്റിനു പുറത്തു കടന്ന കുഞ്ഞ് നടന്ന് കടൽത്തീരത്തെത്തി കളിച്ചപ്പോൾ തിരയിൽപ്പെട്ടു പോയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ക്യാംപിന്റെ പരിസരങ്ങൾ മുതൽ കടൽത്തീരത്തേക്കുള്ള വഴിവരെ കുഞ്ഞിന്റെ കാൽപ്പാടുകൾ പതിഞ്ഞിരുന്നുവെന്നും അവർ പറയുന്നു. കുഞ്ഞിെന കാണാതെ ഹൃദയം തകർന്നിരുന്നവരുടെ മുന്നിലേക്കാണ് കടൽ ആ കുഞ്ഞിനെ വൃദ്ധ ദമ്പതികളുടെ കയ്യിൽ സുരക്ഷിതമായി തിരികെ നൽകിയത്.