നമ്പർ വൺ ആരോഗ്യ കേരളത്തിൽ മൂക്കിൽ നിന്ന് രക്തമൊലിക്കുന്ന കുഞ്ഞുമായി അമ്മ കയറിയിറങ്ങിയത് നാല് സർക്കാർ ആശുപത്രികളിൽ. തിരുവനന്തപുരം കരമന സ്വദേശി അനുഷയ്ക്കാണ് ദുരനുഭവമുണ്ടായത്. മൂന്ന് മണിക്കൂറിലേറെ അലഞ്ഞിട്ടും ചികിൽസ കിട്ടാതായതോടെ അനുഷ മകള്‍ ഗൗരിനന്ദയുമായി സ്വകാര്യ ആശുപത്രിയിൽ അഭയം തേടുകയായിരുന്നു.
മൂക്കിൽ നിന്ന് ചോരയൊലിപ്പിച്ചാണ് ട്യൂഷന്‍ സെന്‍ററില്‍ നിന്ന് ഗൗരിനന്ദ ഓടി വന്നതെന്ന് അനുഷ പറയുന്നു. ശനിയാഴ്ച 10 മണിയോടെ കുഞ്ഞിനേയും വാരിപ്പിടിച്ച് അനുഷ ആദ്യമെത്തിയത് തൈക്കാട് ആശുപത്രിയിൽ ഡോക്ടറെ കണ്ടത് 11: 50 ഓടെ. അവിടെ നിന്ന് കൈയൊഴിഞ്ഞതോടെ ജനറൽ ആശുപത്രിയിൽ എത്തിയത് 12. 45 ന്. അവിടെ നിന്നും പുലര്‍ച്ചെ 1. 39 ഓടെ തിരുവനന്തപുരം എസ്എടിയിൽ എത്തി.
മെഡിക്കൽ കോളജ് എത്തിച്ചപ്പോൾ 2.10 കഴിഞ്ഞു. ഒടുവില്‍ 2.30 ഓടെ സ്വകാര്യ ആശുപത്രിയിൽ ചിൽസ തേടുകയായിരുന്നു. തിരുവനന്തപുരം നഗരത്തിലെ ഏറ്റവും വലിയ നാല് സർക്കാർ ആശുപത്രികൾ കയറിയിറങ്ങിയിട്ടും കഴിയാത്ത കാര്യം അവിടെ നടന്നു. കുട്ടിക്ക് സൈനസ് അണുബാധയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.