Tuesday 19 November 2019 05:03 PM IST : By സ്വന്തം ലേഖകൻ

കാറ്റുകൊള്ളാനിറങ്ങിയപ്പോൾ കണ്ടത് മാലിന്യക്കൂമ്പാരം; രണ്ടു മണിക്കൂറിൽ മുക്കം ബീച്ച് വെടിപ്പാക്കി വിദേശികൾ

cl

കാറ്റുകൊള്ളാനിറങ്ങിയതാണ് വിദേശികൾ. കണ്ട കാഴ്ചയോ?, കടപ്പുറം കുപ്പത്തൊട്ടിക്ക് സമാനമായി കിടക്കുന്നു. ശരാശരി മലയാളിയാണെങ്കിൽ ഇതു ചെയ്തവരെ കുറ്റം പറയും. അതുമല്ലെങ്കിൽ ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടിൽ മൂക്കും പൊത്തി അതു വഴി പോകും. പക്ഷേ മുക്കം ബീച്ചിലേക്കെത്തിയ വിദേശികൾ ഇതു കണ്ടു കയ്യൊഴിഞ്ഞില്ല. മറ്റൊന്നുമാലോചിക്കാതെ ചിതറിക്കിടക്കുന്ന മാലിന്യംകുടുംബസമേതം ക്ലീനാക്കി.

ആയുര്‍വേദ ചികില്‍സയ്ക്കായി ബെല്‍ജിയത്തില്‍ നിന്നു എത്തിയവരാണ് കേരളക്കരയുടെ കണ്ണുതുറപ്പിക്കുന്നത്. വൈകുന്നേരം പൊഴിക്കര മുക്കം ബീച്ചില്‍ കാറ്റ് കൊള്ളാനിറങ്ങിയതാണ്. മാലിന്യം നിറഞ്ഞ ബീച്ച് കണ്ടിട്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞ് മടങ്ങാന്‍ വിദേശികള്‍ തയാറായില്ല. പത്തു പേരടങ്ങുന്ന സംഘം രണ്ടു മണിക്കൂറുകൊണ്ട് കടപ്പുറമങ്ങ് വൃത്തിയാക്കി. വിദേശികളൊടൊപ്പം ചില നാട്ടുകാരും ചേര്‍ന്നു. മറ്റു ചിലര്‍ പതിവു പേലെ ശുചീകരണ പ്രവര്‍ത്തനം നോക്കി നിന്നു. ചിലര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി നിര്‍വൃതി അടഞ്ഞു.