Monday 16 May 2022 10:31 AM IST : By സ്വന്തം ലേഖകൻ

ഡ്രൈവർ ജോലി ചെയ്ത് എംബിബിഎസ് പഠനം; യുദ്ധം എല്ലാം തകർത്തു, ഇന്ന് താൽക്കാലിക സെയിൽസ്മാനായി ജോലി ചെയ്ത് മെഡിക്കൽ വിദ്യാർഥി

kollam-gireesh.jpg.image.845.440

വീട് പണയപ്പെടുത്തി യുക്രെയ്നിൽ എംബിബിഎസ് പഠനത്തിനു ചേർന്ന്, ടാക്സി ഡ്രൈവറായി ജോലി ചെയ്ത് പഠനാവശ്യത്തിനു പണം കണ്ടെത്തിക്കൊണ്ടിരുന്ന വിദ്യാർഥി ഇപ്പോൾ ഫീസ് അടയ്ക്കാൻ പണമില്ലാത്തതിനാൽ ഓൺലൈൻ ക്ലാസിൽ നിന്നു പുറത്താകുന്ന സാഹചര്യം. യുദ്ധസാഹചര്യത്തിൽ കഴിഞ്ഞ മാർച്ചിൽ യുക്രെയ്നിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ കൊല്ലം തൃക്കടവൂർ പ്രതീക്ഷ നഗർ ഗായത്രി നിവാസിൽ ഗിരീഷ് ഗണേശന്റെ പഠനമാണ് പ്രതിസന്ധിയിലായത്. വീട്ടിലെ സാമ്പത്തികാവസ്ഥ മോശമായതോടെ ഇപ്പോൾ കൊല്ലം എആർ ക്യാംപിലെ കാന്റീനിൽ താൽക്കാലിക സെയിൽസ്മാനായി ജോലി ചെയ്യുകയാണ് ഈ മെഡിക്കൽ വിദ്യാർഥി. 

വിദ്യാഭ്യാസ വായ്പ കിട്ടാത്തതിനാൽ, വീട് ഈടു വച്ച് 8 ലക്ഷം രൂപ കടമെടുത്താണു ഗിരീഷ് യുക്രെയ്നിലേക്കു പോയത്.  വിവിധ ജോലികൾ ചെയ്താണു പഠനച്ചെലവിന്റെ നല്ലൊരു ഭാഗം കണ്ടെത്തിയിരുന്നത്. പഠനത്തിലും മുൻപിലായിരുന്നു. പ്രധാനപരീക്ഷയായ ക്രോക്–1ൽ യൂണിവേഴ്സിറ്റിയിൽ നിന്നു ജയിച്ച 35 പേരിൽ ഒരാളാണ് ഗിരീഷ്. സ്വന്തം ക്ലാസ്സിൽ നിന്നു ജയിച്ച 3 പേരിൽ ഒരേയൊരു ഇന്ത്യക്കാരനും. ഗിരീഷ് നാട്ടിലെത്തി ദിവസങ്ങൾക്കകം ഓൺലൈൻ ക്ലാസുകൾ പുനരാരംഭിച്ചിരുന്നു. ഇപ്പോൾ ഒന്നരലക്ഷം രൂപയോളം സെമസ്റ്റർ ഫീസ് അടയ്ക്കാത്തതിനാൽ ക്ലാസിൽ നിന്ന് പുറത്താകുന്ന സാഹചര്യമാണ്. നാലാം വർഷ വിദ്യാർഥിയായ ഗിരീഷിന് ഇനി ഒന്നര വർഷത്തെ ക്ലാസുകൾ കൂടി പൂർത്തിയാക്കണം.

സൗദിയിലെ വർക്​ഷോപ്പിൽ ജോലി ചെയ്തിരുന്ന പിതാവ് ഗണേശന് കോവിഡ് സാഹചര്യത്തിൽ ജോലി നഷ്ടമായതോടെയാണ് കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ മോശമായത്. നാട്ടിൽ സ്വന്തമായി സംരംഭം ആരംഭിക്കാനെടുത്ത വായ്പ ഉൾപ്പെടെയുള്ള കടങ്ങൾ പെരുകി ജപ്തി നോട്ടിസിലെത്തി. ആർക്കിടെക്ചർ രണ്ടാം വർഷ വിദ്യാർഥിനിയായ സഹോദരി, പഠനത്തിൽ കോളജിൽ തന്നെ മുന്നിലാണെങ്കിലും ഫീസ് മുടങ്ങിയതിനാൽ പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യത്തിലാണ്. യുക്രെയ്നിൽ തന്നെ തുടരാനായെങ്കിൽ പാർട് ൈടം ജോലികൾ ചെയ്ത് എങ്ങനെയെങ്കിലും പഠനം പൂർത്തിയാക്കാമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. വേണ്ട സാമ്പത്തിക സഹായം ലഭിച്ചാൽ ഗിരീഷിന് പഠനം മുന്നോട്ടു കൊണ്ടുപോകാനാകും. Account No: 20363446601, IFSC: SBIN0008263, UPI NO: 9744330512

Tags:
  • Spotlight