Monday 07 October 2024 04:59 PM IST : By സ്വന്തം ലേഖകൻ

കുക്കിങ് പെൺകുട്ടികളുടെ ജോലിയാണെന്ന ചിന്ത വീട്ടിൽ വേണ്ട, ആൺ–പെൺ ഭേദമില്ലാതെ വീട്ടുജോലി പഠിപ്പിക്കണം

teenage-parenting

ആവേശം സിനിമയിലെ കരിങ്കാളിയല്ലേ പാട്ടിനൊത്ത് മാറുന്ന ഫഹദിന്റെ മുഖം പോലെയാണ് ടീനേജിന്റെ മനസ്സ്. ഒരു സൈഡിൽ നന്നായി ചിരിക്കും. പക്ഷേ അടുത്ത നിമിഷത്തിൽ കട്ടക്കലിപ്പ്.

പുതിയ പിള്ളേരെ ന്യൂ ജെൻ എന്നൊക്കെ വിളിച്ചാൽ ഒാൾഡ് ഫാഷനായി പോവും. അവർ സ്വയം വിളിക്കുന്നത് ജെൻ സി (Gen Z) എന്നാണ്. വീട്ടിൽ നിന്ന് ഇറങ്ങുകയും ചെയ്തു സ്റ്റാന്റിൽ ഒട്ട് എത്തിയിട്ടുമില്ല എന്ന പ്രായം അതായതു കൗമാരത്തിന്റെ പടി കടക്കുകയും ചെയ്തു എന്നാൽ സ്വന്തമായി ജോലി കിട്ടി സെറ്റിൽ ചെയ്തിട്ടും ഇല്ല. ആ പരുവത്തിലാണു മനസ്സ് ഇങ്ങനെ തെന്നിത്തെറിച്ചു പോവുന്നത്.

ഉള്ളിന്റെ ഉള്ളിൽ പ്രേമലു നായകനെ പോലെ പൈങ്കിളി മാൻ ആയിരിക്കും. പക്ഷേ, തുറന്നു പറഞ്ഞാൽ ക്രിഞ്ചായി പോയാലോ?. അതുകൊണ്ട് രംഗണ്ണനെ പോലെ ‘ഡാ മോനേ’ എന്നൊക്കെ വിളിച്ചു നടക്കാൻ നോക്കും. അവരെ പറഞ്ഞിട്ടു കാര്യമില്ല. വീട്ടിലുള്ളവരും സമൂഹവും അവരുടെ തലയിൽ എടുത്തു വയ്ക്കുന്ന ഭാരം വലുതാണ്.

എന്തൊക്കെ കൺഫ്യൂഷൻസാണ് കലങ്ങി മറിയുന്നത്. നേരം വെളുക്കുമ്പോൾ മുതൽ മനസ്സിലെ ടാർഗറ്റ് പിടിക്കാൻ പറ്റാത്ത പ്രഷർ ഉണ്ട്. നേരത്തെ എഴുന്നേറ്റ് ജിമ്മിൽ പോകാനൊക്കെ വിചാരിക്കുന്നവരുണ്ടാകും. പക്ഷേ, മൊബൈൽ അണഞ്ഞതു പാതിരാവിലാവും. സപ്ലിയാണെങ്കിൽ മ്യൂട്ടടിച്ചിട്ടിരിക്കുന്ന ഫാമിലി ഗ്രൂപ്പിലെ അൺറീഡ് മെസേജുകൾ പോലെ ദിവസം കഴിയും തോറും കൂടിക്കൊണ്ടിരിക്കുകയാണ്. പഠിക്കാമെന്നു വച്ചു പുസ്തകമെടുത്താൽ അറിയാതെ ഇൻസ്റ്റയൊന്നെടുക്കും. അതോടെ മണിക്കൂർ കുറേ പോകും. അവസാനം പരീക്ഷയുടെ റിസൽറ്റ് വരുമ്പോൾ ജീവി തം ജഗതി പണ്ട് പാടിയ പോലെ ‘ഒാട്ടപാത്രത്തിൽ ഞ ണ്ടു വീണാൽ ലൊട ലൊട ലൊടലാ’....

പ്രായത്തിന്റെ ആണെടോ, ഭേദമാകും എന്നൊക്കെ ഉപദേശിക്കാൻ ചെന്നാൽ പിള്ളേരു നമ്മളെ ഒരുമാതിരി വാട്സാപ് കേശവൻമാമനാക്കും. കൗമാരത്തിന് ഉപദേശം കാള ചുവപ്പു കണ്ട പോലെയാണ്. അതുകൊണ്ടു ത ലയിൽ വെളിച്ചമുള്ള മാതാപിതാക്കൾ ചീത്തവിളിയുടെ ബോംബെറിഞ്ഞു രംഗം വഷളാക്കില്ല. ക്ഷമിച്ചും സഹിച്ചും മുന്നോട്ടു പോകും. പക്ഷേ, ഒരു പരിധികഴിഞ്ഞാൽ പിന്നെ ഏതു വീടും ഡബ്ല്യൂ ഡബ്ല്യൂ ഇ പ്ലാറ്റ്ഫോം പോലെയാകും, അടി അലക്ക് അലറൽ....

ആ അവസ്ഥ ഉണ്ടാവാതിരിക്കാന്‍ പിള്ളേരുടെ മനസ്സിലെ മല്ലുമിനാട്ടികളും അതിനെ നേരിടാൻ രക്ഷിതാക്കൾ സ്വീകരിക്കേണ്ട റിയാലിറ്റികളും ഇതാ...

ബെസ്റ്റി V/S ലവർ

‘‘പണ്ട് സ്കൂളിലും കോളജിലും പഠിക്കുന്ന കാലത്ത് ആൺകുട്ടിയും പെൺകുട്ടിയും ഒന്നിച്ചു നിന്നു മിണ്ടിയാൽ ആകാശം ഇടിഞ്ഞുവീഴും എന്നാണു കരുതിയിരുന്നത്. വീട്ടിലേക്കു വരുന്ന കത്തു പോലും അച്ഛനും അമ്മയും പൊട്ടിച്ചു വായിച്ചിട്ടേ തരൂ. നിനക്കൊക്കെ ഇപ്പോ ഒരു കയ്യിൽ ബെസ്റ്റി മറ്റേ കൈയിൽ കാമുകിയും..’’ പുതിയ പിള്ളേരെ നോക്കി നര വീണ വൈബിന്റെ ആത്മഗതം. പക്ഷേ, അവർക്കറിയാം കഷ്ടപ്പാട്. ഇതു പൊടിക്ക് ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ...

Gen Z അറിയാൻ: ബെസ്റ്റി എന്നാൽ ആത്മാർഥ സുഹൃത്ത്. ലവർ– കാമുകൻ\ കാമുകി . ആ വേർതിരിവ് മനസ്സിൽ വേണം. ബെസ്റ്റിക്കു നമ്മളോട് ഇഷ്ടമായിരിക്കും. പൂർണ വിശ്വാസമായിരിക്കും. താൽപര്യങ്ങള്‍ പരസ്പരം സമ്മതിച്ചു കൊണ്ടു നമുക്കു വേണ്ട സഹായങ്ങൾ ബെസ്റ്റി നൽകും. ഈ ബന്ധത്തിൽ പൊസസീവ്നസ് പാടില്ല.

പ്രണയത്തിൽ നാലു ഘടകങ്ങളാണുള്ളത്.

∙ ആത്മബന്ധം (ഇന്റിമസി) – പ്രണയിച്ചു തുടങ്ങുമ്പോൾ ഇഷ്ടപ്പെട്ട വ്യക്തിയുടെ താൽപര്യം കൂടി സംരക്ഷിച്ചു തുടങ്ങുന്നു.

∙ജനാധിപത്യം (ഡെമോക്രസി) – അഭിപ്രായവും അഭിപ്രായ വ്യത്യാസവും ശ്രദ്ധിക്കപ്പെടുന്നുണ്ട്, പരിഗണിക്കുന്നുണ്ട് എന്ന ഉറപ്പ്.

∙ശാരീരിക ആകർഷണം (പാഷൻ)– പ്രണയത്തിൽ ശരീരത്തോടുള്ള ഇഷ്ടവും ലൈംഗിക ആസക്തിയും വരാം.

∙പ്രതിബദ്ധത (കമ്മിറ്റ്മെന്റ്) – പ്രണയം മുന്നോട്ടു പോകുമ്പോൾ പലരെയും പരിചയപ്പെടും. സൗന്ദര്യത്തിൽ ഭ്രമം തോന്നും. അത് പ്രണയത്തെ ബാധിക്കരുത്.

ഇതിൽ അവസാന രണ്ടു ഘടകങ്ങൾ ബെസ്റ്റിയിൽ കാണാനാകില്ല. ആ ഘട്ടം കൂടി ബെസ്റ്റിയിലേക്കു വരുമ്പോഴാണ് അതിർവരമ്പുകൾ ഇല്ലാതാകുക.

െബസ്റ്റി വഴിവിട്ടു പോകുന്നെന്ന് എങ്ങനെ തിരിച്ചറിയാം? കാണാതിരുന്നാൽ ആകെ അസ്വസ്ഥത. ബെസ്റ്റി മറ്റാരോടെങ്കിലും കൂടുതൽ സംസാരിച്ചു തുടങ്ങിയാൽ പൊസസീവ്നെസ് തുടങ്ങുന്നു. ഈ ലക്ഷണങ്ങൾ മൊത്തത്തിൽ സീൻ ആകാനാണ് സാധ്യത. അതുകൊണ്ട് ആ ജംങ്ഷനെത്തുമ്പോൾ രണ്ടിലൊന്നു തീരുമാനിക്കുക.

മാതാപിതാക്കളോട്: ‘ബെസ്റ്റി’ പരസ്പരം സഹായിക്കാനും സഹകരിക്കാനും നല്ലതാണ്. പക്ഷേ, അവരുടെ അസാന്നിധ്യം കുട്ടിയെ അസ്വസ്ഥമാക്കുന്നുവെങ്കിൽ ബെസ്റ്റി എന്ന പരിധി കടന്നു എന്നാണ് അതിന്റെ അർഥം.

കൗമാരത്തിൽ പ്രണയം തോന്നുന്നതു സ്വാഭാവികം. എ ന്നാൽ ലോകം ആ വ്യക്തിയിലേക്കു മാത്രം ഒതുങ്ങുന്നതു വൈകാരികമായ അടിമത്തമാണ്. മറ്റാരോടും സംസാരിക്കേണ്ട, സന്തോഷം ആ ഒരാൾ മാത്രമേ നല്‍കൂ തുടങ്ങിയ ചിന്തകൾ ഇതിന്റെ ഭാഗമാണ്. അത് അനാരോഗ്യകരമാണ്. ആ അവസ്ഥയിലേക്കു പോകാതെ കുട്ടിയെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്.

കുക്കിങ് V/S ഓൺലൈൻ ഫൂഡ്

തള്ളിമറിക്കാൻ എളുപ്പമാണ്. ജങ്ക് ഫൂഡ് ഇനി കഴിക്കില്ല, പോക്കറ്റ് മണി ലാഭിക്കും... പക്ഷേ, അറിയാതെ പീത്‌സ ഒാർഡറാക്കും.  ഈ കൺഫ്യൂഷൻ  ഹോസ്റ്റലിലും പേ ഇൻ ഗെസ്റ്റും ആയി നിൽക്കുമ്പോഴാണു  കടുകു വറക്കുക. എന്തെങ്കിലും കുക്ക് ചെയ്ത് കഴിക്കാം എന്നു തോന്നുമ്പോൾ മനസ്സറിഞ്ഞ പോലെ സൊമാറ്റോയും സ്വിഗിയുമൊക്കെ മെസേജ് അയക്കും– ബർഗർ വേണോ ബർഗർ.... പിന്നെന്ത് നോക്കാൻ?

Gen Z അറിയാൻ:  പാചകം ലിംഗ ഭേദമെന്യേ എല്ലാ കുട്ടികളും പരിശീലിക്കേണ്ട കാര്യമാണ്. വിദേശരാജ്യത്തു പഠനത്തിനും ജോലിക്കും ഒക്കെ പോകാൻ ആഗ്രഹിക്കുന്നവർ പ്രത്യേകിച്ചും. അവിടെ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുക  ഭക്ഷണം ഒാർ‌ഡർ ചെയ്യുക.  ഇതൊക്കെ  ചെലവേറിയ കാര്യമാണ്. വരുമാനത്തിന്റെ സിംഹഭാഗവും പോകും.  
സാമ്പത്തിക നഷ്ടം മാത്രമല്ല ജങ്ക് ഫൂഡ് വഴി അമിത വണ്ണവും ഫാറ്റിലിവറും ഒക്കെയുണ്ടാകാം. അതുകൊണ്ട് കഴിയുന്നത്ര ജങ്ക് ഫൂഡ് കഴിക്കുന്നതുനിയന്ത്രിക്കണം .   മാതാപിതാക്കളോട്: –കുക്കിങ് പെ ൺകുട്ടികളുടെ മാത്രം കാര്യമാണെന്ന ചിന്ത വീട്ടിൽ വളർത്തരുത്. കുട്ടിക്കാലത്തേ ആൺപെൺ വ്യത്യാസമില്ലാതെ മക്കളെ വീട്ടുജോലികളിലും പാചകത്തിലും സഹകരിപ്പിക്കണം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. അരുൺ ബി നായർ

പ്രൊഫസർ ഒാഫ് സൈക്യാട്രി

മെഡിക്കൽ കോളജ്, തിരുവനന്തപുരം,

ഒാണററി കൺസൽട്ടൻറ്, സൈക്യാട്രി,

ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസ്

ആന്റ് ടെക്നോളജി