Wednesday 21 February 2024 04:13 PM IST : By സ്വന്തം ലേഖകൻ

കാർബണേറ്റഡ് ഡ്രിങ്ക്സ് വേണ്ട, ഉപ്പിട്ട കഞ്ഞിവെള്ളവും നാരങ്ങാവെള്ളവും ധാരാളം കുടിക്കാം; വേനൽക്കാലത്ത് എടുക്കാം മുൻകരുതലുകൾ

summer0ghhgf

സൂര്യാഘാതവും സൂര്യാതപവും ഒക്കെ ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നതാണ് ഇപ്പോൾ നമ്മുടെ നാട്ടിലെ അവസ്ഥ. വേനൽച്ചൂട് വർധിക്കുമ്പോൾ  അൽപം ശ്രദ്ധിച്ചാൽ അപകടം ഒഴിവാക്കാനാകും.

സൂര്യാഘാതവും ലക്ഷണവും

അമിത ചൂട് ശരീരത്തിനേൽപിക്കുന്ന ഗുരുതരമായ പ്രശ്നമാണ് സൂര്യാഘാതം. കഠിനമായ ചൂടിനെ തുടർന്ന് ശരീരത്തിലെ ചൂട് ഉയരുമ്പോൾ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങളെല്ലാം തകരാറിലാകും, ശാരീരിക പ്രവർത്തനങ്ങളുടെ താളം തെറ്റും.

വളരെ ഉയർന്ന ശരീരതാപം, വറ്റി വരണ്ട് ചുവന്ന് ചൂടായ ചർമം, നേർത്ത നാഡിയിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, ഛർദി, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും  ഇതേ തുടർന്നുള്ള അബോധാവസ്ഥയും സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ദേഹത്ത് പൊള്ളലേറ്റ പോലെ കുമിളകൾ പൊങ്ങിവരികയും ചെയ്യാം.

വെയിലത്ത് തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവർ ഇടയ്ക്കിടെ തണലത്ത് മാറി നിൽക്കുകയും  ധാരാളം വെള്ളം കുടിക്കുകയും വേണം. തണുത്ത വെള്ളത്തിൽ മുക്കിയ തുണി കൊണ്ട് ശരീരം തുടയ്ക്കുന്നതും നല്ലതാണ്. ഉച്ചസമയത്തുള്ള വെയിൽ ഒഴിവാക്കാനും ശ്രദ്ധിക്കുക.

സൂരാഘാതത്തേക്കാൾ അൽപം കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപമേറ്റുള്ള താപശരീര ശോഷണം. വിയർപ്പ്, വിളർത്ത ശരീരം, ശക്തിയായ ക്ഷീണം, തല കറക്കം, തല വേദന, ഓക്കാനവും ഛർദ്ദിയും ബോധംകെട്ടു വീഴുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ താപശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.

കാർബണേറ്റഡ് ഡ്രിങ്ക്സ് വേണ്ട

∙ ദിവസവും ധാരാളം വെള്ളം കുടിക്കണം. കുടിക്കാനുള്ള വെള്ളം മൂന്നു മുതൽ അഞ്ചു മിനിറ്റു വരെ തിളപ്പിക്കണം. ചൂടാറിയ ശേഷം മാത്രമേ ചൂടുകാലത്ത് വെള്ളം കുടിക്കാവൂ. വേനൽക്കാലത്തെ സ്ഥിരം രോഗങ്ങളായ മൂത്രം ചുടീൽ, മൂത്രത്തിലെ അണുബാധ എന്നിവയെ തടയാനും വെള്ളംകുടി ശീലത്തിന് കഴിയും.  

∙ ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, എന്നിവ ധാരാളം കുടിക്കാം. കോള പോലുള്ള മധുര പാനീയങ്ങൾ വേനൽക്കാലത്ത് പൂർണമായി ഒഴിവാക്കണം. പകരം തിളപ്പിച്ചാറിയ വെള്ളം എപ്പോഴും കയ്യിൽ കരുതാം.

∙ ഏസി, ഫാൻ, എയർ കൂളർ എന്നിവ ഉപയോഗിക്കുമ്പോൾ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കണം. ഇല്ലെങ്കിൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുകയും നിർജലീകരണം സംഭവിക്കുകയും ചെയ്യും. വിയർത്തൊലിച്ചു വന്നാലുടൻ എസിയിൽ പ്രവേശിക്കരുത്.

∙ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ മാസ്കും കൈയ്യുറകളും ധരിക്കണം. വേനൽക്കാലത്ത് വെയിലിനൊപ്പം തന്നെ വായു മലിനീകരണവും കൂടാനുള്ള സാധ്യതയേറെയാണ്. കാൽനട യാത്രക്കാർ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെയുള്ള സമയത്ത് കുട ചൂടി മാത്രം പുറത്തിറങ്ങുക. ശരീരം ശുചിയായിരിക്കാൻ നിത്യവും രണ്ടോ അതിലധികമോ തവണ തണുത്ത വെള്ളത്തിൽ കുളിക്കാം.  

വേനൽക്കാലത്ത് ആയിരിക്കുമ്പോഴും സൺപ്രൊട്ടക്ഷൻ ക്രീം ഉപയോഗിക്കണം. സൺ പ്രൊട്ടക്ഷൻ ഫാക്ടർ 30 (എസ്പിഎഫ്) എങ്കിലും അടങ്ങിയ ക്രീം തിരഞ്ഞെടുക്കണം. ഓരോ തവണയും വെയിലത്തു നിന്ന് കയറുന്ന ഉടൻ മുഖവും കഴുത്തും കൈകാലുകളും ശുദ്ധമായ വെള്ളത്തിൽ കഴുകണം. വെയില്‍ ഏൽപ്പിച്ച തീവ്രത കുറയ്ക്കാനും മുഖം കഴുകുന്നതു വഴി കഴിയും. അതിനു ശേഷം മോയ്സ്ചറൈസർ പുരട്ടാം.    

  </p>