Saturday 25 September 2021 05:01 PM IST : By സ്വന്തം ലേഖകൻ

‘തുടിക്കുന്ന ഹൃദയമുണ്ട് ആ വാഹനത്തിൽ, ഒന്നു വഴിയൊരുക്കണേ...’: രോഗി കാത്തിരിക്കുന്നു: അഭ്യർത്ഥിച്ച് ആരോഗ്യമന്ത്രിയും

heart-ambulance

‘ജീവനു വേണ്ടിയുള്ള നെട്ടോട്ടമാണ്. ദയവ് ചെയ്ത് വഴിയൊരുക്കുക.’

ഒരു ജീവൻ രക്ഷിക്കാന്‍ വേണ്ടിയുള്ള ആംബുലൻസിന്റെ വേഗതയ്ക്കു മുന്നിൽ വഴിയൊരുക്കണമെന്ന് അഭ്യർത്ഥിച്ച് ഒരിക്കൽ കൂടി സഹൃദയർക്കു മുന്നിൽ കൈകൂപ്പുകയാണ് സോഷ്യൽ മീഡിയ. എറണാകുളം രാജഗിരി ആശുപത്രിയിൽ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ നേവിസിന്റെ (25) ഹൃദയവും വഹിച്ച് കൊണ്ടുള്ള വാഹനമാണ് കടന്നു വരാനിരിക്കുന്നത്. കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് പോകുന്ന വാഹനത്തിന് സുഗമമായി യാത്രയൊരുക്കണണെന്നാണ് അഭ്യർത്ഥന. ആരോഗ്യമന്ത്രി വീണാ ജോർജ് അടക്കമുള്ളവർ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

ആരോഗ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ നേവിസിന്റെ (25) ഹൃദയവും വഹിച്ച് കൊണ്ടുള്ള വാഹനം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് പോകുകയാണ്. എത്രയും വേഗം ഹൃദയം കോഴിക്കോട് എത്തിച്ച് ചികിത്സയിലുള്ള രോഗിയില്‍ വച്ച് പിടിപ്പിക്കണം. ഓരോ നിമിഷവും പ്രധാനമാണ്. അവയവദാന പ്രക്രിയയ്ക്കും സുഗമമായ യാത്രയ്ക്കും വേണ്ട ക്രമീകരണങ്ങളെല്ലാം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇക്കാര്യം ബഹു. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം പോലീസ് ഉദ്യോഗസ്ഥര്‍ ഗതാഗത ക്രമീകരണമൊരുക്കുന്നുണ്ട്. എങ്കിലും എല്ലാവരും വഴിയൊരുക്കി ഈ വാഹനത്തെ കടത്തി വിടേണ്ടതാണ്.

ഫ്രാന്‍സില്‍ അക്കൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കോവിഡ് കാരണം ഇപ്പോള്‍ ഓണ്‍ലൈനായാണ് ക്ലാസ്. കഴിഞ്ഞ 16നാണ് സംഭവമുണ്ടായത്. രാത്രിയുള്ള പഠനം കഴിഞ്ഞിട്ട് ഉണരാന്‍ വൈകിയിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുന്ന സഹോദരി വിസ്മയ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ അബോധാവസ്ഥയില്‍ കിടന്നിരുന്നു. ഉടന്‍ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലമുള്ള പ്രശ്‌നമായിരുന്നു.

ആരോഗ്യ നിലയില്‍ വലിയ മാറ്റം വരാത്തതിനാല്‍ 20-ാം തീയതി എറണാകുളം രാജഗിരി ആശുപത്രിയില്‍ എത്തിച്ചു. ഇന്നലെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു. ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.

ഏറെ വിഷമ ഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന അച്ഛന്‍ സാജന്‍ മാത്യുവിനേയും അമ്മ ഷെറിനേയും സഹോദരന്‍ എല്‍വിസിനേയും സര്‍ക്കാരിന്റെ എല്ലാ ആദരവും അറിയിക്കുന്നു.