Saturday 19 September 2020 11:57 AM IST : By സ്വന്തം ലേഖകൻ

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: ബുധനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, മുന്നറിയിപ്പ്

gutters-for-rainfall

സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. വരുന്ന അ‍ഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണമാകുന്നത്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന മുന്നറിയിപ്പുമുണ്ട്.  

ബുധനാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദം മഴ കനക്കാന്‍ ഇടയാക്കും. ഇടുക്കി , കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ( ഞായറാഴ്ച)  എറണാകുളം, ഇടുക്കി, മലപ്പുറം , കോഴിക്കോട് , വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടുമുണ്ട്. മണിക്കൂറില്‍ 60 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. കടല്‍ക്ഷോഭം ശക്തമാണ്. 

ഇനിയൊരറിയിപ്പുണ്ടാകും വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. മലയോര മേഖലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. 20 സെന്‍റിമീറ്ററില്‍ കൂടുതല്‍ മഴ പെയ്തേക്കും. ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ പ്രത്യേകം ജാഗ്രത പാലിക്കണം. വടക്കന്‍ജില്ലകളുടെ മലയോരമേഖലകളിലും അതിശക്തമായ മഴ കിട്ടും. ജാഗ്രതപാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:
  • Spotlight