Saturday 03 August 2019 05:29 PM IST : By സ്വന്തം ലേഖകൻ

ഇയർഫോൺ വച്ച് പാട്ടു കേട്ടുറങ്ങുന്ന ശീലമുണ്ടോ? ‘ഇതിലിപ്പോൾ എന്തു ദോഷം വരാനാണ്’ എന്ന് ചിന്തിക്കുന്നവർക്കുള്ള ഉത്തരം ഇതാ!

sound-pollute

ഹേയ്... എന്തുപറ്റി?

ഹെഡ്ഫോൺ വയ്ക്കാൻ പറ്റുന്നില്ല. ചെവിയിൽ എപ്പോഴും കടലിന്റെ ഇരപ്പ് പോലെ.

എന്നിട്ടിപ്പോ എന്താ ചെയ്യുന്ന?

ഗൂഗിളിൽ നോക്ക്വാണ്. നല്ല ഇഎൻടി ഡോക്ടേഴ്സ് ആരാണ് ഇവിടെ ഉള്ളതെന്ന്.

ഹും... അൽപനേരം എന്റെ കൂടെ ഒന്നു വരുമോ?

ഇതൊന്നു നോക്കി കണ്ടുപിടിച്ചിട്ട്...

പോരാ, ഇപ്പോൾ വരണം.

ശരി... വരാം...

എന്നാൽ ദാ, ആ മുറിയുടെ കോണിൽ പോയി ഇരിക്കൂ, ഞാൻ ഈ വാതിൽ ഒന്ന് അടച്ചോട്ടെ. ഇനി ആ ചെവിയിലെ ഹെഡ്ഫോൺ മാറ്റൂ... കണ്ണടച്ചിരിക്കൂ ഒ രു അഞ്ചു മിനിറ്റ്.

എന്താ  ഇപ്പോ കേൾക്കുന്നത്?’

 ‘ഒന്നുമില്ല...  അതിനിവിടെ കേൾക്കാൻ പാകത്തി ൽ എന്താ ഉള്ളത്?

ഇനി കണ്ണ് തുറന്നോളൂ, ഇതാണ് സൈലൻസ്... നിശബ്ദത... ഇതിന്റെ വിലയാണ് നീ ഇത്രനാൾ മനസ്സിലാക്കാതെ പോയത്, ഈ സൈലൻസ്, ഇതു തന്നെയാണ്  ഇപ്പോഴുള്ള നിന്റെ പ്രശ്നങ്ങളുടെ പരിഹാരവും.’

ശബ്ദം എത്രയാകാം?

ഒരു മനുഷ്യന് സാധാരണ ഗതിയിൽ  സ ഹിക്കാൻ കഴിയുന്ന ശബ്ദത്തിന്റെ പരിധി 85 ഡെസിബൽ ആണ്. ഇതിൽ കൂടുതൽ ശബ്ദം തുടരെ കേൾക്കുന്നത് ചെവിയുടെ ആരോഗ്യത്തെ ബാധിക്കും. ചെറിയ ശബ്ദം പോലും ഈ അവസരങ്ങളിൽ നമ്മെ അസ്വസ്ഥരാക്കും. റോക്ക് ബാൻഡുകൾ ഉണ്ടാക്കുന്ന ശരാശരി ശബ്ദം  ഏകദേശം 110  ഡെ സിബലാണെന്നും ഒരു സാധാരണ സംഭാഷണം 50 – 60  ഡെസിബലാണെന്നും ഓർക്കാം.

85 ഡെസിബൽ വരെയുള്ള ശബ്ദം എട്ടു മണിക്കൂർ തുടർച്ചയായി കേട്ടാൽ ഉണ്ടാക്കുന്ന കേൾവി തകരാറു കൾ 90 – 95 ഡെസിബൽ ശബ്ദം രണ്ടു മണിക്കൂർ തുടർ       ച്ചയായി കേട്ടാലും ഉണ്ടാകും. ശബ്ദം കൂടുന്തോറും കേൾവി ശക്തിയിൽ അതേൽപ്പിക്കുന്ന ക്ഷതം കൂടും. കേൾക്കുന്ന ശബ്ദങ്ങൾക്കനുസരിച്ചും അത് കേൾക്കേണ്ടി വരുന്ന ദൈർഘ്യമനുസരിച്ചും കേൾവിക്കുറവോ, കേൾവി ശക്തി നഷ്ടപ്പെടലോ സംഭവിക്കാം.

ആർക്കൊക്കെ വരാം, എങ്ങനെയൊക്കെ വരാം?

ചെണ്ടകൊട്ടുന്നവർ‌ക്ക്, വളരെ വലിയ ശ ബ്ദം പുറപ്പെടുവിക്കുന്ന ഫാക്ടറികളിൽ ജോ ലി ചെയ്യുന്നവർക്ക്, കൂടുതൽ ട്രാഫിക്കും ഹോൺ ശബ്ദങ്ങളും ഒക്കെയുള്ള സിറ്റികളിലൂടെ മണിക്കൂറുകളോളം സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക്... തുടങ്ങി വലിയ ശബ്ദം സ്ഥിരമായി കേട്ടുകൊണ്ടിരിക്കുന്നവർക്കൊക്കെ കേൾവി പ്രശ്നം വർധിക്കാനുള്ള സാധ്യത കൂടുതലാണ്.

ഇയർഫോൺ വച്ച് പാട്ടു കേട്ടുറങ്ങുന്ന ശീലം നിരവധിപേർക്കുണ്ട്. ശരീരം മുഴുവൻ വിശ്രമിക്കുന്ന സമയത്ത് ത ലച്ചോറിലേക്കെത്തുന്ന ഈ ശബ്ദം കാരണം മിക്കയാളുകളുടേയും ‘ഗാഢനിദ്ര’യ്ക്കു പ്രശ്നം വരാറുണ്ട്. ഒച്ചകൾ ഉറക്കത്തിനു തടസ്സമുണ്ടാക്കിയാലോ? പിന്നെ, തുടർച്ചയായി പ്രശ്നങ്ങളാണ്. തളർച്ചയും ക്ഷീണവും മാറാതിരിക്കുക, സ്ട്രെസ് കൂടുക, അടിക്കടി തലവേദന വരിക, ഫോക്കസ് കുറയുക... പല കമ്പനികളും ശബ്ദരഹിതമായ ഫാനും എസിയും ഉണ്ടാക്കുന്നതിനു പിന്നിൽ കസ്റ്റമർക്ക് തടസ്സമില്ലാത്ത നല്ല ഉറക്കം ഉറപ്പാക്കുക എന്ന ഉദ്ദേശ്യവുമുണ്ട്.

തൊഴിലിടങ്ങളിൽ പാലിക്കേണ്ട ശബ്ദനിയമങ്ങളുണ്ട്. വളരെയധികം ശബ്ദമുള്ളിടങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നവർക്ക് കൃത്യമായ ഇടവേളകൾ നൽകുക, ശ ബ്ദം കഴിവതും കുറയ്ക്കാൻ പാകത്തിലുള്ള മെഷീനറി ഉപയോഗം, ശബ്ദത്തെ ആഗിരണം ചെയ്യുന്ന തരത്തിലുള്ള ഇന്റീരിയർ, എക്സ്റ്റീരിയർ ഡിസൈൻ, കൃത്യമായ ഇ ൻസുലേഷൻ, മരങ്ങള്‍ നടുക, നിശ്ചിത സമയത്തിനു ശേഷം ശബ്ദം പുറപ്പെടുവിക്കാതിരിക്കുക തുടങ്ങി പല കാര്യങ്ങളും നിയമങ്ങളായി നിലവിലുണ്ട്.

അറിയാതെ കഴുത്തു ഞെരിക്കും ശബ്ദങ്ങൾ

ചുറ്റുമുള്ള ശബ്ദങ്ങളിൽ കൂടുതലും നമ്മൾ ക്ഷണിക്കാതെ കടന്നു വരുന്നവയാണ്. അ ത്ര വലിയ ശബ്ദമില്ലല്ലോ എന്നു തോന്നുമ്പോഴും ഉച്ചത്തിലെവിടെയോ ഫാൻ കറങ്ങുന്നുണ്ടാകാം, ഫാക്ടറിയിലെ മെഷീൻ നിർത്താതെ ശബ്ദിക്കുന്നുണ്ടാകാം.

എവിടെയോ വീടുപണിക്കായി സിമന്റും ചരലും കുഴയ്ക്കുന്ന ശബ്ദം, ആരോ ഉച്ചത്തിൽ പാട്ടു കേൾക്കുന്ന ശബ്ദം, ഉ ത്സവങ്ങളും പെരുന്നാളുകളും പ്രമാണിച്ചുള്ള വെടിക്കെട്ടിന്റെ ശബ്ദം... ശബ്ദം അരോചകമാകുന്നത് പലപ്പോഴും ആളുകളുടെ മനഃസ്ഥിതിയനുസരിച്ചാണ്. 1000 രൂപ മുടക്കി ടിക്കറ്റെടുത്ത് ബാൻഡ് പെർഫോമൻസ് കാണാൻ നിൽ‍ക്കുന്നയാൾക്കും പരീക്ഷയ്ക്കു വേണ്ടി തയാറെടുക്കുന്നയാൾക്കും ഒരേ ശബ്ദം തന്നെ രണ്ടു രീതിയിലുള്ള അനുഭവമുണ്ടാക്കും.

ഏതു രീതിയിലുള്ള ശബ്ദമായാലും 85  ഡസിബലിനു മുകളിലാണെങ്കിൽ തുടർച്ചയായി കേട്ടാൽ അത് കേൾവിയെ സാരമായി ബാധിക്കും. ലൈസൻസോടെയാണെങ്കിലും പൊതു ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ ശബ്ദമലിനീകരണം നടത്തിയാൽ വ്യക്തികൾക്കെതിരെ നിയമ നടപടിയെടുക്കാൻ അധികാരമുണ്ട്. എൻവയോൺമെന്റ് പ്രൊട്ട‌ക്‌ഷന്‍ ആക്ടിന്റെ 15–ാം സെക്‌ഷൻ പ്രകാരം കുറ്റക്കാരിൽ നിന്ന് പിഴ ഈടാക്കാം. ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോടതി, ആരാധനാലയങ്ങൾ റിസർവ് വനങ്ങൾ വൈൽഡ് ലൈഫ് സാങ്ച്വറികൾ‌ ഇവയെല്ലാം നിശബ്ദപ്രദേശം (സൈലന്റ് സോൺ) എന്നറിയപ്പെടുന്ന സ്ഥലങ്ങളാണ്. ഇവയുടെ നൂറു മീറ്റർ ചുറ്റളവിൽ ഉച്ചഭാഷിണി ഉപയോഗം നിരോധിച്ചിട്ടുണ്ട്.

വില്ലനാകുന്ന പാട്ട്

മനസ്സിനും ശരീരത്തിനും ആരോഗ്യവും പൊസിറ്റീവ് എനർജിയും പകരാൻ പാട്ടുകൾ സഹായിക്കും. എന്നാല്‍ സ്ഥിരമായി പാട്ടു കേട്ടാലോ? അത് ചെവികളുടെ ആരോഗ്യത്തെ പ്രതികൂലമായിട്ടാകും ബാധിക്കുന്നത്. എപ്പോഴും ഇയർഫോൺ ചെവിയിൽ വച്ച് പാട്ടും, വിഡിയോയും അതിനിടെ ഫോണും ചെയ്തു ജീവിക്കുന്നവരുടെ കാര്യമാണ് പറയുന്നത്.

സ്വയം ചില പരിധികൾ  വച്ചാൽ ഭാവിയിൽ വലിയ രോഗങ്ങളിൽ നിന്നു രക്ഷ നേടാം. ചെവിയിലുണ്ടാകുന്ന ഇൻഫെക്‌ഷൻ പിന്നീട് ശരീരത്തിന്റെ ബാലൻസിങ്ങിനെ വ രെ പ്രതികൂലമായി ബാധിക്കാം. കേൾവിയുടെ പ്രശ്നങ്ങള്‍ തുടക്കത്തിൽ തിരിച്ചറിയാൻ കഴിയാത്തതാണ് ഏറ്റ     വും വലിയ വെല്ലുവിളി. ഫോണിന്റെ ശബ്ദം കൂട്ടി, കേൾവിക്കുറവ് നാം പരിഹരിക്കും. എന്നാൽ പിന്നീട് തിരിച്ചു ലഭിക്കാത്ത വണ്ണം കേൾവി പൂർണമായി നശിക്കുന്ന നിലയിലേക്കായിരിക്കും കാര്യങ്ങൾ എത്തിച്ചേരുന്നത്.

പാട്ടുകൾ തുടർച്ചയായി കേൾക്കാതെ നിശ്ചിത സമയപരിധി തീരുമാനിക്കുകയാണ് രക്ഷപ്പെടാനുള്ള മാർഗം. പാട്ടുകൾ ശബ്ദം കുറച്ചു കേട്ട് ശീലിച്ചാൽ പിന്നീട് കേ ൾവിക്ക് വലിയ വില കൊടുക്കേണ്ടി വരില്ല.

 ശബ്ദമുണ്ടാക്കും പ്രശ്നങ്ങൾ

അസ്വസ്ഥത:

 ചില സന്ദർഭങ്ങളിൽ നാം കൂടുതൽ ശാന്തമായിരിക്കാൻ ആഗ്രഹിക്കാറുണ്ട്. പ്രത്യേകിച്ചും ഉറങ്ങുമ്പോഴും ചിന്തിക്കുമ്പോഴും സംസാരിക്കുമ്പോഴും. ഇത്തരം അവസരങ്ങളിൽ വലിയ ശബ്ദം നമ്മളെ അസ്വസ്ഥരാക്കും. മാനസികമായ പിരിമുറുക്കങ്ങളും അതുവഴി മാറാത്ത തലവേദനയ്ക്കും വഴിയൊരുക്കും.

ചെവി വേദന:

140 ഡെസിബൽ ശബ്ദം കേട്ടാൽ ചെവി വേദനയുണ്ടാ   കാനുള്ള സാധ്യത ഏറെയാണ്. 160 ഡെസിബൽ വരെയെത്തിയാൽ കർണപുടം പൊട്ടി കേൾവി ശക്തി പൂർണമായി നഷ്ടപ്പെടും

ദേഷ്യം:

സ്ഥിരമായി ശബ്ദഭരിതമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവര്‍ അസ്വസ്ഥരും അക്ഷമരും ദേഷ്യപ്രകൃത    ക്കാരുമൊണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

കേൾവിക്കുറവ്:

ശബ്ദ മലിനീകരണം സൃഷ്ടിക്കുന്ന ഏറ്റവും പ്രധാന പ്രശ്നമാണ് ബധിരത. ആന്തര കർണത്തിൽ കേൾവിയെ സ ഹായിക്കുന്ന കോശങ്ങൾ നശിക്കുന്നതാണ് ഇതിനു കാരണം.  രണ്ടു ചെവികളുടെ കേൾവി ഒന്നിച്ചു നഷ്ടമാകുന്നി ല്ല. എന്നാൽ ഒരു ചെവിക്ക് തകരാറ് സംഭവിച്ചു കഴിഞ്ഞാൽ ഭാവിയിൽ രണ്ടാമത്തെ ചെവിയുടെയും കേൾവി കുറയും.

ക്ഷമയില്ലായ്മ:

അമിത ശബ്ദം ഏകാഗ്രത നഷ്ടപ്പെടുത്തും. ഇത് ചെയ്യുന്ന എല്ലാ ജോലികളെയും പ്രതികൂലമായി ബാധിക്കും.

രക്താതിസമ്മർദം:

അമിത ശബ്ദം തുടർച്ചയായി കേൾക്കുന്നതിലൂടെ ശാരീ    രികമായും ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. അതിൽ പ്രധാനമാണ് രക്തസമ്മർദം. തലച്ചോറിനുള്ളിലെ സമ്മർദം, ശ്വാസോച്ഛ്വാസഗതി, ഹൃദയ സ്പന്ദന നിരക്ക് എന്നിവയെല്ലാം വർധിക്കുകയും ശരീരം വിയർക്കുകയും ചെയ്യുന്നു.

കാഴ്ചക്കുറവ്:

അമിത ശബ്ദം കേൾക്കുന്നവരുടെ കാഴ്ചയ്ക്കു തകരാറ് സംഭവിക്കാം. കൃഷ്ണമണികൾ ചുരുങ്ങുകയും നിറങ്ങൾ കാണാനുള്ള കഴിവിനെ ബാധിക്കുകയും ചെയ്യാം.

കേൾവിക്കുറവിന്റെ ലക്ഷണങ്ങൾ അറിയൂ

അമിതമായ ശബ്ദം കൊണ്ടുണ്ടാകുന്ന പ്രധാന ആപത്ത് കേൾവിക്കുറവും കേൾവി ന ഷ്ടപ്പെടലുമാണ്. അതിനു മുന്നോടിയായി വരുന്ന ലക്ഷണങ്ങൾ ഇവയൊക്കെയാണ്.

∙ കാതുകളിൽ ഇരപ്പും അസ്വസ്ഥതയും.

∙ ചെവിക്കരികിൽ മണിമുഴങ്ങുന്നതു പോലെ തോന്നൽ.

∙ വലിയ ശബ്ദമില്ലാത്തപ്പോഴും ശബ്ദം കേൾക്കുന്നതു പോ ലെ തോന്നുക.

∙ തമ്മിൽ സംസാരിക്കുമ്പോൾ പതിവിലും കൂടുതൽ ഉച്ചത്തി ൽ സംസാരിക്കുക.

∙ പതിഞ്ഞ ശബ്ദങ്ങൾ, ചില ഹൈ പിച് ശബ്ദങ്ങൾ കേൾക്കാനുള്ള ബുദ്ധിമുട്ട്.

∙ ഫോൺ സംഭാഷണങ്ങൾ കേൾക്കാൻ പ്രയാസമായി വരിക.

∙ ഉച്ചത്തിലുള്ള ശബ്ദം ചിലർക്ക് മൈഗ്രേൻ തലവേദനയ്ക്കു കാരണമാകും.

∙ 85 ഡെസിബലിനു മുകളിലുള്ള ശബ്ദം ഉദ്ദേശം എട്ടു മണിക്കൂർ കേട്ടാൽ താൽക്കാലികമായി ബധിരതയുണ്ടാകുമെന്നു വൈദ്യശാസ്ത്രം പറയുന്നു. എന്നാൽ ഇത്തരം ബധിരത 24 മണിക്കൂർ വരെ നീണ്ടു നിൽക്കുകയും അതിനു ശേഷം പൂർവസ്ഥിതിയിലേക്കു തിരിച്ചെത്തുകയും ചെയ്യും.

130 ഡെസിബലിനും അതിനു മുകളിലും ഉള്ള ശബ്ദം മ ണിക്കൂറുകളോളം കേട്ടാൽ സ്ഥിരമായ ബധിരതയ്ക്കു കാരണമാകും. കൂടുതൽ ശബ്ദം കേൾക്കേണ്ടി വരുന്ന സാഹചര്യങ്ങൾ കഴിവതും കുറയ്ക്കുക എന്നതാണ് ചെയ്യേണ്ടത്. അതു പറ്റാത്തവർ ശബ്ദം കടക്കാനനുവദിക്കാത്ത ഇയർ പ്ലഗ്സ്, വോയിസ് കാൻസലിങ് ഹെഡ്ഫോണ്‍ എന്നിവ ഉപയോഗിക്കുക.

വളരെയധികം ശബ്ദത്തിൽ ജോലി ചെയ്യേണ്ടി വരുന്ന     വർ വീട്ടിലെത്തിയാൽ വീണ്ടും ടിവിയും കംപ്യൂട്ടറും ഉറക്കെ വയ്ക്കാതെ ശബ്ദം കുറച്ചു വച്ച് കാതിനു വിശ്രമം നൽകാൻ ശ്രദ്ധിക്കണം.

വീക്കെൻഡിൽ പുറത്തു പോകുമ്പോൾ കഴിവതും ഒച്ചയും ബഹളവുമില്ലാത്ത ഇടങ്ങൾ നോക്കി പോകുക.  ഉച്ചത്തിലുള്ള പാട്ടും മറ്റും കേട്ടുറങ്ങുന്നതും ഹെഡ്ഫോൺ വച്ച് കിടക്കുന്നതും ഒഴിവാക്കുക.

ശബ്ദം കൊണ്ടു മുറിവേറ്റ ഇടങ്ങളിൽ ഇനി നിശബ്ദതയുടെ മരുന്ന് പുരട്ടാം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. പുഷ്പകുമാരി കെ. പി., അസിസ്റ്റന്റ് പ്രഫസർ, ഇഎൻടി, ഗവൺമെന്റ് മെഡിക്കൽ കോളജ്, തിരുവനന്തപുരം.

Tags:
  • Spotlight
  • Health Tips