Friday 01 March 2024 10:27 AM IST

‘മാധ്യമപ്രവർത്തകരെ മാപ്ര എന്ന് സംബോധന ചെയ്യുന്നതിനെക്കുറിച്ച്?’: ഹേമലത നൽകുന്ന മറുപടി

Rakhy Raz

Sub Editor

hemalatha

എൺപതുകളിലെ കുട്ടികൾക്കിടയി ൽ ഒരു കളിയുണ്ടായിരുന്നു. ആരാണ് ടിവിയിൽ വാർത്ത വായിക്കാനെത്തുക എന്നു ബെറ്റ് വയ്ക്കുക.

പത്രവായനയുടെ കൂടെ, ടിവി വാർത്ത കൂ ടി കേൾക്കുന്ന ശീലം കുട്ടികളിലും മുതിർന്നവരിലും വന്നു തുടങ്ങിയ കാലത്ത് ആദ്യമായി ദൂരദർശൻ മലയാളം ചാനലിലൂടെ കേട്ട ആ പെൺശബ്ദം 2023 ഡിസംബർ 31ന് വാർത്താ വായനയ്ക്കു ശേഷം ഇങ്ങനെ പറഞ്ഞു, ‘മുപ്പത്തിയൊൻപത് വർഷം പൂർത്തിയാക്കി ദൂരദർശനോടൊപ്പമുള്ള എന്റെ യാത്ര ഈ ബുള്ളറ്റിനോടെ അവസാനിക്കുകയാണ്’.

നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിലൂടെ ആ ക്ലിപ്പ് ഗൃഹാതുരതയോടെ മലയാളികൾ പങ്കുവച്ചു. അങ്ങനെ ദൂരദർശൻ കേന്ദ്രത്തിനു പുറത്തും ഹേമലത കണ്ണൻ എന്ന ആദ്യ മലയാളി വനിതാ വാർത്താ അവതാരകയ്ക്കു ഹൃദ്യമായ യാത്രയയപ്പ് ഒരുങ്ങി.

‘‘വാർത്താ അവതാരകയായി തുടക്കം കുറിച്ചതിനാൽ വാർത്ത വായിച്ചു കൊണ്ടു ത ന്നെ പടിയിറങ്ങണം എന്നആഗ്രഹമുണ്ടായിരുന്നു. ന്യൂസ് ഡയറക്ടർ അജയ് ജോയ് ആ യിരുന്നു ‘സൈൻ ഓഫ്’ സന്ദേശം കൂടി നൽകൂ എന്നു നിർദേശിച്ചത്.’’

കണക്ക് പഠിച്ച ആൾക്ക് ഇത്രയും നല്ല ഭാഷ എങ്ങനെ കൈവന്നു ?

അച്ഛൻ ദ്വാരകനാഥ് ഇലക്ട്രിസിറ്റി ബോ ർഡിലായിരുന്നു. അമ്മ ശാന്ത വീട്ടമ്മ. അച്ഛന്റെ നാടു കോട്ടയവും അമ്മയുടേതു ചെങ്ങന്നൂരുമാണ്. അച്ഛന്റെ ജോലി സംബന്ധമായി കേരളം മുഴുവൻ സഞ്ചരിച്ചാണു ഞങ്ങൾ നാലു മക്കൾ വളർന്നത്. ചീഫ് എൻജിനീയറായ ശേഷമാണ് തിരുവനന്തപുരത്തു സ്ഥിരതാമസമാകുന്നത്. അന്നു തിരുവനന്തപുരത്ത് മാത്രമേ ചീഫ് എൻജിനീയറുടെ ഓഫിസുണ്ടായിരുന്നുള്ളു.

ചേച്ചി ശോഭാ വാര്യർ റീഡിഫിന്റെ എഡിറ്റോറിയൽ ഡയറക്ടറാണ്. മലയാളത്തിലും ഇംഗ്ലിഷിലും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചേട്ടൻ ശൈലേന്ദ്രനാഥ് എന്‍ജിനീയർ. അനുജൻ ഹരീന്ദ്രനാഥ് ബോളിവുഡിലെ പ്രമുഖ സൗണ്ട് ഡിസൈനറാണ്. ദ്വാരക് വാര്യ ർ എന്നാണ് അറിയപ്പെടുന്നത്. ഹരീന്ദ്രനാഥ് എന്ന പേര് ദ്വാരക് വാര്യർ എന്നാക്കിയത് സംവിധായകൻ റാം ഗോപാൽ വർമയാണ്.

ഞങ്ങൾ കുട്ടികളിൽ വായനശീലവും വാർത്താ താൽപര്യവും വളർത്താൻ അച്ഛൻ പത്രത്തിലെ ഇഷ്ടപേജ് വായിക്കാൻ പ്രേരിപ്പിക്കുമായിരുന്നു. അച്ഛൻ രാഷ്ട്രീയ നേതാക്കളെക്കുറിച്ചെല്ലാം ഞങ്ങൾക്കു പറഞ്ഞു തരുമായിരുന്നു. അങ്ങനെ രാഷ്ട്രീയ വാർത്തകളും താൽപര്യമായി.

ഒൻപതു മണിതൊട്ട് അഞ്ചു മണിവരെയുള്ള സാധാരണ ജോലിയോട് എനിക്കു താൽപര്യമുണ്ടായിരുന്നില്ല. അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി ബാങ്ക് ടെസ്റ്റുകളും ക്ലെറിക്കൽ ടെസ്റ്റുകളും ഞാനെഴുതിയിട്ടുണ്ടെങ്കിലും ഭാഗ്യവശാൽ കിട്ടിയില്ല. വ്യത്യസ്തമായ ഈ ജോലി ഭാഗ്യത്തിനു കിട്ടിയതാണ് എന്നു വേണമെങ്കിൽ പറയാം.

നല്ല ഭാഷ സ്കൂളിൽ നിന്നുള്ള മലയാള പഠനത്തിന്റെ ഗുണമാണ്. തെറ്റായ രീതിയിൽ വാക്കുകൾ പ്രയോഗിക്കാ ൻ അന്നത്തെ അധ്യാപകർ അനുവദിക്കില്ല. വാർത്ത വായനയിലേക്ക് എത്തിയശേഷം പത്രം ഉറക്കെ വായിച്ചു പരിശീലിക്കുമായിരുന്നു. ദേശീയ രാഷ്ട്രീയത്തിലുള്ളവരുടെയും ലോക നേതാക്കളുടെയും മറ്റും പേരുകൾ അറിയാമെങ്കിൽ കൂടി വേഗത്തിൽ വായിക്കുമ്പോൾ വഴങ്ങി വരണമെന്നില്ല. ആ വഴക്കത്തിനാണ് ആ പരിശീലനം.

അത്തരം അധ്വാനം ഇന്നത്തെ അവതാരകരിൽ കുറയുന്നതും നല്ല ഭാഷ അത്യാവശ്യമല്ല എന്ന തോന്നലും ഇന്നത്തെ ഭാഷാ പ്രയോഗത്തിന്റെ ഗുണം കുറച്ചിട്ടുണ്ട്. അതാരെങ്കിലും തിരുത്തി കൊടുക്കേണ്ടതാണ്.

ഹിന്ദിയിലോ തമിഴിലോ ഇത്തരത്തിൽ നിസാരവത്കരിച്ചുള്ള ഭാഷാപ്രയോഗം വാർത്താ അവതരണങ്ങളിൽ കാണാൻ സാധിക്കില്ല.

നാക്കു പിഴകൾ മനുഷ്യർക്കു തീർച്ചയായും സംഭവിക്കാം. അതു പരമാവധി കുറയ്ക്കാനുള്ള ശ്രമങ്ങൾ ഞങ്ങ ൾ ദൂരദർശനിൽ എടുക്കുമായിരുന്നു. തെറ്റു വന്നാൽ ക്ഷമിക്കണം എന്നു പറഞ്ഞു, വാക്കു തിരുത്തി വായിക്കുകയാണ് ദൂരദർശൻ ശൈലി. ക്ഷമിക്കണം എന്ന വാക്ക് പരമാവധി ഉപയോഗിക്കാതിരിക്കണം എന്ന നിർബന്ധം ഞങ്ങൾക്കുമുണ്ടായിരുന്നു.

ദൂരദർശൻ വാർത്തകളുടെ പ്രാധാന്യം നഷ്ടപ്പെട്ടു എന്നു തോന്നുന്നുണ്ടോ ?

വാർത്തകൾ ശേഖരിച്ച് അവതരിപ്പിക്കുന്നതാണ് എന്നും ദൂരദർശന്റെ രീതി. ഒരുപാടു ചാനലുകൾ നിറയുകയും വാർത്താ അവതരണം ഓരോ സംഭവങ്ങളുടെയും നഖശിഖാന്തമുള്ള വർണന ആകുകയും ചെയ്തപ്പോൾ ദൂരദർശൻ വാർത്തകളിൽ നിന്ന് ആളുകൾ അൽപം വിട്ടുപോയിട്ടുണ്ടാകാം. എന്നാൽ ആർക്കും എന്തും വിളിച്ചു പറയാവുന്ന കളരിയായി ചാനൽ ചർച്ചകളും പോരാളികളായി അവതാരകരും മാറുന്ന കാലത്തു സമാധാനമായി വാർത്ത കാണാൻ ആളുകൾ ദൂരദർശനിലേക്കു തിരിച്ചെത്തുന്നുണ്ട് എന്നാണറിവ്.

മുൻപൊക്കെ വാർത്ത കൂടാതെ മികച്ച ടെലി ഫിലിം, ഡോക്യുമെന്ററി, വാർത്താധിഷ്ഠിത പരിപാടികൾ, പരമ്പരകൾ എന്നിവ ദൂരദർശൻ അവതരിപ്പിച്ചിരുന്നു. പുതിയ റിക്രൂട്ട്മെന്റുകൾ നടക്കാതായതോടെ സ്റ്റാഫ് കുറഞ്ഞത് പരിപാടികളുടെ കുറവിനു കാരണമായിട്ടുണ്ട്. ഇപ്പോൾ കുറച്ചു പുതിയ കുട്ടികളെയൊക്കെ എടുത്തു പരിശീലിപ്പിച്ചു വരുന്നു.

hemalatha-2

പുതിയ അവതാരകരുടെ രീതിയെ വിമർശിച്ചിരുന്നു?

ജനങ്ങളിലേക്കു വാർത്ത എത്തിക്കുക എന്നതാണു വാർത്താ അവതാരകരുടെ ധർമം. പറയുന്ന കാര്യം വ്യക്തമായി പ്രേക്ഷകർക്കു മനസ്സിലാകണമെങ്കിൽ മിതമായ ശബ്ദത്തിലും വേഗത്തിലും പറയണം. ചർച്ചകളിലും മറ്റും ക്ഷ ണിച്ചു വരുത്തുന്ന അതിഥികളെ ബഹുമാനിക്കുകയും അ വരുടെ ആശയം പറയാനനുവദിക്കുകയും വേണം. ചർച്ചയിൽ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങളെ അവതാരകർ വ്യക്തിതാത്പര്യങ്ങൾ അനുസരിച്ചു ഖണ്ഡിക്കുകയും അ തിഥിയേക്കാൾ ഉച്ചത്തിൽ അവ പറയുകയും ചെയ്യേണ്ടതില്ല. ആശയങ്ങൾ പലപ്പോഴും ബഹളങ്ങളിൽ മുങ്ങിപ്പോകാനിടയാക്കുന്ന രീതിയാണിത്. ചർച്ച ബഹളമായി മാറുമ്പോൾ പലപ്പോഴും ടിവി അണച്ചു വച്ചിട്ടു പോകാറുണ്ട്.

ഗവൺമെന്റ് മീഡിയ ആയതുകൊണ്ടു ആരോടും മത്സരിക്കേണ്ട അവസ്ഥ ഞങ്ങൾക്കില്ല. മറ്റു ചാനലുകൾക്ക് അ തുണ്ടാകാം. എന്നാലും അടിസ്ഥാന തത്വം പാലിക്കേണ്ടത് ആവശ്യമാണ്.

മാധ്യമപ്രവർത്തകരെ മാപ്ര എന്ന് സംബോധന ചെയ്യുന്നതിനെക്കുറിച്ച് ?

ഇന്ന് ജനങ്ങൾക്കു വളരെ നന്നായി കാര്യങ്ങൾ വിലയിരുത്താൻ സാധിക്കുന്നുണ്ട്. ഒരു വാർത്ത അനാവശ്യ മാനങ്ങൾ കൈവരിക്കുമ്പോൾ അതെന്തിനു ചെയ്യുന്നു എന്ന സ് അവർക്കറിയാം. പല ചോദ്യങ്ങളും അജണ്ടയുടെ ഭാഗമാണ് എന്നു മനസ്സിലാകുന്നതു കൊണ്ടാണ് ഇത്തരം പേ രുകൾ വീഴുന്നത്. സംവദിക്കാൻ പോകുന്ന വ്യക്തിയെക്കുറിച്ചും അവരെ സംബന്ധിക്കുന്ന കാര്യങ്ങളെക്കുറിച്ചും അറിവ്, സാമാന്യ മര്യാദ തുടങ്ങിയ കാര്യങ്ങൾ കൈവിട്ടു പോകുന്നതിനാലാണു വിമർശനങ്ങൾ നേരിടേണ്ടി വരുന്നത്. മാധ്യമ പ്രവർത്തനം അൽപം കൂടി സുതാര്യവും സത്യസന്ധവുമാകണം എന്ന അഭിപ്രായം തീർച്ചയായും ഉണ്ട്. വാർത്തയല്ലാത്തവയെ വാർത്തയാക്കുന്നതിനോടു യോജിക്കാൻ കഴിയുന്നില്ല.

രാഖി റാസ്

ഫോട്ടോ: അരുൺ സോൾ