Monday 20 July 2020 11:42 AM IST : By സ്വന്തം ലേഖകൻ

‘കൂനിൻ മേൽ കുരു എന്ന അവസ്ഥയാണ് ചെല്ലാനത്ത്; ഒരുവശത്ത് കടലും മറുവശത്ത് കൊറോണയും!’; ആശങ്ക പങ്കുവച്ച് ഹൈബി ഈഡൻ

chella-hibi

എറണാകുളം ജില്ലയിൽ സമ്പർക്കം മൂലമുള്ള കോവിഡ് വ്യാപനം കൂടിവരുമ്പോൾ ചെല്ലാനത്തെ ദുരിതത്തിലാക്കി കടൽക്ഷോഭവും. ഓഖി വന്ന വഴിയിലൂടെ വീണ്ടും ആർത്തിരമ്പിയെത്തിയ കടൽ മുന്നൂറോളം വീടുകളെ വെള്ളത്തിനടിയിലാക്കി. കരയിലേക്ക് കടൽ കയറുന്ന ഭീതി നിറയ്ക്കുന്ന കാഴ്ച പങ്കുവച്ചിരിക്കുകയാണ് ഹൈബി ഈഡൻ എംപി. ‘കൂനിൻ മേൽ കുരു’ എന്ന അവസ്ഥയാണ് ചെല്ലാനത്തിപ്പോഴെന്ന് അദ്ദേഹം പറയുന്നു. 

ഹൈബി ഈഡൻ പങ്കുവച്ച കുറിപ്പ് വായിക്കാം; 

കടൽ ആർത്തിരമ്പുകയാണ്. കൂനിൻ മേൽ കുരു എന്ന അവസ്ഥയാണ് ചെല്ലാനത്തിപ്പോൾ... ഒരു വശത്ത് കടൽ കയറി വരുന്നു.. മറുവശത്ത് കോവിഡ് വ്യാപിക്കുന്നു. അടിയന്തരമായി ജിയോ ബാഗുകൾ വയ്ക്കാനും തോടുകൾ കോരാനുമുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കണ്ടെയ്‌ൻറ്മെൻറ് സോൺ ആയ സമയത്ത് 200 ഭക്ഷ്യധാന്യ കിറ്റുകളും 800 കിലോ അരിയും വിതരണം ചെയ്തിരുന്നു. നാളെ അടിയന്തരമായി 300 കിറ്റുകൾ കൂടി എത്തിക്കുന്നതിനുള്ള നടപടികൾ എന്റെ ഓഫീസ് സ്വീകരിച്ച് വരികയാണ്. ഈ പ്രതിസന്ധിയിൽ തീരദേശത്തെ നന്മയ്ക്കൊപ്പം നിന്നേ മതിയാവൂ...

നമുക്ക് ചേർത്ത് പിടിക്കാം.. ചെല്ലാനത്തെ..

Tags:
  • Spotlight
  • Social Media Viral