Wednesday 24 April 2019 11:55 AM IST : By സ്വന്തം ലേഖകൻ

‘കുഞ്ഞാവയെ കരുതി ബേജാർ വേണ്ട നിങ്ങള് വോട്ട് ചെയ്ത് വരൂ’; ഹോം ഗാർഡിന്റെ നെഞ്ചില്‍ ചായുറങ്ങി കുഞ്ഞ്; വൈറൽ

police

വടകര∙ വോട്ടു ചെയ്യാനെത്തിയ യുവതിയുടെ കൈക്കുഞ്ഞിനെ അമ്മ മടങ്ങിയെത്തും വരെ നെഞ്ചോടു ചേർത്തുപിടിച്ച ഹോം ഗാർഡിന്റെ ചിത്രം വൈറലാകുന്നു. വള്ള്യാട് യുപി സ്കൂൾ 115–ാം ബൂത്തിൽ തിരഞ്ഞെടുപ്പ് ജോലി ചെയ്ത വടകര ട്രാഫിക് യൂണിറ്റിലെ രാധാകൃഷ്ണനാണ് കനിവിന്റെ ചിത്രമായി മാറിയത്.

പതിനൊന്നോടെ ബൂത്തിലെത്തിയ യുവതിക്കൊപ്പം ആരുമില്ലായിരുന്നു. വോട്ടു ചെയ്യാൻ പേരു വിളിച്ചപ്പോൾ ടൗവലിൽ പൊതിഞ്ഞ കുഞ്ഞിനെ രാധാകൃഷ്ണന്റെ കയ്യിൽ ഏൽപിച്ച യുവതി പത്ത് മിനിറ്റിനകം വോട്ട് ചെയ്ത് തിരിച്ചെത്തി. ജനാധിപത്യ പ്രക്രിയയുടെ കഥയൊന്നുമറിയാത്ത കുഞ്ഞ് ശാന്തമായി ഉറങ്ങുകയായിരുന്നു.

ചിത്രം മിനിറ്റുകൾക്കകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പക്ഷേ പൊലീസ് ഉദ്യോഗസ്ഥൻ എന്നു തെറ്റായ അടിക്കുറിപ്പോടെയായിരുന്നുവെന്നു മാത്രം. കൊയിലാണ്ടി ചെങ്ങോട്ടുകാവ് ഉരിങ്ങേരി വീട്ടിലെ രാധാകൃഷ്ണൻ കരസേനയിൽ നിന്നു വിരമിച്ച ശേഷം 2009 മുതൽ ഹോം ഗാർഡാണ്. പല തിരഞ്ഞെടുപ്പുകളിലും ജോലി ചെയ്തിട്ടുണ്ടെങ്കിലും ഇത്തരം അനുഭവം ആദ്യമാണെന്ന് അൻപത്തൊന്നുകാരനായ രാധാകൃഷ്ണൻ പറഞ്ഞു.