കേന്ദ്ര സർക്കാർ ജീവനക്കാരായിരുന്നു സുമതിയും രാമചന്ദ്രനും. മുതിർന്ന കുട്ടികളുണ്ടായിട്ടുകൂടി അവരുടെ വിവാഹബന്ധം തകർന്നു.സാമാന്യം നല്ല വരുമാനമുണ്ടായിരുന്ന കുടുംബം കടക്കെണിയിൽ വീഴുകയും താമസിക്കുന്ന വീട് പോലും വിൽക്കേണ്ട അവസ്ഥ വരികയും ചെയ്തു.രാമചന്ദ്രന്റെ കൂട്ടുകാരുമായി ചേർന്നുള്ള നിരന്തരമായ മദ്യപാനവും ആയിരങ്ങൾ ചെലവഴിച്ചുകൊണ്ട് ലോട്ടറിടിക്കറ്റുകൾ വാങ്ങലും ചൂതാട്ടഭ്രമവും ഒടുവിൽ കൊണ്ടെത്തിച്ചത് എടുത്താൽ പൊങ്ങാത്ത സാമ്പത്തിക ബാധ്യതകളിലേക്കാണ്. പരിശ്രമങ്ങളെല്ലാം പാഴായപ്പോൾ, തന്റെ നാൽപതാം വയസ്സിൽ നിവൃത്തിയില്ലാതെ, വേദനയോടെയാണെങ്കിലും സുമതി ആ തീരുമാനമെടുത്തു– വിവാഹമോചനം.
ബന്ധം വേർപെട്ടതോടെ, ട്രാൻസ്ഫർ വാങ്ങി ദൂരെ ദിക്കിലേക്കു പോയ സുമതി പക്ഷേ, സമയമെടുത്താണെങ്കിലും ജീവിതത്തിലേക്കു തിരികെ വന്നു. അതേസമയം, മദ്യപാനാസക്തിയെ തുട ർന്നു ജോലിപോയ രാമചന്ദ്രൻ, കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും കൂടുതൽ ഒറ്റപ്പെട്ടു. മാനസികമായി തകർന്നു വിഷാദരോഗിയുമായി.
ഈ സംഭവകഥയിലെ കഥാപാത്രങ്ങളുെട പേരുകളും പശ്ചാത്തലവും കഥാഗതിയും മാറാമെങ്കിലും വിവാഹമോചനം ഇന്നു വളരെ സാധാരണമായിക്കഴിഞ്ഞു. നിസ്സാരകാര്യങ്ങൾ പോലും ഊതിപ്പെരുപ്പിച്ചു ഡിവോഴ്സിലേക്കു നീങ്ങുന്നവർ കുറവല്ല.
വേദനയും ആശ്വാസവും
മോചനം മാത്രമല്ല, പുനർവിവാഹവും ഇന്നു സാധാരണമാണ്. എന്നാൽ പാശ്ചാത്യസമൂഹങ്ങളിൽ നടന്ന പഠനങ്ങളിൽ, തുടർന്നുള്ള ഓരോ പുനർവിവാഹത്തിലും വേർപിരിയാനുള്ള സാധ്യത കൂടുന്നതായി കാണാം.നമ്മുെട നാട്ടിലും പുനർവിവാഹം വേർപെടുന്നതും അപൂർവമല്ലാതായി.
എന്തുതന്നെയായാലും ബന്ധങ്ങൾ വേർപെടുന്നതു പലവിധ മാനസിക സമ്മർദവും അരക്ഷിതാവസ്ഥയുമാണ് ഉണ്ടാക്കുന്നത്. എന്നാൽ ചിലർക്ക് അതൊരു വലിയ ആശ്വാസവുമാണ്. കുടുംബബന്ധങ്ങളെ വിലമതിക്കുന്ന ഒരു സമൂഹത്തിൽ വിവാഹബന്ധം വേർപെടുത്താനുള്ള തീരുമാനം സാമൂഹികവും കുടുംബപരവുമായ പ്രതിസന്ധികൾ സൃഷ്ടിക്കും. ഇതിൽ സ്ത്രീകളാണു കൂടുതൽ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരിക.
സ്ത്രീയുടെ വേദനകൾ
പുരുഷനേക്കാൾ സുരക്ഷിത ബോധം ആഗ്രഹിക്കുന്നതു സ്ത്രീയാണ്.അതുകൊണ്ടുതന്നെ വിവാഹമോചനം എ ന്ന അരക്ഷിതാവസ്ഥയിലേക്കെത്തുന്ന സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നതു സ്ത്രീമനസ്സിനെയാണ്. വിവാഹമോചനത്തിനു തൊട്ടു മുൻപുള്ള കാലത്തു പ്രത്യേകിച്ചും. വിവാഹമോചനം ഒരു മോശം കാര്യമാണെന്ന നിലയിലുള്ള സാമൂഹിക വിശ്വാസങ്ങൾ പ്രശ്നങ്ങളുടെ തീവ്രത കൂട്ടുന്നു. ഇതിന്‍റെ ഭാഗമായി കുടുംബം, സുഹൃത്തുക്കൾ, സമൂഹം എന്നിവിടങ്ങളിൽ നിന്നും ഒറ്റപ്പെടൽ, വിവേചനം, ബഹിഷ്‌കരണം എന്നിവ നേരിടേണ്ടിവരുമോയെന്ന ഭയവും അലട്ടും.
വിവാഹമോചനം ജോലിയോ വരുമാനമോ ഇല്ലാത്ത സ്ത്രീകളെ കൂടുതൽ ബുദ്ധിമുട്ടിലാക്കും. നമ്മുടെ നാട്ടിലെ വിവാഹമോചനനടപടികളും കേസുമെല്ലാം ഏറെ സമയമെടുക്കുന്നതും സങ്കീർണ്ണവുമായതിനാൽ അതു സ്ത്രീകളെ വൈകാരികമായി തളർത്താനിടയാക്കും.കുട്ടികളുടെ സംരക്ഷണം, സ്വത്ത് തർക്കങ്ങൾ തുടങ്ങിയ വിഷയങ്ങൾകൂടിയുണ്ടെങ്കിൽ നിയമനടപടികൾ കൂടുതൽ സങ്കീർണ്ണമാകും.
വിവാഹമോചനത്തോടെ സാമൂഹിക പിന്തുണ കുറയുകയും ഭാവി ഒരു ചോദ്യചിഹ്നമായി ഉയരുകയും ചെയ്യുന്നതോടെ സ്ത്രീകൾ ഏകാന്തത, വിഷാദം, ഉത്കണ്ഠ, ആത്മാഭിമാനക്ഷതം തുടങ്ങിയ വൈകാരിക ക്ലേശങ്ങളെ നേരിടേണ്ടിവരുന്നു. കുട്ടികളുടെ സംരക്ഷണം ഉയർത്തുന്ന വെല്ലുവിളികളും ചെറുതല്ല.
പ്രതിസന്ധി ഏറുന്ന പുരുഷൻ
വിവാഹമോചനവുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രതിസന്ധികൾ എ ണ്ണത്തിൽ കുറവാണെങ്കിലും പുരുഷന്മാരും നേരിടേണ്ടിവരുന്നുണ്ട്. നിയമങ്ങൾ കൂടുതലും സ്ത്രീകൾക്ക് അനുകൂലമായതിനാൽതന്നെ പുരുഷന്മാർ പലപ്പോഴും ജീവനാംശം, സ്വന്തം ഉപജീവനമാർഗം എന്നിവ ഉൾപ്പെടെയുള്ള സാമ്പത്തിക അധികഭാരവും നേരിടേണ്ടിവരും.
ഭർത്താവ്, പിതാവ് തുടങ്ങിയ സ്ഥാനങ്ങളെ വൈകാരികമായും ജീവിതത്തിന്‍റെ പ്രധാനഭാഗമായും കണ്ടിരുന്ന പുരുഷന്മാരെ വിവാഹമോചനം കടുത്ത വൈകാരികപ്രതിസന്ധികളിലേക്കു തള്ളിവിടും. പ്രത്യേകിച്ചു ഭാര്യയുടെ വിവാഹേതരബന്ധം പോലുള്ള കാരണങ്ങളെ തുടർന്നുള്ള സംഭവങ്ങളിൽ. വിവാഹമോചനശേഷം സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാർ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കൂടുതൽ പ്രയാസപ്പെടുന്നതും മാനസികമായി തളർന്നുപോകുന്നതും കാണാം. എന്നാൽ വിവാഹമോചിതരായ സ്ത്രീകളാകട്ടെ പ്രതിസന്ധികളോടു പൊരുതാനുറച്ചു മാനസികമായി ശക്തിപ്രാപിക്കുന്നതായാണു കാണാറ്. ഇക്കാര്യത്തിൽ അപവാദങ്ങൾ കണ്ടേക്കാമെങ്കിലും നമ്മുടെ സമൂഹത്തിൽ പൊതുവേ കാണുന്ന അവസ്ഥ ഇങ്ങനെയാണ്.
സഹായികളെ സൂക്ഷിക്കാം
ലൈംഗികചൂഷണം ലക്ഷ്യമിട്ട് ‘സഹായി’കളുടെ വേഷത്തിൽ വരുന്നവരാണ് വിവാഹമോചന ശേഷം സ്ത്രീകൾ അനുഭവിക്കുന്ന മറ്റൊരു പ്രതിസന്ധി. ഇത്തരക്കാരെ ആദ്യഘട്ടത്തിൽതന്നെ തിരിച്ചറിയാനാകണമെന്നില്ല. അതുകൊണ്ടുതന്നെ സൗഹൃദം മുന്നോട്ടു പോകുമ്പോഴാണു പലരുടെയും ‘തനിനിറം’ പുറത്തുവരിക.
അതിനിടെ ഇവർ പ്രതിസന്ധികളി ൽ സഹായിക്കുകയും മറ്റു കുടുംബാംഗങ്ങൾക്കിടയിൽ വിശ്വാസം നേടിയെടുക്കുകയും ചെയ്തിരിക്കും. ഇത്തരക്കാരെ പിണക്കിയാൽ, അടുത്ത ദിവസം തന്നെ ഇവർ അപവാദങ്ങളുടെ പ്രചാരകരായി മാറും. അതുകൊണ്ടുത ന്നെ അത്തരം വ്യക്തികളുമായി ഒരു സുരക്ഷിത അകലം നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
പ്രതിസന്ധികളെ നേരിടാം
വിവാഹമോചനശേഷം സ്ത്രീയും പുരുഷനും നേരിടുന്ന പലവിധ പ്രതിസന്ധികളേയും കൃത്യമായ ആസൂത്രണത്തോടെ മറികടക്കാം
∙ സ്വന്തം കാര്യങ്ങളിലും സന്തോഷം നൽകുന്നതുമായ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക: പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുകയോ വായന, സിനിമ, പോലുള്ള സ ന്തോഷവും വിശ്രമവും നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുക. കൂടാതെ വ്യായാമം, യോഗ പോലുള്ളവ പരിശീലിക്കുക.
∙ പിന്തുണാ സംവിധാനം സൃഷ്ടിക്കുക: തങ്ങളെ മനസ്സിലാക്കുന്ന, ആവശ്യമുള്ള പ്രോത്സാഹനവും പ്രായോഗികസഹായവും നൽകാൻ കഴിയുന്ന സ്ത്രീ സുഹൃത്തുക്കൾ, വിശ്വസ്തരായ കുടുംബാംഗങ്ങൾ തുടങ്ങിയവരുമായി നല്ല ബന്ധം സ്ഥാപിക്കുക.
∙ വ്യക്തിത്വം ശക്തിപ്പെടുത്തുക. വിവാഹത്തോടെ ഉപേക്ഷിക്കേണ്ടിവരികയോ, അവഗണിക്കപ്പെട്ടു കിടക്കുകയോ ചെയ്ത നിങ്ങളുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും ഹോബികളാക്കിമാറ്റാൻ ഈ അവസരം ഉപയോഗിക്കുക. വ്യക്തിത്വം ശക്തിപ്പെടണമെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം അനിവാര്യമാണ്. സാമ്പത്തികഭദ്രതയ്ക്കു മുൻതൂക്കം നൽകുന്ന രീതിയിൽ ജീവിതത്തെ ചിട്ടപ്പെടുത്തേണ്ടതും അനിവാര്യമാണ്.
∙ പ്രഫഷനൽ സഹായം തേടുക. വിവാഹമോചനത്തെത്തുടർന്നുണ്ടാകുന്ന വൈകാരികപ്രതിസന്ധികളെ നേരിടാൻ ബുദ്ധിമുട്ടനുഭവപ്പെട്ടാൽ മനശ്ശാസ്ത്രസഹായം തേടുക. ഇതിലൂടെ ജീവിതത്തെക്കുറിച്ച് പൊസിറ്റീവായ ഒരു കാഴ്ചപ്പാട് സൃഷ്ടിക്കാനും പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്യാനുമാകും.സ്വന്തം കഴിവുകളിൽ വിശ്വാസമർപ്പിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാനും ശ്രമിക്കണം.
രണ്ടാമൂഴം വിജയിക്കാൻ
∙ വിവാഹബന്ധം തകരാനുള്ള കാരണങ്ങളെ ആശ്രയിച്ചിരിക്കും രണ്ടാം വിവാഹ വിജയം. പങ്കാളിയുടെ അവിഹിതബന്ധങ്ങൾ, സ്വഭാവ വൈകല്യങ്ങൾ, ലഹരി ഉപയോഗം, സംശയരോഗം, മാനസിക പ്രശ്നങ്ങൾ, ലൈംഗിക വൈകൃതങ്ങൾ, സ്ത്രീധന പ്രശ്നങ്ങൾ തുടങ്ങിയവയാണ് ആദ്യവിവാഹം തകർത്തതെങ്കിൽ അടുത്തതിലും വിജയിക്കാനുള്ള സാധ്യത കുറയാം.
∙ ഇരുവരും വിവാഹമോചനം നേടിയവരാണെങ്കിൽ സമാന പ്രതിസന്ധി നേരിടേണ്ടിവന്നവർ എന്ന നിലയിൽ മാനസികമായി ഒരു ‘ടീം’ ആയി പ്രവർത്തിക്കാൻ കഴിയും. ഇതു ദാമ്പത്യ ജീവിത വിജയസാധ്യത കൂട്ടാം.
∙ മുൻ ബന്ധങ്ങളിലെ ഏതുതരം കാര്യങ്ങളും അത് ഓർമകളായാലും വസ്തുക്കളായാലും പുതിയ ജീവിതത്തിലേക്കു കൊണ്ടുവരരുത്. അവരെക്കുറിച്ചുളള സ്മരണകളിൽ മുഴുകിയും ദുഃഖിച്ചും കഴിയുകയാണെങ്കിൽ അതു പുതിയ പങ്കാളിയിൽ മടുപ്പും വിദ്വേഷവും സൃഷ്ടിക്കാം.
∙ വിവാഹമോചനത്തിനു കാരണമായ തെറ്റുകൾ (മദ്യപാനം, വിവാഹേതര ബന്ധം..തുടങ്ങിയവ) ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
∙ആദ്യ ദാമ്പത്യത്തിലെ അനുഭവങ്ങളിൽ നിന്നു പാഠങ്ങൾ ഉൾക്കൊണ്ടു വിട്ടുവീഴ്ചകൾക്കു തയാറാവുന്നതു പുതിയ ദാമ്പത്യജീവിതം മെച്ചപ്പെടുത്തും.
∙ഒരിക്കലും പുതിയ പങ്കാളിയെ ആദ്യപങ്കാളിയുമായി താരതമ്യം ചെയ്യരുത്. അതു പുതിയ ജീവിതത്തിൽ കല്ലുകടിക്കു കാരണമാകും.
∙ രണ്ടാം ദാമ്പത്യത്തിൽ സ്ത്രീകൾ കൂടുതൽ വിട്ടുവീഴ്ചകൾക്കു തയാറാകാറുണ്ട്. എന്നാൽ ഇരുവരും ഒരുപോലെ അതിനു തയാറായാലേ രണ്ടാം വിവാഹജീവിതവും വിജയമാകൂ.
ഡോ. പി. എൻ. സുരേഷ്കുമാർ
ഡയറക്ടർ,
ചേതന, സെന്റർ ഫോർ ന്യൂറോ സൈക്യാട്രി,
കോഴിക്കോട്
</p>
</p>