Thursday 04 October 2018 05:29 PM IST : By സ്വന്തം ലേഖകൻ

’എന്റെയുള്ളിലെ സ്ത്രൈണത മാറ്റാൻ ദിവസവും കാലിൽ തിളച്ച വെളളമൊഴിച്ചു..’; ചുട്ടുപൊള്ളിക്കുന്ന കുറിപ്പ്

padmashali

കടുത്ത പ്രതിസന്ധികൾ തരണം ചെയ്ത് ഉൾക്കരുത്തോടെ ജീവിതത്തിൽ മുന്നേറിയവരുടെ കഥകൾ പങ്കുവയ്ക്കുന്ന ഫെയ്സ്ബുക് പേജാണ് ഹ്യൂമൻസ് ഓഫ് ബോംബെ. ഇത്തവണ ഈ ഫെയ്സ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ട മുഖം കർണ്ണാടകക്കാരിയായ അക്കായ് പദ്മശാലിയെന്ന പോരാളിയുടെതാണ്. ആണായി പിറന്ന് പെണ്ണെന്ന പേരില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്ററാണ് അക്കായ് പദ്മശാലി. ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജെന്റർ വിവാഹം രജിസ്റ്റർ ചെയ്തതും അക്കായ് പദ്മശാലിയുടെ പേരിലാണ്. രാജ്യത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ ഭിന്നലിംഗക്കാരുടെ ശബ്ദം കൂടിയാണ് അക്കായ്. ജഗദീഷ് എന്ന പേരിൽ പുരുഷനായി ജനിച്ച അക്കായ് പന്ത്രണ്ടാം വയസിലാണ് തന്റെ സ്വത്വം തിരിച്ചറിഞ്ഞത്.

അക്കായ് പദ്മശാലിയുടെ കുറിപ്പ് വായിക്കാം;


എട്ടു വയസ്സായിരുന്നു എനിക്കന്ന്. ഒരുപാട് കുസൃതികൾ കാണിച്ചു നടന്നിരുന്ന പ്രായം. എപ്പോഴും ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു കുട്ടിയായിരുന്നു ഞാൻ. ഏകാന്തതയെ അത്രയേറെ പ്രണയിച്ചിരുന്നു. ഏറ്റവും കൂടുതൽ ഞാൻ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നത് ഒറ്റയ്ക്കിരിക്കുമ്പോഴായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്ത് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. എല്ലാവരും പുറത്തുപോകുമ്പോൾ ഞാനെന്റെ തല തോർത്ത് കൊണ്ട് പൊതിയും. പിന്നെ അമ്മയുടെ കൺമഷിയും ലിപ്‌സ്റ്റിക്കും ഉപയോഗിച്ച് മേക്കപ്പ് ചെയ്യും. അമ്മയുടെ ബ്രായും സാരിയും അണിഞ്ഞ് പൂർണ്ണമായും ഒരു പെണ്ണിനെ പോലെയാകും.

എന്റെ ശരീരം ആണിന്റേതല്ല പെണ്ണിന്റേതാണെന്ന് ഞാൻ എന്നോടു തന്നെ പറയും. വീട്ടിൽ ഞാനൊരു പെണ്ണാണെന്ന് മനസിലാക്കിയത് ആ കണ്ണാടി മാത്രമായിരുന്നു. അന്നെല്ലാം എന്റെയുള്ളിലെ പെണ്ണ് ഏറെ വേദനിച്ചിരുന്നു. വീട്ടുകാരോട് ഇക്കാര്യങ്ങൾ തുറന്നുപറയാൻ എനിക്ക് പേടിയായിരുന്നു. എപ്പോൾ വേണമെങ്കിലും ഒരു ഭൂകമ്പം പ്രതീക്ഷിച്ചുകൊണ്ടാണ് ഞാനാ വീട്ടിൽ കഴിഞ്ഞത്. എന്റെ യാഥാസ്ഥിതിക കുടുംബത്തിന് ഞാനൊരു അധികപ്പറ്റാകുമെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നു.

അക്കാലത്ത് എന്റെ ഏക ആശ്വാസം സ്കൂൾ നാടകങ്ങളായിരുന്നു. നാടകങ്ങളിൽ ഞാൻ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്തത് പെൺവേഷങ്ങളായിരുന്നു. അതെന്നോട് തന്നെ ഞാൻ കാണിച്ച നീതിയായിരുന്നു. ജഗദീഷെന്ന എന്നെ ഒരു പെണ്ണായി നാട്ടുകാരും വീട്ടുകാരും അംഗീകരിക്കുന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം. പക്ഷേ അതത്ര എളുപ്പമായിരുന്നില്ല. പെൺവേഷത്തിന്റെ പേരിൽ എന്റെ സഹപാഠികൾ കോമ്പസ് കൊണ്ട് കുത്തി മുറിവേൽപ്പിക്കുമായിരുന്നു. പോരാത്തതിന് ദേഹത്തുനിന്ന് ചോര പൊടിയുന്നതു വരെ റൂളർ ഉപയോഗിച്ച് അവരെന്നെ അടിക്കും. സ്ത്രീത്വം തുളുമ്പുന്ന ദുർബലമായ ശരീരപ്രകൃതിയുളള ഞാൻ തിരിച്ചടിക്കില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു.

ഒരിക്കൽ നിനക്ക് എന്താണ് ഉളളതെന്ന് ഞങ്ങളെ കാണിക്കൂവെന്ന് പറഞ്ഞ് സുഹൃത്തുക്കൾ എന്നെ പരിഹസിച്ചു. പിന്നീട് ശൗചാലയത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി അവരെന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു. അവരുടെ കാമം ശമിപ്പിക്കാനുളള കേവലം ഉപകരണം മാത്രമായിരുന്നു ഞാൻ. എന്റെ ബാല്യത്തിലും കൗമാരത്തിലും ഞാൻ അനുഭവിച്ചത് കടുത്ത അപമാനവും പരിഹാസവും മാത്രമായിരുന്നു. എന്നെ ഓർത്ത് എന്റെ മാതാപിതാക്കളുടെ തല താഴ്ന്നു. അവർക്ക് എന്നെപ്പറ്റി പറയുന്നത് തന്നെ ലജ്ജയായിരുന്നു. ഒരുപക്ഷെ, ഞാൻ ജനിക്കാതിരുന്നെങ്കിൽ എന്നവർ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നിരിക്കണം.

എന്റെയുള്ളിലെ സ്ത്രീത്വം മാറാൻ തിളച്ച വെളളം കാലിൽ ഒഴിച്ചാൽ മതിയെന്നായിരുന്നു അച്ഛന് ഒരു സുഹൃത്തിൽ നിന്നും കിട്ടിയ ഉപദേശം. ശുദ്ധഗതിക്കാരനായ എന്റെ അച്ഛൻ അത് അക്ഷരംപ്രതി അനുസരിച്ചു. പിന്നീടുള്ള മൂന്നു മാസക്കാലം കഠിനമായ യാതനകളുടെതായിരുന്നു. കടുത്ത വേദന കാരണം എനിക്ക് പുറത്തിറങ്ങാൻ പോലും കഴിഞ്ഞില്ല. അപ്പോഴെല്ലാം മരിക്കണമെന്ന് മാത്രമായിരുന്നു ചിന്ത. പക്ഷേ, അതിനും മനസ് അനുവദിച്ചില്ല. എന്റെ ശരീരത്തിന്റെ പ്രത്യേകത ഒരു തെറ്റല്ലെന്ന് ബോധ്യപ്പെട്ട നിമിഷത്തിൽ ഞാൻ സ്വയം ഉപദ്രവിക്കുന്നത് നിർത്തി.

പിന്നീടാണ് ഞാൻ ട്രാൻസ്‌ജെന്റർ സമൂഹത്തിനൊപ്പം കൂടിയത്. ഇതോടെയാണ് എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായി തുടങ്ങിയത്. ആദ്യ നാളുകളിൽ ഭിക്ഷയെടുത്തും ശരീരം വിറ്റുമായിരുന്നു ഞാൻ ജീവിച്ചത്. നാലു വർഷത്തോളം 20 രൂപ നിരക്കിൽ ഓറൽ സെക്സ് ചെയ്താണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുളള പണം പോലും സമാഹരിച്ചത്. അക്കാലത്ത് ഞാൻ ചെയ്യാത്ത തൊഴിലുകളില്ലായിരുന്നു.

2004-ൽ ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി ഒരു സംഘടനയിൽ ചേർന്നതോടെയാണ് എന്റെ ജീവിതത്തിൽ പോസിറ്റീവ് ആയ മാറ്റം സംഭവിക്കുന്നത്. പിന്നീട് സ്ത്രീകൾക്കും കുട്ടികൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും വേണ്ടി ഓൺഡേഡേ എന്ന സംഘടനയ്ക്ക് രൂപം നൽകി. അതിനുശേഷം സ്വപ്നം കാണുന്ന വേഗത്തിലായിരുന്നു എന്റെ ജീവിതം മാറിയത്. എന്റെ ശബ്ദം ലോകം കേട്ടുതുടങ്ങി, അതിനു വിലയുണ്ടായി. ഞാൻ ഇന്ത്യൻ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണിതാവായി.

നേട്ടങ്ങൾ ഏറെയുണ്ടായെങ്കിലും, ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് എന്റെ വിവാഹമായിരുന്നു. എന്നെ അടുത്തറിയുന്ന, സ്നേഹിക്കുന്ന ഒരാൾ ജീവിതത്തിലേക്ക് വന്നത് ആത്മവിശ്വാസം വർധിപ്പിച്ചു. കർണ്ണാടകത്തിലെ ആദ്യത്തെ ഭിന്നലിംഗക്കാരിയുടെ വിവാഹമായിരുന്നു അത്. ദിവസങ്ങൾക്ക് മുൻപ്  377-ാം വകുപ്പ് ഭാഗികമായി റദ്ദാക്കി കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധികേട്ട് ഞാൻ കരഞ്ഞുപോയി. കാരണം, ഇപ്പോൾ ഞങ്ങൾക്കും ശ്വസിക്കാമെന്നായിരിക്കുന്നു.

humans-of-b