Monday 16 September 2019 03:04 PM IST : By സ്വന്തം ലേഖകൻ

വിദ്യാർത്ഥിനികളുടെ ചുരിദാറിന്റെ ഇറക്കം അളക്കാന്‍ സെക്യൂരിറ്റിയെ നിയോഗിച്ച് വനിത കോളജ്! വിഡിയോ വൈറൽ

churidar6668hjkk

പെണ്‍കുട്ടികള്‍ക്ക് കാമ്പസില്‍ പ്രവേശിക്കാൻ ഇറക്കമുള്ള ചുരിദാര്‍ ധരിക്കണമെന്ന വിചിത്ര നിയമവുമായി ഹൈദരാബാദിലെ സെന്റ് ഫ്രാന്‍സിസ് വിമൻസ് കോളജ്. ‘നിയമം’ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ കോളജ് ഗേറ്റില്‍ ഒരു വനിതാ സെക്യൂരിറ്റി ജീവനക്കാരിയെ കൂടി നിയമിച്ചിരിക്കുകയാണ് കോളജ് അധികൃതര്‍. 

കോളജിന്റെ ഗേറ്റിനു മുന്നിലെത്തുന്ന വിദ്യാർത്ഥിനികളെ തടഞ്ഞുനിർത്തി അവരുടെ ചുരിദാറിന്റെ ഇറക്കം അളന്ന് ബോധ്യപ്പെട്ട ശേഷമാണ് സെക്യൂരിറ്റി കാമ്പസിന് അകത്തേക്ക് കടത്തിവിടുന്നത്. വെള്ളിയാഴ്ച നടന്ന പരിശോധനയുടെ ദൃശ്യങ്ങള്‍ കോളജിലെ ഒരു മുന്‍കാല വിദ്യാര്‍ത്ഥിനി രഹസ്യമായി പകര്‍ത്തി ഫെയ്സ്ബുക്കിലുടെ പുറത്തുവിടുകയായിരുന്നു.

ഓഗസ്റ്റ് ഒന്നു തൊട്ടാണ് കോളജിൽ പുതിയ ഡ്രസ് കോഡ് കൊണ്ടുവന്നത്. സ്ലീവ്‌ലെസ്, ഷോര്‍ട്‌സുകള്‍ പോലെയുള്ള വസ്ത്രങ്ങള്‍ നിരോധിക്കുകയും, കാല്‍മുട്ടിനു താഴെ ഇറക്കമുള്ള കുര്‍ത്തി നിർബന്ധമാക്കുകയും ചെയ്തു. ഡ്രസ് കോഡ് അനുസരിക്കാത്ത വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍നിന്ന് ഇറക്കിവിടുമെന്ന സര്‍ക്കുലറും പുറത്തിറക്കി.

'പെണ്‍കുട്ടികളുടെ തുടകളാണ് ആണ്‍കുട്ടികളെ ആകര്‍ഷിക്കുന്നത്' എന്നാണ് പുതിയ ഡ്രസ് കോഡിന് കാരണമായി കോളജ് അധികൃതർ പറയുന്നത്. 'നല്ല വിവാഹാലോചനകള്‍ കിട്ടാൻ ഇറക്കമുള്ള കുര്‍ത്തികള്‍ ധരിക്കണമെന്ന്' വിദ്യാര്‍ത്ഥിനികളെ കോളജിലെ ചില അധ്യാപകര്‍ ഉപദേശിച്ചതായും മറ്റൊരു പൂര്‍വ വിദ്യാര്‍ത്ഥിനി പറയുന്നു.

Tags:
  • Spotlight
  • Social Media Viral