Tuesday 18 June 2024 03:01 PM IST : By സ്വന്തം ലേഖകൻ

പ്ലസ് ടു പരീക്ഷയ്ക്ക് തോറ്റതും പെണ്‍കുട്ടിയെ മാനസികമായി അലട്ടി; സുഹൃത്തായ യുവാവിനെ ചോദ്യം ചെയ്ത് അന്വേഷണ സംഘം

instagrammer-death

തിരുവനന്തപുരത്തെ ഇന്‍സ്റ്റഗ്രാം താരമായ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ സുഹൃത്തായ ഇന്‍സ്റ്റഗ്രാം താരത്തെ ചോദ്യം ചെയ്യുന്നു. സമൂഹമാധ്യമങ്ങളിലെ അധിക്ഷേപമാണോ ആത്മഹത്യയ്ക്ക് കാരണമെന്ന് കണ്ടെത്താനാണ് അന്വേഷണം. സൈബര്‍ അന്വേഷണത്തിനായി പ്രത്യേകസംഘവും രൂപീകരിച്ചു.

ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന ആദിത്യ എന്ന പതിനെട്ടുകാരിയാണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. വീഡിയോയും റീല്‍സുമൊക്കെയായി സജീവമായിരുന്ന തൃക്കണ്ണാപുരം സ്വദേശിനിയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്താണെന്നതില്‍ ദുരൂഹത തുടരുകയാണ്. 

നെടുമങ്ങാട് സ്വദേശിയായ മറ്റൊരു ഇന്‍സ്റ്റഗ്രാം താരവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. ഒരുമിച്ച് വീഡിയോകളും മറ്റും ചെയ്തിരുന്ന ഇവര്‍ ഏതാനും മാസംമുന്‍പ് അടുപ്പം ഉപേക്ഷിച്ചു. അതിന് പിന്നാലെ പെണ്‍കുട്ടിക്ക് നേരെ സമൂഹമാധ്യമ അധിക്ഷേപം ശക്തമായി. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ ആരോപിക്കുന്നുണ്ട്. ഇതിന്റെ അന്വേഷണത്തിനായാണ് യുവാവിനെ പൂജപ്പുര പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. 

യുവാവിന്റെ ഫോണ്‍ സൈബര്‍ പരിശോധനക്കായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഓട്ടോ ഡ്രൈവറായ അച്ഛനും വീട്ടമ്മയായ അമ്മയും ഇളയ സഹോദരനും ഉള്‍പ്പെടുന്ന സാധാരണ കുടുംബമാണ് പെണ്‍കുട്ടിയുടേത്. പ്ലസ് ടു പരീക്ഷക്ക് തോറ്റത് ഉള്‍പ്പെടെയുള്ള മാനസിക വിഷമങ്ങളും പെണ്‍കുട്ടിയെ അലട്ടിയിരുന്നു. ഇക്കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Tags:
  • Spotlight