Friday 01 March 2024 04:06 PM IST

‘നിന്നെ ഞങ്ങൾ എടുത്തോണ്ട് നടക്കും എന്ന മട്ടിലാണ് പലരും പ്രതികരിച്ചത്, പക്ഷേ വേണ്ടത് അതല്ല’: അവരും സ്വപ്നം കാണട്ടെ

Shyama

Sub Editor

disabled-friendly ഷാദിയ പി. കെ, ശാരദാ ദേവി

ഡിസേബിൾഡ് എന്ന വാക്കിന് തതുല്യമായ മലയാള വാക്കുണ്ടോ? എന്ന് ചോദിച്ചു കൊണ്ട് തന്നെ നമുക്ക് തുടങ്ങാം. ഡിസെബിലിറ്റിക്ക് പകരം മലയാളത്തിൽ സാധാരണയായി ഉപയോഗിച്ചു വരുന്ന വാക്ക് തന്നെ ഭിന്നശേഷി’ എന്നാണ്. ഭിന്നമായ ശേഷിയുള്ളവരെന്നോ ദിവ്യമായ അംഗങ്ങളോടെ ജനിച്ചവരെന്നോ ഒക്കെ വിശേഷിപ്പിച്ച് നിലവിലെ പ്രശ്നങ്ങളിൽ വെള്ളം ചേർക്കുകയല്ല വേണ്ടത് എന്ന് കേരളത്തിലെ ഡിസേബിൾഡ് വ്യക്തികൾ സമൂഹത്തെ ഓർമിപ്പിക്കുന്നു. അംഗപരിമിതികളുള്ളവർക്ക് അവരുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നതും അവരോട് ‘കൊക്കിലൊതുങ്ങുന്ന സ്വപ്നം’ മാത്രം കണ്ടാൽ മതി എന്നും പറയുന്നതിൽ ഇവിടുത്തെ വ്യവസ്ഥിതിക്ക് പങ്കുണ്ട്.

അതിനൊക്കെ മാറ്റം വരണം എന്ന് ‘വനിത’യും ആഗ്രഹിക്കുന്നു. ഒരു ദിവസം കൊണ്ട് ലോകം മാറിമറിയില്ല. എന്നിരുന്നാലും ലോകം മാറ്റുന്ന ഒരു ചിന്തയ്ക്ക് ചിലപ്പോൾ ഇവിടെ നിന്നൊരു തുടക്കം കണ്ടേക്കാം. ഇവിടെ സംസാരിക്കുന്നവരുടെ സ്വരം കേൾക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണ്... ഡിസേബിൾഡ് വ്യക്തികളും, അതിൽ പഠനം നടത്തിയവരും, ഡിസേബിൾഡ് വ്യക്തികളുടെ മാതാപിതാക്കളും ഡോക്ടറും ഒക്കെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവയ്ക്കുന്നു...

∙ ഷാദിയ പി. കെ. , ബിരുധ വിദ്യാർഥി, കോഴിക്കോട്.

മലയാള മനോരമയിൽ വന്ന എന്റെയും സുഹൃത്തിന്റേയും ചിത്രം എല്ലാവരും കണ്ടിരിക്കുമല്ലോ? ‘നിന്നെ ഞങ്ങൾ കേരളമൊട്ടാകെ എടുത്തോണ്ട് നടക്കും’ എന്ന മട്ടിലാണ് കൂടുതല്‍ ആളുകൾ പ്രതികരിച്ചത്. ആ സ്നേഹത്തെ മാനിക്കുന്നു. പക്ഷേ, എനിക്ക് ഞാനായിരിക്കാൻ... ഇഷ്ടമുള്ള ഇടങ്ങളിൽ തനിച്ച് കയറിച്ചെല്ലാനുള്ള സിസ്റ്റമാണ് ആവശ്യം. അത് ഇവിടെയില്ല. അത് വേണം എന്ന ചിന്തയും ആർക്കും വന്നില്ല. ലിഫ്റ്റുണ്ടായിരുന്നെങ്കിൽ ഇവളെ എടുത്ത് കയറ്റണ്ടായിരുന്നല്ലോ എന്ന് ബഹുഭൂരിപക്ഷത്തിനും തോന്നിയില്ല. എടുത്തു കയറ്റുന്ന സമയത്ത് എന്റെ മനസിൽ എന്തായിരുന്നു എന്നാരും ചിന്തിച്ചില്ല. എടുക്കേണ്ടി വരുമ്പോൾ എനിക്ക് ഭാരം കൂടുതലാകുമോ എന്നൊക്കെ ചിന്തിച്ച് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നോർത്ത് ഭക്ഷണം പോലും കുറച്ച് കഴിക്കുന്ന ആളാണ് ഞാൻ. മാത്രമല്ല കുത്തനെയുള്ള പടിയാണ് മഹാരാജാസിലേത്. അവിടെ നിന്നെങ്ങാൻ താഴേക്ക് വഴുതി വീണാൽ ഞങ്ങളുടെ രണ്ടുപേരുടേയും ആരോഗ്യത്തിന് ഏൽക്കുന്ന തകരാറിന് ആര് സമാധാനം പറയും?

ഇത് മഹാരാജാസിലോ മറ്റ് പഠനസ്ഥലങ്ങളിലോ മാത്രമായി ഒതുങ്ങുന്ന കാര്യമല്ല. ഒരു ഹോട്ടലിൽ ചെല്ലുമ്പോൾ അവിടെ റാമ്പുണ്ടാകില്ല. ഇനി എങ്ങാനും അകത്ത് കയറിയാൽ വാഷ്ബെയ്സൻ നല്ല പൊക്കത്തിലാകും. കൈ കഴുകാൻ ബുദ്ധിമുട്ടാണ്.

റോഡിന് ഫുട്ട്പാത്ത് വയ്ക്കും... മിക്കവാറും ഫുട്ട്പാത്തുകളിൽ വാഹനങ്ങൾ നിർത്തിയിട്ടിട്ടുണ്ടാകും.ചിലയിടങ്ങളിൽ ഫുട്ട്പാത്തിലേക്ക് വീൽചെയറിന് കയറാനുള്ള സംവിധാനങ്ങൾ ഉണ്ടാവില്ല, എടുത്ത് കയറ്റേണ്ടി വരും. ചിലയിടത്ത് മഞ്ഞയും കറുപ്പും ചേർന്ന് കുറ്റികൾ ഇടയ്ക്കിടെ വച്ചിട്ടുണ്ടാകും. ഒരു വീൽ ചെയർ യൂസർക്ക് ഒരിക്കലും തനിയെ സഞ്ചരിക്കാൻ ഇവിടുത്തെ നിരത്തുകൾ സജ്ജമല്ല. കൊച്ചിയിലെ ഫുട്ട്പാത്തിന്റെ കാര്യമാണ് പറഞ്ഞത്..നാട്ടിൻപുറങ്ങളിൽ ഫുട്ട്പാത്തേയില്ല. കോഴിക്കോട് നരിക്കുനിയിലാണ് എന്റെ വീട്. നടപ്പാതയിൽ നിന്ന് റോഡിലിറങ്ങി വീൽ ചെയറിൽ പോകാം എന്നോർത്താൽ മറ്റുള്ളവർ പെട്ടന്ന് നമ്മളെ കാണില്ല. ഒരിക്കെ മറ്റൊരു വണ്ടി വന്നിടിച്ച് എന്റെ വീൽചെയറിന്റെ ചില ഭാഗങ്ങൾ അടർന്ന് പോയിരുന്നു.

പുറത്തിറങ്ങിയാൽ നേരിടുന്ന മറ്റൊരു പ്രശ്നമാണ് പബ്ലിക് ടോയ്‌ലറ്റുകൾ വീൽചെയർ ഫ്രണ്ട്‌ലി അല്ലാത്തത്. വീൽ ചെയർ തിരിക്കാനുള്ളത്ര ഇടം പലതിനും ഇല്ല. അത്യാവശ്യത്തിനൊന്ന് കയറാനും ഇറങ്ങാനും പോലും മറ്റൊരാളുടെ സഹായം വേണം!

പൊതുഗതാഗതം ഡിസേബിൾഡ് ഫ്രണ്ട്‌ലി അല്ലേയല്ല എന്നത് സങ്കടകരമായൊരു കാര്യമാണ്. ആകെ ഉപയോഗിക്കാൻ പറ്റുന്നത് കൊച്ചി മെട്രോ മാത്രം. ഇപ്പോ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കോച്ചിലേക്ക് റാമ്പ് വച്ചു തരുന്നുണ്ട്. അതൊക്കെ എല്ലായിടത്തേക്കും വന്നാൽ അത്രയും നല്ലത്.

പല കുട്ടികളും ഒരു രൂപയ്ക്ക് ബസ്സിൽ പോകുമ്പോൾ ഞാൻ ഓരോ ദിവസവും 170 രൂപ ചിലവാക്കിയാണ് സ്കൂളിൽ പോയിരുന്നത്! ഒന്നുകിൽ സ്വന്തം വണ്ടി വേണം. അല്ലെങ്കിൽ ഓട്ടോയിലേക്കും മറ്റും എടുത്ത് കയറ്റണം. ലോഫ്ലോർ ബസ്സുകളിൽ ആദ്യം വീൽ ചെയറിനൊരു ഇടമുണ്ടായിരുന്നു. അതുപോലും ലാഭനഷ്ടക്കണക്ക് പറഞ്ഞ് സീറ്റ് ആക്കി മാറ്റി. സർക്കാരിന്റെ നഷ്ടം മാത്രമാണ് ഇവിടെ കണക്കിലെടുക്കുന്നത്. ഞങ്ങൾക്കുണ്ടാകുന്ന നഷ്ടങ്ങളോ?? ഞങ്ങളും ഈ നാട്ടിലെ പൗരന്മാരാണ് ഞങ്ങൾക്കും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സൗകര്യം വേണ്ടേ?

ഏബിളിസ്റ്റ് ആയൊരാൾക്ക് മറ്റൊരാളെ ആശ്രയിക്കാതെ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഡിസേബിൾഡ് സമൂഹത്തിനും ചെയ്യാൻ പറ്റുന്ന തരത്തിലുള്ള സൗകര്യങ്ങളുണ്ടായി വരിക എന്നതാണ് ഞാൻ സ്വപ്നം കാണുന്ന കിനാശേരി...എന്ന് പറയാം.

സാമ്പത്തിക സ്വാതന്ത്ര്യം വേണം എന്ന ആഗ്രഹത്തിൽ പഠനത്തിനൊപ്പം ലൂംപാനിക്സ് ബുക്സ്റ്റോർ എന്നൊരു ഓൺലൈൻ ബുക്സ്റ്റോർ കൂടി ഷാദിയ നടത്തുന്നു. ആവശ്യപ്പെടുന്ന പുസ്തകങ്ങൾ കസ്റ്റമൈസ് ചെയ്തും അല്ലാതെയും ഒക്കെ ആളുകൾക്കെത്തിച്ചു കൊടുക്കും. മഹാരാജാസിൽ ബി.എ. മലയാളം വിദ്യാർഥിയാണ് ഷാദിയ പി.കെ.

******

∙ ശാരദ ദേവി, ഗവേഷണ വിദ്യാർഥി, തിരുവന്തപുരം

എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞാൽ ഡിസേബിൾഡ് ഫ്രണ്ട്‌ലിയാവാൻ കേരളം ഇനിയും ഏറെ ദൂരം സഞ്ചരിക്കണം. സമൂഹത്തിലെ ഏത് മേഖലയെടുത്ത് പരിശോധിച്ചാലും ഈ കാര്യം വ്യക്തമാണ്. ഞാനൊരു വീൽ ചെയർ യൂസറാണ്. എന്നിരുന്നാലും ഓരോ ഡിസേബിൾഡ് വ്യക്തിക്കും വ്യത്യസ്ഥ അനുഭവങ്ങളും ആവശ്യങ്ങളുമാകും ഉണ്ടാവുക. വീൽ ചെയർ യൂസർക്ക് വേണ്ട കാര്യങ്ങളാകില്ല കാഴ്ച്ചപരിമിതിയുള്ളവർക്കോ കേൾവിക്കുറവുള്ളവർക്കോ വേണ്ടത്. ഇംഗ്ലീഷിൽ എംഫിലും യൂജിസി നെറ്റും നേടിയ ശേഷം ഒരു വർഷം തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ പഠിപ്പിച്ചിട്ടുണ്ട്. ഞാൻ പഠിച്ചതും ആ കോളജിൽ തന്നെയായിരുന്നു. പഠിക്കുന്ന സമയത്ത് എന്റെ ആവശ്യ പ്രകാരം അവിടെ റാമ്പുകൾ നിർമിച്ചിട്ടുണ്ടായിരുന്നു. പഠിപ്പിക്കാൻ ചെന്നപ്പോഴും ആ റാമ്പുകൾ സഹായകരമായി. എന്നാൽ മറ്റ് കോളജുകളിൽ പോയി പഠിപ്പിക്കാൻ എനിക്ക് സാധിക്കുന്നില്ല. കാരണം മിക്കയിടങ്ങളും വീൽചെയർ–സൗഹൃദ ഇടങ്ങളല്ല.

‘ഡിസ്എബിലിറ്റി സ്റ്റഡീസ്’ എന്ന മേഖലയിലാണ് ഗവേഷണം ചെയ്തത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് ഗവേഷണ പ്രബന്ധം സമർപ്പിച്ചത്. അതിനു ശേഷം ജോലിക്കായി ശ്രമിക്കുകയാണ്. എന്നാൽ പല കോളജുകളിലും റാമ്പ് പോലും ഉണ്ടാകില്ല.

ഈയടുത്ത് നീറമൺകര എൻ എസ് എസ് കോളജിൽ ഗസ്റ്റ് അധ്യാപകരെ വിളിച്ചിരുന്നു. ഞാനും അപേക്ഷിച്ചു. അഭിമുഖത്തിനെത്താനുള്ള മെയിലും കിട്ടി. ക്ലാസുകൾ ഭൂരിഭാഗവും മുകൾ നിലയിലാണെന്നും അഭിമുഖം നടക്കുന്ന ഇടത്തേക്ക് പോലും റാമ്പും ലിഫ്റ്റും ഒന്നുമില്ലെന്നും വിളിച്ചു ചോദിച്ചപ്പോൾ മനസിലായി. അതു കൊണ്ട് ഇന്റർവ്യൂവിൽ പങ്കെടുത്തില്ല. ആക്സസബിലിറ്റി ഇല്ലാത്തതു കൊണ്ട് ഇതുപോലെ പല അവസരങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.

പാർശ്വവൽകരിക്കപ്പെട്ട ഡിസേബിൾഡ് കമ്മ്യൂണിറ്റിക്ക് ശാക്തീകരണത്തിലേക്കുള്ള വഴിയാണ് വിദ്യാഭ്യാസം തുറന്നു തരുന്നത്. അതു നേടിയെടുക്കാൻ പോലും ഇവിടെ പല തരം തടസങ്ങളുണ്ട്. സ്കൂൾ തലത്തില്‍ ചിലയിടങ്ങളിലൊക്കെ നല്ല മാറ്റങ്ങൾ വന്നിട്ടുണ്ട്. അവയിൽ പലതും ഉന്നതവിദ്യാഭ്യാസ രംഗത്തില്ല. അതുകൊണ്ടാണ് പലരും തുടർന്ന് പഠിക്കാൻ മടിക്കുന്നത്. പ്രത്യേകിച്ചും ലോക്കോമോട്ടോർ പരിമിധികളുള്ള ആളുകൾ, വീൽചെയർ ഉപയോക്താവ്.

വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല മുഖ്യധാരാസമൂഹത്തിലെ ഓരോ മോഖലയിലും എത്തിപ്പെടാൻ പലപ്പോഴും സൗകര്യക്കുറവുകൾ കാരണം വീൽചെയർ ഉപയോക്താവിന് കഴിയാറില്ല. ഉദാ: വിനോദവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും വീൽചെയർ ഉപയോക്താവിന് ലഭിക്കുന്നില്ല. കേരളത്തിലെ ഭൂരിഭാഗം തീയറ്ററുകളും വീൽചെയർ സൗഹാർപരമായിട്ടുള്ളവയല്ല. ഹോട്ടലുകൾ, ഗവൺമെന്റ് സ്ഥാപനങ്ങൾ, പാർക്കുകൾ, ബീച്ചുകൾ പലതും വീൽചെയർ ഫ്രണ്ട്‌ലിയായിട്ടല്ല നിലനിൽക്കുന്നത്. അതു കൊണ്ടാണ് പലരും വീടുകളിൽ തന്നെ ഒതുങ്ങി പോകുന്നത്.

മറ്റൊരു പ്രധാന പ്രശ്നം ഗതാഗതവുമായി ബന്ധപ്പെട്ടുള്ളതാണ്. പാര്‍ശ്വവൽകരിക്കപ്പെട്ട് കിടക്കുന്നതു കൊണ്ട് മിക്ക ഡിസേബിൾഡ് വ്യക്തികളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാകും. സ്വന്തമായൊരു വാഹനം വാങ്ങാനുള്ള കഴിവുണ്ടായെന്ന് വരില്ല. പൊതുഗതാഗത്തെ ആശ്രയിക്കേണ്ടി വരും. എന്നാൽ ബസ്സുകളൊന്നും വീൽചെയർ ഫ്രണ്ട്‌ലിയല്ല. ടാക്സികൾ പോലും വീൽചെയർ സൗഹാർദപരമല്ല. ബംഗളൂരുവിലൊക്കെ പോലും പല ടാക്സി സർവീസുകളും വീൽചെയർ ഫ്രണ്ട്‌ലി കാബുകൾ ഇറക്കിയിട്ടുണ്ട്. അതൊക്കെ നമുക്കും പരീക്ഷിക്കാവുന്ന കാര്യങ്ങളാണ്.

എടുത്ത് പറയേണ്ട മറ്റൊരു മേഖലയാണ് റെയിൽവേ. ഒട്ടും വീൽചെയർ സൗഹൃമായിട്ടല്ല റെയിൽവേ സ്റ്റേഷനുകൾ ഉള്ളത്. മറ്റൊരാളുടെ സഹായമില്ലാതെ അവിടേയ്ക്ക് കയറാൻ ബുദ്ധിമുട്ടാണ്. ട്രെയ്നുകൾ വീൽചെയർ ഫ്രണ്ട്‌ലിയാക്കണം എന്ന് പറഞ്ഞുള്ള പല പ്രതിഷേധങ്ങളും നടന്നു... ഒന്നും ഫലം കണ്ടില്ലെന്ന് മാത്രം! റാമ്പുകളില്ല, വീൽചെയർ ഫ്രണ്ട്‌ലി ടോയ്‌ലറ്റുകളില്ല സ്റ്റേഷനുകളുടെ കാര്യമെടുത്താൽ പല പ്ലാറ്റ്ഫോമിലേക്കും എത്തിപ്പെടുക എന്നത് പോലും ദുർഘടം പിടിച്ച കാര്യമാണ്. പലയിടത്തും വീൽചെയർ സഹിതം പൊക്കിയെടുത്തു കയറ്റേണ്ടി വരുന്നു. അതൊക്കെ വല്യ അപകടസാധ്യതയുള്ള കാര്യങ്ങളാണ്.

അതേപോലെ ബാങ്കുകൾ, എടിഎമ്മുകൾ പോലുള്ള സാമ്പത്തിക ഇടപാട് നടത്തുന്ന ഇടങ്ങൾ പോലും വീൽചെയർ ഫ്രണ്ട്‌ലിയല്ല. സാമ്പത്തിക പര്യാപ്തത പൂർണമായ അർഥത്തിൽ ഒരു വ്യക്തിക്ക് കൈവരിക്കണമെങ്കിൽ ഇത്തരം ഇടപാടുകൾ മറ്റൊരാളെ ആശ്രയിക്കാതെ സ്വന്തമായി ചെയ്യുക തന്നെ വേണം.

റൈറ്റ്സ് ഓഫ് പേഴ്സൺസ് വിത് ഡിസെബിലിറ്റീസ് ആക്റ്റ് എന്നൊരു ആക്റ്റ് 2016ൽ നിലവിൽ വന്ന നാടാണിത്. എന്നാൽ കേരളത്തിലുൾപ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കപ്പെട്ടിട്ടില്ല. തമിഴ്നാട് മാത്രമാണ് കുറച്ച് കാര്യങ്ങളെങ്കിലും പാലിച്ചത് എന്നാണ് ഈയിടെ വായിച്ചൊരു ലേഖനത്തിൽ നിന്നും മനസിലായത്. അതു കൊണ്ട് നിയമമില്ലായ്മയല്ല അവബോധമില്ലായ്മയാണ് ഇവിടുത്തെ പ്രശ്നം.

ഡിസേബിൾഡ് വ്യക്തികളോടുള്ള പൊതുബോധം ചാരിറ്റിയിലധിഷ്ടിതമാണ്. അവകാശങ്ങളിലധിഷ്ടിതമായിട്ടല്ല ഡിസേബിൾഡ് വ്യക്തികളുടെ പ്രശ്നങ്ങളെ സമൂഹം സമീപിക്കുന്നത്. അതു തന്നെയാണ് ഏറ്റവും വലിയ പ്രശ്നം. ഡിസേബിൾഡ് വ്യക്തികൾ തങ്ങളുടെ അവകാശങ്ങളെ പറ്റി പറയുമ്പോൾ പോലും ഔധാര്യം, കരുണ എന്ന തരത്തിൽ സമൂഹം നോക്കുന്ന മനോഭാവം മാറണം. അതിന് ക്യത്യമായ ബോധവൽകരണം ആവശ്യമാണ്. ചർച്ചകൾ തുടർച്ചയായി നടക്കേണ്ടതുണ്ട്. അതാണ് എനിക്ക് എടുത്തു പറയാനുള്ളത്. നിയമം നടപ്പിലാക്കണ്ടവരടക്കമുള്ളവർക്ക് വ്യക്തമായ ധാരണയോടെ തങ്ങളുടെ കടമ ചെയ്യാൻ ഇത് സഹായിക്കും.

∙ ഡോ. പി. എ. മേരി അനിത, സെന്റർ ഫോർ എംപവർമെന്റ് ആന്റ് എൻറിച്ച്മെന്റ് സ്ഥാപകയും അധ്യക്ഷയും, കൊച്ചി.

ഒരു സാധാരണ രീതിയിൽ വീട് പ്ലാൻ ചെയ്യുമ്പോ പോലും അധികാരികളിൽ നിന്ന് അംഗീകാരം കിട്ടണമെങ്കിൽ ചില നിബന്ധനകൾ നമ്മൾ പാലിക്കാറുണ്ട്. എന്നാൽ ടൗൺ പ്ലാനിങ്ങ് ചെയ്യുമ്പോൾ ജനജീവിതത്തിന് അത്യാവശ്യമായ കാര്യങ്ങൾ കൃത്യമായി ഉൾപെടുത്താൻ പലരും ശ്രദ്ധിക്കാറില്ല എന്നത് പരിതാപകരമാണ്.

ഡിസേബിൾഡ് ആയ വ്യക്തികൾക്ക് സർക്കാർ സ്ഥാപനങ്ങളിലടക്കം കയറി ചെല്ലാൻ പറ്റാത്ത തരത്തിലാണ് കെട്ടിട നിർമാണം. ചിലയിടത്തൊക്കെ റാമ്പുണ്ടാകും അതിനരികിൽ കൈപ്പിടിയുണ്ടാകില്ല. വീൽചെയർ സുഖമമായി കയറാൻ പറ്റുന്ന പൊതു ശൗച്യാലയങ്ങൾ എത്രയെണ്ണം ഉണ്ട്?

കെട്ടിടം പൊളിച്ച് പണിയാതെ വരുത്താവുന്ന മോഡിഫിക്കേഷൻസ് പോലും പലപ്പോഴും പലയിടത്തും ചെയ്യാറില്ല.

‍‍വീൽചെയർ യൂസർക്ക് യാത്രാ സൗകര്യങ്ങൾ വേണമെന്ന് പറഞ്ഞാലുടൻ അവർക്ക് യാത്ര ചെയ്യേണ്ട ആവശ്യമെന്ത്? എന്ന മട്ടിലുള്ള പ്രതികരണങ്ങളാണ് പലപ്പോഴും കേൾക്കേണ്ടി വരിക. ആവശ്യമുണ്ടോ ഇല്ലയോ എന്നൊക്കെ ചോദിക്കുന്നതിന് പകരം അവർക്കും സുരക്ഷിതമായി യാത്ര ചെയ്യാനുള്ള അവകാശവും ആഗ്രഹവും ഉണ്ടെന്ന് സമൂഹം തിരിച്ചറിയണം.

ബാംഗ്ലൂർ ഡെയിസിൽ സാറ ഇലക്ട്രോണിക് വീൽ ചെയർ ഉപയോഗിച്ച് സ്വന്തമായി സഞ്ചരിക്കുന്നത് കണ്ട് സന്തോഷം തോന്നിയിരുന്നു. ഇവിടെ സർക്കാരിന്റെ പദ്ധതി വഴിയും മറ്റ് സംഘടനകൾ വഴിയുമൊക്കെ ഏതാണ്ട് 60 ശതമാനം ആളുകൾക്കും ഇലക്ട്രിക് വീൽചെയറുണ്ട്. എന്നിരുന്നാലും ഇത് വീട്ടിനുള്ളിലോ മറ്റോ ഉപയോഗിക്കാമെന്നാല്ലാതെ അതുമായി റോഡിലൂടെ സ്വതന്ത്രരായി പോകുന്നവരെ കാണാൻ കഴിയില്ല. അതിനു കാരണം വീൽചെയർ സുഗമമായി കൊണ്ടുനടക്കാനുള്ള നിരത്തുകളോ മറ്റ് സംവിധാനങ്ങളോ നമ്മുടെ നാട്ടിൽ ഇല്ല എന്നത് തന്നയാണ്. ഈ 2022ലും ഒരു വിഭാഗം മനുഷ്യർക്ക് സീറോ വിസിബിലിറ്റി മാത്രമാണ് എന്നത് സമൂഹത്തിന്റെ പരാജയം തന്നയാണ്.

നടപാതകൾ ഉണ്ടാകുമ്പോഴും അതൊക്കെ ഇടയ്ക്കിടെ പൊളിഞ്ഞു കിടക്കുകയാണ്. നല്ലൊരു റോഡോ നടപ്പാതയോ ഉണ്ടാക്കി കഴിഞ്ഞ് കുറച്ച് ദിവസം കഴിയുമ്പോഴേക്കും എന്തെങ്കിലും ആവശ്യത്തിനായി അത് കുഴിക്കും അല്ലെങ്കിൽ സ്ലാബ് ഇളക്കി വയ്ക്കും. എന്നിട്ടിത് ഒരിക്കലും പൂർവ്വസ്ഥിതിയിലാക്കുന്നില്ല. എന്തുകൊണ്ട്?

ഡിസേബിൾഡ് വ്യക്തികൾക്ക് എന്തെങ്കിലും ചെയ്യുന്ന കാര്യം പറഞ്ഞാൽ ഉടനെ ലാഭനഷ്ട കണക്കുകൾ പറയുന്നവരും ധാരാളം. കൊച്ചി മാത്രമെടുത്താൽ എൺപതിനായിരത്തോളം ഡിസേബിൾഡ് വ്യക്തികളുണ്ട്. അവരിൽ പാതിയോളം പേർക്കെങ്കിലും സ്വന്തമായി പൊതുവിടങ്ങളിലൂടെ ചലിക്കാൻ പറ്റിയാൽ അവർക്ക് ഇഷ്ടമുള്ളത് പഠിക്കാനും ജോലി ചെയ്യാനും പറ്റിയാൽ തന്നെ നാടിനാകെ എത്രത്തോളം മാറ്റം കൊണ്ടുവരാൻ സാധിക്കും..

2019ലാണ് നിരത്തുകൾ ഡിസേബിൾഡ് ഫ്രണ്ട്‌ലിയാക്കണമെന്ന ആവശ്യവുമായി ഞാൻ ഹൈകോടതിയെ സമീപിച്ചത്. അനുകൂല വിധിയും കിട്ടി. കെഎംആർഎല്ലിന്റെ സഹായത്തോടെ പല കാര്യങ്ങളും ചെയ്യാൻ പറ്റിയിട്ടുണ്ട്. കാഴ്ച്ച പരിമിതർക്ക് കൂടി ഉപകാരപ്പെടുന്ന തരം ടൈലുകൾ വിരിച്ചുള്ള നിരത്തുകൾ വരുന്നുണ്ട്... എന്നാലും വളരെ പതുക്കെയുള്ള ചിലയിടങ്ങളിൽ മാത്രമുള്ള മാറ്റങ്ങൾക്ക് പകരം സമഗ്രമായ മാറ്റങ്ങൾ വേണം എന്നാണ് ആഗ്രഹം.

∙ സജീർ പി., സാമൂഹിക പ്രവർത്തകൻ, വടകര.

2018–2020 സമയത്ത് എം.എസ്. ഡബ്ല്യു പഠിച്ചിരുന്നു. അവസാന ഡസർട്ടേഷന്റെ ഭാഗമായിട്ട് ആക്സസിബിലിറ്റി ഓഡിറ്റുമായി ബന്ധപ്പെട്ടൊരു പഠനമായിരുന്നു ഉദ്ദേശിച്ചത്. നിർഭാഗ്യവശാൽ അത് പൂർത്തിയാക്കാൻ പറ്റിയില്ല, വേറൊന്നാണ് ചെയ്തത്.

പൂർത്തിയായില്ലെങ്കിലും അതിനു വേണ്ടി കുറേ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഡിസേബിലിറ്റി ഫ്രണ്ട്‌ലി എന്ന് പറയുമ്പോൾ ആദ്യം നമ്മുടെ മനസിൽ വരുന്ന ചിത്രം വീൽചെയറിന്റേതാകും. എന്നാൽ വീൽ ചെയർ ഉപയോഗിക്കുന്നവർക്കോ കാഴ്ച്ചാപരിമിധിയുള്ളവർക്കോ കേൾവിപരിമിധിയുള്ളവർക്കോ തുടങ്ങി എന്തു തരം പരിമിധികൾ ഉള്ളവർക്കും സ്വന്തമായി പരാശ്രയമില്ലാതെ ജീവിക്കാനുള്ള മാർഗങ്ങൾ ഇല്ല എന്ന് തന്നയാണ് മനസിലായത്.

2017ലെ പിഡബ്യൂഡി ആക്റ്റ് വന്നതിന് ശേഷം സർക്കാർ പൊതു ഇടങ്ങൾ ചക്രക്കസേരകൾ കൂടി ഉപയോഗിക്കാൻ പാകത്തിലുള്ളതാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. പക്ഷേ, ഒരു റാമ്പ് വയ്ക്കുന്നത് പോലും പലപ്പോഴും ഒരു വീൽചെയർ യൂസർക്ക് പറ്റിയതല്ല. ഒന്നേ ഇസ്ടു പന്ത്രണ്ടാണ് പൊതുവേ പറയുന്ന റേഷ്യോ– (ഒരു മീറ്റർ പൊക്കത്തിന് പന്ത്രണ്ട് മീറ്റർ നീളത്തിൽ കൃത്യമായ സ്ലോപ്പിൽ നിർമിക്കണം എന്നാണ്). അതൊന്നും പലയിടത്തും കാണാറില്ല. സ്ഥലപരിമിധി പറഞ്ഞ് കുത്തനെയായിട്ടാണ് പല റാമ്പുകളും. മറ്റൊരാളുടെ സഹായത്തിൽ ചക്രക്കസേര തള്ളി അതിലൂടെ കയറ്റാം. എന്നാൽ ഇലക്ട്രിക് വീൽചെയർ ഉപയോഗിക്കുന്നയാൾക്ക് പോലും സ്വയം കയറാൻ ബുദ്ധിമുട്ടാണ്.

മറ്റൊരാൾ എടുക്കുന്നത് ഇഷ്ടമില്ലാത്തവരുണ്ടാവില്ലേ? മറ്റുള്ളവരെ ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതുന്നവരും... അവരൊക്കെ ആക്സസിബിലിറ്റി ഇല്ലാത്തു കൊണ്ട് പഠനവും ജോലിയും വരെ ഉപേക്ഷിച്ചു പോകേണ്ട അവസ്ഥവരെ വരാറുണ്ട്. ദൂരെ നിന്ന് വന്ന് പഠിക്കുന്നവർക്കുള്ള ഹോസ്റ്റൽ സംവിധാനങ്ങൾ പോലും പരിമിതമാണ്. താഴത്തെ നിലയിൽ മാത്രമേ ഇവർക്ക് നിൽക്കാൻ പറ്റൂ. ചലനപരിമിധികളുള്ളവർക്ക് മുകള്‍ നിലയിലേക്ക് കയറി ചെല്ലാവുന്ന സംവിധാനങ്ങൾ കേരളത്തിൽ എത്രയെണ്ണമുണ്ടാകും?

കാഴ്ച്ച പരിമിധിയുള്ളവർക്ക് ബ്രെയിലിയിൽ ഉള്ള പഠന സാമഗ്രികൾ കൃത്യമായി കിട്ടുന്നുണ്ടോ? ഓഡിയോ ബുക്സ് ലഭിക്കുന്ന ലൈബ്രറികളുണ്ടോ? അവരൊക്കെ കൂട്ടുകാരെ ആശ്രയിച്ചു മാത്രം പഠിക്കേണ്ട അവസ്ഥയാണ്.എല്ലാവർക്കും കൊടുത്തിട്ട് ബാക്കിവരുന്നതല്ല അവർക്ക് നമ്മൾ ഒരു സമൂഹം എന്ന നിലയ്ക്ക് കൊടുക്കേണ്ടത്.

∙ ആശാലത എ., ഹെയർസെക്കണ്ടറി അധ്യാപിക, കാസർഗോഡ്.

പറയുമ്പോള്‍ ‘ഇൻക്ലൂസിവ്’, ‘ഡിസേബിൾഡ് ഫ്രണ്ട്‌ലി’ എന്നൊക്കെ പറയുമെങ്കിലും പ്രവർത്തിയിൽ അങ്ങനെയല്ല. ഞാൻ കാഴ്ച്ചപരിമിധിയുള്ള ആളാണ്. പൊതുഗതാഗതം ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത്. വാക്കിങ്ങ് സ്റ്റിക്കുമായി നടപ്പാതയിൽ നടക്കാൻ പാകത്തിനുള്ള കുഴിയില്ലാത്ത ഇളകിയടരാത്ത പാതകൾ നമുക്കില്ല. പലപ്പോഴും ബസിൽ കയറിയാൽ നീക്കി വച്ച സീറ്റിനു വേണ്ടി പോലും വഴക്കിടേണ്ടി വരുന്ന അവസ്ഥയാണുള്ളത്.ആളുകളുടെ കാഴ്ച്ചപ്പാടിന് മാറ്റം വരണം എന്നാഗ്രഹമുണ്ട്. ട്രെയിനിൽ ഡിഡേബിൾഡ് കോച്ചുണ്ട്– എന്നാൽ അതിന്റെ വാതിലുകളും ടോയ്‌ലറ്റുമൊക്കെ വളരെ പരിതാപകരവും വൃത്തിഹീനവുമാണ്.

ബസിലും ട്രെയ്നിലും ഒക്കെ ഓരോ സ്റ്റോപ് എത്തുമ്പോൾ സ്ഥലത്തിന്റെ പേര് വിളിച്ചു പറയുന്ന ഓഡിയോ സംവിധാനം വന്നാൽ കൊള്ളാമായിരുന്നു. മറ്റുള്ളവരോട് ഇന്ന സ്ഥലമെത്തുമ്പോൾ പറയണം എന്നൊക്കെ പറഞ്ഞാലും പലരും പെട്ടന്ന് മറന്ന് പോകും. ഇടയ്ക്കിടെ ചോദിച്ച് ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാം.

സ്കൂളുകളിലും കോളജുകളിലും ഒരു റാമ്പ് പണിതാൽ ഡിസേബിൾഡ് ഫ്രണ്ട്‍ലിയായെന്നാണ് പലരും ധരിക്കുന്നത്. എന്റെ ക്ലാസിൽ ഒരു കുട്ടിയുണ്ട് ചലന പരിമിധിയും കാഴ്ച്ചാപരിമിധിയുമുണ്ട്. ആ കുട്ടി ഇപ്പോ സ്കൂളിൽ വരുന്നില്ല, നിർബന്ധമായും വരണമെന്ന് സ്കൂളിനും പറയാൻ സാധിക്കില്ല. കാരണം കുട്ടിക്ക് വേണ്ട ടോയ്‌ലറ്റ് ഇല്ല, ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ കഴുകാവുന്ന അവരുടെ പൊക്കത്തിനുള്ള വാഷ്ബെയ്സനില്ല... ഒരു സ്വിച്ച് പോലും അവർക്കിടാവുന്ന പൊക്കത്തിലില്ല... അങ്ങനെ പലതുമില്ല...

ലോകത്തിന് മൊത്തം മാറ്റങ്ങൾ വരുന്നതു കൊണ്ട് കംമ്പ്യൂട്ടറും മൊബൈലും ഒക്കെ ഞങ്ങൾക്കും ഉപയോഗിക്കാവുന്ന തരത്തിലുണ്ട്. എൻവിഷൻ പോലുള്ള കാഴ്ച്ചയ്ക്കും കേൾവിക്കും സഹായകരമാകുന്ന പദ്ധതികളുണ്ടെങ്കിലും നമ്മൾ നോക്കുന്ന ചില പ്രാദേശിക കാര്യങ്ങൾ അതിൽ കൃത്യമായി കിട്ടുന്നില്ല.

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ എന്നൊക്കെ പറയുമ്പോൾ പോലും നമ്മൾ കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചർമാർക്ക് ടിടിസിക്കോ ബിഎഡിനോ പോലും ബ്രെയിൽ ലിപിയുടേയൊ ആംഗ്യഭാഷയുടേയോ ബാലപാഠങ്ങൾ പോലും പഠിപ്പിക്കുന്നില്ല. ഒരു കുട്ടി കേട്ട് പഠിക്കുക മാത്രം ചെയ്യുമ്പോൾ നഷ്ടപ്പെട്ട് പോകുന്ന പല സ്കില്ലുകളുമുണ്ട്. ഒരു ടീച്ചർക് അവരുടെ ഭാഷ അറിയാമെങ്കിൽ കുട്ടിയുടെ വളർച്ചയിൽ തന്നെ മൂല്യവത്തായ പല മാറ്റങ്ങളും വരും. ഇതൊക്കെ നമുക്ക് എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങളാണ്.

∙ ശാന്തി, കാക്കനാട്

ഡിസ്എബിലിറ്റി എന്നു പറഞ്ഞാലുടനെ സിംപതി കാണിക്കണം എന്നൊരു കാര്യമാണ് ഇന്നാട്ടിൽ നിന്ന് ആദ്യം മാറേണ്ടത്. അതിനുള്ള ശ്രമങ്ങളാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് ആദ്യം വരേണ്ടത്. അത് ക്ലാസുകൾ സംഘടിപ്പിച്ചാകാം. ഡിസേബിൾഡ് വ്യക്തികളും അതല്ലാത്തവരുമായുള്ള ഇടപെടലുകളുടെ അവസരങ്ങൾ സൃഷ്ടിച്ചോ ഒക്കെയാകാം. സർക്കാർ ഇക്കാര്യത്തിനായി സോഷ്യൽ മീഡിയുടെ സാധ്യതകൾ കൂടുതൽ ഉപയോഗിക്കേണ്ടതുണ്ട്.

തീരെ ചെറിയ പ്രായത്തിൽ ഡിസേബിൾഡായ കുട്ടികൾക്ക് സമപ്രായക്കാരായ കുട്ടികളിൽ നിന്ന് ഒറ്റപ്പെടുത്തൽ അനുഭവിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഭാവിയിൽ ഒഴിവാക്കാം. ഡിസേബിൾഡായ കുട്ടികളെ കഥാപാത്രമാക്കിയുള്ള കാർട്ടുണുകളോ മറ്റോ ഒക്കെ ഉൾപ്പെടുത്തി അവബോധമുണ്ടാക്കാം.

സ്കൂളുകളിലും മാളുകളിലും മറ്റും സ്റ്റാഫിനെ വയ്ക്കുമ്പോൾ ഡിസേബിലിറ്റിയുള്ളവരെ കൂടി പരിഗണിക്കാവുന്ന തരത്തിൽ ട്രെയിനിങ്ങ് കൊടുത്താൽ നന്നായിരിക്കും.എന്റെ മകന് നടക്കാൻ ബുദ്ധിമുട്ടുണ്ട് എനിക്കൊറ്റയ്ക്ക് ചിലപ്പോൾ അവന് ഇഷ്ടമുള്ളൊരു റൈഡിൽ കയറ്റാൻ പറ്റിയെന്ന് വരില്ല. റൈഡുകൾ മുഴുവനും അത്തരത്തിൽ മാറ്റിയില്ലെങ്കിലും ഇത് കണ്ടറിഞ്ഞ് സഹായിക്കാൻ പരിശീലനം ലഭിച്ച(കൃത്യമായ രീതിയിൽ വേണം ഡിസേബിലിറ്റിയുള്ള ആളുകളെ പോക്കാനും മറ്റും) ആളുകളുണ്ടെങ്കിൽ നന്നായിരുന്നെന്ന് ഓർക്കാറുണ്ട്.

ഡിസേബിലിറ്റി ഉള്ളവർക്ക് പൊതു വാഹനങ്ങളിൽ അത് ബുക് ചെയ്യുന്നിടത്ത് അത്യാവശ്യത്തിന് വിളിക്കാനുള്ള ഹെൽപ്‌ലൈൻ നമ്പറുകള്‍ പ്രവേശന കവാടത്തിലും സീറ്റുകൾക്കരികിലായും നൽകിയാൽ നന്ന്. എല്ലായിടത്തും പാർക്കിങ്ങ് ലോട്ടിൽ ഡിസേബിലിറ്റിയുള്ളവർക്ക് വണ്ടി പാർക്ക് ചെയ്യാൻ പ്രത്യേകം ഇടം വേണം.

∙ വീണ വേണുഗോപാൽ, ഇന്ത്യയിലെ ആദ്യ വീൽചെയർ ആങ്കർ, കൊടുങ്ങല്ലൂർ

ഡിസേബിലിറ്റി ഫ്രണ്ട‌ലി എന്ന് പറയുമ്പോൾ നമ്മൾ സ്വയം ചോദിക്കേണ്ടൊരു ചോദ്യമുണ്ട്. നമ്മളിൽ എത്ര പേർക്ക് ആംഗ്യഭാഷയറിയാം? ബ്രെയിലി അറിയാം? അങ്ങനെയൊരാള്‍ നിങ്ങളോട് വന്ന് ഒരു സ്ഥലത്തെ കുറിച്ച് ചോദിച്ചാൽ എത്ര പേർക്ക് മറുപടി കൊടുക്കാൻ സാധിക്കും? കൂടുതലാളുകൾക്ക് ഇതൊക്കെ പഠിപ്പിച്ച് കൊടുക്കാൻ പാകത്തിനുള്ള പദ്ധതികൾ ഉണ്ടാവേണ്ടതല്ലേ?

പൊതു ഇടങ്ങളിൽ ഇൻക്ലൂസീവായ തരത്തിലുള്ള ശബ്ദങ്ങളും ചിത്രങ്ങളും ലിപിയും ഉപയോഗിച്ചുള്ള സൈൻ ബോർഡുകളും വേണം.

ഞാനിപ്പോഴും ഒരു പരിപാടിക്ക് പോകുകയാണെങ്കിൽ റാമ്പുണ്ടോ, ലിഫ്റ്റുണ്ടോ, വീൽചെയർ സൗഹാർദമായ ടോയ്‌ലെറ്റുണ്ടോ എന്നൊക്കെ വിളിച്ച് ഉറപ്പിച്ചിട്ടാണ് പോകാറ്. അത് ഇന്നും ചോദിക്കേണ്ടി വരുന്നത് ഇവിടം ഡിസേബിൾഡ് ഫ്രണ്ട്‌ലി അല്ലാത്തതു കൊണ്ടു തന്നയാണ്. സൗകര്യങ്ങളില്ലാത്തതു കൊണ്ട് പലയാത്രകളും അവസരങ്ങളും ഒഴിവാക്കേണ്ടതായും വന്നിട്ടുണ്ട്. അതൊക്കെ മാറണം.

നാളെയുടെ ഭാവി കുട്ടികളാണെന്ന് പറയുമ്പോൾ ഇന്നും വീൽചെയർ യൂസറായൊരു കുഞ്ഞിനെ തനിച്ച് സ്കൂളിലേക്ക് വിടാനുള്ളത്ര സംവിധാനങ്ങൾ ഇവിടില്ല. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങുമ്പോഴോ മറ്റ് നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴോ മാത്രമല്ല ഡിസേബിൾഡ് വ്യക്തികളെ ആഘോഷിക്കേണ്ടത്. അല്ലാത്തപ്പോഴും അവർക്ക് വേണ്ടി സമൂഹം നിലകൊള്ളണം.

∙ കൃഷ്ണകുമാർ, വൈസ് ചെയർമാൻ, മൊബിലിറ്റി ഇൻ ഡിസ്ട്രോഫി ട്രസ്റ്റ്, കൊല്ലം.

ഡിസേബിൾഡ് വ്യക്തികൾ പ്രധാനമായും അഭിമുഖീകരിക്കുന്നത് രണ്ട് തരം തടസങ്ങളാണ്. എൻവയൺമെന്റ് ബാരിയേഴ്സും ആറ്റിറ്റ്യൂഡ് ബാരിയേഴ്സും. എൻവയൺമെന്റ് ബാരിയേഴ്സ് കൃത്യമായ പദ്ധതികൾ നടപ്പിലാക്കിയാൽ അഞ്ച് വർഷം കൊണ്ട് തന്നെ ഒരുവിധം മറികടക്കാം. പക്ഷേ, ആറ്റിറ്റ്യൂഡ് ബാരിയേഴ്സ് മാറ്റാൻ നിരന്തര ശ്രമങ്ങൾ വേണം. നിലവിലെ പാഠ്യപദ്ധതിയിൽ ഡിസെബിലിറ്റിയെ കുറിച്ച് കൂടിയുള്ള പാഠഭാഗങ്ങൾ സ്കൂള്‍ തലം മുതൽ പഠിപ്പിക്കുക. അതിനൊരു ഉദാഹരണം എന്റെ പെങ്ങളുടെ മകനെ വച്ച് പറയാം. അവന് അഞ്ച് വയസാണ്. വളരെ ചെറുപ്രായം തോട്ട് എന്നെ വണ്ടിയിൽ കയറ്റുന്നതും ഇറക്കുന്നതും വീൽചെയറിൽ പൊസിഷൻ ചെയ്യുന്നതും ഒക്കെ അവൻ കാണുന്നുണ്ട്. പറ്റും പോലെ അവനും സഹായിക്കും. വളർന്ന് വരുമ്പോൾ ഈ പഠനം അവനെ കൂടുതൽ ഇൻക്ലൂസീവാക്കും. നാളെ അവനൊരു സ്ഥാപനം തുടങ്ങിയാൽ അത് ഡിസേബിലിറ്റി ഫ്രണ്ട്‌ലിയായിരിക്കും.

അതുകൊണ്ട് ഓരോ കുട്ടിയും ഇത് അറിഞ്ഞിരിക്കേണ്ടതുണ്ട്. അവരിലൂടെയാണ് നല്ല നാളെകളുണ്ടാകുന്നത്. ഡിസേബിലിറ്റി സ്റ്റഡീസ് പ്രൈമറി തലം തൊട്ട് പാഠ്യപദ്ധതിയിൽ ഉൾപെടുത്തുക കൂടി ചെയ്താലേ നമുക്ക് ഇൻക്ലൂസീവായ ഒരു തലമുറയെ വാർത്തെടുക്കാനാകൂ.

മറ്റൊരു കാര്യം പറയാനുള്ളത്... ഡിസേബിലിറ്റി ഫ്രണ്ട‌ലിയായി പല പദ്ധതികളും തുടങ്ങിയാൽ മാത്രം പോലെ പരിപാലനവും വേണം. കൃത്യമായ മെയ്ൻറ്റനൻസ് നിശ്ചിത ഇടവേളകളിൽ നടത്തേണ്ടതുണ്ട്. അല്ലെങ്കിൽ പലതും ഉപയോഗശൂന്യമായിപ്പോകും.

∙ ലതിക സതീഷ്– ആര്‍ട്ടിസ്റ്റ് അഞ്ജൻ സതീഷിന്റെ അമ്മ. കൊച്ചി.

അഞ്ജനേയും കൊണ്ട് പല സ്ഥലത്തും പോകുമ്പോൾ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കാറുണ്ട്. അതുകൊണ്ട് ഇവിടം ഡിസേബിൾഡ് ഫ്രണ്ട്‌ലിയാണ് എന്ന് പറയാൻ സാധിക്കില്ല.

മോനേയും കൊണ്ട് ഡിസേബിലിറ്റി സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ കാര്യം പറയാം. സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുള്ള സർക്കാർ ആശുപത്രിയിൽ പടികൾ കയറി മുകളിൽ ചെന്നിട്ട് മാത്രമേ പരിശോധന നടത്താൻ അവസരമുണ്ടായിരുന്നുള്ളൂ. മോനേപ്പോലെയും അതിലും കൂടുതലും ബുദ്ധിമുട്ടുള്ള കുട്ടികളെയൊക്കെ അച്ഛനമ്മമാർ കഷ്ടപ്പെട്ട് എടുത്തും മറ്റും കയറ്റുന്ന കാഴ്ച്ച സങ്കടകരമായിരുന്നു. നടക്കാൻ ബുദ്ധിമുട്ടില്ലാത്തവർക്ക് ഈ പ്രശ്നങ്ങൾ എത്രകണ്ട് മനസിലാകും എന്ന് പോലുമറിയില്ല. അവരെ സംബന്ധിച്ച് പടി കയറുന്നത് നിസ്സാര പ്രവൃത്തിയാണ്.

മോൻ പത്ത് പാസായി കഴിഞ്ഞ് പിഎസ്സി ടെസ്റ്റ് എഴുതാൻ പോയി. മോന്റെ ബുദ്ധിമുട്ടുകളൊക്കെ അടയാളപ്പെടുത്തി ആ വിഭാഗത്തിൽ തന്നെയാണ് പരീക്ഷ എഴുതാൻ പോയതും. പരീക്ഷ എഴുതാൻ ചെന്ന സ്കൂളിലെത്തിയപ്പോ അവരു പറയുന്നു..‘ഞങ്ങൾക്ക് ഇങ്ങനെയൊരു വിവരം കിട്ടിയിട്ടില്ല... റോൾ നമ്പർ അനുസരിച്ചുള്ളിടത്ത് മാത്രമേ ഇരിക്കാൻ പറ്റൂ’. നോക്കുമ്പോ അത് മൂന്നാം നിലയിലാണ്. അഞ്ജനെയും കൂട്ടി ഒരു നില കയറിയതും ഞാനും മോനും അവശരായി. മോനെ അവിടെ നിർത്തിയിട്ട് ഞാനവരോട് താഴേ എവിടെയെങ്കിലും പരീക്ഷ എഴുതാനുള്ള സംവിധാനമുണ്ടാക്കണം എന്ന് പറഞ്ഞു. അവർ മുൻപ് പറഞ്ഞ അതേ കടുംപിടുത്തത്തിൽ ഉറച്ച് തന്നെ. അവസാനം ഞാൻ പറഞ്ഞു .. നിങ്ങൾക്ക് നേരിട്ട് കാണാൻ പറ്റുന്നില്ലേ അവന്റെ ബുദ്ധിമുട്ട്? താഴെ സൗകര്യം ചെയ്തില്ലെങ്കില്‍ പരീക്ഷ എഴുതില്ല. പക്ഷേ, ഞാനീക്കാര്യം കാണിച്ച് അധികൃതർക്ക് പരാതി നൽകും.’ അത്രയും ഉറപ്പിച്ച് പറഞ്ഞ ശേഷമാണ് അവർ സൗകര്യം ഒരുക്കി തന്നത്. പലപ്പോഴും ഇത്രയും അപേക്ഷിച്ചും ദേഷ്യപ്പെട്ടും കഴിയുമ്പോഴാണ് വളരെ ബേസിക്ക് ആയ കാര്യങ്ങൾ പോലും ചെയ്തു കിട്ടുന്നത്. അങ്ങനെയല്ലല്ലോ വേണ്ടത്. ഒന്നും പറയാൻ സാധിക്കാത്ത മനുഷ്യർക്കും അവരുടെ അവകാശങ്ങളുണ്ടല്ലോ...

എന്തെല്ലാമാണ് പരിഹാരം?

∙ ഒരു കുട്ടി ജനിച്ച് വളർച്ചാ പ്രശ്നങ്ങൾ കണ്ട് തുടങ്ങുമ്പോൾ മുതല്‍ പല ഡോക്ടർമാരെ മാറി മാറി കാണാറുണ്ട്. മാതാപിതാക്കൾ പോലും പല വളർച്ചാതകരാറുകളെകുറിച്ചും അറിയുന്നതു പോലും ഇതിനൊക്കെ ശേഷമാകും. അതു കൊണ്ട് തന്നെ ഡവലപ്മെന്റൽ ഡിലേയുള്ള ഒരു കുഞ്ഞുണ്ടായാൽ തൊട്ട് എന്തെന്തോക്കെ പരിശോധനകളാണ് ചെയ്യേണ്ടതെന്നും അതൊക്കെ വിഭാഗത്തിലുള്ള ഡോക്ടർമാരെയാണ് കാണേണ്ടതെന്നുമുള്ള ഗൈഡൻസാണ് നൽകേണ്ടത്.

ആരോഗ്യരംഗത്ത് ഇത്തരം വിവരങ്ങൾ ഏകീകരിച്ച് ആവശ്യക്കാരിലേക്കെത്തിക്കാനുള്ള തസ്തികൾ തന്നെയുണ്ടായി വരേണ്ടതുണ്ട്. പ്രൈമറി ഹെൽത് സെന്ററുകൾ തൊട്ട് മെഡിക്കൽ കോളജുകളിൽ വരെ ഇതുണ്ടാകണം.

∙ ഡിസേബിലിറ്റിയുള്ള കുട്ടികൾക്ക് നാല് വയസൊക്കെ കഴിയുമ്പോൾ തൊട്ട് പഠന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. കുറേ സ്കൂളുകൾ ഇപ്പോൾ ഡിസേബിൾഡ് ആയ കുട്ടികൾക്ക് വേണ്ടി ഒക്ക്യൂപേഷണൽ തെറാപിസ്റ്റിന്റേയും, ഫിസിയോതെറാപിസ്റ്റിന്റേയും സ്പീച്ച് തെറാപിസ്റ്റിന്റേയും ഒക്കെ സേവനം ലഭ്യമാക്കുന്നുണ്ട്. അത് എല്ലായിടത്തേക്കും വരണം. എന്നിരുന്നാലും ഈ കുട്ടികളും ഡോക്ടർമാരും ആശുപത്രികളുമായും ബന്ധിപ്പിക്കുന്ന കണ്ണികൾ കൃത്യമല്ല. ഡിസേബിലിറ്റിയുള്ള കുട്ടിയെ സ്ഥിരമായി നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ വിദ്യാഭ്യാസരംഗവും ആരോഗ്യരംഗവും ചേർന്ന് കൂട്ടായി ആലോചിച്ച് നടപ്പിലാക്കേണ്ടതുണ്ട്.

∙ പൊതു ഇടങ്ങളിൽ ഡിസേബിലിറ്റിയുള്ള വ്യക്തികൾക്കായുള്ള സൗകര്യങ്ങൾ കൃത്യമായ കണക്കുകൾ പാലിച്ച് ആവിഷ്കരിക്കുക. ടോയ്‌ലറ്റുകളായാലും ഒരു കെട്ടിടത്തിലേക്കുള്ള റാമ്പുകളായാലും പാർക്കുകൾ ഒരുക്കുമ്പോഴും റോഡുകൾ നിർമിക്കുമ്പോഴും 10–15 ശതമാനം വരുന്ന ഡിസേബിൾഡ് വ്യക്തികളെ കൂടി പരിഗണിക്കേണ്ടതുണ്ട്. അല്ലാതെ ഏബിളിസ്റ്റ് ആളുകളെ മാത്രം പരിഗണിച്ചല്ല പൊതു ഇടങ്ങൾ ഉണ്ടാവേണ്ടത്.

ചില സമയം റാമ്പുകളും മറ്റും നാമം മാത്രമായിട്ടാകും പണിയുന്നത്. ഒരു ഡിസേബിൾഡ് വ്യക്തിക്കോ അവർക്കൊപ്പം സഞ്ചരിക്കുന്ന മാതാപിതാക്കൾക്കോ തടസമില്ലാതെ ഉപയോഗിക്കാൻ പാകത്തിനായിരിക്കില്ല ഇവയുടെ നിർമിതി. പണിയുന്നതൊക്കെയും യൂസർഫ്രണ്ട്‌ലിയായിരിക്കണം. ഒരു ടോയ്‌ലറ്റ് തന്നെ ഉദാഹരണമായെടുക്കാം. മൊസൈക്കോ മറ്റോ ഇട്ട മിനുസമുള്ള തറയാണെങ്കിൽ നടക്കാൻ ബുദ്ധിമുട്ടുള്ള കുട്ടി തെന്നിവീണ് അപകടമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. തെന്നി വീഴാത്ത തരം വസ്തുക്കൾ കൊണ്ടാകണം പൊതു ശൗച്യാലയങ്ങൾ നിർമിക്കാൻ.

∙ ചലനത്തിന് പ്രശ്നമുള്ളൊരു കുട്ടിക്ക് ചലനതടസങ്ങളില്ലാ സഞ്ചരിക്കാൻ പാകത്തിനുള്ള വീടുകൾ വേണം. പല മാതാപിതാക്കളും നിലവിലുള്ള വീടുകൾ കുട്ടിയുടെ ആവശ്യമനുസരിച്ച് മോഡിഫൈ ചെയ്യുകയാണ് പതിവ്. എന്നാൽ ഇതിന് പണമില്ലാത്തവർക്ക് സർക്കാർ തലത്തിൽ നിന്ന് തന്നെ വീട് മാറ്റം വരുത്താനുള്ള അലവൻസുകൾ നൽകേണ്ടതുണ്ട്.

∙ തലയുടെ നിയന്ത്രണം ബുദ്ധിമുട്ടായ കുട്ടിക്ക് പിൻവശവും തലയും സപ്പോർട്ട് ചെയ്യുന്ന തരത്തിലുള്ള കസേര വേണ്ടി വരും. ആ ഒരു കസേര കൊണ്ട് അവരുടെ പല കാര്യങ്ങളും മെച്ചപ്പെടും. തെറാപ്പി സെന്ററുകളിലും മറ്റും പോകുമ്പോൾ ഇത്തരം കസേര ഉപയോഗിക്കുന്ന കുട്ടി വീട്ടിൽ വന്നാൽ ഇതുണ്ടാവണമെന്നില്ല. ഇതൊന്നുമില്ലാത്തെ ഒരു സ്കൂളിലെ സാധാരണ ഡസ്കും ബെഞ്ചും മാത്രമുപയോഗിക്കേണ്ടി വരുമ്പോൾ കുട്ടിക്ക് നഷ്ടപ്പെടുന്ന എത്രയോ കാര്യങ്ങളുണ്ട്. ഇൻക്ലൂസീവ്നെസ് എന്ന് പറയുമ്പോൾ നിലവിലുള്ള കാര്യങ്ങളിൽ മാറ്റങ്ങള്‍ വരുത്തി അതിൽ ഡിസേബിൾഡായവരേ കൂടി ഉൾക്കൊള്ളിക്കുക എന്നതുമാണ്. അതിനൊക്കെ സർക്കാർ തലത്തിൽ നിന്ന് തന്നെയുള്ള സഹായങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്.

∙കാലത്തിനനുയോജ്യമായ ടെക്നോളജിയും എല്ലാവർക്കും ലഭ്യമാക്കേണ്ടതുണ്ട്.

പരിമിധികളുമായി ജനിക്കുന്ന ചില കുട്ടികൾ അതൊക്കെ മറികടക്കുന്നത് കാണാം. അതേ പോലെ തന്നെ ചില കുട്ടികൾക്ക് അവരുടെ അസുഖത്തിന്റെ സ്വഭാവമനുസരിച്ച് പല പരിമിധികളും മറികടക്കാൻ സാധിക്കാതെയും വന്നേക്കാം. അവരെയെല്ലാവരേയും പരിഗണിച്ചാവണം സമൂഹത്തിലെ മാറ്റങ്ങൾ വരാൻ. വിരലുകൾ ഇഷ്ടത്തിനനുസരിച്ച് ചലിപ്പിക്കാനാവാത്ത കുട്ടിക്ക് ടൈപ് ചെയ്യാതെ തന്നെ ഉപയോഗിക്കാവുന്ന തരത്തിലുള്ള കംപ്യൂട്ടറുകൾ കൊടുക്കുന്നത് ടെക്നോളജിയെ ഇൻക്ലൂസീവ് ആക്കുന്നതിന്റെ ഭാഗമാണ്. അതേപോലെ കേൾവിക്ക് പ്രശ്നമുള്ളവർക്ക് ക്ലാസ് മുറികളിൽ ഉപയോഗിക്കാവുന്ന ലൂപ് സിസ്റ്റമുണ്ട്. അതുവഴി ടീച്ചർ പറയുന്നത് ഡീക്കോഡ് ചെയ്ത് അവർക്കും മനസിലാക്കാനാകും. കുട്ടിയുടെ ചെവിയിൽ ഘടിപ്പിക്കാവുന്ന യന്ത്രമുണ്ടാകും. വയർലെസ് ടെക്നോളജി വഴി ടീച്ചർ പറയുന്ന ശബ്ദതരംഗങ്ങളെ അത് മാറ്റി കുട്ടിക്ക് മനസിലാക്കുന്ന മാധ്യമത്തിലേക്ക് ആക്കും.

കാഴ്ച്ചാ പരിമിധിയുള്ള കുട്ടികൾക്ക് കയ്യിൽ കെട്ടാവുന്ന ബാന്റുകൾ ഉണ്ട്. അവർ നടക്കുന്നതിനിടയിൽ മുന്നിലൊരു തടസം വന്നാൽ അത് ബീപ് ചെയ്യും. തടസം എന്ത് തരത്തിലുള്ളതാണെന്നും എത്ര അകലത്തിലാണെന്നും മറ്റും ആ വ്യക്തിക്ക് മനസിലാക്കാനാകും.

∙ ഒരു കെട്ടിടം നിർമിക്കുമ്പോൾ ആർക്കിടെക്റ്റുമാരും ബിൽഡർമാരും കൂടി ഇൻക്ലൂസീവായി തന്നെ ചിന്തിക്കേണ്ടതുണ്ട്. പണച്ചിലവ് കുറയ്ക്കാനായി പല ഡിസേബിലിറ്റി ഫ്രണ്ട്‌ലി നിർമിതികളും ഒഴിവാക്കിയും പണിയുന്നവയിൽ കൃത്യത പാലിക്കാതെ നിർമിക്കുന്നതും കാണാം. അത്തരം അവസരങ്ങളിൽ കെട്ടിടനിർമാണത്തിന് അനുവാദം കൊടുക്കേണ്ടുന്ന പഞ്ചായത്തോ കോ–ഓർപ്പറേഷനോ ഒക്കെ അതിന് അനുമതി നൽകരുത്. കൃത്യമായ സംവിധാനങ്ങൾ പാലിച്ചാൽ മാത്രം നിർമാണാനുമതി നൽകാനും ശ്രദ്ധിക്കണം.

ശ്യാമ

ഡോ. എം.സി. മാത്യൂ., കൺസൾട്ടന്റ് ഡെവലപ്മെന്റൽ ന്യൂറോളൊജിസ്റ്റ്., പ്രഫസർ, ഡെവലപ്മെന്റൽ പീഡിയാട്രിക്സ് ആന്റ് ചൈൽഡ് ന്യുറോളജി, എം.ഒ.എസ്.സി. മെഡിക്കൽ കോളജ്, കോലഞ്ചേരി.