Monday 13 September 2021 11:41 AM IST : By മെൽവിൻ ദേവസ്സി

ഒരു മീറ്റർ താണ്ടാൻ ഇസ്മയിലിന് കയ്യും കാലും നിലത്ത‍ൂന്നി നിരങ്ങി നീങ്ങണം; കുടുംബം പോറ്റാൻ ദിവസവും സഞ്ചരിക്കുന്നത് 100 ക‍ിലോമീറ്ററോളം!

thrissur-ismail.jpg.image.845.440

വയ്യാത്ത കാലുമായി എന്തിനിത്ര ദൂരം സഞ്ചരിക്കുന്നു എന്നു ചോദിച്ചാൽ ഇസ്മയിൽ പറയും, ‘നാട്ടിൽ ലോട്ടറി കച്ചവടം കുറഞ്ഞു. സ്വന്തമായി വീടില്ല. കേസിൽ കുടുങ്ങിക്കിടക്കുന്ന കുടുംബവക വീട്ടിലാണു താമസം. കോവിഡ് കാരണം കച്ചവടം കാര്യമായി നടക്കുന്നില്ല. പലരും സഹായിക്കുന്നതു കൊണ്ടാണ് ഒരുവിധം ജീവിക്കാൻ പറ്റുന്നത്..’

ഒരു മീറ്റർ ദൂരം താണ്ടാൻ ഇസ്മയിലിന് ഇരു കാലും ഇരുകയ്യും നിലത്ത‍ൂന്നി നിരങ്ങി നീങ്ങണം. അരയ്ക്കു താഴേക്കു തളർന്ന നിലയിലാണ് ശരീരം എന്നതാണു കാരണം. എന്നിട്ടും ഇസ്മയിൽ ദിവസവും സഞ്ചരിക്കുന്നതു 100 ക‍ിലോമീറ്ററോളം. ആലത്തൂരിലെ വീട്ടിൽ നിന്നു ദിവസവും പുലർച്ചെ 5നു പുറപ്പെട്ട് ബസിൽ കുന്നംകുളത്തും ഇരിങ്ങാലക്കുടയിലുമൊക്കെ എത്തും. ലോട്ടറി വിറ്റു കുടുംബം പോറ്റാ‍നാണീ സാഹസ യാത്രകൾ. 

കഴിഞ്ഞ 20 വർഷമായി ഇസ്മയിലിന്റെ ജീവിതം ഇങ്ങനെയാണ്. ജനിച്ചപ്പോൾ തന്നെ ശാരീരിക വൈകല്യം പിടിപെട്ട നിലയിലായിരുന്നു. ഇരുകാലുകൾക്കും സ്വാധീനമില്ല. ഒരു കൈക്കും സ്വാധീനക്കുറവുണ്ട്. പക്ഷേ, ഭാര്യയും വിദ്യാർഥികളായ 2 മക്കളും അടങ്ങുന്ന കുടുംബത്തെ പോറ്റണമെങ്കിൽ ഇസ്മയിലിനു വിശ്രമമില്ലാതെ അധ്വാനിച്ചേ പറ്റൂ. 

ആലത്തൂർ ആനനാറിയിലെ നൊച്ചിപ്പറമ്പിൽ വീട്ടിൽ നിന്നു ലോട്ടറി റാക്കുമായി ദിവസവും പുലർച്ചെ 5ന് ഇറങ്ങും. ആരെങ്കിലും എടുത്ത് ഉയർത്തിയാലേ ബസിൽ കയറിപ്പറ്റാനാകൂ. ഇറങ്ങണമെങ്കിലും പരസഹായം വേണം. ഇടവിട്ട ദിവസങ്ങളിൽ കേച്ചേരി, തൃശൂർ, കുന്നംകുളം, ഇരിങ്ങാലക്കുട തുടങ്ങിയ കേന്ദ്രങ്ങളിലേക്കാണ് എത്തുക. ബസിൽ നിന്നിറങ്ങി റോഡിലൂടെ നിരങ്ങി നീങ്ങിയാണു ലോട്ടറി വിൽപന. 

Tags:
  • Spotlight