Friday 13 July 2018 10:08 AM IST : By പ്രകാശ് മാത്യു

‘ആരും അവളെ സന്ദർശിക്കരുത്, വെള്ളംപോലും വാങ്ങരുത്’; കിളിമുട്ട പൊട്ടിച്ച അഞ്ചുവയസ്സുകാരിക്ക് ഊരുവിലക്ക്

girl-raped67800

അബദ്ധത്തിൽ പക്ഷിമുട്ട പൊട്ടിച്ച അഞ്ചുവയസ്സുകാരിക്ക് ഊരുവിലക്ക്. വീട്ടിൽ പ്രവേശിക്കാനോ അമ്മയെപ്പോലും കാണാനോ സാധിക്കാതെ വീടിനു പുറത്താക്കപ്പെട്ട കുട്ടിക്കു ‘ശാപമോക്ഷം’ 11 ദിവസത്തിനുശേഷം. അതും വിവരം അറിഞ്ഞു സംസ്ഥാന ശിശുക്ഷേമ സമിതി ഇടപെട്ടതിനുശേഷം മാത്രം.

രാജസ്ഥാനിലെ ബുൻഡി ജില്ലയിലെ ഹിൻഡോലി ഗ്രാമത്തിലാണു സംഭവം. സ്കൂളിൽ ആദ്യദിനം ഉച്ചഭക്ഷണത്തിനായി ക്യൂ നിൽക്കുന്നതിനിടെയാണു കുട്ടി അബദ്ധത്തിൽ പക്ഷിക്കൂടിനു മുകളിൽ ചവിട്ടിയതും മുട്ട പൊട്ടിയതും. നിലത്തു മുട്ടയിടുന്ന ഈ പക്ഷികളെ മഴയുടെ സന്ദേശവാഹകരായാണു ഗ്രാമീണർ കരുതുന്നത്. വിവരം പുറത്തറിഞ്ഞതോടെ നാട്ടുപഞ്ചായത്ത് കുട്ടിയെ ശിക്ഷിക്കുകയായിരുന്നു.

കഴിഞ്ഞ മൂന്നുമുതൽ കൊടുംചൂടിൽ വീടിനു പുറത്തു കഴിയുകയായിരുന്നു അവൾ. ജില്ലാ അധികൃതർ പ്രശ്നത്തിൽ ഇടപെട്ടെങ്കിലും ജീവഹാനി വരുത്തിയതിനുള്ള ‘ഗംഗാസ്നാനം’ നടത്തിയ ശേഷമേ കുട്ടിയെ വീട്ടിൽ പ്രവേശിപ്പിക്കാൻ ഗ്രാമത്തലവൻ സമ്മതിച്ചുള്ളൂ.

സംഭവം ഒതുക്കിത്തീർക്കുന്നതിനു പഞ്ചായത്ത് അംഗങ്ങൾ മദ്യവും 1500 രൂപയും ആവശ്യപ്പെട്ടതായി കുട്ടിയുടെ പിതാവു പരാതിപ്പെട്ടു. എന്നാൽ നിർധനനായ ഇയാൾക്ക് ഇതു സാധിക്കാതെവന്നതോടെ കുട്ടിയെ ശിക്ഷിക്കുകയായിരുന്നത്രേ. ആരും കുട്ടിയെ സന്ദർശിക്കരുതെന്നും അവളുടെ കയ്യിൽനിന്നു വെള്ളംപോലും വാങ്ങി കുടിക്കരുതെന്നുമായിരുന്നു ഉത്തരവ്. കേസ് റജിസ്റ്റർ ചെയ്തെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

more...