Thursday 04 June 2020 12:10 PM IST

വയസ്സ് നാല്, ഹോബി സ്കേറ്റിങ്... ജാനകിക്കുട്ടി പൊളിയാണ്: യൂട്യൂബ് കണ്ട് സ്കേറ്റിങ് പഠിച്ച മിടുക്കിക്കുട്ടിയുടെ കഥ

Shyama

Sub Editor

janaki

2020 ജനുവരിയിലാണ് ജാനകിക്ക് വീട്ടിൽ നിന്ന് ആ ഗ്രീൻ സിഗ്നൽ കിട്ടിയത്. അന്ന് മുതൽ തുടങ്ങിയതാണ് ഈ നാലുവയസുകാരിയുടെ സ്കേറ്റിംഗ് സ്റ്റണ്ട്സ്. "അവളുടെ ചേട്ടനാണ് അവളെ ഇതൊക്ക പഠിപ്പിച്ചത്. മുൻപേ തൊട്ട് അവൾക്ക് സ്കേറ്റിംഗ് ഇഷ്ടമായിരുന്നു സ്‌കേറ്ററിംഗ്‌ ബോർഡിൽ ഒക്കെ കയറുകയും ചെയ്യും പക്ഷേ, തീരെ ചെറുതിലെ അപകടമൊന്നും വരണ്ട എന്നോർത്ത് സ്കേറ്റിംഗ് സ്റ്റണ്ട് ഒന്നും ചെയ്യാൻ ഞങ്ങൾ സമ്മതിച്ചിരുന്നില്ല." ജാനകിയുടെ അമ്മ ജിൻസി ആനന്ദ് പറയുന്നു.

"ഇപ്പൊ പിന്നെ ലോക്ക്ഡൗൺ ഒക്കെ ആയി എല്ലാവരും വീട്ടിലുണ്ട്...തുടക്കത്തിലൊന്ന് വീണാലും പിടികാനാളുണ്ട്, അപ്പൊ ഒക്കെ പറഞ്ഞു. "

ജാനകിയുടെ ചേട്ടൻ പതിനൊന്നു വയസുകാരൻ റെഹാൻ ആണ് ആദ്യം ഈ സംഭവം യൂട്യൂബിൽ നോക്കി പഠിക്കുന്നത്. വേറെ ടീച്ചർ ഒന്നുമില്ല. ചേട്ടൻ ചെയ്യുമ്പോൾ തീരെ ചെറുപ്രായം തൊട്ടേ ജാനകിയും ഒപ്പം പോയി നോക്കി നിൽക്കും. "നേരത്തെ ഇവരുടെ അപ്പൂപ്പനും അമ്മൂമ്മയുമൊക്ക ഇവിടുണ്ടായിരുന്നു അവർക്കും ഇത് പേടിയായിരുന്നു. കഴിഞ്ഞ ഡിസംബർ ആയപ്പോ അവൾക്ക് നാല് വയസായി, അപ്പൊ പിന്നെ അവളുടെ ഇഷ്ടം അതാണെങ്കിൽ അത് ചെയ്‌തോട്ടെ എന്നോർത്തു.

റൂമിനുള്ളിൽ തന്നെയാണ് ആദ്യം അവൾ ചെയ്തു പഠിച്ചത്. രാവിലെ മുതൽ അവർ യൂട്യൂബിൽ വീഡിയോ കാണും എന്നിട്ട് സ്വന്തമായി ചെയ്ത് നോക്കും. ഇപ്പൊ കുട്ടികളെ കണ്ട് ഞങ്ങളും സ്കേറ്റിംഗ് പഠിച്ചു. ഈ മദേഴ്സ് ഡേയ്ക്ക് ഞാനും മോളും സ്കേയ്റ്റ് ചെയ്യുന്ന വീഡിയോ ഇട്ടിരുന്നു. ജാനകിയുടെ അച്ഛൻ ആനന്ദ് ആണ് അവളെ വീണാൽ പിടിക്കുന്നതും സഹായിക്കുന്നതുമൊക്കെ...

ഇനി ലോക്ക്ഡൗൺ ഒക്കെ കഴിഞ്ഞ് ഒരു വർഷം കൂടി കഴിഞ്ഞു ഒരു ട്രെയ്നറെ കണ്ട് പിടിച്ചു അവളെ വിടണമെന്നുണ്ട്. ഇതിനു മുൻപ് ഒരുതവണ പോയിട്ട്, ചെറുപ്രായമായതു കൊണ്ടാവാം അവൾ സ്ഥിരം കരച്ചിലായിരുന്നു. ഇപ്പോ അവളെ ഞങ്ങൾ റാമ്പിലൊക്കെ കൊണ്ട് പോകുന്നുണ്ട് പോകെ പോകെ ആ പേടി മാറി വരും. അത് മാത്രല്ല, ഇപ്പൊ അവൾ മലയാളം മാത്രമേ സംസാരിക്കൂ, അപ്പൊ കമ്മ്യൂണിക്കേഷനും ബുദ്ധിമുട്ടാകും.

ഞങ്ങൾ ദുബായിലാണ് താമസം. ഞാൻ ഇവുടെ ലീഗൽ എച്ച് ആർ ആണ്. ആനന്ദ് ഐടി ഫീൽഡിലും. നാട്ടിൽ എന്റെ നാട് തൃശ്ശൂരും ആനന്ദിന്റേത് കൊല്ലത്തുമാണ്.

വീഡിയോ കാണുന്ന ആളുകളുടെ ഒക്കെ സപ്പോർട്ട് ഇഷ്ടംപോലെയുണ്ട്. ഇതിനോടകം ചില ഓൺലൈൻ മത്സരങ്ങളിലും അവൾ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. അവൾക്കുള്ള ബോർഡുകൾ ഒരു കമ്പനി സ്പോൺസർ ചെയ്യാമെന്ന് പറഞ്ഞ് മുന്നോട്ട് വന്നിട്ടുണ്ട്, അവർ പുതുതായി ഇറക്കുന്ന ബോർഡുകളുടെ ബ്രാൻഡ് അംബാസഡർ അവളായിരിക്കും.

മോൾക്കിപ്പൊ ഭയങ്കര സന്തോഷമാണ് എത്ര ഫോള്ളോവേഴ്സ് ആയി എനിക്ക് എന്നൊക്ക ചോദിക്കും. പുതിയ വീഡിയോസ് ചെയ്യാനും അവൾക്ക് നല്ല ഉഷാറാണ്. വേറെന്ത് ചെയ്താലും കളിക്കാൻ പോയാലും മിക്കവാറും സ്കേറ്റിംഗിനൊപ്പമാവും അവൾ അതൊക്ക ചെയ്യുന്നത്.

ഇക്കൊല്ലം സ്കൂളിൽ വിടേണ്ടതായിരുന്നു, കൊറോണ ഒക്കെ ആയതുകൊണ്ട് തൽക്കാലം ഞാൻ വീട്ടിലിരുത്തി പഠിപ്പിക്കുകയാണ്. സിനിമ കണ്ട് കളറിങ്ങ് ചെയ്യുന്നതാണ് അവളുടെ മറ്റൊരിഷ്ടം....