പത്താം ക്ലാസ്സിലാണെന്ന് ഓർമ വേണം. നിന്റെ ജീവിതത്തിലെ ആദ്യ വഴിത്തിരിവു സംഭവിക്കാൻ പോകുകയാണ്. അതുകൊണ്ട് ഉള്ള സമയത്തു നാലക്ഷരം ഇരുന്നു പഠിക്കാൻ നോക്ക്. ’ ഈ ഡയലോഗ് പറയാത്ത അച്ഛനമ്മമാരും കേൾക്കാത്ത പത്താംക്ലാസ്സുകാരും ചുരുക്കമാകും.
എന്നാൽ, ‘ഞങ്ങളെ ഓർത്തു ടെൻഷൻ അടിക്കല്ലേ. എല്ലാത്തിനും കൃത്യമായ പ്ലാനുണ്ട് ’ എന്നാണു കുട്ടികൾ പറയുന്നത്. പറച്ചിൽ മാത്രമല്ല, എങ്ങനെ പഠിക്കണം, എത്ര മണിക്കൂർ പഠിക്കണം, ഏതൊക്കെ വിഷയങ്ങൾക്കു പ്രത്യേക ശ്രദ്ധവേണം തുടങ്ങി പരീക്ഷാചോദ്യങ്ങളെ എങ്ങനെ സമീപിക്കണം എന്നുവരെ കൃത്യമായ ധാരണ നമ്മുടെ കുട്ടികൾക്കുണ്ട്.
ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയി ൽ മിന്നും വിജയം കരസ്ഥമാക്കിയ ജിയ പഠന രീതികളും സക്സസ് മന്ത്രയും പങ്കുവയ്ക്കുന്നു.
പ്രാർഥനയും കഠിനാധ്വാനവും തുണയായി: ജിയ
ഒരു വിഷയത്തിനും ട്യൂഷൻ ഇല്ലാതെയായിരുന്നു ജിയയുടെ പഠനം. ലക്ചർ നോട്ടുകൾ തയാറാക്കിയും കീ പോയിന്റുകൾക്ക് ഊന്നൽ നൽകിയും സ്വയം പഠിച്ചു. ക്ലാസ്സിൽ പഠിപ്പിക്കുന്നത് അതേ ദിവസം തന്നെ പഠിക്കണമെന്നു ജിയയ്ക്കു നിർബന്ധമായിരുന്നു.
‘‘പ്രധാനമെന്നു ടീച്ചർ പറയുന്ന ഭാഗങ്ങൾ ടെക്സ്റ്റ് ബുക്കിൽ മാർക് ചെയ്യും. സ്കൂളിൽ നിന്നു മടങ്ങിയെത്തി, വീട്ടിലെ അത്യാവശ്യ കാര്യങ്ങൾ ചെയ്തശേഷം പഠിക്കാ ൻ ഇരിക്കും. രാത്രി പത്തു മണിവരെ പഠിക്കും.
രാവിലെ എഴുന്നേറ്റു പ്രാർഥനയ്ക്കുശേഷം പ്രധാന ഭാഗങ്ങൾ റിവൈസ് ചെയ്യും. തലേദിവസത്തെ ഭാഗങ്ങളിൽ നിന്നു പിറ്റേന്ന് അധ്യാപകർ ചോദ്യം ചോദിക്കുകയോ ടെസ്റ്റിടുകയോ ചെയ്യുമല്ലോ. അ തുകൊണ്ട് എല്ലാം പഠിച്ച് ഒരുങ്ങിയിരിക്കാറുണ്ട്.
മുൻ വർഷങ്ങളിലെ ചോദ്യ പേപ്പറുകളില്‍ നിന്നു പരീക്ഷയുടെ മാതൃക മ നസ്സിലാക്കിയിരുന്നു. ഏതു ഭാഗത്തു നിന്ന് ഏതൊക്കെ തരം ചോദ്യങ്ങൾ ആ കും വരുക എന്നൊരു ധാരണ ഇതുവഴി കിട്ടി. പോർഷൻസ് നേരത്തേ കഴിഞ്ഞതുകൊണ്ടു റിവിഷൻ ചെയ്യാനും ധാരാളം സമയം കിട്ടിയിരുന്നു.’’
എഴുതാം, നല്ല കയ്യക്ഷരത്തിൽ
അധ്യാപകർ പറഞ്ഞു തന്ന ടിപ്സ് പരീക്ഷ എഴുതുമ്പോൾ ഉപകാരപ്പെട്ടു. ദീർഘമായ ഉത്തരങ്ങളെക്കാൾ പ്രധാന പോ യിന്റുകൾ എഴുതുക, സംശയം തോന്നുന്ന ചോദ്യങ്ങൾ വിട്ട് ഉറപ്പുള്ള ഉത്തരങ്ങളെഴുതുക. നല്ല കയ്യക്ഷരത്തിൽ എഴുതുക തുടങ്ങിയവയെല്ലാം കൃത്യമായി അനുസരിച്ചു.
ചോദ്യോത്തരങ്ങൾ എഴുതിക്കഴിഞ്ഞ് ബാക്കിയുള്ള സ മയം വിട്ടുപോയ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താൻ ഉപയോഗിക്കാം. എക്സാമിനു മുൻപും എക്സാം ഹാളിലും ഞാൻ വളരെ കൂളായിരുന്നു. ടെൻഷൻ മുഴുവൻ റിസൽറ്റ് വരുന്നതിനു തൊട്ടുമുൻപായിരുന്നു.
ചിത്രരചനയും ടിവി കാണുന്നതും അനിയത്തിമാർക്കൊപ്പം കളിക്കുന്നതുമെല്ലാം പരീക്ഷയുടെ സ്ട്രെസ് നന്നായി കുറച്ചു. പരീക്ഷയായതുകൊണ്ടു ടിവി ഓൺ ചെയ്യാനേ പാടില്ല എന്ന നിലപാടൊന്നും അച്ഛൻ ജോർജ് ജേക്കബിനും അമ്മ ജെമിനിക്കും ഇല്ലായിരുന്നു. ‘പഠിത്തം മാത്രം പോരല്ലോ. അൽപം വിശ്രമം കൂടി വേണ്ടേ. അവർ പഠിച്ചു കളിച്ചു വളരട്ടേ..’ എന്നാണു ജോർജിന്റെ നിലപാട്. വിദേശത്തു ജോലി ചെയ്യുന്ന അമ്മ പരീക്ഷാ നാളുകളിൽ ഒപ്പമുണ്ടായിരുന്നതു ജിയയ്ക്കു വലിയ ആശ്വാസമായി.
‘‘മോളുടെ ജീവിതത്തിലെ ആദ്യ വഴിത്തിരിവാണല്ലോ പത്താം ക്ലാസ്. പരീക്ഷ അടുക്കുമ്പോൾ മോൾക്ക് സമ്മർദം കൂടുമോ ആരോഗ്യം നോക്കുമോ എന്നൊക്കെ ഓർത്ത് എനിക്കായിരുന്നു ടെൻഷൻ. ആ ദിവസങ്ങളിൽ അവൾക്കൊപ്പം നിൽക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചു, ദൈവം അതു നടത്തിത്തന്നു.’’ ജെമിനി പറഞ്ഞു.
‘‘പക്ഷേ, റിസൽറ്റ് വന്നപ്പോഴേക്കും അമ്മ ന്യൂസിലൻഡിലേക്കു പോയി.’’ എങ്കിലും എക്സാം സമയത്ത് അമ്മ ഒപ്പം ഉണ്ടായിരുന്നതു വലിയ ധൈര്യമായിരുന്നുവെന്നു ജിയ പറയുന്നു.