Thursday 10 January 2019 10:45 AM IST : By സ്വന്തം ലേഖകൻ

ആഗ്രഹം കൂടുമ്പോൾ 4000 രൂപ വാടകയ്ക്കെടുത്ത് ഹാര്‍ലി ഓടിക്കും; ഇനിമുതൽ സ്വന്തം ബൈക്കിൽ സ്വപ്നയാത്ര!

harly09632

വർഷങ്ങളോളം മോഹിച്ചുനടന്ന വണ്ടി സ്വന്തമാക്കി ചാലക്കുടിക്കാരൻ ജിതിൻ. ബൈക്കുകളുടെ രാജാവ് എന്നറിയപ്പെടുന്ന ഹാർലി ഡേവിഡ്സണാണ് ലക്ഷങ്ങൾ മുടക്കി ജിതിൻ സ്വന്തമാക്കിയത്. 'ഹാർലി ഡേവിഡ്സൺ–48' എന്ന മോഡലാണ് ജിതിന്റേത്. 14 ലക്ഷമാണ് ബൈക്കിന്റെ ഓൺ റോഡ് വില.

പഠനകാലം മുതലുള്ള ജിതിന്റെ ആഗ്രഹമാണ് ഹാർലി ഡേവിഡ്സൺ എന്നത്. അങ്ങനെ ബൈക്കിനോടുള്ള ഇഷ്ടം കൂടുമ്പോൾ കൊച്ചിയിലെത്തി ദിവസം 4000 രൂപ വാടകയ്ക്ക് ഹാർലി ബൈക്ക് എടുത്ത് ഓടിക്കുക പതിവായിരുന്നു. ജിതിൻ ജോലി നേടിയ ശേഷം ആദ്യമായി സ്വന്തമാക്കിയ വാഹനം യമഹയുടെ ഫേസർ ആയിരുന്നു. അപ്പോഴും മനസ്സിൽ 'ഹാർലി' തന്നെയായിരുന്നു. ബൈക്കിനു വേണ്ടി ചിലവാക്കുന്ന വാടകത്തുക കൂട്ടിവച്ച് ഹാർലി സ്വന്തമാക്കാമല്ലോ എന്ന ചിന്തയായി പിന്നീട്.

ജിതിൻ തന്റെ ആഗ്രഹം വീട്ടിൽ അവതരിപ്പിച്ചപ്പോൾ ലക്ഷങ്ങൾ മുടക്കാനാണെങ്കിൽ ഒരു കാർ എടുത്തുകൂടെ എന്നായി വീട്ടുകാർ. എന്നാൽ ജിതിന്റെ 'ഹാർലി' സ്വപ്നത്തിന് പൂർണ്ണ പിന്തുണയുമായി ഭാര്യ മഞ്ജു ഒപ്പമുണ്ടായിരുന്നു. ഒടുവിൽ ലോൺ എടുത്താണ് ജിതിന്‍ തന്റെ സ്വപ്നവാഹനം സ്വന്തമാക്കിയിരിക്കുന്നത്.